തെളിഞ്ഞിരിക്കുന്ന പതിനായിരം മൊബൈൽ ഫ്ലാഷുകൾക്കിടയിൽ “ധോണി… ധോണി…” എന്നാ ആരവങ്ങൾക്കു നടുവിൽ, ബാറ്റുമേന്തി, കയ്യിലെ ഗ്ലൗസും മുറുക്കി ഏഴാം നമ്പർ ജേഴ്‌സിയിൽ ആ മനുഷ്യൻ ഇനിയില്ല.
അങ്ങനെ അതും സംഭവിച്ചു. മഹേന്ദ്രസിംഗ് ധോണി ഇനി ഇന്ത്യൻ കുപ്പായത്തിലില്ല. 2019 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ തലതാഴ്ത്തി നടന്നകന്ന മഹാവിസ്മയം തന്റെ യാത്ര അവസാനിപ്പിക്കുകയാണ്. ഇതെഴുതുമ്പോൾ എന്റെ പേന യാന്ത്രികമായി ചലിക്കുന്നത് പോലെ തോന്നുന്നു. പല വാക്കുകൾക്കും എനിക്ക് ചിന്തിക്കേണ്ടതായി വരുന്നില്ല. ആരാധനയെന്നോ അതോ അതിനുമപ്പുറം മറ്റെന്തൊക്കെയോയായിരുന്നു എനിക്കാ മനുഷ്യനോട്. സച്ചിനെ ക്രിക്കറ്റ് ലോകം ദൈവത്തോളം വാഴ്ത്തിയപ്പോഴും എന്റെ മനസിലേയ്ക്ക് ഓടിക്കയറിയത് ആ സ്വർണതലമുടിക്കാരനായിരുന്നു.
വർഷം 2007. ജൊഹന്നാസ്ബർഗിലെ ആദ്യ T20 വേൾഡ് കപ്പ് ഫൈനൽ. മഹേന്ദ്രസിംഗ് ധോണി എന്നാ ക്രിക്കറ്റ് ലെജന്റിന്റെ ഉദയം. ഒരേഴാം ക്ലാസുകാരന്റെ ക്രിക്കറ്റ് കൗതുകത്തോടെ ടീവി സ്‌ക്രീനിൽ നോക്കി നഖം കടിച്ചിരുന്ന എനിക്കറിയില്ലായിരുന്നു, ഇന്ത്യയ്ക്ക്, ഇന്ത്യ എന്ന രാജ്യത്തിനു ആ സ്വർണകപ്പ് എത്രത്തോളം വലുതായിരുന്നെന്നു. പിറ്റേന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് എനിക്കിന്നും ഹൃദ്യമാണ്, ലോകകപ്പും കയ്യിലുയർത്തി നിൽക്കുന്ന ഒരു സ്വർണ്ണ തലമുടിക്കാരൻ. കേവലം ആരാധന എന്ന് പറയുന്നത് തെറ്റാകും. സത്യത്തിൽ പിന്നീടങ്ങോട്ട് ഞാനയാളെ പിന്തുടരുകയായിരുന്നു, ഭ്രാന്തമായി. കളിക്കളത്തിൽ, സ്പോർട്സ് വാരികയിൽ, ഗോസ്സിപ്പ് കോളത്തിൽ, പരസ്യങ്ങളിൽ… അങ്ങനെ ധോണി ഉള്ളതെല്ലാം എനിക്ക് പ്രിയപ്പെട്ടതായി.
എന്റെ കുട്ടിക്കാലത്തിൽ ധോണി എന്ന ആ മനുഷ്യൻ ചെലുത്തിയ ഇടപെടലുകൾ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തെല്ലു ജാള്യതയോടും അതിലേറെ കൗതുകവുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
വർഷം 2008. ആദ്യമായി ഐപിഎൽ ആരംഭിച്ചു. ധോണിയോടൊപ്പം CSK എന്റെ മറ്റൊരു കുടുംബമായി. ഹെയ്ഡനും ഹസ്സിയും റൈനയുമെല്ലാമായി ലോകത്തിന്റെ പല കോണിലുമുള്ള കളിക്കാർ കുടുംബക്കാരായി മാറി. രാത്രിയേറെയുള്ള ഐപിഎൽ മത്സരങ്ങൾ ഉത്സവങ്ങളായി, മറ്റു ടീമിന്റെ ആരാധകരായ സുഹൃത്തുക്കൾ ഐപിഎൽ കാലത്തെ ശത്രുക്കളായി. CSK യുടെ വിജയവും പരാജയവും എന്റെ രാത്രികളുടെ ദൈർഖ്യം കൂട്ടി. ധോണി എത്ര സിക്സ് അടിച്ചു, എത്ര സ്കോർ ചെയ്തു… ഇതെല്ലാം എന്റെ അന്താരാഷ്ട്ര പ്രശ്നങ്ങളായി. എന്റെ കുട്ടിക്കാലത്തിൽ ധോണി എന്ന ആ മനുഷ്യൻ ചെലുത്തിയ ഇടപെടലുകൾ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തെല്ലു ജാള്യതയോടും അതിലേറെ കൗതുകവുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
2011 ലെ ക്രിക്കറ്റ് വേൾഡ്കപ്പ്. മുംബൈ വാങ്കഡെ സ്റ്റേഡിയം. 1983നു ശേഷം ഇന്ത്യൻ ജനതയുടെ ദീർഘനാളത്തെ കാത്തിരിപ്പ്. 2003- ൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടത് 2011-ൽ തിരിച്ചുപിടിക്കുമെന്ന് ഒരു ഊർജ്ജം ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായിരുന്നു. അതിന് പ്രധാന കാരണം ഇന്ത്യയുടെ ക്രിക്കറ്റ് ദൈവത്തിനെ ലോകകപ്പ് ഇല്ലാതെ പടിയിറക്കാന്‍ പാടില്ല എന്ന ദൃഢനിശ്ചയം ആയിരുന്നു. ആ കൂട്ടുത്തരവാദിത്വത്തിന്റെ അമരക്കാരൻ MSD യും. ഏപ്രിൽ 2, ആ സ്വപ്നത്തിന്റെ അവസാനമായിരുന്നു. 2003 ആവർത്തിക്കരുത്. ശ്രീലങ്ക ഉയർത്തിയ 274 എന്ന സംഖ്യയ്ക്ക് മുൻപിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ ഗംഭീറിനെ കൂട്ടുപിടിച്ച് സാക്ഷാൽ ധോണി അവതരിച്ചു.
“Dhoniiiiii…finishes off in style’a magnificent strike into the crowd’India lift the World Cup after 28 years’the parties start in the dressing room’and it’s an Indian Captain who has been absolutely magnificent in the night of the final.”
അവസാന സിക്സ് ഗാലറിയിലേക്ക് പറത്തി ഒരു മാന്ത്രികന്റെ അനായാസത്തോടെ അയാൾ ബാറ്റ് ചുഴറ്റിയപ്പോൾ ഇന്ത്യ സന്തോഷത്തിൽ കരയുകയായിരുന്നു. സച്ചിനെ ചുമലിലേറ്റി ഇന്ത്യൻ ടീം ഗ്രൗണ്ട് ചുറ്റിയപ്പോഴും, കിരീടം ഏറ്റുവാങ്ങി ഒരോരത്തു മാറി നിൽക്കുമ്പോഴും ആ മനുഷ്യൻ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരു ക്യാപ്റ്റൻ അയാളുടെ ജീവിതത്തിലെ പൂർണ്ണതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എങ്ങനെയാണ് ഇത്ര ശാന്തത കൈവരിക്കാനാവുക.
വന്ന വഴി മറന്ന ആൾ, അവസര നിഷേധി, സ്വജനപക്ഷപാതി, തുഴയൻ, വയസ്സൻ എന്നിങ്ങനെ എത്രത്തോളം ഒരാളെ ഇകഴ്ത്താമോ അതൊക്കെ വിമർശകർ ചെയ്തിട്ടുണ്ട്.
