“ഞായറാഴ്ച്ച കുര്ബാനക്കിടയില് പുറം തിരിഞ്ഞിരിക്കുന്ന മാന്യന്മാരേക്കാള് എന്ത് കൊണ്ടും നല്ലതല്ലേ ഇടവേളകളില്‍ ദൈവത്തോട് സംവദിക്കാന്‍ വരുന്നവന്?”
നേരേ നോക്കിയാല്‍ സക്രാരി. അതിനു മുകളിലായി ക്രൂശിത രൂപം. അള്‍ത്താരയുടെ ഏറ്റവും മുകളില്‍ ഇരുവശങ്ങളിലായി സ്വര്‍ഗ്ഗത്തിന്റെ താക്കോലുമായി പത്രോസും ജീവന്റെ പുസ്തകവുമായി പൗലോസും സ്ഥാനം പിടിച്ചിരിക്കുന്നു. ഏതൊരു ദുഷ്ടശക്തിയേയും ഒറ്റയ്ക്ക് നേരിടാന്‍ മാത്രം കെല്‍പ്പുള്ള ദൈവദൂതന്മാര് നിഷ്ക്കളങ്കരായ മാലാഖകുഞ്ഞുങ്ങളായി അവര്‍ക്ക് പിന്നിലായി അണിനിരന്നിരിക്കുന്നു. അള്‍ത്താരയുടെ വലത്തുവശത്തെ ഭിത്തിയില്‍ ഉണ്ണിമിശിഹായുടെ ജനനവും ഇടത്തുവശത്തെ ഭിത്തിയില്‍ ഉയിര്‍പ്പും തടിയില്‍ കൊത്തിയെടുത്തിരിക്കുന്നു. ചുറ്റുമുള്ള ഗ്ലാസ്സ് പെയിന്റിങ്ങുകളിലും താഴെയുള്ള രൂപക്കൂടുകളിലുമായി കന്യകാമറിയവും, യൗസേപ്പും, ഉണ്ണിമിശിഹായെ കൈയ്യിലേന്തി വി.ആന്റണിയും, കുതിരപ്പുറത്തേറിയ വി. ഗീവര്ഗീസുമെല്ലാം അവരവരുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
പള്ളിയുടെ ഇരുവശങ്ങളിലായി കൃത്യമായി ചേര്‍ത്തിട്ടിരിക്കുന്ന ബെഞ്ചുകള്ക്കിടയിലുള്ള നടപ്പാതയിലൂടെ നോക്കിയാല്‍ വ്യക്തമായി ഇതെല്ലാം കാണാം. ഒരുപക്ഷേ പള്ളിയുടെ ഏറ്റവും പുറകില്‍ കുമ്പസാരക്കൂടിനടുത്തായി കാലുനീട്ടിയിരിക്കുന്ന എന്റെ വീക്ഷണത്തേക്കാളും ഒരുപടി മുന്പിലായാണ് അവരെല്ലാവരും ഒന്നിച്ചെന്നെ ഉറ്റുനോക്കുന്നത്. ആര്‍ക്കുമറിയാത്ത എന്റെ സ്വത്വത്തിനുള്ളിലേക്ക് അവരുടെ തീക്ഷ്ണമായ നോട്ടങ്ങള്‍ തുളച്ചുകയറുമോ എന്ന ഭയത്താല്‍ ഇടയ്ക്കിടെ ഞാന്‍ തലകുനിച്ചിരുന്നു. അപ്പോഴും നിലത്തു പതിപ്പിച്ച മാര്‍ബിളുകളില്‍ അവരുടെ പ്രതിബിംബങ്ങള്‍ വ്യക്തമായിരുന്നു.
