ഒരു ‘ഉണ്ട’ ഉണ്ടാക്കിയ കഥ!
തിരക്കഥാകൃത്ത് ഹർഷദുമായുള്ള അഭിമുഖം.
സിനിമയിലേക്കുള്ള യാത്ര തുടങ്ങിയിട്ടു ഒരുപാട് കാലമായല്ലോ. വന്ന വഴിയെ കുറിച്ചൊന്നു പറയാമോ? ഹർഷദ് എന്ന എഴുത്തുകാരൻ മലയാളത്തിനു പുതിയതല്ലേ?
അതൊക്കെ എന്തിനാ. നമ്മൾക്കു സിനിമയെ കുറിച്ച് സംസാരിക്കാം. എല്ലാ സിനിമാക്കാരനുമുണ്ട് ഒരുപാട് കൊല്ലത്തെ ശ്രമങ്ങളുടെ കഥകളൊക്കെ. അതിലൊക്കെ എന്ത് പ്രസക്തിയാണ്. നമ്മൾക്കു പ്രസൻ്റിനെ കുറിച്ച് സംസാരിക്കാം.
ഖാലിദ് റഹ്മാൻ ഇങ്ങനൊരു കഥയുമായി വന്നപ്പോൾ എന്തുകൊണ്ടാണ് ആദ്യ സിനിമ അതാവട്ടെ എന്ന് തീരുമാനിച്ചതു?
അതങ്ങനെ തീരുമാനിച്ചിട്ടല്ല, അങ്ങനെ സംഭവിച്ചുവെന്നേയുള്ളു. ഞാനിങ്ങനൊരു സിനിമാക്കാരനാകാൻ നടക്കുമ്പോളാണ് ഖാലിദ് റഹ്മാൻ വന്നതു. രണ്ടായിരത്തി പതിനാല് ഇലക്ഷൻ്റെ ഭാഗമായിട്ട് കേരള പോലീസ് ഛത്തീസ്ഗഡിൽ പോയതും, അവർക്കു അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുമൊക്കെയുള്ള ഒരു പത്ര കട്ടിങ്ങും ഓന്റെ കൈയ്യിലുണ്ടായിരുന്നു. അപ്പോ അതൊരു സ്ക്രീൻ പ്ലേയാക്കണം, പിന്നെ അതിന്റെ പിന്നാലെയായി.
ഒരുപാട് തിരക്കഥകളുടെ ഐഡിയയൊക്കെ മനസ്സിൽ ഉണ്ടാകുമല്ലോ? എന്തുകൊണ്ട് ഉണ്ട?
നമ്മുടെ മുൻപിൽ ഒരുപാട് കഥകൾ വന്നിട്ട് അതിലൊന്നു എടുക്കുക, എന്നതല്ല സംഭവിക്കുന്നത്. നമ്മളൊരുപാട് പരിപാടികൾ ആലോചിക്കുന്നു, അതിലിതു സംഭവിക്കുന്നു. മ്മടെ ജീവിതോം അങ്ങനെയാണല്ലോ.
എല്ലാ സിസ്റ്റവും കറപ്റ്റാണ്. എല്ലാം വെറും ഉണ്ടയാണെന്നാണോ സിനിമ പറഞ്ഞു വയ്ക്കുന്നത്. തിരക്കഥയുടെ ഈയൊരു അനാർക്കി സ്വഭാവം ബോധപൂർവ്വമാണോ?
അത് എന്താന്നു വച്ചാൽ വ്യാഖ്യാനങ്ങളാണ്. വ്യാഖ്യാനങ്ങൾ പ്രേക്ഷകരുടെ അല്ലേ. ഇങ്ങൾക്കങ്ങനാ തോന്നുന്നതെങ്കിൽ അത് അങ്ങനെ വെണ്ടക്കാ അക്ഷരത്തിൽ എഴുതിക്കോ. അങ്ങനല്ലാന്നു തോന്നുന്നുണ്ടെങ്കിൽ അതും എഴുതു. അങ്ങനെ തോന്നിയെങ്കിൽ അങ്ങനെ തോന്നാനുള്ള എന്തേലുമൊക്കെ ഇതിൽ ഉണ്ടായിരിക്കുമല്ലോ. പക്ഷെ ഞാനതൊരു സ്റ്റേറ്റ്മെന്റായി പറയുന്നതിൽ ശരിയില്ല. ഞാനൊരു ക്രിയേറ്റീവ് സ്പേസിൽ നിന്നുകൊണ്ടു ഇന്നതാണ് സിനിമ എന്നു പറയുന്നതിനു അപ്പുറത്ത് ആൾക്കാരെ ആലോചിപ്പിക്കുക, ചിരിപ്പിക്കുക, രസിപ്പിക്കുക ഇതൊക്കെയാണല്ലോ നമ്മടെ ഉദ്ദേശം.
