‘പുരാതനമായ ഒരു മീൻ
വാതിലിൽ വന്നു മുട്ടുകയാണ്.
അതിന്റെ വായിലൊരു വാക്ക്.’
-എം.പി. പ്രതീഷ്
ആർക്കും ഒന്നും ക്ലെയിം ചെയ്യാൻ പറ്റാത്ത രീതിയിൽ കവിതയുടെ ലോകം വിപുലമാവുകയാണ്. എല്ലാവരും കവിതയെഴുതുന്നു. അഥവാ കവിത എല്ലാവരെയുമെഴുതുന്നു. മറുവശത്ത് അധികാരവും പണവും ചേർന്ന് പുതിയ ലോകത്തെ എഴുതുന്നു. എന്നിട്ടും കവിത ഒരു പ്രതികാരത്തിനും മുതിരാതെ പ്രകൃതിയിലേക്കും സഹജമായ അതിന്റെ ബിംബങ്ങളിലേക്കും മടങ്ങുന്നു. പുരാതനമായ പദങ്ങളെത്തന്നെ പുതിയ രീതിയിൽ ധ്യാനിച്ചു കൊണ്ട് അത് ജീവിതത്തെ തിരിച്ചുപിടിക്കുന്നു. കവിതയെ തിരിച്ചുപിടിക്കുന്നു.
– ജിഗീഷ് കുമാരന്‍
സച്ചിദാനന്ദൻ ശരിയായി നിരീക്ഷിക്കുന്ന പോലെ ഭാഷ തന്നെയാണ് പ്രതീഷിന്റെ മുഖ്യപ്രമേയം. ഭാഷയിൽ അയാൾ ചെയ്യുന്ന കൊത്തുപണികളാണ് പുസ്തകത്തിന്റെ ഉള്ളടക്കമായ പത്തുവർഷത്തെ ദൃശ്യശിൽപ്പങ്ങളാക്കി മാറ്റുന്നത്. ഭാഷയ്ക്കൊപ്പം കാലവും രേഖപ്പെടുന്നുണ്ട്. വളരെ വ്യക്തവും തെളിമയുള്ളതുമായ ഒരു സിനിമാറ്റിക് ഭാഷയാണ്. കവി കാണുന്ന കാഴ്ചകൾ പലതും നമ്മളും കാണുന്നതു തന്നെയാണ്. എന്നാൽ ഭാഷയിൽ അയാൾ നടത്തുന്ന ചെറിയ തിരിമറികൾ വലിയ ബിംബങ്ങളെ പ്രസവിക്കുന്നു. കവിത ചുരുങ്ങിച്ചുരുങ്ങി ബിംബങ്ങളാകുന്നു. അഥവാ ബിംബങ്ങൾ സ്വയം വളർന്ന് കവിതയായിത്തീരുന്നു. അത് കാലത്തിന്റെ ദർപ്പണമായും ചിലപ്പോൾ ദർശനമായും മാറുന്നു.
പുസ്തകത്തെ കാലങ്ങളായി വേർതിരിച്ചിട്ടുണ്ടെങ്കിലും പ്രതീഷിന്റെ കവിതയിൽ വിഭജനത്തിനതീതമായ കാലമെന്ന ഒരു രൂപകം തിളങ്ങിനിൽക്കുന്നു. ഈ ബിംബങ്ങൾ ഒരു കലാകാരൻ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതല്ല. സ്വന്തം പരിസരത്തുനിന്ന് സൂക്ഷ്മമായ വിവേചനത്തോടെ അയാൾ പെറുക്കിയെടുക്കുന്നതാണ്. അതുകൊണ്ടാവണം ഈ ബിംബങ്ങളുമായി അനുവാചകൻ അതിവേഗത്തിൽ താദാത്മ്യം പ്രാപിക്കുന്നത്. ഞാൻ വായിക്കുമ്പോൾ എന്റെ തന്നെ പ്രതിബിംബമായി കവിത മാറുന്നത്. വായിക്കാൻ തുടങ്ങുമ്പോഴേ അത് എന്റെയുള്ളിൽ കയറിയിരിക്കുന്നത്.