എന്നത്തേയുംപ്പോലെ പരാതി കെട്ടുകള്‍ അഴിക്കാനല്ല ഇന്ന് വന്നത്. തന്ന നന്മകള്ക്കുള്ള നന്ദിയേക്കാള്‍ നല്‍കാതെ പോയവയെക്കുറിച്ചുള്ള പരിഭവങ്ങളാണല്ലോ പതിവ്. ഇന്ന് പക്ഷേ തികച്ചും നിശ്ചേതനത്വത്തോടുകൂടിയാണ് ഇവിടെ ഇരിക്കുന്നത്. മാര്‍ബിളിലെ തണുപ്പ്പറ്റി, പള്ളിയുടെ ആനവാതില്‍ ചാരി, നീട്ടിവെച്ചിരിക്കുന്ന കാലുകളുടെ താളചലനങ്ങളില്‍ മുഴുകി ശാന്തമായൊരിരുപ്പ്. ജീവിതത്തിന്റെ ഭാരങ്ങള്‍ ഇറക്കി വെയ്ക്കാനൊരിടവും അത് സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്ന കുറച്ച് ദൈവങ്ങളും!!
കസാന്ദ്സാക്കീസിന്റെ വി. ഫ്രാന്‍സിസിനെക്കുറിച്ചുള്ള പുസ്തകമാണ് മടിയില്‍. “ചെറിയ നിസ്സാരകാര്യങ്ങളിലാണ് നമ്മള് തുടങ്ങുന്നത്. പിന്നെ വലിയ കാര്യങ്ങള്‍, അസാദ്ധ്യകാര്യങ്ങള്‍.”*
ഇടവേളകളിലെല്ലാം ഒരു പുസ്തകവുമായി പള്ളിയുടെ ആനവാതില്‍ ചാരിയുള്ള ഈ ഇരുപ്പ് ഇടവക കമ്മിറ്റിയിലുള്ള പലര്‍ക്കും ഇടര്ച്ചയുണ്ടാക്കിയതായി കേട്ടിരുന്നു. ആരാധനാസ്ഥലമാണ്, ബഹുമാനക്കുറവ് തുടങ്ങിയ ആക്ഷേപങ്ങളെ തന്റെ ചെറുപുഞ്ചിരിയോടെയും, മിതഭാഷണത്തോടെയും സാബുവച്ചന് പറഞ്ഞൊതുക്കി. “ഞായറാഴ്ച്ച കുര്ബാനക്കിടയില് പുറം തിരിഞ്ഞിരിക്കുന്ന മാന്യന്മാരേക്കാള് എന്ത് കൊണ്ടും നല്ലതല്ലേ ഇടവേളകളില്‍ ദൈവത്തോട് സംവദിക്കാന്‍ വരുന്നവന്?” അതോടെ തീര്‍ന്നു പരസ്യമായുള്ള ആരോപണങ്ങള്‍. പിന്നെയെല്ലാം അടക്കംപറച്ചിലുകളായി.
സ്വസ്ഥതയെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ആ ചോദ്യം മൂകമായ ഈ അന്തരീക്ഷത്തില്‍ പിന്നെയും ആര്‍ത്തുലച്ച് കയറാന്‍ തുടങ്ങുമ്പോഴാണ് സ്ത്രീകളുടെ വശത്തെ മുന്‍വാതില്‍ ആരോ തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടത്.
എന്റെ പഴയകാല ചരിത്രവും, ചെറുപ്പക്കാരായ വൈദികരുടെ പക്വതക്കുറവും, പാലിച്ചുകൊണ്ടിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളിലുള്ള യുവജനത്തിന്റെ വിരക്തിയും അങ്ങനെ കഥകള്‍ പലതും മാറി വന്നു.
ഇനി അങ്ങോട്ടെന്ത്? മനസ്സിന്റെ ഉള്ളറകളില്‍ ദിവസങ്ങളായി പൂട്ടിയിട്ട ഒരു ചോദ്യമാണത്. സ്വസ്ഥതയെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ആ ചോദ്യം മൂകമായ ഈ അന്തരീക്ഷത്തില്‍ പിന്നെയും ആര്‍ത്തുലച്ച് കയറാന്‍ തുടങ്ങുമ്പോഴാണ് സ്ത്രീകളുടെ വശത്തെ മുന്‍വാതില്‍ ആരോ തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടത്. അയഞ്ഞ വസ്ത്രത്തോടും, പിന്നിയ മുടിയോടും, വളരെ ലാഘവമായ മുഖഭാവത്തോടും കൂടെ ഒരു പെണ്‍ക്കുട്ടി പള്ളിയിലേക്ക് നടന്ന് കയറി. ഒരു ഇരുപത്തിരണ്ടുകാരി. കൃത്യമായി അടുക്കിയിട്ട ബെഞ്ചുകളെയൊന്നും വകവെയ്ക്കാതെ, കൈയില്‍ കരുതിയിരുന്ന പുസ്തകം അള്‍ത്താരയുടെ മുന്‍പിലേക്കെറിഞ്ഞു കൊണ്ട് അവള് അവിടെ നിലത്തിരുന്നു.കൈകള്‍ കെട്ടി, കാലുകള്‍ ഒതുക്കി സാക്രാരിയിലേക്ക് തന്നെ തുറിച്ചുനോക്കികൊണ്ടിരിക്കുകയാണവള്.