പിന്നീട് നീണ്ട വർഷങ്ങൾ. അതിലേറെ നീണ്ട കരിയർ റെക്കോർഡ്സും. ക്രിക്കറ്റിൽ presense of mind നു എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ധോണിയുടെ ground methods ശ്രദ്ധിച്ചാൽ മതി. ക്രിക്കറ്റ് ബുദ്ധിയേക്കാൾ presense of mind യിലൂടെ ആണ് അദ്ദേഹം കളി നിയന്ത്രിച്ചിരുന്നത് എനിക്ക് തോന്നിയിട്ടുണ്ട്. ഫീൽഡ് സെറ്റ് ചെയ്യുമ്പോഴും, ബൗളേഴ്‌സിന് നിർദ്ദേശം നൽകുമ്പോഴും, വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോഴും അതിന്റെ പ്രതിഭ ഇങ്ങനെ തെളിഞ്ഞു നിന്നിരുന്നു. വിസ്ഫോടനകരമായ ബാറ്റിങ്ങും അതിസൂക്ഷ്മമായ വിക്കറ്റ് കീപ്പിങ്ങും കൊണ്ട് ഒരു ക്രിക്കറ്റ് കാലഘട്ടത്തിനെ ധോണി തന്റെ കയ്യിലിട്ട് അമ്മാനമാടി. 2014ന് ശേഷം പടിയിറക്കങ്ങളുടെ നാളുകളായിരുന്നു. എന്നുമെന്നും ധോണിയുടെ ജീവിതം അപ്രതീക്ഷിതമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു. അതിന്റെ ഉദാഹരണമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള അപ്രതീക്ഷിത പടിയിറക്കം. പിന്നീട് എന്നുമെന്നും ധോണിയുടെ സിഗ്നേച്ചർഷിപ്പായി കണക്കാക്കപ്പെട്ട ക്യാപ്റ്റൻ സ്ഥാനം തന്നെ പിന്മുറക്കാരനായ കോഹ്‌ലിക്ക് നൽകി ധോണി ടീമിൽ തുടർന്നു. എന്നും ധോണി ആയിരിക്കും തന്റെ ക്യാപ്റ്റൻ എന്ന കോഹ്‌ലിയും തുറന്നു പറഞ്ഞ കാര്യമാണ്. ‘A Captain is always a captain’. ഈ വാക്കുകളുടെ ജീവിക്കുന്ന ദൃശ്യങ്ങളാണ് പിന്നീടുള്ള ഇന്ത്യൻ ക്രിക്കറ്റിലും കണ്ടത്. ഇന്ത്യൻ ക്രിക്കറ്റിന് ധോണി എന്ന ചാലകശക്തി എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നതിന്റെ തെളിവുകളായിരുന്നു അവ. വിമർശന ശരങ്ങളെ ഇത്രത്തോളം നേരിട്ട മറ്റൊരു ഇന്ത്യൻ താരം ഉണ്ടോ എന്ന് സംശയമാണ്. വന്ന വഴി മറന്ന ആൾ, അവസര നിഷേധി, സ്വജനപക്ഷപാതി, തുഴയൻ, വയസ്സൻ എന്നിങ്ങനെ എത്രത്തോളം ഒരാളെ ഇകഴ്ത്താമോ അതൊക്കെ വിമർശകർ ചെയ്തിട്ടുണ്ട്. എന്നാൽ ധോണി എന്ന ക്രിക്കറ്റ് പ്രതിഭയുടെ നിഴലിൽ പോലും അത് മങ്ങലേൽപ്പിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.
