ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് മണ്ണ് കുഴച്ച് കല്ലടുക്കി,
നീണ്ടതും കുറിയതും ഇടുങ്ങിയതും പരന്നതുമായ
വിളർത്തതും തണുത്തതും തെളിഞ്ഞതും മങ്ങിയതുമായ
മേൽക്കൂരയുള്ളതും ഇല്ലാത്തതുമായ
നമുക്കേറെ പ്രിയപ്പെട്ട ഇടങ്ങളുടെ പണി തുടങ്ങണം..
ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് നിനക്കേറെ പ്രിയപ്പെട്ട തെരുവുകളിലൊന്നിലൂടെ
കാല് കഴയ്ക്കുവോളം നടക്കണം
കള്ളിന്റെ മത്ത് തലയിലും ചവർപ്പ് നാവിലും വേണം
അറ്റങ്ങൾ വിളക്കി പ്രണയമുറപ്പിക്കുമ്പോൾ
ഇനിയങ്ങോട്ട് റേഷനരിയുടെ വേവ് പോലാവണം നമ്മളെന്ന്
പ്രതിജ്ഞാപത്രത്തിൽ എഴുതണം
വെക്കം വേവുന്ന, കണ്ണൊന്ന് തെറ്റുമ്പോ കുഴയുന്ന,
എങ്ങനെയായാലും ഒരേപോലെ ചുവയ്ക്കുന്ന
നമ്മളാകാം ഇനിയെന്ന് പറഞ്ഞു കൊണ്ടിരിക്കണം
നമ്മളെങ്ങനെ ഉത്സാഹവും മടിയും ഒരുപോലെ ഊട്ടി
നമ്മളെ വളർത്തുമെന്നോർത്ത് കൊറേ ചിരിക്കണം
നോക്കി നോക്കിയിരിക്കെ നീയെന്റെ കുഞ്ഞാകണം
നിന്നെ ഞാൻ തട്ടിയുറക്കുമ്പോ
താളമില്ലാത്ത എന്റെ പാട്ടിനോട് കെറുവിച്ച്
നീ ഉറക്കം വെടിഞ്ഞു കരയും,
പിന്നെപ്പോഴോ ഉറങ്ങും
ഞാൻ കഠിനമായ വ്യഥകളെ ആലോചനയിൽ വരുത്തി
അതോർത്ത് വെറുതേ കണ്ണീർ വാർത്ത്
നിന്നെ മുറുക്കെ ചേർത്ത് പിടിക്കും.
അതങ്ങു മൂത്ത് മണം വരുമ്പോ
തല മുഴുവൻ വെള്ളിവീണ ആ വീട്ടുടമസ്ഥൻ കയർക്കും
രണ്ടു പൂച്ചക്കുഞ്ഞുങ്ങളെ എന്ന പോലെ ചെവിയിൽ തൂക്കി നമ്മെ പുറത്തേക്ക് എറിയും
അയാൾക്കറിയാത്ത ഭാഷയിൽ നീ അയാളെ തെറി വിളിക്കുമ്പോ
എനിക്ക് ചിരി വരുമായിരിക്കും..
ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് നിനക്കേറെ പ്രിയപ്പെട്ട ഇടത്തേയ്ക്ക്
ദൂരയാത്ര പോകണം..
നീ പടർന്ന് നിഴലും വെളിച്ചവുമായ ആ മുറിക്കുള്ളിൽ
ഇപ്പോഴത്തെ താമസക്കാരന്റെ
അനുവാദം ചോദിച്ച് കടക്കണം.
ഒരിക്കൽ നിന്റെ ശ്വാസവും ഗന്ധവും തങ്ങിയിരുന്ന
ചുവരുകളോട് മൂക്കുരസണം
നിന്റെ ആശങ്കകളെ അതിൽ നിന്ന് വടിച്ചെടുത്ത്
മനക്കോട്ടയുടെ മേൽക്കൂര മെഴുകണം
ഒടുവിൽ ഒരു കാര്യവുമില്ലാതെ,
എന്റെ അപകർഷതകളെ എണ്ണിയെണ്ണി പറഞ്ഞ്
വഴക്ക് കൂടണം..
അതങ്ങു മൂത്ത് മണം വരുമ്പോ
തല മുഴുവൻ വെള്ളിവീണ ആ വീട്ടുടമസ്ഥൻ കയർക്കും
രണ്ടു പൂച്ചക്കുഞ്ഞുങ്ങളെ എന്ന പോലെ ചെവിയിൽ തൂക്കി നമ്മെ പുറത്തേക്ക് എറിയും
അയാൾക്കറിയാത്ത ഭാഷയിൽ നീ അയാളെ തെറി വിളിക്കുമ്പോ
എനിക്ക് ചിരി വരുമായിരിക്കും..
അപ്പൊ നീ നോക്കി പേടിപ്പിക്കുമായിരിക്കും..
എങ്കിലും, നമ്മളന്നാ കുഴഞ്ഞ ചോറിൽ ശർക്കര ചേർത്ത്
തേങ്ങയും ചിരവിയിട്ട് പായസം കുടിക്കും.
വീണ്ടും ഇണങ്ങാനും ഇണചേരാനും കൊതി മൂക്കുമ്പോൾ
നാവു നൊട്ടി, മുട്ടിലിഴഞ്ഞ് ആ മുറികൾക്ക് പുറത്തിറങ്ങും
ഈ ഇരുട്ട് ഓർമ്മയാകുന്ന കാലംവരും
അന്ന് ഇളം മഞ്ഞ പെയിന്റടിച്ച ചുവരുകളുള്ള,
നിറയെ പൂച്ചട്ടികളുള്ള, ചെടികളുള്ള വീട്ടിൽ
രണ്ടു മടിയൻ പൂച്ചകൾ ശൈത്യശയനം നടത്തും
ഇടയ്ക്ക് മൂരിനിവർന്ന് പരസ്പരം നക്കിത്തോർത്തി
വീണ്ടും ചുരുളും, നിവരും
ചാടിയ വയറുകളിൽ ചുണ്ടമർത്തിയൂതി
ആ വിചിത്രശബ്ദം ഉണ്ടാക്കും
അക്ഷരങ്ങൾ വെട്ടിയും തട്ടിയും കോറിയുമിട്ട കടലാസുകൾ പറന്നു കളിക്കുന്നതിനിടയിലൂടെ
രതിയിലേർപ്പെടും
അടുക്കളയിൽ മീൻചട്ടി ആര് വടിക്കുമെന്ന്
എണ്ണിപ്പാടി തീരുമാനമുണ്ടാക്കും
പരസ്പരം മടുക്കുമ്പോൾ, രണ്ടു മുറികളിൽ
രണ്ടു ധ്രുവങ്ങളായിരുന്ന് ഏകാന്തതയിൽ മദിക്കും
ആത്മാരാധനയുടെ കുന്നുകൾ കേറും
വീണ്ടും ഇണങ്ങാനും ഇണചേരാനും കൊതി മൂക്കുമ്പോൾ
നാവു നൊട്ടി, മുട്ടിലിഴഞ്ഞ് ആ മുറികൾക്ക് പുറത്തിറങ്ങും.
ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് മണ്ണ് കുഴച്ച് കല്ലടുക്കി,
നീണ്ടതും കുറിയതും ഇടുങ്ങിയതും പരന്നതുമായ
വിളർത്തതും തണുത്തതും തെളിഞ്ഞതും മങ്ങിയതുമായ
മേൽക്കൂരയുള്ളതും ഇല്ലാത്തതുമായ
നമുക്കേറെ പ്രിയപ്പെട്ട ഇടങ്ങളുടെ പണി തുടങ്ങണം..