അപ്പോള്‍ ഞാന്‍ മാത്രമല്ല ഇടയ്ക്കിടെ ദൈവത്തെ ശല്യം ചെയ്യാന്‍ വേറെ പലരുമുണ്ടെന്ന കാര്യം അല്പം ആഹ്ളാദിപ്പിച്ചെങ്കിലും പുസ്തകത്തിനുള്ളില്‍ എന്തായിരിക്കും എന്ന ജിജ്ഞാസ അതിലുപരിയായിരുന്നു. എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു അവള്.
തീര്‍ത്തും നിശബ്ദമായിരുന്ന പള്ളിയില്‍ അവളുടെ ചെറിയ സംഭാഷങ്ങള്‍ വലിയ പ്രകമ്പനങ്ങള്പ്പോലെ പ്രതിഫലിച്ചു.
എന്നിരുന്നാലും എനിക്ക് അവയെല്ലാം അവ്യക്തമായിരുന്നു.
എന്തോ പരാതി പറച്ചിലാണെന്ന് വ്യക്തം. എന്നാല്‍ സാധാരണ നടക്കാറുള്ളതുപ്പോലെ കരച്ചിലോ തേങ്ങലോ ഒന്നും തന്നെ ഉണ്ടായില്ല. നിരാശയില്‍ മുങ്ങി താഴുമ്പോഴും പ്രതീക്ഷയുടെ തിരിനാളത്തില്‍ പിടിച്ച് കയറാന്‍ ഉതകുന്ന ഒരാളുടെ വിശ്വാസത്തോടെ അവള് സക്രാരിയിലേക്ക് തന്നെ ഉറ്റ് നോക്കികൊണ്ടിരുന്നു.
ഒരു പതിനഞ്ച് മിനിറ്റോളം അവള് അങ്ങനെ ചിലവഴിച്ചു. തിരികെ പോകാന്‍ ആരംഭിക്കുന്നതിന് മുന്‍പ് അള്‍ത്താരക്ക് മുന്പിലെ എരിഞ്ഞു തീരാറായ തിരികള്ക്കിടയിലേക്ക് അവള് നടന്നു. തിരികള്‍ പൂര്‍ണ്ണമായി കെടുത്തി തിരിച്ചു നടക്കുന്ന വഴിയില്‍ കുമ്പസാര കൂടിനടുത്ത് ഒളിഞ്ഞിരിക്കുന്ന ഞാനെന്ന രൂപത്തെ അവള് കണ്ടു. തന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത വ്യാജനെ തിരിച്ചറിഞ്ഞതുപോലുള്ള ഒരു ഞെട്ടല്‍ ആ മുഖത്തുണ്ടായിരുന്നു. തന്റെ ചെയ്തികള്‍ അയാള്‍ കണ്ടുകാണുമോ, താന്‍ പറഞ്ഞത് കേട്ടിരിക്കുമോ, എത്ര നേരമായി കാണും അയാള്‍ അവിടെ വന്നിട്ട്, എന്തുകൊണ്ട് താന്‍ അതൊന്നും നേരത്തെ ശ്രദ്ധിച്ചില്ല തുടങ്ങിയ അനവധി ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നത് ആ മുഖത്ത് സ്പഷ്ടമായിരുന്നു. എങ്കിലും അതിനെയെല്ലാം പരമാവധി മറച്ച്, നിലത്തു കിടന്നിരുന്ന പുസ്തകവുമെടുത്തുകൊണ്ട് അവള് പുറത്തേക്ക് പോയി. പോകുന്ന വഴിയില്‍ ഒരു നോട്ടമെങ്കിലും എനിക്ക് നേരേ നല്‍കുമെന്ന് കരുതിയെങ്കിലും അതിനവള് കൂട്ടാക്കിയില്ല.