മുഖ്യധാര സിനിമ ചർച്ച ചെയ്തിട്ടില്ലെന്നു തന്നെ പറയാവുന്ന വിഷയമാണ് മണ്ണിൻ്റെ യഥാർത്ഥ അവകാശികളുടെ പ്രശ്നങ്ങൾ. ഇതിലതു വ്യക്തമായി തന്നെ പറയുന്നുമുണ്ട്. അതിനെ കുറിച്ച്?
അങ്ങനൊരു വിഷയമെടുത്തു കൈകാര്യം ചെയ്തു എന്നതിനപ്പുറത്ത് ആ വിഷയം ഒരു കൊമേഴ്സ്യൽ പ്ലാറ്റ്ഫോമിൽ പറയാൻ പറ്റി എന്നതാകും ഇതിന്റെയൊരു ആകർഷണം എന്നാണ് എനിക്ക് തോന്നുന്നതു. അതു വിജയിച്ചു എന്നു തന്നെയാണ് തീയേറ്റർ റെസ്പോൺസു കാണിക്കുന്നത്. ഇത്തരം സബ്ജറ്റുകൾ സാധാരണ സബ്റ്റിലായി മാത്രമാണ് പറഞ്ഞു പോയിട്ടുള്ളത്.
അത്തരം സിനിമകൾ സാധാരണ ജനങ്ങൾ കാണുന്ന രൂപത്തിൽ എത്തണമെന്ന ആഗ്രഹം പണ്ടേയുണ്ട്. അത് സാധ്യമായി എന്നാണ് സിനിമ ജനങ്ങൾ സ്വീകരിച്ചകൊണ്ട് മനസ്സിലാക്കുന്നത്. അതിൽ സന്തോഷവുമുണ്ട്.
പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ചർച്ച ചെയ്യപ്പെടുന്ന കാലത്ത്. ഇങ്ങനെ ഒരു വിഷയം സംസാരിക്കാൻ പോകുമ്പോൾ റിസ്ക്കായി തോന്നിയോ?
നിങ്ങൾ ഈ ചോദ്യം തന്നെ ഒരു ജനാധിപത്യ രാജ്യത്ത് ഇരുന്നു കൊണ്ടാണല്ലോ ചോദിക്കുന്നത്. അപ്പോൾ ആ ചോദ്യത്തിനുള്ള കാരണോം ഇങ്ങളു തന്നെ കണ്ടെത്തിയാ മതി. അപ്പോൾ അതിൽ ഉത്തരവുമുണ്ടാകും.
മാവോയിസ്റ്റുകളെ കുറിച്ചു വേറൊരു തലം സ്റ്റേറ്റോ മീഡിയയോ പ്രൊജക്ട് ചെയ്യുന്നതല്ലാത്തത് അരുന്ധതി റോയിയുടെ പുസ്തകത്തിലൂടെ ആണെങ്കിലും ഒരുപാട് ജേർണലിസ്റ്റുകൾ വഴിയും നമ്മളിലേക്കു എത്തിയിട്ടുണ്ട്. പക്ഷേ തികച്ചും വ്യത്യസ്തമായി ആളുകളെ തല്ലി ചതയ്ക്കുന്ന ഒരു കൂട്ടമായാണ് മാവോയിസ്റ്റുകളെ കാണിക്കുന്നത്. എന്തുകൊണ്ടാണ് അത്?
