പരിസ്ഥിതിപ്രശ്നങ്ങളും സാമ്പത്തികശാസ്ത്രവും കൂട്ടിമുട്ടുന്ന സാഹചര്യങ്ങളിലെല്ലാം എക്കണോമിക്സ് ജയിക്കുന്നത് ജീവനുകളെക്കാളേറെ സമ്പത്തിനു വില കല്പിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ, മുതലാളികൾക് വേണ്ടി മുതലാളികൾ സ്ഥാപിച്ച ഗവണ്മെന്റിന്റെ, അതിനെതിരെ ശബ്ദമുയർത്താത്ത നമ്മൾ ഓരോരുത്തരുടെയും കുറ്റം ആണെന്ന് നമ്മളൊക്കെ ഇനി എന്നാണു മനസ്സിലാക്കുന്നത്.

കുറച്ചു ദിവസങ്ങളായി നാടാകെ നിർത്താതെ മഴ പെയ്യുകയാണ്. കോവിഡ് മഹാമാരിക്കിടയിൽ തുടർച്ചയായ മൂന്നാം പ്രളയത്തിന്റെ ഭീതി കൂടി നിഴലിക്കുന്നുണ്ട്. ഓരോ ചെറിയ പ്രവർത്തിയിലും പരിസ്ഥിതി സംരക്ഷണത്തെപറ്റി ചിന്തിക്കേണ്ട ഈ അവസരത്തിലാണ് കേന്ദ്രസർക്കാർ Environmental Impact Assessment (EIA) 2020 അഥവാ പരിസ്ഥിതി വിജ്ഞാപനം 2020 എന്ന നിയമം കൊണ്ട് വരാൻ ശ്രമം നടത്തുന്നത്. ഏതെങ്കിലുമൊരു പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ കണ്ടെത്തി, അവ വിലയിരുത്തി ആ പ്രൊജെക്ടുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനാണ് EIA അഥവാ പാരിസ്ഥിതികാഘാതപഠനം നടത്തുന്നത്.

ജൂൺ 9, 2019നു ആസ്സാമിലെ ബാഗ്ജൻ എണ്ണപ്പാടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു അഗ്നിശമനസൈനികർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുകയും ചെയ്യുകയുണ്ടായി. ആദ്യ സ്ഫോടനത്തിന് ശേഷം പ്രകൃതിവാതകവും എണ്ണയും ചോർന്ന് വംശനാശ ഭീഷണി നേരിടുന്ന ഗംഗ ഡോള്ഫിനുകൾ ഉൾപ്പെടെ നിരവധി ജലജീവികളാണ് മരിച്ചത്. അതിനും ഒരു മാസം മുൻപ് മെയ് 7നു വിശാഖപട്ടണത്തിലെ LGയുടെ പോളിമർ ഇൻഡസ്ട്രിയൽ പ്ലാന്റിൽ നിന്നും വിഷവാതകം ചോർന്ന് 12 പേർ മരിക്കുകയും നൂറുകണക്കിന് പേർ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. പാരിസ്ഥിതികാഘാതപഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് നടത്താതത്തിന്റെ പേരിൽ വര്ഷങ്ങളായി വിവാദങ്ങളിൽ മുങ്ങി കിടക്കുകയായിരുന്നു ആസ്സാമിലെ OIL എണ്ണപ്പാടം. OILഉം LGയും പരിസ്ഥിതിയെ കണക്കിലെടുക്കാതെ, നടപടികൾ കാറ്റിൽ പറത്തിയവരാണ്. അതിനു വില നൽകേണ്ടിവന്നത് പ്രദേശവാസികളായ തൊഴിലാളികളും ജീവജന്തുക്കളും.

ഇങ്ങനെ സമഗ്രവും സർവ്വപ്രധാനവുമാണ് EIA. ശരിയായി നിർവ്വഹിക്കപ്പെടുകയാണെങ്കിൽ ഒരുപാട് തലങ്ങളിൽ ഗുണകരമായ നിയമമാണ് ഇത്.