എന്തോ അസഹ്യമായൊരു കള്ളത്തരം ചെയ്ത ജാള്യത എനിക്കനുഭവപ്പെട്ടു. ഒരു മണിക്കൂറോളം പള്ളിയില്‍ പിന്നെയും ചിലവിട്ടെങ്കിലും ഗഹനമായ ആത്മപരിശോധനയോ, മടിയിലിരിക്കുന്ന വി. ഫ്രാന്‍സിസിന്റെ താളുകള്‍ മറയ്ക്കുകയോ ചെയ്തില്ല. ഏതോ വഴിയോരക്കച്ചവടക്കാരന് വില്ക്കാന് വെച്ചിരിക്കുന്ന ക്യാന്‍വാസിലെ ചായക്കൂട്ടങ്ങള്ക്കിടയിലെ ചലനമറ്റൊരു രൂപം!!
പള്ളിയില്‍ നിന്ന് മടങ്ങാം എന്ന തീരുമാനവുമായി പുറത്തേക്കിറങ്ങിയപ്പോഴാണ് പള്ളിമുറ്റത്ത് വികാരിയച്ചനോട് സംസാരിച്ചു കൊണ്ട് ആ പെണ്‍ക്കുട്ടി നില്‍ക്കുന്നത് കണ്ടത്. യാത്ര ചോദിക്കാനെന്നോണം അച്ചനെ സമീപിച്ചപ്പോള്‍ “ജോസഫേ പോകരുതേ. ഒന്ന് കാണണം” എന്ന് പറഞ്ഞ് അച്ചന് തടഞ്ഞു. അപ്പോള്‍ പോലും എന്റെ മുഖത്തൊന്ന് നോക്കുവാന്‍ ആ പെണ്ക്കുട്ടിയോ എന്നെ പരിചയപ്പെടുത്തുവാന്‍ അച്ചനോ തയ്യാറായില്ല. എന്റെ സാന്നിധ്യം ആഗ്രഹിക്കാത്ത സംഭാഷണത്തില്‍ നിന്ന് പിന്‍വലിഞ്ഞുകൊണ്ട് ഞാന്‍ പള്ളിമുറിയിലേക്ക് നടന്നു. നടന്നകലുന്നതിന് മുന്‍പ് അവളുടെ കൈയിലെ പുസ്തകം എന്റെ ശ്രദ്ധയില്‍പ്പെട്ടു. അനവധി ചായങ്ങളാല്‍ മോടി പിടിപ്പിച്ചിരിക്കുന്നൊരു പുസ്തകം!
പള്ളിമേടയിലെ സ്വീകരണമുറിയില്‍ എത്തുംമ്പോഴേക്കും അകത്തുനിന്ന് ലാന്ഡ്ഫോണ് നിലവിളി തുടങ്ങിയിരുന്നു. നിലയ്ക്കാതെയുള്ള നിലവിളിക്ക് കപ്യാര് തോമ്മാച്ചേട്ടനോ അച്ചനോ ജാഗ്രത കൊടുക്കാത്തതിനാല്‍ പതിയെ അത് നിശബ്ദമായി.
സ്വീകരണമുറിയിലെ ഏറെനേരത്തെ കാത്തിരിപ്പിനൊടുവില്‍ മുറിക്ക് പുറത്തായി കാല്പെരുമാറ്റം കേള്‍ക്കാനിടയായി. അച്ചനും ആ പെണ്ക്കുട്ടിയുമാണ്. പള്ളിവക സ്കൂളിനെപ്പറ്റിയാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. സ്വീകരണ മുറിയില്‍ കടക്കുമ്പോഴും സംസാരം കഴിഞ്ഞിട്ടില്ലായിരുന്നു. രണ്ടാമതും മുഴങ്ങിയ ലാന്‍ഡ് ഫോണിന് മറുപടി നല്‍കാനായി അച്ചന് സ്വന്തം മുറിയിലേക്ക് പോയി. അല്പനേരം എന്റെയടുക്കല്‍ നില്‍പ്പുണ്ടായിരുന്നെങ്കിലും പെട്ടന്ന് എന്തോ ഓര്‍ത്ത മാത്രയില്‍ അവളുടെ പുസ്തകവും ഫോണും എനിക്കരികിലുള്ള മേശയില്‍ വെച്ചിട്ട് ആ പെണ്‍ക്കുട്ടി മുറിക്ക് പുറത്തേക്ക് പോയി. രണ്ടാമതും അവള് പള്ളിയില്‍ കയറുന്നത് സ്വീകരണമുറിയിലെ ജനാലയിലൂടെ ഉറപ്പുവരുത്തിയ ഞാന്‍ അവളുടെ പുസ്തകത്തിനുള്ളിലെ നിഗൂഡതയിലേക്ക് ഇറങ്ങി ചെല്ലാന്‍ തിടുക്കം കാണിച്ചു.
