മതയുദ്ധത്തിനിറങ്ങിയ പോരാളി എന്നൊരു ചിത്രം വാരിയങ്കുന്നത്തിന് ചാർത്തിക്കൊടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരാണ് വാരിയങ്കുന്നൻ എന്നതിന് ഉത്തരമായി എസ്. കെ. പൊറ്റക്കാട്ട്, പി. പി. ഉമ്മർകോയ, എൻ. പി. മുഹമ്മദ്, കെ. എ. കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് മനോഹരമായ ഒരു തൂലികാചിത്രം വരച്ചു വച്ചിട്ടുണ്ട്. ‘മുഹമ്മദ് അബ്ദുറഹ്മാൻ’ എന്ന പുസ്തകത്തിൽ. ആ ഭാഗമാണ് താഴെ ഉദ്ധരിക്കുന്നത്.

“1857ലെ ഇന്ത്യൻ ശിപായി ലഹളയ്ക്കുശേഷം ബ്രിട്ടീഷ് ഗവർമെണ്ടും ഇന്ത്യക്കാരുമായി ഉണ്ടായിട്ടുള്ള സംഘട്ടനങ്ങളിൽ വച്ച് ഏറ്റവും ഗംഭീരമായ മലബാർ കലാപത്തിൽ ഗവർമെണ്ടിൻറെ എതിരാളികളിൽ അഗ്രഗണ്യൻ
എന്ന് കെ. മാധവൻ നായർ വിശേഷിപ്പിച്ച വാരിയങ്കുന്നത്ത് ഹാജിയത്രെ ആ നേതാവ്.
പയ്യനാട് അംശം നെല്ലിക്കുന്നു ദേശം ചക്കിപ്പറമ്പത്തു വാരിയങ്കുന്നൻ കുഞ്ഞഹമ്മദ് ഹാജി കലാപപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു. കുട്ടിയായിരുന്നപ്പോൾ തന്നെ ബാപ്പയോടുകൂടി കുഞ്ഞഹമ്മദ് നാടുകടത്തപ്പെട്ടു. ലഹളയിൽ പങ്കുവഹിച്ചെന്ന കുറ്റം ചുമത്തിയാണ് കുഞ്ഞഹമ്മദിനെയും നാടുകടത്തിയത്. 1857ലെ കലാപത്തിലും 1891ൽ മണ്ണാർക്കാട്ടു നടന്ന ബ്രിട്ടീഷ് വിരുദ്ധ ലഹളയിലും 1896ൽ ജന്മിത്വത്തിനെതിരായി മഞ്ചേരിയിൽ നടന്ന കർഷകസമരത്തിലും ഭാഗഭാക്കായിരുന്ന പോരാളി ആയിരുന്നു ബാപ്പ.
കുഞ്ഞഹമ്മദ് ഹാജി ആറേഴു കൊല്ലങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തി. സ്വന്തം ഗ്രാമത്തിൽ താമസിക്കാൻ പാടില്ലെന്ന നിരോധനമാണ് അപ്പോൾ അദ്ദേഹത്തെ എതിരേറ്റത്. ചെറുപ്പത്തിൽ തന്നെ തടങ്കൽപാളയവുമായി പരിചയം നേടി, മതപാണ്ഡിത്യവും കാർഷികവിജ്ഞാനവുമാർജിച്ചു സമുദായസ്നേഹിയായി വളർന്ന അദ്ദേഹം വിദേശാധിപത്യത്തിനെതിരായ പ്രവർത്തനത്തിലേക്കു തൽക്ഷണം ഇറങ്ങി.

ധീരനും ധാർമികബോധത്താൽ നീതനും അസാമാന്യ ദേശാഭിമാനിയുമായ അദ്ദേഹത്തിന് അനുസരണമുള്ള ധാരാളം അനുയായികളെ അതിവേഗം സ്വാധീനിക്കാൻ കഴിഞ്ഞു. അരാജകത്വവും താന്തോന്നിത്തവും ഇല്ലാതാക്കുന്നതിന് അദ്ദേഹം പല വ്യവസ്ഥകളും ഏർപ്പെടുത്തി. ഹിന്ദുക്കളെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുതെന്ന് മുസ്ലിംകളെ അദ്ദേഹം പ്രത്യേകം ശാസിച്ചു.

“അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തിൽ
ഒത്തുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടിൽ
ഏറനാടിന്‍ ധീരമക്കള് ചോരചിന്തിയ നാട്ടിൽ
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടിൽ!

കണ്ടപോല്‍ തീയുണ്ട പെയ്തു പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ് മാറ്റിയ സര്‍ക്കാറിനെ
എത്ര ധീര മാപ്പിള സ്ത്രീകള്‍ക്കെഴും പരിശുദ്ധിയെ
ഉത്തമ ഭൂവായിടും മലനാടിതിന്നഭിവൃദ്ധിയെ

തോക്കിനാല്‍ കയ്യൂക്കിനാല്‍ കവർച്ച ചെയ്ത കൂട്ടരേ
നീക്ക് പോക്കില്ലാതെ കൂട്ടക്കൊല നടത്തിയ ദുഷ്ടരേ
ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള് ധീരരേ
മാറ് കാട്ടി നാട്ടില്‍ മാനം കാത്ത് നിങ്ങള് വീരരേ..”

‘മലബാർ പടപ്പാട്ട്’, കമ്പളത്ത് ഗോവിന്ദന്‍ നായർ.
(1944-ല്‍ രചിച്ച ഈ പടപ്പാട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി വാരിക ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടുകയുണ്ടായി.)

ലഹള കൊണ്ടും അരക്ഷിതാവസ്ഥ കൊണ്ടും കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ സമാധാനമുണ്ടാക്കാനാണ് കുഞ്ഞഹമ്മദ് ഹാജി നിരന്തരം ശ്രമിച്ചത്. ശാന്തരായ ജനങ്ങളുടെ സ്വാതന്ത്ര്യവാഞ്ഛയെ അടിച്ചമർത്താനുള്ള ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിൻറെ ഫലമാണ് ഏറനാട്ടിലെ ലഹളകളെന്ന് അദ്ദേഹം അന്യസ്ഥലങ്ങളിലെ ആളുകളെ അറിയിച്ചു. ഏറനാട്ടിൽ എന്താണ് നടക്കുന്നതെന്ന് വിവരിച്ചുകൊണ്ട് അദ്ദേഹം ഒരു പ്രസ്താവന പുറപ്പെടുവിച്ചു. മദിരാശിയിലെ ‘ഹിന്ദു’ വിൽ വന്ന ആ പ്രസ്താവന ഇന്ത്യൻ ദേശീയ നേതാക്കളുടെ ശ്രദ്ധയ്ക്ക് വിഷയമായി. മൌലാന ഷൌക്കത്തലി അതിനെപ്പറ്റി ഇങ്ങനെ എഴുതി.

‘പ്രസ്താവന വായിച്ചു ഞാൻ സന്തോഷിക്കുന്നു. ഗവർമ്മെണ്ടു കക്ഷികളാണ് ഹിന്ദു-മുസ്ലിം കലഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നു പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. ലഹള ഒതുക്കുന്ന കാര്യത്തിൽ ഹിന്ദു-മുസ്ലിം നേതാക്കളുടെ ശ്രദ്ധ പതിയേണ്ടതാണ്. ധീരരും ദരിദ്രരുമായ മലബാർ മാപ്പിളമാർ നമ്മുടെ സഹതാപവും സഹായവും അർഹിക്കുന്നു.’

മഹാത്മാ ഗാന്ധി ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചു:
‘മലബാർ കുഴപ്പം ഉടൻ നിർത്തൽ ചെയ്യേണ്ടതാണ്. അശരണരായ മാപ്പിളമാരുടെ കുട്ടികളോടും സ്ത്രീകളോടും നാം അനുതാപം കാണിക്കണം. മാപ്പിളമാർ മുഴുവൻ ക്രൂരരല്ല. ധീരന്മാരായ അവരെ നശിപ്പിക്കാൻ നാം അനുവദിക്കുകയാണെങ്കിൽ ഇന്ത്യക്കാർ ഭീരുക്കളാണെന്നു പരിഗണിക്കപ്പെടും. ജനാബ് യാക്കൂബ് ഹസ്സനെയോ എന്നെയോ അവിടെപ്പോകാൻ സമ്മതിച്ചിരുന്നുവെങ്കിൽ ഈ കുഴപ്പം പരിഹരിക്കുവാൻ കഴിയുമായിരുന്നു. നിസ്സഹകരണപ്രവർത്തകർ മലബാറിൽ പ്രവർത്തിച്ച് അന്തരീക്ഷം ശാന്തമാക്കേണ്ടതാണ്.’

ഗാന്ധിജിയുടെയും ഷൌക്കത്തലിയുടെയും അഭ്യർത്ഥനകൾ ഗവർമ്മെണ്ട് അവഗണിച്ചു. ദേശീയ നേതാക്കൾക്ക് ലഹളബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടു. മാപ്പിളമാരെയും മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തെയും ഒന്നടങ്കം നശിപ്പിക്കാനാണ് സർക്കാർ ആഗ്രഹിച്ചതെന്നു തോന്നി. ലഹള ശാന്തമാക്കുന്നത് അവർക്കിഷ്ടമായിരുന്നില്ല…..

വെട്ടാൻ വരുന്ന പോത്താണ്, അതിനോട് വേദമോതീട്ട് കാര്യമില്ല. കുഞ്ഞഹമ്മദ് ഹാജിയും കൂട്ടുകാരും പൊരുതാൻ തന്നെ പ്രേരിതരായി. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കാടുകളിൽ ലഹളക്കാർ ചെറിയ സംഘങ്ങളായി താവളമടിച്ചു. കുന്തം, വാൾ തുടങ്ങിയ ആയുധങ്ങളിൽ നല്ല പരിശീലനം സിദ്ധിച്ച പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ആയുധമിടുക്കായിരുന്നില്ല കാര്യം. കരളുറപ്പും വാശിയും വീണ്ടുവിചാരമില്ലാത്ത സാഹസികതയുമാണ് അവർക്കു കരുത്തു നല്കിയത്.

‘പാണ്ടിക്കാട് ലഹള’ ഈ സാഹസികതയുടെ തെളിവായിരുന്നു. ലഹളക്കാരെ കീഴടക്കാൻ വേണ്ടി പ്രത്യേകം വരുത്തിയ ഗൂർഖപ്പട്ടാളത്താവളത്തെയാണ് അവർ കടന്നാക്രമിച്ചത്. കുക്രി എന്ന ഒരു പ്രത്യേതരം വാൾ കൊണ്ടു യുദ്ധം ചെയ്യുന്ന ഈ ഗൂർഖകളെ നേരിട്ടെതിർത്തു തോല്പിക്കാൻ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നു പ്രസിദ്ധമാണ്. എല്ലാവിധത്തിലുള്ള ആയുധങ്ങളുമായി പാണ്ടിക്കാട്ട് പോലീസ് സ്റ്റേഷനടുത്തുള്ള ചന്തപ്പുരയിൽ താവളമടിച്ച ഗൂർഖപ്പട്ടാളം അതിൻറെ സാന്നിദ്ധ്യം ഒന്നുകൊണ്ടു തന്നെ ചുറ്റുപാടും ഭീതി പരത്തിയിരുന്നു.

1921 നവമ്പർ 18ന് രാത്രി നാലു മണിക്ക് ചെമ്പ്രശ്ശേരിത്തങ്ങളുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും നായകത്വത്തിൽ രണ്ടായിരത്തോളം മാപ്പിളമാർ പാണ്ടിക്കാട്ടെത്തി. ചന്തപ്പുര വളഞ്ഞ് കാവൽപ്പടയാളികളുടെ നേർക്ക് വെടിവെച്ച് ചന്തയുടെ മതിൽ തകർത്ത്, അകത്തു കടന്നു. ഭീഷണമായ യുദ്ധമാണ് നടന്നത്. രണ്ടു മണിക്കൂറോളം പൊരിഞ്ഞ പോരാട്ടം. ചന്തപ്പുരയ്ക്കകത്ത് പോലീസ് സൈന്യമോ വെള്ളപ്പട്ടാളമോ ആണുണ്ടായിരുന്നതെങ്കിൽ അവരിൽ ഒരാൾ പോലും അവശേഷിക്കുമായിരുന്നില്ലെന്നാണ് കരുതപ്പെടുന്നത്. പക്ഷേ, അവിടെ ഗൂർഖാപ്പട്ടാളമായിരുന്നു.

പട്ടാളക്കാരിൽ മൂന്നോ നാലോ പേർ മാത്രമാണ് മരിച്ചത്. ക്യാപ്ടൻ ആവറിൽ അക്കൂട്ടത്തിൽപ്പെടും. സബ് ഇൻസ്പെക്ടർ അഹമ്മദ് കുട്ടി, ഹെഡ്കോൺസ്റ്റബിൾ ദാമോദരമേനോൻ … എന്നിവരുൾപ്പെടെ നാല്പതോളം പേർക്കു പരിക്കു പറ്റി. ലഹളക്കാരുടെ ഭാഗത്തു മരിച്ചുവീണവരുടെ എണ്ണം ഇരുനൂറ്റി മുപ്പതായിരുന്നു. ലഹളക്കാരുടെ മൃതശരീരങ്ങൾ നിരത്തിൻറെ തെക്കു ഭാഗത്ത് കൂട്ടിയിട്ടു പട്ടാളക്കാർ ചുട്ടുകരിച്ചു.

ഈ യുദ്ധത്തിനു മുമ്പ് നവമ്പർ രണ്ടിന് അരീക്കോട്ടു വച്ച് വാരിയങ്കുന്നൻറെ സേനയും വെള്ളപ്പട്ടാളവുമായി ഒരു യുദ്ധം നടക്കുയുണ്ടായി. അതിൽ 58 മാപ്പിളമാർ ജീവൻ വെടിഞ്ഞു.

മലബാർ ലഹളയിലെയും അതിലും വിശേഷിച്ച് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെയും ഒരു വഴിത്തിരിവായിരുന്നു പാണ്ടിക്കാട് യുദ്ധം. ലഹളക്കാരുടെ സംഘങ്ങൾ ഭക്ഷണം കിട്ടാതെ വലഞ്ഞു. പട്ടാളക്കാർ എല്ലായിടത്തും ജാഗ്രതയോടെ സഞ്ചരിച്ചു. നാട്ടുകാർ ഭയചകിതരായി. പലരും കീഴടങ്ങി.
അതിനിടയിൽ ലഹളക്കാർക്കു തെല്ലൊരാത്മവീര്യം വീണ്ടുകിട്ടാൻ സഹായിച്ച ഒരു സംഭവമുണ്ടായി. ഗൂഡല്ലൂരിൽ പരിശീലനം കഴിക്കുന്ന ഒരു പോലീസുസേനാവിഭാഗം താമസിച്ച പന്തലൂർ ക്ലബ് 1921 ഡിസംബർ 14ന് കുഞ്ഞഹമ്മദ് ഹാജിയുടെ സംഘം വളഞ്ഞു. വലിയ കാടിനാൽ ചുറ്റപ്പെട്ട പോലീസ് സങ്കേതം പുലർച്ചയ്ക്കാണ് ലഹളക്കാർ വളഞ്ഞത്. പല പോലീസുകാർക്കും പരിക്കുപറ്റി. അവരെല്ലാം പാഞ്ഞ് കാട്ടിലൊളിച്ചു. പോലീസുകാരെ പലായനം ചെയ്യിച്ച ലഹളക്കാർ പിന്നീട് മൂന്നു സംഘങ്ങളായിപ്പിരിഞ്ഞു.

പോലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ്, സർവേ ആഫീസ് – ഈ സർക്കാർ കാര്യാലയങ്ങളിലേക്കായിരുന്നു അവരുടെ പുറപ്പാട്. പോലീസ് സ്റ്റേഷൻ ചെറുതായിരുന്നു. പോലീസിനെ ആക്രമിക്കാൻ ചെന്നവരിൽ മൂന്നുപേർ വെടിയേറ്റു വീണു. വെടിവെച്ച പോലീസുകാരനെ ലഹളക്കാർ പിടികൂടി. മൂന്നു പോലീസുകാർ ലഹളക്കാരുടെ കയ്യാൽ മരിച്ചു. പോസ്റ്റ് ഓഫീസിലേക്ക് പോയവർക്ക് പോസ്റ്റ് മാസ്റ്ററെ കണ്ടുകിട്ടിയില്ല. അയാൾ ഒളിച്ചുകളഞ്ഞു. എങ്കിലും സമീപത്തുണ്ടായിരുന്ന പോലീസ് ഇൻസ്പെക്ടറെ കിട്ടി. അയാളുടെ ദേഹം തുണ്ടം തുണ്ടമായി. സർവേ ആഫീസിലുണ്ടായിരുന്ന ഒന്നു രണ്ടു സർവേയർമാരെ ലഹളക്കാർ കൊന്നു. ചിലരെ പരുക്കേല്പിച്ചു.

വളരെ ആഘോഷത്തോടെയാണ് ലഹളക്കാർ മടങ്ങിപ്പോയത്. പോലീസുകാരുടെ ശവങ്ങളും കുറേയേറെ ഭക്ഷ്യപദാർത്ഥങ്ങളും രണ്ട് ആനകളുടെ പുറത്തുകയറ്റി വിജയോന്മാദത്തോടെയായിരുന്നു അവരുടെ മടക്കം.

ഈ വിജയം അന്തസ്സാരശൂന്യവും തീരെ ക്ഷണികവുമായിരുന്നു. ബർമാ റൈഫിൾസ്, സാപ്പേഴ്സിൻറെ ഒരു കമ്പനി കോവർകഴുതപ്പട്ടാളം, പീരങ്കിപ്പട, കവചിതങ്ങളായ കാറുകൾ, പട്ടാള വാഹനങ്ങൾ, വീണ്ടും ഗൂർഖാപ്പടയണികൾ, എം എസ് പി- ഇങ്ങനെ നാനാതരം സേനാവിഭാഗങ്ങളും സൈനിക സജ്ജീകരണങ്ങളും അരങ്ങു തകർക്കാൻ തന്നെ പുറപ്പെട്ടു. പട്ടാളക്കാർ ക്രൂരമായി പകവീട്ടാൻ ആരംഭിച്ചു. ലഹളക്കാരുടെ കുടുംബങ്ങൾ ആ പകയിൽ ഞെരിഞ്ഞു. അപമാനവും മർദനവും ദുരിതങ്ങളും സഹിക്കവയ്യാതെ ലഹളക്കാർ തുരുതുരെ കീഴടങ്ങാൻ തുടങ്ങി. ധാരാളം പേർ നാടുവിട്ടു. ഭീരുക്കളായി കീഴടങ്ങാൻ മനസ്സുവരാത്ത നിരവധി മാപ്പിളമാർ പട്ടാളക്കാരുടെ മുന്നിലേക്കു പാഞ്ഞു ചെന്നു വെടിയേറ്റ് ആത്മാഹുതി നടത്തി.

കുഞ്ഞഹമ്മദ് ഹാജിയുടെ സഹകാരികളായ ചെമ്പ്രശ്ശേരി തങ്ങളും സീതിക്കോയത്തങ്ങളും പ്രധാന ശിഷ്യനായ പയ്യനാടൻ മോയനും പട്ടാളത്തിനു കീഴടങ്ങി. ഹാജി ഒറ്റപ്പെടുകയായിരുന്നു. ഒരിടം വിട്ട് മറ്റൊരിടത്തേക്കായി അദ്ദേഹം മാറിമാറി സഞ്ചരിച്ചു. അവസാനം തൻറെ സ്ഥിരം രഹസ്യസങ്കേതമായ ചോക്കാട്ട് അഭയം പ്രാപിച്ചു.

കെ മാധവൻ നായർ ‘മലബാർ കലാപ’ത്തിൽ ഇങ്ങനെയാണ് പറയുന്നത്.

‘കല്ലാമൂല എന്ന സ്ഥലം മലബാറിൻറെയും കോയമ്പത്തൂരിൻറെയും അതിർത്തിയായ പശ്ചിമഘട്ടത്തിൻറെ മലബാറിലെ ഉയർന്ന കൊടുമുടിയാണ്. ഹാജിയാർ കല്ലാമൂലയിലുണ്ടെന്ന വിവരം കിട്ടിയ ഉടനെ ഇൻസ്പെക്ടർ രാമനാഥയ്യരും സൈന്യങ്ങളും ആ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലം വളഞ്ഞു. കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ ഇരുപതോളം അനുചരന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം കീഴൊതുങ്ങി. പതിനേഴു തോക്കും കുറേ വാളും ആയിരത്തോളം തിരകളും അവിടെ നിന്നു കിട്ടി. കുഞ്ഞഹമ്മദ് ഹാജിയേയും അനുചരന്മാരെയും മഞ്ചേരിയിലേക്കു കൊണ്ടു വന്നു.’

‘കുഞ്ഞഹമ്മദ് ഹാജിയെ കൊണ്ടുവരുന്നത് കാണാനായി വണ്ടൂരിൽ നിന്ന് മഞ്ചേരി വരെയും നാനാജാതിമതസ്ഥരായ ജനങ്ങൾ ആബാലവൃദ്ധം നിരത്തുവഴികളിൽ കൂട്ടം കൂട്ടമായി നിന്നിരുന്നു. സുബേദാർ മിസ്റ്റർ കൃഷ്ണപ്പണിക്കരും മിസ്റ്റർ ഗോപാലമേനോനും ഇൻസ്പെക്ടർ മിസ്റ്റർ രാമനാഥയ്യരും തെളുതെളെ മിന്നിക്കൊണ്ടിരുന്ന ഖഡ്ഗങ്ങൾ ധരിച്ചുകൊണ്ടു മുന്നിൽ നടന്നു. പിന്നാലെ കുഞ്ഞഹമ്മദ് ഹാജിയേയും അയാളുടെ ഒടുവിലത്തെ മന്ത്രിയായ ചേക്കുട്ടിയേയും അവരുടെ പിന്നിലായി ശേഷം ലഹളക്കാരെയും നടത്തി. പലവിധ ഗാനങ്ങളോടും ജനങ്ങളുടെ കോലാഹലശബ്ദത്തോടും കൂടിയാണ് മഞ്ചേരിയിലേക്ക് കൊണ്ടു വന്നിരുന്നത്. ഹാജിയാരെ ഇതിനുശേഷം മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയി. തുക്ടിക്കച്ചേരിയിൽ വച്ച് അയാളെ മാർഷ്യൽ ലോ കോടതി സമ്മറിയായി വിചാരണ ചെയ്യുകയും വെടിവെച്ചുകൊല്ലുവാൻ വിധിക്കുകയും ചെയ്തു. ജനുവരി മാസം 20ന് രാവിലെ മലപ്പുറത്തു നിന്ന് മഞ്ചേരിക്കു വരുന്ന നിരത്തിൽ ഒന്നാം മൈലിന്നടുത്തു കോട്ടക്കുന്നിൻറെ വടക്കെ ചെരിവിൽ വച്ച് അയാളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.’

തക്ബീർ മുഴക്കിക്കൊണ്ട് വിദേശശക്തിയോടു സമരം ചെയ്ത ആയിരമായിരം മാപ്പിള ദേശാഭിമാനികളെ നയിച്ചുകൊണ്ടിരുന്ന ആ വീരനായകൻ തക്ബീർ മുഴക്കിക്കൊണ്ടു തന്നെ വെടിയുണ്ടയ്ക്ക് മാറു കാണിച്ചുകൊടുത്തു.”

5 3 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments