സിനിമ ഒരു കലക്ടീവ് ആര്‍ട്ട് ആണെന്ന് ഒട്ടുമിക്കവരും അംഗീകരിക്കുമ്പോള്‍ ജോണ്‍ പറയുന്നത് ‘അയാം ദി ഹിറ്റലര്‍ ഓഫ് മൈ സിനിമ’ എന്നാണ്.

ചേന്നങ്കരി വാഴക്കാട് പടവുപുരയ്ക്കൽ വി ടി എബ്രഹാമിന്‍റെയും സാറാമ്മയുടെയും നാലമത്തെ മകനായായി 1937 ഓഗസ്റ്റ് 11 നാണ് ജോൺ എബ്രഹാമിന്‍റെ ജനനം. സിഎംഎസ് കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം പ്രൈവറ്റ് കോളേജില്‍ അധ്യാപകനായും, പിന്നീട് എൽ.ഐ.സി. ജീവനക്കാരനായി മൂന്നുവർഷവും ജോലി ചെയ്തു. പിന്നീട് പൂനാഫിലിം ഇന്സ്ടിട്യൂട്ടിലെക്കു ജോൺ യാത്രതിരിച്ചു. സ്വര്ണമെഡലോടുകൂടി ഡയറക്ഷനിലെ ഡിപ്ലോമ സ്വന്തമാക്കിയായിരുന്നു പഠനം പൂർത്തീകരിച്ചത്. മണികൗളിന്റെ ‘ഉസ് കി റൊട്ടി’ യിൽ അസ്സോസിയേറ്റാവുകയും, അതിൽ ഒരു ഭിക്ഷകാരന്റെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ഫിലിം ഇൻസ്റ്റിറ്റുട്ടിലെ ഡിപ്ലോമ ചിത്രമായ ‘പ്രിയ’ എന്ന അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ജോൺ ചെയ്ത ആദ്യസിനിമ. പിന്നീട് ഫിലിം ഡിവിഷനുവേണ്ടിയുള്ള ഹിമാലയത്തെകുറിച്ചുള്ളൊരു ഡോക്യൂമെന്ററിയിൽ പകരക്കാരൻ സംവിധായകനായി അദ്ദേഹം വന്നു.

‘വിദ്യാർത്ഥികളെ ഇതിലേ’യിലൂടെ ആദ്യമായി ഫീച്ചർഫിലിം സംവിധായകൻ ആയിമാറുന്നു, തുടർന്ന് ‘അഗ്രഹാരത്തിൽ കഴുതൈ’, ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’, ‘അമ്മ അറിയാൻ’, പൂർത്തിയാക്കാത്ത സ്വപ്നങ്ങളായി ‘കയ്യൂരും’, ‘ജോസഫ് എന്നപുരോഹിതനും’, ‘നന്മയിൽ ഗോപാലൻ’ അടക്കം അനേകം അപൂർണമായ തിരക്കഥകള്‍.

ജോണ്‍ എബ്രഹാമിനെ കുറിച്ചു ചലച്ചിത്ര പ്രവര്‍ത്തകന്‍ യു.പി. സന്തോഷ് എഴുതിയ ഓര്‍മ്മകുറിപ്പ്.