‘അപ്പൂപ്പന്താടി’ എന്ന് അതിന്റെ പുറംചട്ടയില്‍ ചായങ്ങളാല്‍ എഴുതിയിരിക്കുന്നു. ആദ്യത്തെ പേജുകളില്‍ മാത്രം കുത്തിക്കുറിച്ചിട്ട വാക്കുകള്‍ അല്പം ഭയത്തോടും കുറ്റബോധത്തോടും എന്നാല്‍ അതിയായ ആകാംക്ഷയോടും കൂടെ ഞാന്‍ വായിക്കാന്‍ ആരംഭിച്ചു.
തങ്ങളെ സ്വതന്ത്രരാക്കാന്‍ എത്തുന്ന കാറ്റിനായി അവര്‍ ക്ഷമയോടെ കാത്തിരുന്നു…
“എവിടെ നിന്ന് വരുന്നെന്നോ എങ്ങോട്ട് പോകുന്നുവെന്നോ മുന്നറിയിപ്പുകള്‍ തരാതെ കടന്നു വരുന്നവരാണ് അപ്പൂപ്പന്താടികള്.
മരങ്ങള്‍ക്കിടയിലും ചില്ലകളുടെ മറവിലും ആരും കാണാതെ അവര്‍ ഒളിച്ചിരുന്നു.
തങ്ങളുടെ സാന്നിധ്യം മനുഷ്യര്‍ക്ക് നല്കുന്ന ആനന്ദ൦ തെല്ലൊന്നുമല്ല അവരെ ആഹ്ളാദിപ്പിച്ചത്.
തങ്ങളെ സ്വതന്ത്രരാക്കാന്‍ എത്തുന്ന കാറ്റിനായി അവര്‍ ക്ഷമയോടെ കാത്തിരുന്നു…
അങ്ങനൊരിക്കല്‍ തിങ്ങിനിറഞ്ഞ അപ്പൂപ്പന്താടികള്ക്കിടയില്നിന്നും ഒരുവളെ ഇളംകാറ്റ് മോചിപ്പിച്ചു. മറ്റ് അപ്പൂപ്പന്താടികളോട് യാത്ര പറഞ്ഞ്, തന്റെ ചെറിയ ലോകം വിട്ട് അവള് അകലേക്ക് പറന്ന് പൊങ്ങി.
പകല്‍സ്വപ്നങ്ങളില്‍ താന്‍ നെയ്യ്ത്തെടുത്ത മനോഹരമായ ലോകത്തെ അതിന്റെ യഥാര്‍ത്ഥ മനോഹാരിതയില്‍ അവള് നോക്കി കണ്ടു.
തന്നെ സ്വന്തമാക്കണമെന്ന ആഗ്രഹത്താല്‍ ഉറ്റുനോക്കുന്ന കണ്ണുകളെ നോക്കി അവള് പുഞ്ചിരിച്ചു.
നിശ്ചലരായി വിടര്‍ന്നു കൊഴിഞ്ഞു വീഴുന്ന പുഷ്പങ്ങള്‍ അവളെ നോക്കി അത്ഭുതപ്പെട്ടു.
