വായിൽനിന്ന് ഒലിച്ചിറങ്ങിയ നുരയിൽ കുതിർന്ന കൊന്തയും ഒരു കാല് കട്ടിലിലും ഒന്ന് നിലത്തും.
കാറ്റിന്റെ അലർച്ചയ്ക്കനുസരിച്ച് സിംഫണി ഏറിയും കുറഞ്ഞും കൊണ്ടിരുന്നു. പണ്ട് അപ്പന്റെ കൂടെ നടുക്കടലിൽ പോയപ്പോൾ വള്ളത്തിൻ്റെ ചാഞ്ചാട്ടം സഹിക്കാതിരുന്ന പോലെത്തന്നെ ഈ ഏറ്റക്കുറച്ചിലും. തലേന്ന് കഴിച്ച കഞ്ഞിയരി തികട്ടി വന്നു. വാശിയേറിയപ്പോ അമ്മച്ചിയെ കണ്ടു. നീലിച്ച നാക്കും കോടിയ ചുണ്ടും ചുവരിലെ ഈശോരൂപത്തിന് നേരെ കണ്ണുകളും. വായിൽനിന്ന് ഒലിച്ചിറങ്ങിയ നുരയിൽ കുതിർന്ന കൊന്തയും ഒരു കാല് കട്ടിലിലും ഒന്ന് നിലത്തും. വിയർപ്പിൽ മുങ്ങിയ മുഷിഞ്ഞ നൈറ്റിയും. ചുരുണ്ട് ജട പിടിച്ച് മുഖത്തൊട്ടിയ മുടിയിഴകളും. ഇടം കൈയ്യിൽ മുറുക്കി പിടിച്ച അപ്പന്റെ ഈ കറുത്ത വയലിനും.
ചത്തു പൊങ്ങിയ മീനുകൾക്ക് ഉപ്പ് രസം പോലുമില്ല.
കാറ്റിന്റെ മണം മാറിത്തുടങ്ങി. കൈകൾ കുഴഞ്ഞ് തുടങ്ങി. ചൂണ്ടുവിരലിൻ്റെ തുമ്പ് കീറുമെന്നായപ്പോൾ,⠀⠀
നിന്ന നിൽപ്പിൽ മുട്ടിന് താഴേക്ക് മരവിച്ച് തുടങ്ങിയപ്പോൾ, കമ്പികൾ പൊട്ടുമെന്നായപ്പോൾ പതിയെ കണ്ണുകൾ തുറന്നു നോക്കി. പൊടുന്നനെ വന്നു പതിച്ച നിശ്ശബ്ദതയിൽ തലയ്ക്കകത്തെ ഇരമ്പൽ ഏറി. പുറത്ത് നിന്ന് കടൽക്കാറ്റ് ആഞ്ഞ് വീശി. വിളക്കുമാടത്തിൻ്റെ ഭിത്തിക്ക് നനവ്. ഇന്നത്തെ വേലിയേറ്റത്തിൽ കടലിന് ചുവന്ന നിറമാണ്. വെള്ളത്തിന് ചെറുചൂടും. ചത്തു പൊങ്ങിയ മീനുകൾക്ക് ഉപ്പ് രസം പോലുമില്ല.
നിലാവേറ്റപ്പോൾ പതഞ്ഞ് പൊങ്ങിയ നുരയടക്കാൻ ആവാഞ്ഞിട്ടെന്നപോലെ തിരമാലകൾ തീരത്ത് വന്ന് തലതല്ലി വീണു. നനഞ്ഞ് ചുവന്ന മണൽ. ചുവന്ന കടലിനും മണലിനും അറ്റത്ത് കറുത്ത പാറക്കെട്ട്. അരണ്ട വെളിച്ചത്തിലേക്ക് കൈകൾ നീട്ടിപ്പിടിച്ച് നോക്കിയപ്പോൾ വയറ്റിൽ ഒരാളൽ. അപ്പൻ മുഴുമിപ്പിക്കാതെ പോയ സിംഫണിയുടെ നോട്ടുകൾ വിരൽത്തുമ്പിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നു.
So beautiful ❤️
Detailing!👌
Very good. Keep writing. All best.