ന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷം മുമ്പാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഒരജ്ഞാതമൃതദേഹമായി ജോണ്‍ കിടന്നത്. നാല് സിനിമകള്‍ മാത്രം സൃഷ്ടിച്ച് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ജോണ്‍ അബ്രഹാം എന്ന ചലച്ചിത്രകാരന്റെ ചോരയില്‍ മുങ്ങിയ ശരീരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോ നഴ്‌സുമാരോ തിരിച്ചറിഞ്ഞിരുന്നില്ല. 1987 മെയ് 30ന് കോഴിക്കോട് മിഠായിത്തെരുവിലെ ഒരു കെട്ടിടത്തിന്റെ ടെറസ്സില്‍ സൗഹൃദക്കൂട്ടായ്മയ്ക്കിടയില്‍ തന്റെ അടുത്ത സിനിമയിലെ ഒരു സീന്‍ അഭിനയിച്ചു കാണിക്കുമ്പോഴായിരുന്നു ജോണ്‍ നിലതെറ്റി താഴേക്ക് പതിച്ചത്. സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ച് ആള്‍ ആരാണെന്ന് പറയുന്നത് കേള്‍ക്കാന്‍ ആരും മെനക്കെട്ടില്ല. കുറേ മദ്യപന്മാര്‍ ചേര്‍ന്നെത്തിച്ച പരിക്കുപറ്റിയ ഏതോ മദ്യപാനി. അതിനപ്പുറം അവര്‍ക്കൊന്നും അറിയേണ്ടതില്ലായിരുന്നു. പേര് ജോണ്‍ അബ്രഹാം എന്നാണെന്നും ഫിലിം മേക്കറാണെന്നും ബോധം മറയും മുമ്പ് കാഷ്വാലിറ്റിയിലുള്ളവരോട് ജോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ മനസ്സിലാക്കിയത് ജോണ്‍ എന്നു പേരുള്ള ഏതോ ഫിലിം റപ്രസെന്റ്റെറ്റീവ് എന്നാണ്!
ജോണിന്റെ ജീവിതം പോലെ തന്നെയായിരുന്നു ആ മരണവും. ഊരുതെണ്ടിയുടെ വേഷം സ്വയം എടുത്തണിഞ്ഞ്, സ്വന്തം കാര്യങ്ങളില്‍ ഒരു ശ്രദ്ധയുമില്ലാതെ ജീവിച്ച ജോണ്‍ തന്റെ സിനിമകള്‍ ശ്രദ്ധയോടെ ചെയ്തു. സിനിമയ്ക്കു വേണ്ടി ജോണ്‍ തന്റെ ജീവിതം തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമയില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. സിനിമ ഒരു കലക്ടീവ് ആര്‍ട്ട് ആണെന്ന് ഒട്ടുമിക്കവരും അംഗീകരിക്കുമ്പോള്‍ ജോണ്‍ പറയുന്നത് ‘അയാം ദി ഹിറ്റലര്‍ ഓഫ് മൈ സിനിമ’ എന്നാണ്.

ജോണ്‍ എബ്രഹാം

ജോണ്‍ ആരായിരുന്നു എന്നും ജോണ്‍ എന്തായിരുന്നു എന്നും പലരും പലരീതിയില്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം നടന്നവരും സിനിമയിലും ഒഡേസയിലും കൂടെ പ്രവര്‍ത്തിച്ചവരുമായ പ്രമുഖരും സാധാരണക്കാരുമായ നിരവധി പേര്‍ ജോണിനെ കുറിച്ചെഴുതുകയും പറയുകയും ചെയ്തു. ജോണ്‍ ഒരു പ്രതിഭാസമാണ്, ഒരു പ്രഹേളികയാണ് എന്നൊക്കെ പലപല നിരീക്ഷണങ്ങള്‍. അതൊന്നും മിക്കപ്പോഴും അദ്ദേഹത്തിന്റെ ചലച്ചിത്രസൃഷ്ടികളെ വിലയിരുത്തിക്കൊണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അസാധാരണമായ സ്വഭാവവൈചിത്ര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. തന്റെ ഒരു സിനിമയില്‍ ഏതോ ഒരു സീനില്‍ ജോണ്‍ തന്നെ പ്രത്യക്ഷപ്പെട്ട് ‘ഞാന്‍ ഒരു പ്രതിഭാസമല്ല’ എന്ന് വിളിച്ചുപറയുന്നത് ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാം.

