അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കാൽമുട്ടുവച്ചമർത്തി ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിനും ഇന്ത്യയിലെ തമിഴ്‌നാട്ടിൽ ഇപ്പോൾ നടന്ന ഈ കസ്റ്റഡി മരണത്തിനും ഒരുപാട് ദൂരമൊന്നും ഇല്ല.

വെട്രിമാരന്റെ ‘വിസാരണൈ’ എന്ന സിനിമ എല്ലാവര്‍ക്കും ഓർമ്മയുണ്ടാകും. അതിലെ ക്രൂരമായ കസ്റ്റഡി രംഗവും സിനിമ കണ്ടവർ മറക്കാനിടയില്ല. സിനിമയിലെ ആ രംഗങ്ങൾ ഭീതി ഉണ്ടാക്കിയിരുന്ന. എന്നാൽ അത്തരമൊരു രംഗം യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകുമോ എന്നൊരു മറു ചോദ്യവും അത് ജനിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്ന് ആന്ധ്രയിലെ ഗുണ്ടുരിലേക്ക് തൊഴിൽ തേടി കുടിയേറിയ നാല് തമിഴ് യുവാക്കളുടെ മേൽ പോലീസ് തങ്ങളുടെ അധികാരം ഉപയോഗിച്ചു കള്ള കേസ് ചുമത്തി. അതില്‍ നിന്നു രക്ഷപെട്ട തന്റെ ജീവിത അനുഭവത്തെ എം. ചന്ദ്രകുമാർ ‘ലോക്കപ്പ്’ എന്ന തമിഴ് നോവലായി പുറത്തിറക്കി. തുടർന്ന് അത് വെട്രിമാരൻ വിസാരണൈ എന്ന സിനിമയാക്കി.

സിനിമയിലെ മർദ്ദന രംഗങ്ങളില്‍ വേണ്ടതിലധികം വയലൻസ് കുത്തി നിറച്ചിരിക്കുയാണെന്ന് അദ്ദേഹം ഒരു പ്രസംഗ വേദിയിൽ പരാമർശിച്ചു.

കാക്കി ധരിച്ച പോലീസുകാർക്കുള്ളിൽ ഒരു കൊലയാളി കൂടി ഉണ്ടെന്നു തുറന്നടിച്ച സിനിമയെ, തമിഴ് സിനിമ നിരൂപകർ പലരും വിമർശിച്ചു. കസ്റ്റഡി മരണത്തിന്റെ യാഥാർത്ഥ്യം സിനിമയിലൂടെ വെട്രിമാരൻ വ്യക്തമാക്കിയപ്പോൾ, വിസാരണൈ ഒരു മോശം സിനിമയാണെന്നും ഒരു സ്പ്ലാറ്റർ (Splatter) ഫിലിം എന്നും പോസ്റ്റ് മോഡേൺ തമിഴ് എഴുത്തുകാരനും നോവലിസ്റ്റുമായ ചാറു നിവേദിതാ വിമർശിച്ചു. സിനിമയിലെ മർദ്ദന രംഗങ്ങളില്‍ വേണ്ടതിലധികം വയലൻസ് കുത്തി നിറച്ചിരിക്കുയാണെന്ന് അദ്ദേഹം ഒരു പ്രസംഗ വേദിയിൽ പരാമർശിച്ചു.

എന്നാൽ ഇന്നോ? സിനിമയിൽ സൃഷ്‌ടിച്ച വയലൻസിനെ വെല്ലുന്ന രീതിയിലുള്ള പോലീസ് ചോദ്യം ചെയ്യലും, രണ്ട് കസ്റ്റഡി മരണവുമാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ അരങ്ങേറിയിരിക്കുന്നത്. തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടിക്ക് സമീപത്തുള്ള സാത്താൻകുളം എന്ന ചെറു പട്ടണത്തിൽ മൊബൈൽ ഷോപ്പ് നടത്തി വന്ന ജയരാജെയും (59) മകൻ ഫെനിക്ക്സും (31) ലോക്ക്ഡൗൺ കാരണം അനുവദിച്ച സമയപരിധിയിൽ കൂടുതലായി രാത്രി 8 മണിവരെ തങ്ങളുടെ കട തുറന്നു പ്രവർത്തിപ്പിച്ചു എന്ന് ആരോപിച്ച് ജൂൺ 19ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിനിടയിൽ അവരെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചു കൊന്നു.

മാത്രമല്ല മൂന്ന് മണിക്കൂറോളം അവരുടെ കരച്ചിലും അലർച്ചയും പുറത്തേക്കു കേൾക്കാമായിരുന്നു.

കാൽ മുട്ടുകൾ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയും, മുഖം ഭിത്തിയില്‍ ഇടിക്കുകയും, ശരീരത്തിന്റെ പിൻ ഭാഗങ്ങളിൽ പ്രത്യേകിച്ചും മലാശയത്തിൽ ലാത്തികൊണ്ട് കുത്തുകയും ചെയ്തിരുന്നു എന്ന് മരിച്ച ഫെനിക്സിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. അച്ഛനെയും – മകനെയെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു, മാത്രമല്ല മൂന്ന് മണിക്കൂറോളം അവരുടെ കരച്ചിലും അലർച്ചയും പുറത്തേക്കു കേൾക്കാമായിരുന്നു.

ഒരു സാധാരണക്കാരന് ലഭിക്കുന്ന കൊലക്കുറ്റത്തിനുള്ള എല്ലാ ശിക്ഷാ നടപടികളും ഇവർക്കെതിരെ വേണം.

ഈ സംഭവത്തിന് കാരണക്കാർ എന്ന് കുറ്റം ചുമത്തപ്പെട്ട രണ്ട് സബ് ഇൻസ്പെക്ടർമാരും താൽകാലികമായി സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സംഭവത്തെ തുടർന്നു സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാരെയും സ്ഥലം മാറ്റി. എന്നാൽ ഇവർക്കെതിരെ ഇത്തരം നടപടികൾ മാത്രം സ്വീകരിച്ചാൽ മതിയാവില്ല, ഒരു സാധാരണക്കാരന് ലഭിക്കുന്ന കൊലക്കുറ്റത്തിനുള്ള എല്ലാ ശിക്ഷാ നടപടികളും ഇവർക്കെതിരെ വേണം. അച്ഛൻ-മകൻ കസ്റ്റഡി മരണം രാജ്യമാകെ ചർച്ച ചെയ്തു വരുന്ന സാഹചര്യത്തിൽ ഇവരുടെ മരണത്തിൽ പങ്കുള്ള പോലീസുകാർക്ക് ശിക്ഷ നടപ്പാക്കണമെന്നും അവരുടെ മരണത്തിനു ശരിയാണ് നീതി ഉറപ്പുവരുത്തണമെന്നും #JusticeForJeyarajAndFenix എന്ന ഹാഷ്ടാഗുമായി പ്രധാന രാഷ്ട്രീയ നേതാക്കളും, ക്രിക്കറ്റ് താരങ്ങളും സിനിമ പ്രമുഖരും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മാത്രമല്ല മരിച്ചവർക്കു തക്കതായ നീതി വേണമെന്നും അവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം സർക്കാർ അനുവദിക്കണം തുടങ്ങിയ എട്ട് ആവശ്യങ്ങളും ഉന്നയിച്ച് തമിഴ്‌നാട് വ്യാപാരി സംഘടന കടകൾ അടച്ച് സമരം ചെയ്തു. ഇതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും കുടുംബത്തിലെ ഒരാൾക്ക് വിദ്യാഭ്യാസ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകാനും ഉത്തരവിട്ടു. കൂടാതെ ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി അംഗവും തൂത്തുക്കുടി നിയോജകമണ്ഡല എം പി കൂടിയായ കനിമൊഴി കുടുംബാംഗങ്ങളെ നേരിട്ട് സന്ദർശിച്ചു 25 ലക്ഷം രൂപ കുടുംബത്തിന് നൽകി.

അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കാൽമുട്ടുവച്ചമർത്തി ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിനും ഇന്ത്യയിലെ തമിഴ്‌നാട്ടിൽ ഇപ്പോൾ നടന്ന ഈ കസ്റ്റഡി മരണത്തിനും ഒരുപാട് ദൂരമൊന്നും ഇല്ല എന്നതാണ് വാസ്തവം. ശ്വാസം മുട്ടിച്ച് കൊന്ന അമേരിക്കയിലെ പോലീസുകാരന്റെ മറ്റൊരു രൂപമാണ് തമിഴ്‌നാട്ടിൽ സംഭവിച്ചിരിക്കുന്നത്.

തമിഴകത്തിന് പോലീസ് അതിക്രമ സംഭവങ്ങൾ ഒരു പുതുമയല്ല. പ്രത്യേകിച്ചും തിരുനെൽവേലിയും , തൂത്തുക്കുടിയും അടങ്ങുന്ന തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ. 1995 ആഗസ്റ്റ് 21 ന് തൂത്തുക്കുടി ജില്ലയിലെ കൊടിയൻകുളം എന്ന ചെറു ഗ്രാമത്തിൽ ജാതിയുടെ പേരിൽ സമ്പന്ന പല്ലർ (ദളിത്) സമുദായത്തിനെതിരെ ആയുധ തിരച്ചിൽ എന്ന പേരിൽ പോലീസ് നടത്തിയ കലാപം. 2018 മെയ് 23 ന് വേദാന്താ എന്ന കോർപ്പറേറ്റിനെ പിന്തുണച്ച് രാഷ്ട്രീയം കളിച്ച തമിഴ്നാട് സംസ്ഥാന സർക്കാർ അരങ്ങേറ്റിയ 13 നിരപരാധിയായ സാധാരണക്കാരെ പോലീസ് വെടിവച്ച് കൊന്ന സ്റ്റെർലൈറ്റ് പ്രതിഷേധം.

സാത്താൻകുളത്തെ സംഭവത്തിനു പിന്നാലെ പോലീസുകാരുടെ കയ്യേറ്റത്തെ പൊതു സമൂഹത്തിൽ തുറന്നു പറയാൻ ഭയന്നവർ ഇന്നിപ്പോൾ കോടതിയിലും മാധ്യമങ്ങളിലും വെളിപ്പെടുത്താൻ ധൈര്യപ്പെടുന്നു. കാക്കി ധരിച്ച് സമൂഹത്തെ സംരക്ഷിക്കേണ്ട നീതിപാലകർ തങ്ങളുടെ അധികാരത്തെ ദുഷ്പ്രയോഗം ചെയ്തു സാധാരണക്കാരനെ വലയ്ക്കുന്ന സംഭവം ഇനിയും ഈ ലോകത്തിൽ സംഭവിക്കാതിരിക്കട്ടെ.

4.7 10 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments