മുഖ്യമന്ത്രിക്ക് ആ രുചി അറിയുമായിരുന്നിരിക്കണം. കപ്പയേക്കുറിച്ചു പറയുമ്പോൾ നീറിയ ഒരു പുഞ്ചിരി അദ്ധേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.
സംഗതി അത്ര പന്തിയല്ല. ക്ഷാമകാലം മുൻപിലുണ്ട്. ലോകമെമ്പാടും നേരിട്ടേക്കാവുന്ന പ്രതിസന്ധി അറകളിലെ ശേഷിപ്പ് തീരുന്നതോടെ ഇങ്ങുമെത്തും. കപ്പകുത്തിക്കോളാനാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതീകാത്മകമായെങ്കിലും അത്രയൊന്നും യാഥാർത്ഥ്യമായില്ലെങ്കിലും കപ്പ അതിജീവനമാണ്. അടിമുടി അതിജീവനത്തെക്കുറിച്ച് പറയുന്ന ആ മനുഷ്യൻ കപ്പയെ വെറുതെയെടുത്തിട്ടതല്ല. കിഴങ്ങുകളിലേക്ക് ഒരു മടക്കം.
അതിന് ചരിത്രപരവും സാമൂഹികപരവുമായ ഒരു മടക്കംകൂടിയുണ്ട്. എനിക്കറിയാവുന്ന കുടിയേറിയ തലമുറ ഒക്കത്ത് പത്തുകൊമ്പു വെച്ചായിരുന്നു കുന്നുകയറിയത്. ഉണക്കി കാലങ്ങളിലേക്ക് അട്ടത്ത് വെച്ചും സൂക്ഷ്മം ഉപയോഗിച്ചും വറുതിയുടേയും മലമ്പനിയാദികളുടേയും നടുവിൽ അവർ പിടിച്ചുനിന്നു. ലോകചരിത്രത്തിൽ തന്നെ ആഫ്രിക്കയിലും ബ്രസീലിലുമെല്ലാം കപ്പക്ക് പറയാൻ വറുതിയുടെ കഥകളുണ്ടത്രേ.
ക്ഷാമം ഒരു യാഥാർത്ഥ്യമാണ് എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുകയാണ്. ആ ഓർമ്മയിൽ ഒന്നേ തെളിയാനുള്ളൂ. അത് കപ്പയാണ് വീണ്ടും കപ്പയാണ്. അതിനോളം പോന്ന ഒന്നിനുമാത്രമേ പൊടിച്ചുപടരാനാവൂ.
മലബാറിലേക്ക് കുന്നേറി വന്നവർ കുത്തിയ കപ്പത്തണ്ടുകളോട് പുശ്ചിസ്റ്റ് മനോഭാവം പുലർത്തിയ വമ്പന്മാരുൾപ്പെടെ കപ്പയോടലിഞ്ഞത് പിന്നീട് ചരിത്രമായിട്ടുണ്ട്. വിശപ്പെന്ന മൃഗത്തെ ഇത്രമെരുക്കിയ മറ്റൊരു തീറ്റ മനുഷ്യരാശി കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല. മുഖ്യമന്ത്രിക്ക് ആ രുചി അറിയുമായിരുന്നിരിക്കണം കപ്പയേക്കുറിച്ചു പറയുമ്പോൾ നീറിയ ഒരു പുഞ്ചിരി അദ്ധേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.
തലമുറകളുടെ മാതാവും പിതാവുമായ കപ്പ. കുന്നേറി വന്ന് പെഴച്ചവരുടെ ഉടപ്പിറപ്പുകളിലൊന്ന് കപ്പയായിരുന്നു. കുരിശും കപ്പയും കുത്തി വെന്തെരിഞ്ഞാണ് തെരുവയും വാറ്റും അങ്ങനെ ഭൂമിയേൽ വിളയുന്നതെല്ലാം കുന്നേറിവന്നവരിൽ പലരും നട്ടുകൂട്ടിയത്. ഇപ്പൊഴീ പളപളാമിഞ്ഞുന്ന ഡൈനിംഗ് ഹാളിന്റെ പിന്നിലെല്ലാം കപ്പയൂറ്റിയമണമുള്ള പഴന്തുണികളുടെ ശരീരങ്ങളുണ്ട്. എലികളായ എലികളെല്ലാം ഇന്നത്തെ പത്രാസ് എലികളായതും അങ്ങനെതന്നെ. അതിന്റെ ചരിത്രം ആരെഴുതും.
എന്തായാലും ക്ഷാമമുണ്ടായാൽ, അതത്ര അക്കരെയല്ല സാഹചര്യങ്ങളുടെ കണക്കെടുത്താൽ. അങ്ങനെയുണ്ടാവാതിരിക്കട്ടെ.
ഈ മണ്ണിന്റെയടരുകളിലെല്ലാം പെരുമ്പനി വന്നും കരടിപിടിച്ചും ഉറങ്ങുന്ന തലമുറകളുടേയും കത്തിയ കാടുകളിൽ പുല്ലുപൊടിക്കുന്നപോലെ വളർന്ന തലമുറകളുടേയും പൊരുതിപ്പൊരുതി വളർന്ന സകലമാന മനുഷ്യരുടേയും വിശപ്പാറ്റിയ കപ്പ നമ്മെ കൈവിടില്ല.
ശവമാടങ്ങളെപ്പോലെ മണ്ണുവെട്ടിയിട്ടാണ് കപ്പ നടുക. അതൊരുദാത്ത കലാരൂപമാണ്. അതിലൊരു പ്രതിഫലനമുണ്ട്. പ്രതീക്ഷയുണ്ട്. ചരിത്രമുണ്ട്.
അങ്ങനെയേ വിശപ്പിന്റെ ഭാരമുള്ള വിളവുകൾ ഭൂമിയിൽ വിളയുകയുള്ളൂ.