ആരാധകർ തലയിൽ കൈ വെച്ചു, ചിലർക്ക് കരച്ചിൽ അടക്കാനായില്ല, കമന്ററി ബോക്സിൽ സൗരവ് ഗാംഗുലിയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
2019 ജൂലൈ 9. ധോണിക്ക് ഇനിയൊരു ലോകകപ്പ് പരമ്പര ഉണ്ടാകില്ല. 2011 ൽ സച്ചിന് നേടിക്കൊടുത്തത് അതേ പ്രാധാന്യത്തിൽ ധോണിയും അർഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായിരുന്നു. സെമി ഫൈനലിൽ ന്യൂസിലൻഡ് ഉയർത്തിയത് 240 റൺസ് വിജയലക്ഷ്യം. കെ. എൽ. രാഹുലും രോഹിത് ശർമയും കോഹ്‌ലിയും ഓരോ റൺസ് വീതം നേടി കൂടാരം കയറി. അപ്പോഴും ഇന്ത്യ പ്രതീക്ഷയിലായിരുന്നു. 2011 ആവർത്തിക്കും എന്ന് അവർ വിശ്വസിച്ചു. എല്ലാ തവണയും പോലെ ടീമിനെ സ്വന്തം തോളിലേറ്റി ധോണി വിജയതീരത്ത് എത്തിക്കുമെന്ന് എന്ന് എല്ലാവരും കരുതി. Strike കൈമാറിയും, സിംഗിളുകൾ എടുത്തും ധോണി തനത് ശൈലിയിൽ കളി മുന്നോട്ടുകൊണ്ടുപോയി. അർദ്ധ സെഞ്ച്വറിയും കടന്നു. എന്നാൽ നൊടിയിടയിൽ സംഭവിച്ച ഒരു പിഴവ് ഇന്ത്യൻ സ്വപ്നങ്ങളെ തച്ചുടച്ചു. മാർട്ടിൻ ഗുപ്റ്റിലിന്റെ ത്രോ സെന്റീമീറ്ററുകൾക്ക് അകലെ ധോണിയുടെ സ്റ്റമ്പ് പിഴുതു. ആരാധകർ തലയിൽ കൈ വെച്ചു, ചിലർക്ക് കരച്ചിൽ അടക്കാനായില്ല, കമന്ററി ബോക്സിൽ സൗരവ് ഗാംഗുലിയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിലേറെ ഇന്ത്യൻ ക്രിക്കറ്റിനെ ചുമലിൽ ഏറ്റിയ, പരാജയത്തിന് പടുകുഴിയിൽ നിന്നു അസാധ്യമായതിനാൽ സാധ്യമാക്കിയും, അസാമാന്യ മികവുകൊണ്ട് അവസാന ഓവറിൽ ആധിപത്യം സ്ഥാപിക്കാറുള്ള ധോണിക്ക് കാലിടറി. യുദ്ധഭൂമിയിൽ നിന്നും മുറിവേറ്റ പട്ടാളക്കാരനെ പോലെ അയാൾ തല താഴ്ത്തി പവലിയനിലേക്ക് നടന്നു. പിന്നീട് മാസങ്ങൾ നീണ്ട ക്രിക്കറ്റ് വനവാസം, ടീമിൽ നിന്നും സ്വയം പിന്മാറിയും ഔദ്യോഗിക കാര്യത്തിന് അവധിയിൽ പ്രവേശിച്ചും, രാജ്യമൊട്ടുക്ക് ഉണ്ടായ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ അയാൾ ഒഴിഞ്ഞുമാറി. തനതായ ധോണി ടച്ച് ഒട്ടും വിടാതെ അപ്രതീക്ഷിതമായ ഒരു വിടപറച്ചിൽ. അതും സോഷ്യൽ മീഡിയയിലെ രണ്ട് വരികളിൽ ഒതുക്കി.
സച്ചിന് ശേഷം ഇന്ത്യ ഇത്രത്തോളം ആഘോഷിച്ച ഒരു ക്രിക്കറ്റർ ഉണ്ടായിട്ടില്ല. ധോണി പാഡ് അപ്പ് ചെയ്തു ഗ്രൗണ്ടിലേക്ക് വരുന്ന കാഴ്ച ഏറ്റവും ഹൃദ്യമാണ്. തെളിഞ്ഞിരിക്കുന്ന പതിനായിരം മൊബൈൽ ഫ്ലാഷുകൾക്കിടയിൽ “ധോണി ധോണി ” എന്നാ ആരവങ്ങൾക്കു നടുവിൽ, ബാറ്റുമേന്തി, കയ്യിലെ ഗ്ലൗസും മുറുക്കി 7 ആം നമ്പർ ജേഴ്‌സിയിൽ ആ മനുഷ്യൻ ഇനിയില്ല എന്ന തിരിച്ചറിവ് നീറുന്ന ഒരു യാഥാർഥ്യമായി ഒരു കാലഘട്ടത്തിനു തിരശീലയിടുന്നു.
Goodbye MSD
🥳🥳🥰
🤝
😍
pappaoooooo