എന്നാല്‍ അക്ഷമനായൊരു കുട്ടി ഒരിക്കല്‍ അവളെ ബലമായി സ്വന്തമാക്കി. തന്റെ ഇഷ്ടങ്ങളൊത്തവന് അവളെ കാറ്റത്തൂതി പറപ്പിച്ചു. പറന്നകലാന്‍ കഴിയാതവള്‍ ഞെരുക്കത്തിലമര്ന്നു. ദിവസങ്ങളോളം ചില്ലുകുപ്പിയില്‍ അവള് അടക്കപ്പെട്ടു. താന്‍ സ്നേഹിച്ച കാറ്റിനുപോലും തന്നെ രക്ഷിക്കാനാവാത്തവിധം അവള് തടവിലാക്കപ്പെട്ടു.
നിരാശയില്‍ മുങ്ങി ചില്ലുകൂട്ടില്‍ നിന്നും പുറത്തേക്ക് നോക്കിയ അവള് അമ്പരന്നു. തനിക്ക് ചുറ്റും അനേകം ചില്ലുകൂടുകള്‍… അനേകം ദുഖിതര്‍…
ഒരിക്കല്‍ കളിതമാശക്കിടയില് കുട്ടിയുടെ പിടിവിട്ടുയരാന്‍ അവള്‍ക്ക് സാധിച്ചു. തടവറക്കുള്ളിലെ ജീവിതം അവളെ അവശയാക്കിയിരുന്നു. ക്രോധത്താല്‍ അവളെ തടവിലാക്കാന്‍ അവന് ശ്രമിച്ചപ്പോഴും സര്‍വ്വശക്തിയോടെ അവള് പറന്ന് പൊങ്ങി.
അവശതയിലും തളരാതെ, പറന്നകന്ന് ഒരു അള്‍ത്താരക്ക് മുന്പില് അവള് എത്തപ്പെട്ടു. നൈമിഷികമായ ഈ ജീവിതത്തിന് നല്കപ്പെട്ട അനീതിയെ ചോദ്യം ചെയ്ത അവളുടെ കണ്ണുകള്‍ ദൈവങ്ങളെ പരിഭ്രാന്തരാക്കി.
ചിതറിപ്പോയ ശരീരവും, തകര്‍ന്നടിഞ്ഞ ജീവിതവും, വിറങ്ങലടിച്ച മനസ്സുമായി തന്റെ അവസാന നാളുകള്‍ക്കായി അവള് കാത്തിരുന്നു.
പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെ ഭാരംപേറി, ആരോടും പരിഭവമില്ലാതെ അവള് ആ അള്‍ത്താരയില്‍ കാത്തുകിടന്നു. ദൈവങ്ങള്‍ക്കൊരു കൂട്ടായി…”
വിറയലോടെ ഞാന്‍ ആ പുസ്തകം മടക്കി വെച്ചു. വരാനിരിക്കുന്ന ഇടവക തിരുന്നാളിനെപ്പറ്റി വികാരിയച്ചന് ഇപ്പോഴും ഫോണില്‍ വാചാലനാവുകയാണ്. ആ മുറിക്കുള്ളിലെ വീര്‍പ്പുമുട്ടല്‍ സഹിക്കാനാകാതെ ഞാന്‍ പുറത്തേക്കിറങ്ങി. പള്ളി വാതില്ക്കല് നിന്നും എനിക്കുനേരേ നടന്നു വരുന്ന ആ പെണ്‍ക്കുട്ടിക്ക് മുഖം കൊടുക്കാതെ ഞാന്‍ തല താഴ്ത്തി നടന്നു.
എന്തേ അവളുടെ മുഖത്ത് നോക്കാന്‍ ഞാന്‍ ധൈര്യപ്പെടാതിരുന്നത്?
എന്നെ കടന്നുനീങ്ങിയപ്പോള് എനിക്കെതിരെ തലതിരിച്ചവള്‍ നോക്കിയിരുന്നോ ?
ഞാന്‍ തലകുനിച്ച് നടക്കുന്നതെന്തേ എന്നവള്‍ അത്ഭുത പ്പെട്ടു കാണുമോ ?
അറിയില്ല… എനിക്കൊന്നുമറിയില്ല….
(*നിക്കോസ് കസാന്ദ്സാക്കീസിന്റെ സെയിന്റ് ഫ്രാന്‍സിസ് എന്ന പുസ്തകത്തിലെ വരികള്‍.)