പോലീസുകാര് സാധാരക്കാരാണു. സാധാരണക്കാരൻ എന്നു പറഞ്ഞാൽ ഒരുപാട് അർഥമുണ്ട്, അവരുടെ ഒരു ഇന്റ്വലെക്ച്ച്വൽ ഇൻഫർമേഷൻ ലെവൽ വച്ചിട്ടാണ് ഞാൻ പറയുന്നത്. ഒരു ബുദ്ധിജീവിയല്ലാത്ത, മെയിൻ സ്ട്രീം ബോധങ്ങളും ബുദ്ധികളും പേറുന്ന സാധാരണക്കാരനു മാവോയിസ്റ്റുകളെയും, ഛത്തീസ്ഗഡ്, സ്റ്റേറ്റ് അട്രോസിറ്റീസ്, അസ്സേർഷൻ, സബ്അൾട്ടേൺ തുടങ്ങിയ മേഖലയെ കുറിച്ചൊക്കെ എന്തറിവുണ്ടോ ആ അറിവേ സാധാരണ പോലീസുകാരനുമുള്ളു. അവരുടെ കൂടെയാണ് സിനിമ യാത്ര ചെയ്യുന്നത്. അവരു കണ്ടതും, അവരു കേട്ടതും, അവരു അനുഭവിച്ചതും മാത്രമേ ഈ സിനിമയിൽ ഉള്ളു. നമ്മളൊരിക്കലും അപ്പുറത്തേ സൈഡിൽ നിന്നും സിനിമ പറയുന്നില്ല. ഇവർക്കു അറിയുന്ന കാര്യങ്ങൾ മാത്രേ പറയുന്നുള്ളു.
അവരുടെ പൊളിറ്റിക്സ് പറയുന്നില്ല എന്നാണോ?
പൊളിറ്റിക്സ് പറയാൻ ശ്രമിക്കില്ല എന്നല്ല അതിന്റെ അർഥം. പൊളിറ്റിക്സ് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവിടെ പൊളിറ്റിക്സ് ഉണ്ട്. പൊളിറ്റിക്സ് എന്നു പറഞ്ഞാൽ അയാം ഗോയിം ടു സേ പൊളിറ്റിക്സ് എന്നു പറഞ്ഞു പറയണ്ട സാധനമല്ല. മറിച്ചു നമ്മുടെ നിശ്ശബ്ദതയിലും പൊളിറ്റിക്സ് ഉണ്ടല്ലോ. രാഷ്ട്രീയം എന്നു പറഞ്ഞാൽ നമ്മൾക്കു ഒരു തെറ്റിദ്ധാരണ ഉണ്ട്, എന്തോ പ്രസംഗിക്കാനുള്ള സാധനമാണെന്നു. അതാരുടെയും കുറ്റമൊന്നുമല്ല. എന്നാലും അങ്ങനാണ് കാര്യങ്ങൾ. രാഷ്ട്രീയം പറയാത്ത ഒറ്റ സിനിമ പോലുമില്ല.
അങ്ങനയല്ല ഞാൻ പറയുന്നത്. മാവോയിസ്റ്റിനെ കുറിച്ച് ചിന്തിക്കുകയോ പഠിക്കുകയോ, ഡിസ്കൊഴ്സിൽ ഏർപ്പെടുവോ ചെയ്യാത്ത സാധാരണ പോലീസുകാരനു എന്തൊക്കെ വിവരങ്ങളാണോ ഉണ്ടാകുക, ആ വിവരങ്ങൾ അവനു എവിടുന്നു കിട്ടി. ആ പേടിയും പേറീട്ടാണ് പോലീസുകാർ അവിടെ പോകുന്നത്. അവന്റെ കാഴ്ച്ചകളും ആശങ്കകളും ഭീതിയുമേ ഈ സിനിമ പറയുന്നുള്ളു. നമ്മളൊരിക്കലും മാവോയിസ്റ്റിന്റെ ആംഗിളിൽ നിന്നു സിനിമ സംസാരിക്കുന്നില്ല. കാരണം ആ ആംഗിൾ പോലീസുകാർക്കറിയില്ല. ഈ സിനിമയിൽ നൗഷാദെന്നു പറയുന്ന ക്യാരക്ടർ മണി സാറിനോട് ചോദിക്കുന്നുണ്ട് “സാറേ ആരാണീ മാവോയിസ്റ്റ്?” അപ്പോ അയാൾ “അവരോട് ചോദിക്കു” എന്നാണ് പറയുന്നത്. കാരണം അയാൾക്കതറിയില്ല. ഒരു പക്ഷേ നൗഷാദ് കേരളത്തിൽ വച്ചാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അയാൾ പത്രത്തിൽ വായിച്ചു കിട്ടിയ വിവരങ്ങൾ വിളമ്പുമായിരിക്കാം.