ലോകജീവിതം ഒരു മൽസരമാണ്. പണമുണ്ടാക്കാനായി വെടിച്ചില്ല് സ്‌പീഡിൽ പായുന്നതിനിടെ എനിക്കും നിങ്ങൾക്കും വേണമെങ്കിൽ ഈ കവിതകളെ അലസമായി അവഗണിക്കാവുന്നതേയുള്ളു. അഥവാ എന്നെങ്കിലുമൊരിക്കൽ ഓട്ടം മതിയാക്കി തിരിച്ചുനടക്കുമ്പോൾ ഹൃദയത്തോടു ചേർത്തുപിടിച്ച് ഓമനിച്ചു വളർത്താവുന്നതേയുള്ളു. രണ്ടായാലും അതവിടെത്തന്നെയുണ്ട്. അതു തന്നെയാണ് ഈ കവിതകളുടെ പ്രസക്തി. ഒരുവേള പ്രതീഷിന്റെയും.
ഒരൊഴുക്കിൽപ്പെട്ട് ഇത്രയുമെത്തിയപ്പോൾത്തന്നെ കവിത ഈ എഴുത്തിനു പുറത്തുപോയതായി എനിക്കു മനസ്സിലാവുന്നുണ്ട്. എന്നാലും എനിക്കു വായിക്കാതിരിക്കാൻ പറ്റുകയില്ല. അയാൾക്ക് എഴുതാതിരിക്കാനും.
ശബ്ദകോശം
തീ:
കല്ലുകൾ തമ്മിലുരയുന്ന സ്വരം,
ഉരുകുന്ന ശരീരം,
ശവമടക്കുകഴിഞ്ഞ മണ്ണ്,
ഓർമ്മ കിട്ടാത്ത കര,
ആട്ടിൻപറ്റം,
സുഗന്ധമുള്ള ഒരിനം വൃക്ഷത്തിന്റെ തൊലി.
വിത്ത്:
സസ്യങ്ങളുടെ അകത്ത് വളരുന്ന ഭാഷ,
വൃത്താകൃതിയായ ലിപി,
ജനനേന്ദ്രിയത്തിന്റെ വാതിൽ,
ദീർഘനിദ്ര,
നിറങ്ങൾ കലർന്ന ശീല,
പഴകിയ വയൽ മണ്ണ്.
കാട്:
മനുഷ്യർ കൂട്ടമായി പാർക്കുന്ന ഇടം,
മരം കൊണ്ടുള്ള ഭൂതകാലം,
തുകലിന്റെയോ കടലാസിന്റെയോ പ്രതലം,
നീണ്ടു വളരുന്ന നഖങ്ങളും മുറിവുകളും,
ചതുപ്പിന്റെ മണം.
വിരൽ:
മൃഗങ്ങളുടേയും കവിതകളുടേയും
ആന്തരാവയവങ്ങളിലൊന്ന്,
കണ്ടുപിടിക്കാൻ കഴിയാത്ത വിഷം,
പുകയുണ്ടാക്കുന്ന ഒരു ഔഷധക്കൂട്ട് ,
കറങ്ങുന്ന ചുറ്റുവഴി,
വെള്ളപ്പൊക്കത്തിന്റെ ഒഴുക്ക്.
കുടം:
ഉൽപത്തി,
ആദിമ മനുഷ്യരുടെ മരണാനന്തരച്ചടങ്ങ്,
മുളപൊട്ടുന്ന നെല്ല്,
ആർത്തവം,
പാലുള്ള ഒരു തരം വൃക്ഷം,
ആരാധനാമൂർത്തി.
പൂവ്:
മരപ്പശ,
ചില്ലുള്ള ജനാല,
ശരീരത്തിൽ ചെയ്യുന്ന ഒരു ചിത്രത്തുന്നൽ,
ഗർഭത്തിലെ ശിശു ,
ഉമിനീര്,
ദ്രവിച്ച കാറ്റ്,
ഒരു തരം നിറം.
വെള്ളം:
രാത്രി പുറത്തിറങ്ങുന്ന ഒരിനം പറവ,
തുറമുഖം,
മൊഴിമാറ്റക്കാരൻ,
നാണയം,
അലകുകൾ ചേർത്തു കെട്ടിയ പാട്ട്,
തുരുമ്പ്,
ഖരാവസ്ഥയിലുള്ള ദിക്ക്.