പരിസ്ഥിതിയിലും ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന ആഘാതങ്ങൾ മാത്രമാണ് EIA വിലയിരുത്തുന്നത് എന്ന് കരുതുന്നത് അബദ്ധമാവും. പകരം, പദ്ധതി കൊണ്ട് പ്രദേശത്തിനും അവിടുത്തെ ജനങ്ങൾക്കും ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ വിലയിരുത്തുക എന്നതാണ് ഇത്തരം സർവ്വേകളുടെ പ്രാഥമിക ഉദ്ദേശം. സാമൂഹ്യ-സാമ്പത്തികം, സാംസ്കാരികം, ആരോഗ്യം എന്നീ മേഖലകളിൽ ഉണ്ടാവാൻ സാധ്യതയുള്ള ആഘാതങ്ങൾ കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്. ഒരു സാധാരണ പാരിസ്ഥിതികാഘാതപഠനം ആദ്യം വിലയിരുത്തുക പദ്ധതിയുടെ അപകടസാധ്യതകളും പദ്ധതി കാരണം നേരിട്ടു ബാധിതർ ആവാൻ പോകുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകളും ആവും. ഇങ്ങനെ സമഗ്രവും സർവ്വപ്രധാനവുമാണ് EIA. ശരിയായി നിർവ്വഹിക്കപ്പെടുകയാണെങ്കിൽ ഒരുപാട് തലങ്ങളിൽ ഗുണകരമായ നിയമമാണ് ഇത്.

പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രാഫ്റ്റിൽ മാറ്റം വരുത്തുകയോ, പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്തേക്കാം.

ഹൈവേ, ഖനി, എയർപോർട്ട്, ഡാം എന്നിങ്ങനെയുള്ള വ്യവസായ പദ്ധതികൾക്ക് വേണ്ട പരിസ്ഥിതി അനുമതി നൽകുന്നതിനുള്ള നിയമനടപടികൾ പൂർണ്ണമായും പുതുക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഒരു അറിയിപ്പ് ഈ അടുത്ത് ഇറക്കുകയുണ്ടായി. EIA 2020 എന്നറിയപ്പെടുന്ന ഈ ഡ്രാഫ്റ്റ് നിലവിലുള്ള EIA നടപടികൾക്ക് അടിമുടി മാറ്റം വരുത്തുന്നതാണ്. വ്യവസായങ്ങൾക് ആവശ്യമായുള്ള അനുമതിയുടെ നടപടിക്രമങ്ങൾ അനായാസമാക്കുക, അനവധി പദ്ധതികളുടെ പബ്ലിക് ഹിയറിങ് പൂർണ്ണമായും ഇല്ലാതാക്കുക, മറ്റുള്ളവയുടെ പബ്ലിക് ഹിയറിങ് കാലാവധി ഗണ്യമായി കുറക്കുക, പദ്ധതികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ അനായാസമാക്കുക എന്നിവയാണ് ഈ ഡ്രാഫ്റ്റ് കൊണ്ട് ലക്ഷ്യമാക്കുന്നത്. ചുരുക്കത്തിൽ EIA 2020 എന്ന ഈ ഡ്രാഫ്റ്റ് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള നടപടികളെ ക്ഷയിപ്പിക്കുകയും നിയമലംഘകരെ പ്രോത്സാഹിപ്പിക്കുകയും തോന്നും പോലെ നിയമത്തെ നിർവ്വചിക്കാനുള്ള അധികാരം ഭരണാധികാരികളുടെ പക്കൽ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്. മാർച്ച് 12നു പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച അറിയിപ്പിൽ ഡ്രാഫ്റ്റ് EIAയെ പറ്റി പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ 60 ദിവസം സമയം നൽകിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരുപാട് നിവേദനങ്ങൾക് ശേഷം അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസാന തീയതി ജൂൺ 30ലേക്ക് നീട്ടുകയുണ്ടായി. ഡൽഹി ഹൈക്കോടതി ആ സമയപരിധി വീണ്ടും ഓഗസ്റ്റ് 11 വരെയാക്കി നീട്ടുകയും ചെയ്തു. പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രാഫ്റ്റിൽ മാറ്റം വരുത്തുകയോ, പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്തേക്കാം.

കൽക്കരി ഖനനം, ഭൂവ്യവസായം, ഊർജോല്പാദന പദ്ധതികൾ എന്നിവക്ക് തടസങ്ങളൊന്നും കൂടാതെ അനുമതി നൽകപ്പെടും.

സത്യം പറഞ്ഞാൽ പരിസ്ഥിതി അനുമതികളുടെ മേലുള്ള ഈ ആക്രമണം തീരെ അപ്രതീക്ഷിതമല്ല. പാരിസ്ഥിതികാനുമതിയുടെ നടപടികൾ വികസനത്തിന് തടയിടുന്നതാണെന്ന് കഴിഞ്ഞ കുറച്ച വര്ഷങ്ങളായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പറയാതെ പറയുന്നതാണ്. നടപടിക്രമങ്ങളെ മൊത്തമായും ഇല്ലായ്മ ചെയ്യുകയോ അവയെ വളരെ നിസ്സാരമാക്കുകയോ ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗവണ്മെന്റ് ശ്രദ്ധപുലർത്തുന്നുണ്ട്. വികസനവുമായി താരതമ്യം ചെയ്യുമ്പോൾ പരിസ്ഥിതി നാശം വളരെ തുച്ഛമായ നഷ്ടമാണല്ലോ. തൽഫലമായി പരിസ്ഥിതി മന്ത്രാലയം പതിവായി വിവാദങ്ങളിൽ പെട്ട്കിടക്കുകയുമാണ്. EIA നിയമത്തിലെ പുതിയ മാറ്റങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയിൽ പദ്ധതികൾ നടപ്പാക്കപ്പെടുന്ന രീതിയിൽ സമഗ്രമായ മാറ്റമായിരിക്കും ഉണ്ടാകാൻ പോകുന്നത്. കൽക്കരി ഖനനം, ഭൂവ്യവസായം, ഊർജോല്പാദന പദ്ധതികൾ എന്നിവക്ക് തടസങ്ങളൊന്നും കൂടാതെ അനുമതി നൽകപ്പെടും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ സ്വാഭാവികമായും തന്ത്രപ്രധാനമായി കണക്കാക്കപെടുമ്പോൾ, ഇതോടെ മറ്റു പദ്ധതികൾക്കും ‘തന്ത്രപ്രധാനം’ എന്ന ടാഗ് നല്കാൻ ഗവണ്മെന്റിനു കഴിയും. വാർത്തകളുടെ അടിസ്ഥാനത്തിൽ, ഇത്തരം പദ്ധതികളെ പറ്റിയുള്ള ഒരു വിവരവും പബ്ലിക് ഡൊമൈനിൽ നല്കുന്നതായിരിക്കില്ല എന്നാണു EIA 2020 ഡ്രാഫ്റ്റ് പറയുന്നത്. വേണ്ടുന്ന വിദഗ്ദ്ധാഭിപ്രായമോ ഉടമസ്ഥാവകാശമോ ഇല്ലാതെ ഒരുപാട് പദ്ധതികൾക്കു അനുമതി ലഭിക്കാൻ ഈ അവ്യക്തത കാരണമാകാം.