art by Christopher Dev Jose

താന്‍ ഒരു കമ്മ്യൂണിസ്റ്റാണെന്ന് ജോണ്‍ പലകുറി പറഞ്ഞിട്ടുണ്ട്, അഭിമുഖങ്ങളിലും മറ്റും. എന്നാല്‍ ജോണിന്റെ കമ്മ്യൂണിസം ജോണിന്റേതു മാത്രമായിരുന്നു. ലോകത്തിലെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായോ കമ്മ്യൂണിസ്റ്റ് ആശയവുമായോ എന്തെങ്കിലും ബന്ധം അതിനുണ്ടെന്ന് കരുതാനാവില്ല. ചെറുപ്രായത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും തത്വചിന്തയിലും രാഷ്ട്രീയത്തിലുമെല്ലാം ഏറെ അറിവുകള്‍ സ്വായത്തമാക്കിയിരുന്നു ജോണ്‍. മതങ്ങളും മാര്‍ക്‌സിസവുമെല്ലാം അതില്‍ പെടുന്നു. അങ്ങനെയുള്ള ജോണ്‍ തന്റെ സിനിമകളിലൂടെ അവതരിപ്പിച്ചത് തന്റേതായ ഒരു ആശയലോകത്തെയാണ്. അദ്ദേഹം ഒരിക്കലും ഒരു സിനിമയും വെറുതെ ചെയ്യുകയായിരുന്നില്ല. ‘ആത്മാവിഷ്‌കാരത്തിനു വേണ്ടി ഞാന്‍ സിനിമ ചെയ്യാറില്ല. ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെന്ന് തോന്നുമ്പോഴാണ് ഞാന്‍ സിനിമ ചെയ്യുന്നത്’ എന്നാണ് ജോണ്‍ പറഞ്ഞത്.

അത് ഞാന്‍ കഴുതയ്ക്കു വേണ്ടി ഇന്‍വെസ്റ്റ് ചെയ്തു. എന്നിട്ട് ചേച്ചിയോട് ഞാന്‍ പറഞ്ഞു, കഴുതയാണ് മെത്രാപൊലീത്തയേക്കാള്‍ മെച്ചമെന്ന്.

1972ല്‍ പുറത്തിറങ്ങിയ ‘വിദ്യാര്‍ത്ഥികളെ ഇതിലേ ഇതിലേ’ ആയിരുന്നു ആദ്യചിത്രമെങ്കിലും (അതൊരു തറച്ചിത്രമാണെന്നും അതുകൊണ്ട് അതിനെ കുറിച്ച് താന്‍ സംസാരിക്കാറില്ലെന്നും ജോണ്‍ പറഞ്ഞിരുന്നു). 1977ല്‍ തമിഴില്‍ നിര്‍മ്മിച്ച ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്ന സിനിമയാണ് ജോണ്‍ അബ്രഹാം എന്ന ചലച്ചിത്രകാരനെ ശ്രദ്ധേയനാക്കുന്നത്. അദ്ദേഹത്തിന്റെ ചേച്ചി നല്‍കിയ ഇരുപത്തിയയ്യായിരം രൂപയായിരുന്നു ഈ ചിത്രമെടുക്കാനുള്ള ജോണിന്റെ പ്രാഥമിക മൂലധനം. മെത്രാപൊലീത്തയെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനായിരുന്നു ചേച്ചി ജോണിന് ഈ തുക നല്‍കിയത്. അതേ കുറിച്ച് ജോണ്‍ തന്നെ പറയുന്നത് നോക്കുക: ‘അത് ഞാന്‍ കഴുതയ്ക്കു വേണ്ടി ഇന്‍വെസ്റ്റ് ചെയ്തു. എന്നിട്ട് ചേച്ചിയോട് ഞാന്‍ പറഞ്ഞു, കഴുതയാണ് മെത്രാപൊലീത്തയേക്കാള്‍ മെച്ചമെന്ന്. കുറച്ചുകൂടി ഭക്തി കൂടുതല്‍ കഴുതയ്ക്കാണെന്ന്’ (കാക്കനാടനുമായുള്ള അഭിമുഖം, നാനാ സിനിമ വാരിക).

തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജോണ്‍ പലപ്പോഴും നമ്മുടെ സംസ്‌കാരത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുള്ള മാതൃസങ്കല്‍പത്തെ കുറിച്ച് പറയാറുണ്ട്. ഈ അമ്മ സങ്കല്‍പം തന്റെ എല്ലാ ചിത്രങ്ങളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്രഹാരത്തില്‍ കഴുതൈ ശരിക്കും ദക്ഷിണേന്ത്യയിലെ കാളീസങ്കല്‍പവുമായി ബന്ധപ്പെട്ട ഒരാശയത്തെയാണ് മുന്നോട്ട് വയ്ക്കുന്നത്. സമൂഹം അവജ്ഞയോടെ കാണുന്ന കഴുതയെ കേന്ദ്രകഥാപാത്രമാക്കിയ ആ ചിത്രം പൗരോഹിത്യത്തെ പരിഹസിക്കുക മാത്രമല്ല, അവമതിക്കപ്പെടുന്ന സ്ത്രീത്വം ശക്തിസ്വരൂപമായി, സംഹാരിണിയായി മാറുന്നതായും അവതരിപ്പിക്കുന്നു.