മാവോ സേ തുംങ് ആന്ധ്രാക്കാരനാണെന്നു വിശ്വാസിക്കുന്ന ഗ്രാമീണരെ കപിൽ ദേവ് കണ്ടിട്ടുണ്ട്. ഞാനും കണ്ടിട്ടുണ്ട്. നിങ്ങൾക്കു പോയാലും കാണാം. എല്ലാവരും എന്നല്ല, ചിലർ. അതിന്റെ അർഥം മാവോയിസ്റ്റുകൾ അങ്ങനെ ആണെന്നല്ല. ഇതൊരു മാവോയിസ്റ്റ് പടമല്ല. ഇത് അവരെ കുറ്റപ്പെടുത്താണോ, ഗ്ലോറിഫൈ ചെയ്യാനോ, അവരുടെ ആംഗിൾ വിശദീകരിക്കാനോ ഉള്ള സിനിമയല്ല. നമ്മൾ ഇവരുടെ(പോലീസുകാരുടെ) കൂടെയാണ്.
നമ്മടെ ഗുരുക്കന്മാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, തിരക്കഥ എഴുതുമ്പോൾ ഒരു കഥാപാത്രത്തിന്റെ ഐ.ക്യു ലെവലെത്ര എന്ന് ആദ്യം ചെക്ക് ചെയ്യണം. പലപ്പോഴും എന്താ സംഭവിക്കുന്നത് എന്നു വച്ചാൽ ഡയറക്ടറുടെയോ റെറ്ററുടെയോ ഒക്കെ ഇൻ്റ്വലെക്ച്ച്വൽ ലെവലിൽ നിന്നാണ് പൊതുവേ കഥാപാത്രങ്ങൾ സംസാരിക്കുക. ഇവിടെ അങ്ങനെ ആകരുതെന്നു നമ്മൾക്കു നല്ല നിർബന്ധമുണ്ടാരുന്നു. ആ പോലീസുകാരനു എന്താണോ മാവോയിസത്തെ കുറിച്ചറിയുക, അവർക്കു കേട്ടറിവാരിക്കുമല്ലോ ഉണ്ടാകുക, അതേ അവനെ സിനിമയിൽ കാണിക്കുന്നു.
മമ്മൂട്ടി എന്ന സ്റ്റാർഡം ഉപയോഗിക്കാതെ പ്രായത്തിനേക്കാൾ അവശത മനസ്സിനും ശരീരത്തിനുമുള്ള മണി സാറായാണ് നമ്മൾ ഉണ്ടയിൽ കാണുന്നത്. പേരിനു പോലും ഒരു എടുപ്പില്ല. ഒരു സാധു മണിയായി മാറാൻ മമ്മൂട്ടിയെ എങ്ങനെ കൺവിൻസ് ചെയ്തു?
മമ്മൂക്കയെ സംബന്ധിച്ചെടത്തോളം ഈ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ എല്ലാ അർഥത്തിലും ഇഷ്ടപ്പെട്ടു. മമ്മൂക്കാന്നു പറയുമ്പോൾ പത്ത് മുപ്പത്തഞ്ചു കൊല്ലമായി സിനിമയെ കുറിച്ച് ചിന്തിക്കുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വലിയൊരു നടനാണ്. അപ്പോൾ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു എന്നു പറയുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതെല്ലാം അതിൽ വന്നു. പിന്നെ അദ്ദേഹത്തെ കൺവിൻസ് ചെയ്യേണ്ട കാര്യമില്ല. അപ്പോ “ആ ക്യാരക്ടർ അങ്ങനെ ബിഹേവ് ചെയ്യില്ലല്ലോടോ” എന്നു നമ്മളോട് ഇങ്ങോട്ട് പറയുന്ന അവസ്ഥയേ ഉണ്ടായിട്ടുള്ളു.