ഇതിനൊക്കെ പുറമെ, നിയമലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ ഡ്രാഫ്റ്റിലൂടെ ഉണ്ടാവാൻ പോകുന്ന മറ്റൊരു വലിയ മാറ്റം. പരിസ്ഥിതി നിയമങ്ങളെ ലംഘിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പദ്ധതികൾക്ക് ഇതോടെ മുൻകാല പ്രാബല്യത്തോടെയുള്ള അനുമതി (post-facto clearance) വാങ്ങാവുന്നതാണ്. അനുമതികളില്ലാതെ പ്രവർത്തിക്കുന്ന പദ്ധതികൾക്ക് വേണ്ടിയുള്ള മാർച്ച് 2017 അറിയിപ്പിന്റെ ആവർത്തനമാണിത്. നിയമലംഘകന് പിഴയടച്ച് രക്ഷപ്പെടാൻ കഴിയും. നിയമലംഘനം മൂലം ആവാസവ്യവസ്ഥക്കുണ്ടായ നാശത്തിന്റെയും അതിലൂടെ ലഭിച്ച സാമ്പത്തിക ലാഭത്തിന്റെയും ഒന്നര/രണ്ടിരട്ടി അനുപാതത്തിൽ നഷ്ടം പരിഹരിക്കാനും പ്രകൃതി വിഭവങ്ങൾ പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള രണ്ട് പ്ലാനുകൾ മാത്രം മതിയാവും. മലിനമാക്കുന്നതിനനുസരിച്ച് പോസ്റ്റ്പെയ്ഡ് ആയി അടച്ചുതീർക്കുന്ന ഒരു സമ്പ്രദായം.

അതുകൊണ്ടാണല്ലോ ഇതിനു മുൻപും വനങ്ങളും ഗ്രാമങ്ങളുമൊക്കെ വികസനത്തിനായി നശിപ്പിച്ചുകൊണ്ടിരുന്നിട്ടും ഇന്നേവരെ രാജ്യമൊട്ടാകെ ഒന്നിച്ചൊരു ശബ്ദം ഉണ്ടാകാതെയിരുന്നത്.

EIA 2020 ഡ്രാഫ്റ്റ് ഗവണ്മെന്റ് നിയമലംഘകരെ എങ്ങനെയാവും കണ്ടെത്തുക എന്നുകൂടി പറയുന്നുണ്ട്. ഒരു ഗവണ്മെന്റ് അധികാരിയോ അല്ലെങ്കിൽ പദ്ധതിയുടെ നിർമ്മാതാവ് തന്നെയോ(!) ആവും അറിയിക്കുക. പൊതുജനങ്ങൾക്ക് ലംഘനങ്ങളെ പറ്റി പരാതിപ്പെടാനുള്ള സാധ്യതകളൊന്നുമില്ല. കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കുക എന്ന് കേട്ടിട്ടില്ലേ. EIA നടപ്പാക്കുന്നതിലും പോരായ്മകളുണ്ട്. പുറമേനിന്നുള്ള ഓഡിറ്റര്മാരും ഉപദേശകരും ആവും ഈ പഠനം നടത്തുക എന്നത് കൊണ്ട് അനുകൂലമായ റിപ്പോർട്ട് ലഭിക്കാൻ അധികം കഷ്ടപ്പെടേണ്ടി വരില്ല.
പക്ഷെ ദുർബലമാണെങ്കിൽ കൂടി ഇപ്പോൾ നിലവിലുള്ള EIA നടപടിക്രമങ്ങൾ അനിവാര്യമാണ്. തദ്ദേശനിവാസികളായ ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും ആകുലതകളും പ്രകടപ്പിക്കാം എന്നത് കൊണ്ട് പ്രത്യേകിച്ചും. ഇന്ത്യയിലെ വികസന പദ്ധതികൾ ഇപ്പോഴും കൊളോണിയൽ മനോഭാവത്തോടെയാണ് നടപ്പാക്കുന്നത് എന്നത് ചൂണ്ടിക്കാണിക്കേണ്ടതാണ്. ദേശീയ താൽപര്യങ്ങൾക്കു വേണ്ടിയുള്ള പ്രാദേശിക ചൂഷണം പരിസ്ഥിതി നശീകരണത്തിന്റെ ഒരു വലിയ കാരണമാണ്. അതുകൊണ്ടാണല്ലോ ഇതിനു മുൻപും വനങ്ങളും ഗ്രാമങ്ങളുമൊക്കെ വികസനത്തിനായി നശിപ്പിച്ചുകൊണ്ടിരുന്നിട്ടും ഇന്നേവരെ രാജ്യമൊട്ടാകെ ഒന്നിച്ചൊരു ശബ്ദം ഉണ്ടാകാതെയിരുന്നത്. ആദിവാസികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും ഒന്നും ആവശ്യങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ വിഷയങ്ങൾ ആവാത്തതും അവരുടേത് വിമതശബ്ദങ്ങളായി തള്ളപ്പെടുന്നതും. പരിസ്ഥിതിപ്രശ്നങ്ങളും സാമ്പത്തികശാസ്ത്രവും കൂട്ടിമുട്ടുന്ന സാഹചര്യങ്ങളിലെല്ലാം എക്കണോമിക്സ് ജയിക്കുന്നത് ജീവനുകളെക്കാളേറെ സമ്പത്തിനു വില കല്പിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ, മുതലാളികൾക് വേണ്ടി മുതലാളികൾ സ്ഥാപിച്ച ഗവണ്മെന്റിന്റെ, അതിനെതിരെ ശബ്ദമുയർത്താത്ത നമ്മൾ ഓരോരുത്തരുടെയും കുറ്റം ആണെന്ന് നമ്മളൊക്കെ ഇനി എന്നാണു മനസ്സിലാക്കുന്നത്. പ്രകൃതിസംരക്ഷണവും സാമ്പത്തികവളർച്ചയും പരസ്പരവിരുദ്ധമായ കാര്യങ്ങളായി കാണേണ്ടതില്ല. സുസ്ഥിരവികസനമാവണം ലക്ഷ്യം. ബട്ട് ആഫ്റ്റർആൾ അങ്ങനെയായാൽ ലാഭം കൊയ്യാൻ കഴിയാത്തതു കൊണ്ടും ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരുന്നത് അവരുടേതല്ലാത്തതു കൊണ്ടും അവർ മിണ്ടില്ല. പക്ഷേ നമ്മൾ ഇനിയും മിണ്ടാതിരുന്നുകൂടാ.