ബ്രാഹ്മണനായ ഒരു കോളജ് പ്രൊഫസര്‍ അമ്മ നഷ്ടപ്പെട്ട ഒരു കഴുതക്കുട്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി ജോലി രാജിവച്ച് കഴുതക്കുട്ടിയെയും കൊണ്ട് തന്റെ നാട്ടിലേക്ക് പോകുന്നു. വൈദികരായ ബ്രാഹ്ണര്‍ താമസിക്കുന്ന ഒരു അഗ്രഹാരത്തിലാണ് പ്രൊഫസറുടെ വീട്. കഴുതക്കുട്ടിയെ അദ്ദേഹം തന്റെ വീട്ടില്‍ പാര്‍പ്പിക്കുന്നു. കഴുതയുടെ കാര്യങ്ങള്‍ നോക്കാന്‍ ്പ്രൊഫസര്‍ക്ക് ഒരു ഊമപ്പെണ്ണിന്റെ സഹായവുമുണ്ട്. കഴുത അഗ്രഹാരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒടുവില്‍ ബ്രാഹ്മണര്‍ കൂടിയാലോചിച്ച് കഴുതയെ കൊല്ലാന്‍ തീരുമാനിക്കുന്നു. താഴ്ന്നജാതിയില്‍ പെട്ട കുറച്ചുപേരെയാണ് കഴുതയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഏല്‍പിക്കുന്നത്. ഇതിനിടയില്‍ ഊമപ്പെണ്ണ് അവിഹിതഗര്‍ഭം ധരിക്കുകയും ഒരു ചാപ്പിള്ളയെ പ്രസവിക്കുകയും ചെയ്തു. കൊല്ലപ്പെട്ട കഴുതയുടെ കരച്ചില്‍ ഗ്രാമവാസികളില്‍ പലരും കേള്‍ക്കുന്നു. ചിലര്‍ കഴുതയെ ദൂരെ കുന്നിന്‍മുകളില്‍ കാണുന്നു. ഒരു യാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന പ്രൊഫസര്‍ ഊമപ്പെണ്ണില്‍ നിന്നു കഴുത കൊല്ലപ്പെട്ട വിവരമറിയുന്നു. അതിനെ സംസ്‌കരിച്ച സ്ഥലത്ത് ഊമപ്പെണ്ണിനൊപ്പം എത്തുന്ന പ്രൊഫസര്‍ കഴുതയുടെ തലയോട്ടി കൈയിലെടുക്കുകയും അത് ഊമപ്പെണ്ണിന് കൈമാറുകയും ചെയ്യുന്നു. ആ തലയോട്ടിയില്‍ നിന്ന് അഗ്‌നി ഉയരുകയും അത് അഗ്രഹാരത്തെ മുഴുവന്‍ ചുട്ടെരിക്കുകയും ചെയ്യുന്നു. ഇതാണ് അഗ്രഹാരത്തില്‍ കഴുതൈയുടെ ചുരുക്കം.