കൊമേഴ്സ്യൽ സിനിമ എന്ന നിലയിൽ അതൊരു റിസ്ക് കൂടിയല്ലാരുന്നോ?
ഒരു റിസ്കുമില്ല. നമ്മൾ പ്രേക്ഷകരെ കുറിച്ച് അധികം അങ്ങനെ ആലോചിച്ചിട്ടില്ല. നമ്മൾക്കങ്ങനൊരു ടെൻഷൻ തുടക്കത്തിലെ ഇല്ലായിരുന്നു. മമ്മൂക്കയുമായുള്ള ആദ്യത്തെ മീറ്റിങ്ങിനു മുൻപ് അങ്ങനൊരു ചിന്ത ഉണ്ടായിരുന്നു. സ്വഭാവികമായി ഏതു റൈറ്റർക്കും ഡയറക്ടർക്കുമുണ്ടാകുന്ന ഒരു കൺസേൺ ഞങ്ങൾക്കും ഉണ്ടായിരുന്നു. മമ്മൂക്കയോട് കഥ പറഞ്ഞു, അദ്ദേഹം ഒാക്കേയ് പറഞ്ഞപ്പോൾ, പിന്നെ അത്തരം ടെൻഷനൊന്നും നമ്മൾക്കില്ല.
അവസാനത്തെ ഫൈറ്റ് സീൻ എന്തേലും കോമ്പ്രമൈസായിരുന്നോ?
ഒരിക്കലുമല്ല, ആ സ്റ്റൈലിൽ ചെറിയൊരു വ്യത്യാസം വരുത്തി എന്നേയുള്ളു. ശ്രദ്ധിച്ചാൽ അറിയാം തുടക്കത്തിൽ മണി സാർ അവരെ അടിക്കുന്നില്ല. അടിക്കെടാ അടിക്കെടാ എന്നു പറയുന്നേയുള്ളു. കുറേ നേരം അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അതിനു ശേഷം അതിൽ ഒരുത്തൻ തല്ലു കൊണ്ട് ജീവൻ അപായത്തിലാകുമെന്നു തോന്നുമ്പോൾ മാത്രമാണ് ഇടപെടുന്നത്. ആ ചെയ്യുന്ന രീതികളിൽ നമ്മൾ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നമ്മളിപ്പോ സംസാരിക്കുന്നത്. അല്ലെങ്കിൽ ആരും കാണാത്ത ഒരു പടമായി പോകില്ലേ.
ഇ.വി.എം തിരിമറി അടുത്തകാലത്തെ വലിയ വിവാദമായിരുന്നു. സിനിമ അത് ശരി വയ്ക്കുന്നുമുണ്ട്. സിനിമയ്ക്കു വേണ്ടിയുള്ള റിസേർച്ചിലെ തിരിച്ചറിവുകളാണോ അവ?
അതേ
ഒറ്റ മറുപടിയാണോ?
അതേ.
ഇ.വി.എം ടാമ്പെറിങ്ങിനെ നമ്മൾ ശരി വയ്ക്കുന്നു. അത് പലയിടത്തും പലതരത്തിൽ നടന്നിട്ടുണ്ട്. രണ്ടായിരത്തി പതിനാലിൽ നടന്നിട്ടുണ്ട്, ഒരുപാട് സ്ഥലത്തു നടന്നിട്ടുണ്ട്, ഒരുപാട് സ്ഥലത്ത് നടന്നിട്ടില്ല. ഒരുപാട് സ്ഥലത്ത് കള്ള വോട്ടുകൾ ബൂത്തുകളിൽ നടന്നിട്ടുണ്ട്. ഒരുപാട് സ്ഥലത്ത് നടന്നിട്ടില്ല. രണ്ടായിരത്തി പതിനാലിൽ ബസ്തറിലെ നൂറ്റിയെഴുപത്തിനാല് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നടന്നതിൽ എട്ട് ബൂത്തുകളിൽ സ്ഫോടനം നടന്നു, ബാക്കിയുള്ളിടത്തു നടന്നിട്ടില്ല. അതിൽ ഇ.വി.എം ടാമ്പെറിങ്ങും അക്രമവും നടന്ന ഒരു ബൂത്താണ് ഈ സിനിമയുടെ പ്ലോട്ടായി ഉപയോഗിച്ചിരിക്കുന്നത്.