ഇതിനിടയിൽ ഈ ഡ്രാഫ്റ്റിനെതിരെ മുൻനിരയിൽ ഉണ്ടായിരുന്ന മൂന്ന് പരിസ്ഥിതിസംഘടനകളുടെ വെബ്സൈറ്റ്കൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇപ്പോഴുള്ള ഡ്രാഫ്റ്റ് പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതു തന്നെ നിയമവിരുദ്ധവുമാണ്.

പൗരനെന്ന നിലയിൽ ഇപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം EIA 2020യെ പറ്റിയുള്ള നമ്മുടെ വ്യാകുലതകളും ചിന്തകളും പരിസ്ഥിതിമന്ത്രാലയത്തെ അറിയിക്കുക എന്നതാണ്. പൂർണ്ണമായും പിൻവലിക്കാനും ആവശ്യപ്പെടാം. ഇപ്പോൾ ഉള്ള നിയമങ്ങൾ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്, മോശമാക്കുകയല്ല.
eia2020-moefcc@gov.in , secy-moef@nic.in എന്നീ അഡ്രസുകളിലേക്ക് മെയിൽ അയക്കുക. ഇമെയിൽ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഈ ലിങ്കിൽ പേരും മറ്റു വിവരങ്ങളും നൽകി ഓട്ടോമേറ്റഡ് ഇമെയിൽ അയക്കാൻ കഴിയുന്നതാണ്. പ്രാദേശിക ഭാഷകളും ലഭ്യമാണ്. മെയിൽ ബോഡിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ സ്പാം ഫോൾഡറിലേക്കാവും നമ്മുടെ മെയിൽ പോകുന്നത്. അവസാന തീയതി ഓഗസ്റ്റ് 11 ആണ് എന്നത് മറക്കേണ്ട.

3.6 8 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments