അവശനായ ചിരിക്കുന്ന ബുദ്ധൻ, അങ്ങനാണ് എനിക്കന്നു വീരേന്ദ്രകുമാറിനെ കുറിച്ചു തോന്നിയത്.
അതൊരു കേരള പിറവി ദിവസമായിരുന്നു. 2017ലെ മാതൃഭൂമി പുരസ്കാര ദാന ചടങ്ങ്. കോഴിക്കോട് കെ. പി. കേശവ മേനോൻ ഹാൾ. കേരളകൗമുദിയിൽ ഞാൻ ഇന്റേൺഷിപ്പ് ചെയ്യുന്ന സമയം. മറ്റൊരു പരിപാടി കഴിഞ്ഞ് ഓടിയെത്തിയപ്പോളേക്കും പരിപാടി തുടങ്ങി. ഹാൾ നിറഞ്ഞു റോഡിലേക്ക് പടരുന്ന ആൾക്കൂട്ടം. പുറത്തെ വലിയ കോളാമ്പിയിൽ നിന്നുള്ള സ്വാഗതം പറച്ചിലിൽ നിന്നു ചടങ്ങ് തുടങ്ങിയിട്ടേയുള്ളു എന്ന് മനസ്സിലാക്കി. “സാനു മാഷിനാണ് പുരസ്കാരമെന്നും, എം.ടി വന്നിട്ടുണ്ടെന്നും” എന്നെ തോണ്ടിയിട്ട് സാനു മാഷിനേക്കാൾ പ്രായമുള്ള ഒരു മനുഷ്യൻ പറഞ്ഞു. അയാൾക്ക് ആളു മാറി പോയതാകാം, അല്ലെങ്കിലെന്തിനാകും എന്നോട് പറഞ്ഞതു? എന്നു ഞാനോര്‍ത്തു.
എം.ടിയും സാനു മാഷുമെന്ന പേരുകളിൽ സ്റ്റേജിലേക്കു ഞാൻ എത്തികുത്തികൊണ്ടിരുന്നു. എം.ടിക്കു വയ്യാതിരിക്കുവാന്നു ഫോട്ടോഗ്രഫർ ഷെല്ലി ചേട്ടൻ പറഞ്ഞിരുന്നു. വന്ന സ്ഥിതിയ്ക്കു എങ്ങനെങ്കിലും അകത്ത് കയറണമെന്നു ഉറപ്പിച്ചു, ചരിഞ്ഞും-തിരിഞ്ഞും കണ്ണുരുട്ടുന്നവരെ ചിരിച്ചും കൗമുദീന്നുമൊക്കെ പറഞ്ഞു ഞാനകത്ത് എത്തി. ഇടയ്ക്കു ഫോൺ വിളിക്കാനൊരാൾ ഒഴിഞ്ഞ സീറ്റും കിട്ടി. ഓരോരുത്തരായി പ്രസംഗിച്ചു. സാനു മാഷും എം.ടിയുമെല്ലാം വികാരാധീതരായി. മൂന്നാമതായി എം.പി.വീരേന്ദ്രകുമാർ സംസാരിക്കാനെത്തി. മാതൃഭുമിയിലെ ജാതീയതയും, എൽ.ഡി.എഫ് വിട്ടതുമൊക്കെ കൊണ്ട് എനിക്കു അന്ന് പുള്ളിയോട് വലിയ താത്പര്യമില്ല. (പക്ഷെ അതെനിക്ക് മാത്രമല്ലെ അറിയൂ!) ഊർന്നുകിടക്കുന്ന തോളുകളുമായി, തുറന്നിട്ട ഇളം നീല ഖാദി ഷർട്ടും, രുദ്രാക്ഷവുമൊക്കെയിട്ട്, വലിയ പോക്കറ്റിൽ ഒരു പേനയും ചെകിടി, കണ്ണൊക്കെ നിറഞ്ഞ് അയാൾ സാനു മാഷുമായുള്ള ഓരോ ഓർമ്മകളും പങ്കിട്ടു. ‘അവശനായ ചിരിക്കുന്ന ബുദ്ധൻ’ അങ്ങനാണ് എനിക്കന്നു വീരേന്ദ്രകുമാറിനെ കുറിച്ചു തോന്നിയത്. എം.ടി അന്ന് വീഴാൻ പോയപ്പോൾ വീരേന്ദ്രകുമാർ കൈ പിടിച്ചു നിർത്തിയതും ഓർക്കുന്നു.
ഒടുവിൽ വീരേന്ദ്രകുമാറിനെ ചേർത്തു പിടിച്ചു, വിറയ്ക്കുന്ന ചുണ്ടുകളോടെ നെറ്റിയിൽ അവരിൽ ചിലർ ചുംബിച്ചു. വീരേന്ദ്രകുമാറിന്റെ കണ്ണുകൾ കലങ്ങിയൊഴുകി.
ചടങ്ങൊക്കെ കഴിഞ്ഞു, എം.ടി പോയി, ആളൊഴിഞ്ഞു തുടങ്ങി. ഞാൻ അവിടെ തന്നെ ഇരുന്നു. കുറേ 70-90 വയസ്സൊക്കെയുള്ള അപ്പൂപ്പൻമാരു സ്റ്റേജിനടുത്തേക്കു നീങ്ങുന്നു. അക്കൂട്ടത്തിൽ എന്നോട് നേരത്തേ മിണ്ടിയ ആ അപ്പൂപ്പനുമുണ്ടായിരുന്നു. എല്ലാവരും വീരേന്ദ്രകുമാറിന്റെ അടുത്തേക്കാണ്. അയാൾ വേദിയിൽ നിന്നിറങ്ങി താഴേക്കു നിന്നു, ചുറ്റിനും ആ അപ്പൂപ്പന്മാരും. അവരുമായി തോളിൽ കൈയ്യിട്ടു കൊച്ചു വർത്തമാനങ്ങളൊക്ക പറഞ്ഞു അയാൾ ആടിയാടി ചിരിച്ചു. വെള്ള തലകളും, ഒട്ടിയ മുഞ്ഞിയുമൊക്കെ ഇളകി മറിയുന്നെ ഞാനിങ്ങനെ നോക്കിയിരുന്നു. ജീവിതകാലം മുഴുവൻ ഓടി നടന്നു ക്ഷീണിച്ച കുറേ ചെറുപ്പക്കാര്‍. ഞാനവരെ കേട്ടു, ചിരിച്ചു. അവരു സാഹിത്യമല്ല, കോഴിക്കോട്ടേ എവിടത്തെയൊക്കെയോ ആരുടെയൊക്കെയോ കഥകളാണ് പറയുന്നത്. ഒടുവിൽ വീരേന്ദ്രകുമാറിനെ ചേർത്തു പിടിച്ചു, വിറയ്ക്കുന്ന ചുണ്ടുകളോടെ നെറ്റിയിൽ അവരിൽ ചിലർ ചുംബിച്ചു. വീരേന്ദ്രകുമാറിന്റെ കണ്ണുകൾ കലങ്ങിയൊഴുകി. അതിൽ ആ അപ്പൂപ്പനും ഉണ്ടായിരുന്നു. തിരിച്ചു നടന്നു പോയപ്പോൾ അപ്പൂപ്പൻ എന്നെ നോക്കിയൊന്നു ചിരിച്ചു (ചില്ലറ ആളല്ല താനെന്ന ഭാവത്തിൽ). അതെനിക്കിഷ്ടവുമായി. കലയ്ക്കും കലാകരന്മാര്‍ക്കും ഈ മണ്ണ് നൽക്കുന്ന ആദരം തന്നെയായിരുന്നു ആ തിരക്ക്, അദ്ദേഹത്തോടുള്ള സ്നേഹം മാതൃഭൂമിയോടു കൂടിയുള്ളതായിരുന്നു. ആ വീരേന്ദ്രകുമാറിനെ എനിക്കു ഇഷ്ടപ്പെട്ടു. കൂടെ, ജീവിത കാലം മുഴുവൻ സോഷ്യലിസ്റ്റായി നിന്ന, നിതീഷ് കുമാറിനൊപ്പം ബി.ജെ.പിയിൽ പോകാതെ ശരത് യാദവിനോടൊപ്പം പാർട്ടി വിട്ട രാഷ്ട്രീയക്കാരനേയും. ആദരാഞ്ജലികൾ പ്രിയപ്പെട്ട വീരേന്ദ്രകുമാർ. അങ്ങേ ലോകത്തെ ‘നല്ല ഹൈമവത ഭൂവിൽ’ ഗംഗ പോലെ മുങ്ങിയും പൊങ്ങിയും, ചിരിക്കുന്ന ബുദ്ധനായി ആ അയഞ്ഞ ഷർട്ടിൽ യാത്ര തുടരുക.
Great write-up..