സിനിമയുടെ താളം പശ്ചാത്തല സംഗീതമായി വരുന്ന നാടൻ പാട്ടാണ്. ഇങ്ങനൊരു മ്യൂസിക് തിരക്കഥയുടെ സമയത്തു തന്നെ കൺസീവ് ചെയ്തിരുന്നോ?
അതൊരു തീരുമാനത്തിന്റെ പുറത്ത് ചെയ്തതാ. ഇൻ്റൺഷനോടെ തന്നെ. ഷൂട്ടിങ്ങിൻ്റെ ഒരു കൊല്ലം മുൻപ് പ്രശാന്ത് പിള്ളയുടെ ടീമും ഞങ്ങളെല്ലാവരും ഛത്തീസ്ഗഡിൽ ഉള്ള ഒാരോ ട്രൈബൽ ഗ്രാമത്തിലും പോയി അവരുടെ ഇൻസ്ട്രമെന്റ്സും പാട്ടുമെല്ലാം റെക്കോർഡ് ചെയ്തിരുന്നു.
സിനിമയിലേറ്റവും വേദനിച്ചു എഴുതിയ ഡയലോഗ്?
എനിക്ക് ഞാനായാ മതി.
മമ്മൂട്ടിക്കൊപ്പം തന്നെ ബാക്കി ഒൻപത് കഥാപാത്രങ്ങൾക്കും പറയാൻ കഥയുണ്ട്. എഴുത്തിൽ നിന്ന് സ്ക്രീനിൽ കണ്ടപ്പോൾ ആരോടാണ് എഴുത്തുകാരനെന്ന നിലയിൽ കൂടുതൽ ഇഷ്ടം തോന്നിയതു?
എനിക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു. അതിനകത്തെ എല്ലാ നെഗറ്റീവ് സൈഡ്സും ഗ്രേ ഷെയ്ഡ്സും ഞാൻ തന്നെ ഉണ്ടാക്കിയതാണല്ലോ. എന്നിൽ തന്നെ ഉള്ളതാണല്ലോ.
അടുത്ത കാലത്തെ മികച്ച സിനിമകളായ തമാശ, വൈറസ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളുടെ എഴുത്തിൻ്റെയും സംവിധാനത്തിൻ്റെയുമൊക്കെ പിന്നിലുണ്ടായിരുന്ന അഷ്റഫ് ഹംസയും, മുഹ്സിൻ പേരാരിയും, സക്കറിയയുമൊക്കെ സുഹൃത്തുക്കളാണല്ലോ. നാളെ മലയാളത്തിന്റെ ഒരു പുതിയ സ്കൂളായി ലോകം അടയാളപ്പെടുത്തുമോ?
ഞങ്ങളെല്ലാവരും സിനിമ റിലേറ്റഡ് സുഹൃത്തുക്കളാണ്. ഇവരെല്ലാം സിനിമയുമായി ബന്ധപ്പെട്ടു കണക്ട് ചെയ്തു വന്നതാണ്. അതിൽ അഷ്റഫും ഞാനും ഒരുമിച്ചാണ് സിനിമ ചെയ്യാൻ ശ്രമിച്ചതു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. കുറെക്കാലം സിനിമ ചെയ്യണമെന്നു വിചാരിച്ചു നടക്കുമ്പോൾ മനുഷ്യൻമാർക്കിടയിൽ ഉണ്ടാകുന്ന ബോണ്ടിംഗ് തന്നെയാണ് ഞങ്ങൾക്കിടയിൽ ഉള്ളത്.
അടുത്ത പ്രോജക്ട്?
ഇല്ല ഭായ്, അങ്ങനൊന്നും തീരുമാനിച്ചിട്ടില്ല.
ഇതൊന്നു കഴിയട്ടെ, ഞാനൊന്നു ആഘോഷിക്കെട്ടപ്പാ.