ശുദ്ധീകരണത്തിന്റെ പ്രതീകമാണ് അഗ്‌നി എന്ന ഇന്ത്യന്‍ സങ്കല്‍പത്തെയും ശക്തിയെന്ന ദ്രാവിഡസങ്കല്‍പത്തെയും ഫലപ്രദമായി ഈ ചിത്രത്തില്‍ താന്‍ ഉപയോഗിച്ചിരിക്കുന്നു എന്ന് ജോണ്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1979) എന്ന സിനിമ തുടങ്ങുന്നത് ഒരു ശവക്കല്ലറ സംസാരിക്കുന്നതായിട്ടാണ്. ചെറിയാച്ചന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അമ്മയുടേതാണ് ശവക്കല്ലറയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ആ ശബ്ദം. ‘മരിച്ചുപോയ ചെറിയാച്ചന്റെ അമ്മയാണ് ഞാന്‍. അവനെങ്ങനെ എന്റെ കൂടെ വന്നുചേരുമെന്ന് കാണുക’ എന്നാണ് അമ്മയുടെ ശബ്ദം പറയുന്നത്. മാനിസവിഭ്രാന്തിക്കടിപ്പെട്ട ചെറിയാച്ചന്‍ എന്ന ചെറുകിട ഭൂവുടമയുടെ കഥ ജോണ്‍ നമ്മിലെത്തിക്കുന്നത് അയാളുടെ അമ്മയിലൂടെയാണ്. കര്‍ഷകപ്രസ്ഥാനങ്ങളുടെ കാലത്തും കുട്ടനാട്ടില്‍ നടമാടുന്ന ഫ്യൂഡലിസ്റ്റ് മാടമ്പിത്തരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കര്‍ഷകത്തൊഴിലാളികളെ അവറാച്ചന്‍ എന്ന കായല്‍ മുതലാളി കായലില്‍ മുക്കിക്കൊല്ലുന്നതിന് സാക്ഷിയാകേണ്ടി വന്നതിനെയും വിസ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സഹോദരിയെ മറ്റൊരാള്‍ കീഴ്‌പ്പെടുത്തുന്നത് കാണേണ്ടി വന്നതിനെയും തുടര്‍ന്ന് ചെറിയാച്ചന്‍ മനോവിഭ്രാന്തിക്കടിപ്പെടുന്നു. പോലീസിനെ പേടിച്ച് ഒളിക്കാനിടമില്ലാതെ തെങ്ങില്‍ കയറുന്ന അയാള്‍ തെങ്ങില്‍ നിന്ന് വീണ് മരിക്കുന്നു. ഈ കഥ പ്രേക്ഷകനോട് വിവരിക്കുന്നത് ചെറിയാച്ചന്റെ മരിച്ചുപോയ അമ്മയാണ്

ജോണിന്റെ നാലാമത്തേതും അവസാനത്തേതുമായ സിനിമ ‘അമ്മ അറിയാന്‍’ (1986) ആണ്. ജനങ്ങളില്‍ നിന്നും ചെറിയ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ തന്നെ ആദ്യ സിനിമയാണിത്. ഈ ചിത്രം നിര്‍മ്മിക്കുന്നതിനായി ജോണ്‍ നേതൃത്വം നല്‍കിയ ഒഡേസ എന്ന പ്രസ്ഥാനം സിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. നക്‌സല്‍ കാലഘട്ടത്തിന് ശേഷം അതില്‍ പങ്കെടുത്ത യുവാക്കളുടെ അവസ്ഥകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് അമ്മ അറിയാന്‍ എന്ന സിനിമ. ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് ജോണ്‍ പറയുന്നതിങ്ങനെയാണ്: ‘എന്റെ ഈ ചിത്രം അമ്മമാരെയും സ്ത്രീകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. എനിക്കു തോന്നി, കോങ്ങാട്ടും പുല്‍പള്ളിയിലും നാഗൂരിലുമൊക്കെ തലവെട്ടി വിപഌം നടത്തിയ ചെറുപ്പക്കാരൊക്കെ അവരുടെ അമ്മമാരുടെ അറിവോടെ ഇതൊക്കെ ചെയ്തിരുന്നെങ്കിലെന്ന്. അമ്മയുടെ അറിവോടെയുള്ള ഒരു പ്രവൃത്തിയും പരാജയപ്പെടില്ല. താന്‍ ചെയ്യുന്നതിനെ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ അമ്മയായിരിക്കും മകന്റെ കൈയില്‍ അരിവാള്‍ കൊടുക്കുന്നത്. നമ്മുടെ പാരമ്പര്യവും ചരിത്രവും പുരാണങ്ങളും അങ്ങനെയാണ്. സ്വന്തം അമ്മയെ പോലും അറിയിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഒരു സമൂഹത്തിനെ മാറ്റാന്‍ സാധിക്കും?’
സംഗീതത്തോട് ഭ്രാന്തമായ ആവേശമുള്ള ഒരു യുവവിപ്‌ളവകാരിക്ക് പോലീസിന്റെ പീഡനം കാരണം തന്റെ കലാവിഷ്‌കാരത്തിനുള്ള ശേഷി നഷ്ടപ്പെടുന്നു. അയാള്‍ മരണത്തില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. അമ്മയോട് യാത്ര പറഞ്ഞ് ദേശാടനത്തിനിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞ്, അയാളുടെ അമ്മയെ കണ്ടുപിടിച്ച് വിവരമറിയിക്കാന്‍ ശ്രമിക്കുന്നു. ചെറുപ്പക്കാരനും കൂട്ടുകാരും അമ്മയെ തേടി നടത്തുന്ന യാത്രയാണ് അമ്മ അറിയാന്‍ എന്ന ചിത്രം. ഇത് ഒരു റോഡ് മൂവിയാണ്. വയനാട് മുതല്‍ കൊച്ചി വരെയുള്ള യാത്രയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നായകനായ ചെറുപ്പക്കാരനൊപ്പം വിവിധ സ്ഥലങ്ങളില്‍ വച്ച് ആത്മഹത്യചെയ്ത യുവാവിന്റെ പഴയ സുഹൃത്തുക്കള്‍ ചേരുന്നു. അങ്ങനെ അമ്മയുടെ അടുത്തെത്തുപ്പോള്‍ അതൊരു വലിയ സംഘമാവുന്നുണ്ട്.

ജോണ്‍ എന്നും മനസ്സില്‍ സൂക്ഷിച്ച അമ്മ സങ്കല്‍പം തന്നെയാണ് ഈ സിനിമയുടെയും അന്തര്‍ധാര. ‘എന്റെ പടത്തില്‍ അമ്മ സങ്കല്‍പം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദേവീസങ്കല്‍പം പണ്ടുകാലം തൊട്ടേ ഇന്ത്യക്കാരന്റെ മനസ്സില്‍ വേരൂന്നിയ ഒന്നാണ്. ഇതിന് എന്നെങ്കിലും പരുക്കേറ്റിട്ടുണ്ടെങ്കില്‍ അത് യൂറോപ്പുകാര്‍ കെട്ടിയേല്‍പിച്ച പുരുഷമേധാവിത്വ ചിന്താഗതി കൊണ്ടാണ്’ എന്ന് ജോണ്‍ ഒരിക്കല്‍ പറഞ്ഞു.

ജോണിന്റെ സിനിമയുടെ സവിശേഷതയായി അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് അവയ്ക്കാകമാനം ലഭിച്ചിട്ടുള്ള കരിം ഫലിതം (Black humour) ആണ്. മുഖത്ത് എപ്പോഴും ഒരു കുസൃതിച്ചിരിയും ചുണ്ടില്‍ നര്‍മ്മം വഴുതുന്ന വാക്കുകളും ഏത് ചര്‍ച്ചാവിഷയത്തിന്റെയും മര്‍മ്മം തൊട്ടു കാമിക്കാന്‍ പോന്ന കൂര്‍മ്മകുശലതയും ജോണിന് സ്വതസിദ്ധമായിരുന്നു എന്നും അടൂര്‍ അനുസ്മരിക്കുന്നുണ്ട്. അമ്പത് വര്‍ഷം മാത്രം ഈ ഭൂമിയില്‍ ജീവിച്ച് അനന്യമായ ഒരു പിടി സിനിമകള്‍ ചെയ്ത് മറഞ്ഞ ജോണിന്റെ സിനിമകള്‍ ലോകസിനിമയിലെ മുന്‍നിരചിത്രങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ലോകപ്രശസ്തമായ ചലച്ചിത്രോത്സവങ്ങളില്‍ ആദരിക്കപ്പെടാനുള്ള അവസരം അദ്ദേഹത്തിന് സിദ്ധിച്ചത് ഒരു തവണ മാത്രമാണ്. ഇറ്റലിയിലെ പെസറോ ഫെസ്റ്റിവലായിരുന്നു അത്. അതേസമയത്തായിരുന്നു ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം. ‘മാര്‍പ്പാപ്പ ഇങ്ങോട്ട് വരുമ്പോള്‍ ഞാന്‍ അങ്ങോട്ട് പോകണം, അല്ലെങ്കില്‍ ലോകത്തിന്റെ ബാലന്‍സ് തെറ്റും’ എന്നാണ് ഇതേകുറിച്ച് ജോണ്‍ പറഞ്ഞത്.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments