താരാട്ടിങ്ങനെയൊരു കുഴപ്പമുണ്ട്.
പാടുന്നവരും
കേൾക്കുന്നവരും
അതിന്റെ പങ്കുപറ്റുകാരാവുന്നു.
സായം
സന്ധ്യയെന്ന മട്ടിൽ
പതുക്കെ താഴ്ന്നിറങ്ങുന്ന
അർദ്ധനഗ്നനായ
പകലിനെ,
അനാഥനായ
നായക്കുഞ്ഞിനെ
മാറോടണക്കും പോൽ
ഞാനിപ്പോൾ
ഓമനിച്ചോമനിക്കുന്നു.
പർപ്പിൾ നിറത്തിൽ
ചേല ചുറ്റുന്ന
നേരങ്ങളിലേക്ക്
എത്ര വിഷാദം പൂണ്ട
വിനാഴികകൾ
വേണ്ടിവന്നേക്കുമെന്ന ചോദ്യം
നമുക്കിടയിൽ
പെൻഡുലം പോലാടുമ്പോൾ
ജലം
അതേ പച്ചപ്പുൽപ്പാടം
മുറിച്ചു കടക്കുന്നു.
പ്രേമത്തിലേർപ്പെടുമ്പോൾ
പരസ്പരം മത്സ്യങ്ങളെ
വെച്ചു മാറാനുള്ള സാധ്യത
തുലോം കൂടുതലുള്ള നമ്മൾ
ജലത്തിന്റെ
അട്ടിമറി നീക്കത്തെ
പൂർണമായും
നിരീക്ഷണങ്ങളിൽ-
നിന്നൊഴിവാക്കി വിടുന്നു
ജലം അതിന്റെ
പാട്ടിനൊഴുകുകയാണ്.
പച്ചപ്പാടത്തിനു നടുവിൽ
പകലിനെ താലോലിക്കുന്ന
തിരക്കിൽ
നമ്മെ തൊട്ടു പോയ
തണുപ്പിനെ
നമ്മളറിയുന്നതേയില്ലല്ലോ.
താരാട്ടിങ്ങനെയൊരു കുഴപ്പമുണ്ട്.
പാടുന്നവരും
കേൾക്കുന്നവരും
അതിന്റെ പങ്കുപറ്റുകാരാവുന്നു.
പരിസരം പാടെ മറക്കുന്നു.
ഒതുക്കത്തിൽ നേരം
കടന്നുപോകുന്ന വിധം
ജീവിതത്തിൽ
ഉൾപ്പെടാതെ പോവുമ്പോഴും
തിരിച്ചറിയൽ രേഖകളില്ലാത്ത
ഓർമ്മകൾ
നമ്മെ തൊട്ടു തൊട്ടില്ല
എന്ന വിധം
ഒതുങ്ങി നിൽക്കുന്നു.
നമ്മളീ കാലം
കാത്തു സൂക്ഷിപ്പുകളിലേക്ക്
ഒതുക്കി വെക്കാനോർക്കുമ്പോഴേക്കും
അവിചാരിതമായി
പർപ്പിൾ സന്ധ്യ സംഭവിക്കുന്നു.
പച്ചപ്പാടങ്ങൾക്കു നടുവിൽ
നിങ്ങൾ
നിറം മങ്ങിയ പകലുകൾ
സന്ധ്യയെപോലെ കരുതി
ഓമനിച്ചു വന്ന വിവരം
ഇപ്പോൾ സന്ദർഭങ്ങളിൽ
നിന്നു വേർപെട്ടു നിൽക്കുന്നു.
ഇഷ്ടത്തിലോ അനിഷ്ടത്തിലോ
ആ കാലം ഇപ്പോൾ
കയ്യിലില്ലാത്ത നേരത്തെ
തൊട്ടു നിൽക്കുമ്പോൾ
നമ്മൾ
എന്തിനെയാവും
ഇനിയോമനിക്കാൻ
ഒരുങ്ങുന്നത്?
Cover illustration by Yuan Zuo
സൂപ്പർ
ജിതിൻ വളരെ നന്നായിട്ടുണ്ട്. താങ്കളുടെ തൂലികയിൽ പിറന്ന ഈ കവിത ഇഷ്ടപ്പെട്ടു. നല്ല നല്ല സൃഷ്ട്ടികൾക്കായ് കാത്തിരിക്കുന്നു