ഇഷ്ക് ഒരു പ്രണയ കഥയാണ്. സച്ചി എന്ന സച്ചിദാനന്ദന്റെയും വസുധയുടെയും കഥ. ആ സഞ്ചാരത്തില്‍ ചെന്നെത്തുന്ന സംഭവങ്ങളുടെ കഥ.
സച്ചിദാനന്ദനും വസുധയ്ക്കും നേരിടേണ്ടി വരുന്നത് ഓരോ ട്രാന്‍സ്ജെൻഡേഴ്സും പെണ്ണും-ആണുമെല്ലാം കാലാകാലങ്ങളായി ഇരിക്കാന്‍ ഇടമുള്ളിടത്തെല്ലാം അനുഭവിക്കേണ്ടി വരുന്നതാണ്. രണ്ടു പേരുടെ സ്വകാര്യതയിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന ആല്വിന് എല്ലാ മലയാളികളിലുമുണ്ട്. അത് അതിന്റെ സൂക്ഷ്മ തലത്തില്‍ “ആ ചെക്കന് അവിടെ തന്നെയേ ഉള്ളു, നിയിപ്പോ അങ്ങോട്ട് പോകെണ്ട” മുതല്‍ “എന്താടി ഇവിടെ?” എന്നലറുന്ന വെര്‍ബല്‍ റെപ്പിംഗ് വരെ പടര്‍ന്നു കിടക്കുന്നു.
വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളെ വെച്ചു ഒരു സാമൂഹ്യ വിഷയത്തെ ത്രില്ലറിന്റെ സ്വഭാവത്തില്‍ പറയുന്നതില്‍ വിജയിച്ചിട്ടുണ്ട് രതീഷ് രവിയുടെ തിരക്കഥ. അത് അനുരാജ് മനോഹര്‍ മൂഡ് പോകാതെ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. അനുരാജിന്റെ കന്നി വോട്ട് പാഴായില്ല. അത് കുത്തേണ്ടിടത്തു തന്നെ കുത്തുന്നുണ്ട്. ഷെയിനും ഷൈനും മിന്നി. മത്സരിച്ചു പൊളിക്കയാണ് അവരു. സിദ് ശ്രീറാം പാടിയ പാട്ടും നന്നായി.
തിരിച്ചെത്തുന്ന സച്ചിയും, ആല്‍വിനും മുഖാമുഖം നില്കുമ്പോള്, രണ്ടുപേരിലും ഒരാളെ തന്നെയാണ് കാണുന്നത്. അവിടെ നായകനും വില്ലനുമില്ല, വെറും ഒരു ആണു മാത്രം. നാട്ടിലെ വീര ശൂര പരാക്രമിയായ ആള് സ്വന്തം ജീവിതത്തിലേക്ക് എത്തുമ്പോള്‍ “ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയെടാ” എന്ന് അപേക്ഷിക്കും, മറ്റെയാള്‍ കോഫീ ഹൗസില്‍ കാമുകിയെ നോക്കുന്നവന്റെ അടുത്ത് പോയി ചീപ്പ് ഷോ കാണിക്കും, ഒരു പ്രശ്നത്തിലേക്കെത്തുമ്പോൾ ആണത്തമൊക്കെ പാന്റ്സിലൂടെ ഒഴുക്കി “ഒന്ന് വിട് സാറെ” എന്ന് കരയും. അല്വിനോടുള്ള പ്രതികാരം ഒന്നുമറിയാത്ത ഒരു കുഞ്ഞിലേക്കും ഭാര്യയിലേക്കും നീളുന്നതും, “തെരുവില്‍ നീ സദാചാരം ഉണ്ടാക്കുമ്പോള്‍, വീട്ടില്‍ കേറി പണിയുന്നവന്മാർ ഉണ്ടെന്നു ഓര്‍ക്കണം എന്ന് പറയുന്ന ഡയലോഗും ഒക്കെ അസ്വസ്ഥതയുണ്ടാക്കി. നിലപാടുള്ള രണ്ടു സ്ത്രീകളുണ്ട് ഇഷ്കില്, സി.എം.എസ്സിലെ എം.എക്കാരിയായി വന്ന ആന്‍ ശീതലാണ് ഒരാള്‍. മറ്റേയാളെ നമ്മള് മായാനദിയിലെ എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ട ലിയോണ ലിഷോയി. ഇപ്പോള്‍ മേരി നേഴ്സാണ്. ഇവർ രണ്ടാളുമാണ് ഇഷ്കിന്റെ നട്ടെല്ല്. ഏതൊരു പ്രണയം എടുത്താലും അതില്‍ തന്റേടത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് സ്ത്രീകളാണ്. ഇവിടെ ഒരുമിച്ചു ജീവിച്ചിട്ടുള്ള ഭൂരിപക്ഷ പ്രണയങ്ങളും സ്ത്രീകളുടെ പെടാപ്പാടാണ്. ഈ പെണ്ണുങ്ങളത്ര ആണുങ്ങളൊന്നുമല്ലന്നേയ്!
സെക്കന്റ് ഹാഫില്‍ തിരികെ പോകുന്നത് സച്ചി മാത്രമല്ല ആ തീയേറ്ററില്‍ ഇരിക്കുന്ന ഓരോ ആണ് പിറപ്പുമാണ്. സച്ചിയും നമ്മളും ആ പഴയ രാമന് തന്നെ ആകുന്നുണ്ട്. സീതയുടെ ശരീരത്തെ പ്രതിയുള്ള ചോദ്യമാണ്, എന്തു സംഭവിച്ചു എന്ന ഉത്തരമാണ്, അയാളും നമ്മളും അന്വേഷിക്കുന്നത്. അന്ന് സീതയെ കൊണ്ട് പറയിക്കാതിരുന്ന മറുപടി വസുധ പറയുന്നുണ്ട്. അവിടെ, എഴുതി വലുതാക്കിയ ആ വലിയ രാജാവ് തോറ്റു പോകുന്നുണ്ട്, അയാളും നമ്മളും ഒന്നും അല്ലാതാകുന്നുണ്ട്, സീത കയ്യടി നേടുന്നുണ്ട്, സിനിമ തീരുന്നുമുണ്ട്!