വാര്‍ത്തയുമായി നേരെ പത്രമോഫീസിലേക്ക്. അവിടെ ഇരുന്ന് നാലഞ്ചു പേജ് എഴുത്ത്. പിന്നെ ഡി.ടി.പിയില്‍. പ്രിന്റ് എടുത്ത് വായന. പ്രൂഫ്, അത് കഴിഞ്ഞ് പേജ് എഡിറ്റര്‍മാരുമായി ഗുസ്തി. പെട്ടിക്കോളത്തില്‍ കൊടുക്കേണ്ടത് അങ്ങനെ വേണം. അങ്ങനെ ചെയ്യാത്ത എഡിറ്റര്‍മാരോട് കശപിശ. ഒന്നാം പേജിലേക്ക് കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷണം.
മുപ്പത്തഞ്ചുകൊല്ലത്തിനിടെ പത്രലോകത്ത് കണ്ടുമുട്ടിയ ഒരു അദ്ഭുതജീവിയാണ് ജബ്ബാര്‍ കൊടിയത്തൂര്‍. ഒരു ഇന്സ്റ്റിട്ട്യൂട്ടില് നിന്നും ജേണലിസം പഠിച്ചിട്ടില്ല. എന്നാല്‍, പത്രപ്രവര്‍ത്തനത്തെപ്പറ്റി ഏത് ഇന്‍സ്റ്റിട്ട്യൂട്ടിലും ഒന്നല്ല, നൂറുകണക്കിന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ജബ്ബാറിനാവും. അത്രക്ക് പത്രാനുഭവമുണ്ട്! ഒരു ഫാക്കല്ട്ടിക്കും നല്കാന് പറ്റാത്ത ക്ളാസ്!!
എഡിറ്ററല്ല, റിപ്പോര്‍ട്ടറല്ല, പ്രൂഫ് റീഡറുമല്ല. വെറുമൊരു ഏജന്റ്. പത്താം ക്ളാസ് കടന്നു കിട്ടാത്ത ആള്. എന്നാല്‍ വിറ്റുപോവുന്ന ഒരു പത്രമിറക്കാന്‍ വേണ്ട മാര്‍ക്കറ്റ് ഓറിയന്റേഷനുണ്ട്. ഐ.ഐ.എമ്മില്‍ നിന്ന് പഠിച്ചതല്ല, ജീവിതം കൊണ്ട് നേടിയത്. ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പത്രം ഏജന്റ് പാഠമാവുന്നത് അങ്ങനെയാണ്.
അതുകൊണ്ടാണ് കൊടിയത്തൂരിലെ മാര്‍ക്കറ്റിലെത്തുന്ന മറ്റു പത്രങ്ങളുമായി ജബ്ബാറിന് മത്സരിക്കാന്‍ കഴിയുന്നത്. മിക്കപ്പോഴും അവയെ പിന്നിലാക്കാനും കഴിയുന്നു. ജബ്ബാര്‍ വിതരണം ചെയ്യുന്ന കേരളകൗമുദിയേക്കാള്‍ പേജുകളുടെ എണ്ണം കൂടുതലുള്ളവ. കളര്‍ പേജുകള്‍ കൂടുതലുള്ളവ. കൂടുതല്‍ നല്ല ന്യൂസ് പ്രിന്റില്‍ അടിക്കുന്നവ. എന്നിട്ടും ജയിക്കുന്നത് ജബ്ബാര്‍. അതാണ് അദ്ഭുതം!
സ്വര്‍ണ്ണക്കടലാസില്‍ നൂറ് പേജ് വാര്ത്താബിരിയാണി വച്ചു വിളമ്പിയാലും ജബ്ബാറിനെ തോല്പിക്കാനാവില്ല. കാരണം മറ്റു പത്രങ്ങളെല്ലാം അച്ചടിക്കുന്നത് അങ്ങ് കോഴിക്കോട്ട് നിന്നാണ്. ആ പത്രങ്ങളില്‍ വാര്‍ത്ത നല്‍കുന്നത് ഡെസ്കിലെ എഡിറ്റര്‍മാരാണ്. പ്രാദേശിക വാര്‍ത്തകളുടെ മുന്‍ഗണന നിശ്ചയിക്കുന്നത് ഫീല്‍ഡിന്റെ പള്‍സ് അറിയാത്ത പത്രപ്രവര്‍ത്തകരാണ്.
അടിച്ച പത്രവുമായി നേരെ റോഡും പുഴയും വയലും താണ്ടി വരിക്കാരിലേക്ക്. അവസാനത്തെ കോപ്പി വിതരണം കഴിയുമ്പോഴേക്കും ഉച്ച പന്ത്രണ്ടു മണി.
പക്ഷേ, ജബ്ബാറിന്റെ പത്രം തയ്യാറാക്കുന്നത് ജബ്ബാറാണ്. കൊടിയത്തൂരില്‍ ഈച്ച പാറിയാലും പൂച്ച പെറ്റാലും ജബ്ബാര്‍ അറിയാതെ പോവില്ല. ചുള്ളിക്കാപറമ്പും ചെറുവാടിയും സൗത്ത് കൊടിയത്തൂരും പന്നിക്കോടും എന്നു വേണ്ട അവിടത്തെ നാലും കൂടിയ ഇടവഴി വരെ പത്രത്തില്‍ വരും. ഇരുവഞ്ഞിപ്പുഴയുടെ കരയിടിഞ്ഞാലും അതില്‍ നിന്ന് മണല്‍ കോരിയാലും അവിടത്തെ പമ്പ് കേടായാലും അതിന്റെയെല്ലാം വിശദാംശങ്ങള്‍ മറ്റു പത്രങ്ങളില്‍ ഉള്ളതിനേക്കാളും വിശദമായി ജബ്ബാറിന്റെ പത്രത്തിലുണ്ടാവും.
തനിയെ ഉണ്ടായി വരുന്നതല്ല. വാര്‍ത്തയുമായി നേരെ പത്രമോഫീസിലേക്ക്. അവിടെ ഇരുന്ന് നാലഞ്ചു പേജ് എഴുത്ത്. പിന്നെ ഡി.ടി.പിയില്‍. പ്രിന്റ് എടുത്ത് വായന. പ്രൂഫ്, അത് കഴിഞ്ഞ് പേജ് എഡിറ്റര്‍മാരുമായി ഗുസ്തി. പെട്ടിക്കോളത്തില്‍ കൊടുക്കേണ്ടത് അങ്ങനെ വേണം. അങ്ങനെ ചെയ്യാത്ത എഡിറ്റര്‍മാരോട് കശപിശ. ഒന്നാം പേജിലേക്ക് കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷണം.
പിന്നെ, പ്ളെയിറ്റിന്റെ കൂടെ പ്രസ്സിലേക്ക്. പത്രക്കെട്ടില്‍ എണ്ണം കുറയുന്നില്ലെന്ന് ഉറപ്പാക്കല്‍. അടിച്ച പത്രവുമായി നേരെ റോഡും പുഴയും വയലും താണ്ടി വരിക്കാരിലേക്ക്. അവസാനത്തെ കോപ്പി വിതരണം കഴിയുമ്പോഴേക്കും ഉച്ച പന്ത്രണ്ടു മണി. സഹായിക്കാന്‍ ഒരു കുട്ടിയുമില്ല. പല വരിക്കാരില്‍ നിന്നും അതത് ദിവസം തന്നെ കളക്ഷനും എടുക്കുന്നു. മറ്റു ചിലരില്‍ നിന്ന് ആഴ്ചയില്‍.
റേഷന്‍ ഷാപ്പില് മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍, ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍ എത്തിയില്ലെങ്കില്‍, വില്ലേജ് ഓഫീസില്‍ നികുതി റസീറ്റ് കിട്ടാനില്ലെങ്കില്‍, ബസിന്റെ ലാസ്റ്റ് ട്രിപ്പ് ഓടുന്നില്ലെങ്കില്‍, മുദ്രപത്രത്തിന് ക്ഷാമം നേരിട്ടാല്‍,…. വി.കെ.എന്‍ ശൈലിയില്‍ ഇടപെട്ട്വളയും ജബ്ബാര്‍. കഴിഞ്ഞ നാലുദശാബ്ദമായി ജബ്ബാറാണ് കൊടിയത്തൂരിലെ സൂപ്പര്‍ സ്റ്റാര്‍.
ഒരിക്കല്‍ കൊടിയത്തൂരിലെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ഇങ്ങനെയൊരു അറിയിപ്പ്. ഇന്ന് ഒ.പി.ഉണ്ടായിരിക്കുന്നതല്ല. ഇടപെട്ടു ജബ്ബാര്‍. ആ ബോര്‍ഡിന്റെ ഫോട്ടൊയുമായി ഓഫീസിലെത്തി. ഫോട്ടൊസഹിതമായിരുന്നു വാര്‍ത്ത. ഡി.എം.ഒയ്ക്ക് ഇടപെടാതിരിക്കാനായില്ല. അവിടെ അഡിഷണല്‍ ഡോക്ടര്‍ എത്തി.
തീര്‍ന്നില്ല. ജബ്ബാര്‍ വിടാതെ പിടികൂടി. അങ്ങനെ ഞായറാഴ്ചയും ഒ.പി.തുറക്കാന്‍ തുടങ്ങി. മൂന്ന് ഡോക്ടര്‍മാരായി. ഏറ്റവുമൊടുവില്‍ ഒരു സന്തോഷ വാര്‍ത്ത കൂടി കേള്‍പ്പിച്ചാണ് അടങ്ങിയത്. ഉച്ചക്ക് ഒരു മണി വരെ മാത്രം തുറന്നിരുന്ന ഒ.പി. വൈകീട്ട് ആറു മണി വരെ തുറന്നിരിക്കാന്‍ പോവുന്നു എന്ന വാര്‍ത്ത.
എന്നാല്‍, അങ്ങനെ വരുന്ന വാര്‍ത്ത ജബ്ബാറിനെ മറി കടന്നാണ് എത്തുന്നതെങ്കില്‍ അന്ന് ഓഫീസില്‍ കിയാമം നാളിന്റെ പുകിലായിരിക്കും. ഏജന്‍സി നിര്‍ത്തുമെന്നും ഇങ്ങനെ മുന്നോട്ടു പോവാനാവില്ലെന്നും പറഞ്ഞ് ഭീഷണിയാവും.
കൊടിയത്തൂരില്‍ നിന്ന് ഒരിക്കല്‍ ഒരാളെ പൊലീസ് പൊക്കി. അതിന്റെ സകല വിവരങ്ങളും ജബ്ബാറിന്റെ കയ്യിലുണ്ട്. പക്ഷേ, മുക്കം പൊലീസ് സ്ഥിരീകരിക്കുന്നില്ല. അവിടെ നിന്നാണ് സ്ഥിരീകരണം വരേണ്ടത്. പൊലീസില്‍ നിന്ന് കിട്ടാതെ വാര്‍ത്ത കൊടുത്താല്‍ പ്രശ്നമാവുമോ എന്ന നിലയില്‍ മുക്കത്തെ പത്രലേഖകര്‍ ശങ്കിച്ചു നിന്നു. ജബ്ബാര്‍ നേരെ കോഴിക്കോട്ടെ ഓഫീസിലെത്തി. വള്ളി പുള്ളി തെറ്റാതെ എല്ലാം എഴുതീട്ടുണ്ട്.
പക്ഷേ, ഒരു കണ്ടീഷന്‍. ഡേറ്റ് ലൈന്‍ കൊടിയത്തൂര്‍ വേണ്ട. കോഴിക്കോട് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന പോലെ കൊടുത്താല്‍ മതി. തന്റെ കണ്മുന്നില് വച്ച് ആളെ പൊക്കിയിട്ടും എഫ്.ഐ.ആര് ഇട്ടില്ലെന്ന് പറയുന്ന സാങ്കേതികത്വത്തിന്റെ രീതിയൊന്നും ജബ്ബാറിന് പിടിക്കില്ല. അതാണ് ജബ്ബാര്‍.
പല പ്രാദേശിക ലേഖകര്‍ക്കും അവരുടെ ഡേറ്റ് ലൈനിനോടാണ് പ്രിയം. ജബ്ബാറിന് പ്രിയം വാര്‍ത്തയോടും. ഡേറ്റ് ലൈന്‍ എന്തായാലും വാര്‍ത്ത വന്നാല്‍ മതി. എന്നാല്‍, അങ്ങനെ വരുന്ന വാര്‍ത്ത ജബ്ബാറിനെ മറി കടന്നാണ് എത്തുന്നതെങ്കില്‍ അന്ന് ഓഫീസില്‍ കിയാമം നാളിന്റെ പുകിലായിരിക്കും. ഏജന്‍സി നിര്‍ത്തുമെന്നും ഇങ്ങനെ മുന്നോട്ടു പോവാനാവില്ലെന്നും പറഞ്ഞ് ഭീഷണിയാവും.
പക്ഷേ, ജബ്ബാര്‍ ഏജന്‍സി നിര്‍ത്തില്ലെന്ന് സര്‍ക്കുലേഷന്‍ മാനേജര്‍ക്ക് മാത്രമല്ല, തൂപ്പു ജോലിക്കെത്തുന്നവര്‍ക്ക് പോലുമറിയാം. കാരണം ഏജന്‍സിയെന്നത് ഒരു ജീവനോപാധിയല്ല, ആത്മാവാണ്. ബഹളം വയ്ക്കുന്നത് തന്റെ നിലപാട് പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം.
അടിയന്തരാവസ്ഥക്കാലമാണ് അത്. വലിയ രാഷ്ട്രീയമൊന്നും പറ്റില്ല. എന്നാലും തനിക്ക് കഴിയും പോലെ വിമതനായി ജബ്ബാര്‍.
കൂപ്പില് മരപ്പണിക്കാരനായിരുന്ന താളത്തില്‍ അബ്ദുറഹിമാന് തന്റെ മോന് പഠിച്ച് വല്യ ആളാവണമെന്ന് കരുതി. അതിനു വേണ്ടിയാണ് മൂത്ത മോനെ മലപ്പുറം ജില്ലയിലെ പെരുമ്പറമ്പ് ഹൈസ്കൂളിലെത്തിച്ചത്. പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ടാവും കൊടിയത്തൂരില്‍ നിന്ന് പെരുമ്പറമ്പിലേക്ക്. അക്കാലത്ത് കൊടിയത്തൂരില്‍ ഹൈസ്കൂളില്ല. ആലുക്കലെ ഒരു ബന്ധുവീട്ടില്‍ താമസിച്ചായിരുന്നു പഠനം. എന്നാല്‍ എല്ലാവിഷയത്തിലും തോറ്റ് തൊപ്പിയിട്ട് പെരുമ്പറമ്പില്‍ നിന്ന് മടങ്ങി.
കൊടിയത്തൂരില്‍ തിരിച്ചെത്തി. ആ നാട്ടിലെ ഒരു വിധം ആള്‍ക്കാരൊക്കെ മുസ്ലീംലീഗാണ്. ജബ്ബാര്‍ അതിന്റെ എതിരാളിയായ വിമതലീഗില് ചേര്‍ന്നു. ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗില്‍ നിന്ന് വിഘടിച്ചു പോയ അഖിലേന്ത്യാ മുസ്ലീം ലീഗിനെ അന്നാട്ടുകാര്‍ വിമത ലീഗ് എന്നാണ് വിളിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലമാണ് അത്. വലിയ രാഷ്ട്രീയമൊന്നും പറ്റില്ല. എന്നാലും തനിക്ക് കഴിയും പോലെ വിമതനായി ജബ്ബാര്‍.
ലീഗിനെതിരെ പ്രവര്‍ത്തിക്കാന്‍ പറ്റിയ നല്ല ഏര്‍പ്പാട് അതായിരുന്നു. അങ്ങനെ പ്രവര്‍ത്തിച്ച് പ്രവര്‍ത്തിച്ച് വിമതലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസിന്റെ ഏജന്‍സിയെടുത്തു. കണ്ണില്പെടുന്ന കൊള്ളരുതായ്മകളെല്ലാം ലീഗ് ടൈംസിലേക്ക് എഴുതി അയച്ചു.
‘നലുങ്കുട്ടിടെയ്’ എന്നാല്‍ ‘നാലും കൂടിയ ഇടവഴി’ ആണെന്നൊക്കെ മനസ്സിലാക്കിയെടുക്കാന്‍ നിരവധി കാലത്തെ സാധന വേണ്ടി വന്നു. ജബ്ബാറിന്റെ ‘നബൂരി’ മൂരിയല്ലെന്നും, ‘നമ്പൂതിരി’യാണെന്നും ഇപ്പോള്‍ നന്നായറിയാം.
ജബ്ബാര്‍ എഴുതുന്നത് മലയാളമല്ല, അറബിയല്ല, ഇംഗ്ളീഷല്ല, കടലാസും പേനയുമായി കുറെ നേരം ഇരിക്കും. എന്തൊക്കെയോ എഴുതും. ഒരാള്‍ക്കും വായിക്കാനാവില്ല. അവസാനം ജബ്ബാര്‍ തന്നെ അത് നോക്കി വായിച്ചു കൊടുക്കും. കമ്പോസിറ്റര്‍മാര്‍ അത് കേട്ടടിക്കും. അപ്പോള്‍ എഴുതിയതിന്റെ സന്തോഷം ജബ്ബാറിന്. അടിക്കുന്നവര്ക്കാകട്ടെ പ്രയാസവുമില്ല.
അന്നുമിന്നും ജബ്ബാറിന്റെ എഴുത്ത് വായിക്കാന്‍ പത്രമോഫീസിലെ കമ്പോസിറ്റര്മാര്ക്കേ കഴിയൂ. എഡിറ്റര്‍മാര്‍ നിസ്സഹായരാണ്. ഏതാണ്ട് ഒരു ഊഹം വച്ച് ഇന്നതാവും എഴുതിയത് എന്ന് തീരുമാനിക്കും. എന്നാല്‍ ആളുകളുടെ പേര്, സ്ഥലപ്പേര് എന്നിവ എഴുതുമ്പോഴാണ് കുഴങ്ങിപ്പോവുക. ‘നലുങ്കുട്ടിടെയ്’ എന്നാല്‍ ‘നാലും കൂടിയ ഇടവഴി’ ആണെന്നൊക്കെ മനസ്സിലാക്കിയെടുക്കാന്‍ നിരവധി കാലത്തെ സാധന വേണ്ടി വന്നു. ജബ്ബാറിന്റെ ‘നബൂരി’ മൂരിയല്ലെന്നും, ‘നമ്പൂതിരി’യാണെന്നും ഇപ്പോള്‍ നന്നായറിയാം.
ലീഗ് ടൈംസുമായി നടക്കുന്ന കാലത്താണ് മലബാറില്‍ ഒരു പുതിയ വാര്‍ത്താ യുഗപ്പിറവി എന്ന പരസ്യവാചകവുമായി കേരളകൗമുദിയുടെ രണ്ടാമത്തെ എഡിഷന് കോഴിക്കോട്ട് തുടങ്ങിയത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് പറ്റിയ ഇടമാവും അതെന്ന് ആരോ ജബ്ബാറിനോട് പറഞ്ഞു. അങ്ങനെ 1984 നവംബര്‍ പതിനൊന്നിന് ജബ്ബാര്‍ കൗമുദിയിലെത്തി.
ജബ്ബാര്‍ എന്ന ഈ പത്രജീവിയെ മാധ്യമം പത്രം അതിന്റെ രജതജൂബിലി വര്‍ഷത്തില്‍ അനുസ്മരിച്ചു. മാധ്യമത്തെ സഹായിച്ചതിനല്ല, അതിഭയങ്കരമായി എതിര്‍ത്തതിന്. എഴുതിയതാകട്ടെ, മാധ്യമം പത്രാധിപര്‍ ഒ. അഹ്ദുറഹിമാന്‍. അദ്ദേഹം എഴുതിയ അനുസ്മരണക്കുറിപ്പിലാണ് മറ്റൊരു പത്രത്തിന്റെ ഏജന്റായ ജബ്ബാറിനെ മാതൃകയാക്കി കാണിച്ചത്. ഫീല്‍ഡില്‍ എങ്ങനെ വര്‍ക്ക് ചെയ്യണമെന്നതിന് ഉദാഹരണമായിട്ടാണ് ആ ലേഖനത്തില്‍ ജബ്ബാറിനെ കുറിച്ചെഴുതിയത്.
ഒ. അഹ്ദുറഹിമാന്‍ ആ ലേഖനം എഴുതുന്നതിനും പത്തിരുപത് വര്‍ഷം മുമ്പ് മാധ്യമം പത്രത്തിനെതിരെ വസ്തുതകള്‍ നിരത്തി ജബ്ബാര്‍ നടത്തിയ ആക്രമണം അതിന്റെ എഡിറ്ററുടെ മനസ്സില്‍ അത്രയും കാലം അവശേഷിപ്പിക്കാനായത് ചില്ലറ കഴിവല്ല. മാധ്യമത്തിന് പറ്റിപ്പോയ എന്തോ ഒരു അബദ്ധമാണ് ജബ്ബാര്‍ ആ നാട്ടില്‍ മുഴുവന്‍ വന്‍തോതില്‍ പ്രചരിപ്പിച്ചത്. ഒരു മറുപടിയും പറയാന്‍ പറ്റാത്ത വിധമുള്ള ഒരു അക്കിടി.
ജബ്ബാര്‍ എന്തു തൊട്ടാലും അത് പാഴാവില്ല. മുബാഹല എന്നൊരു സത്യപരീക്ഷണമുണ്ട് ഇസ്ലാമില്‍. സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാന്‍ വയ്യാതാവുമ്പോള്‍ സത്യം കണ്ടെത്താന്‍ നടത്തുന്ന പരീക്ഷണം. കേരളത്തില്‍ ആ പരീക്ഷണം നടന്ന ഒരേ ഒരു സ്ഥലം കൊടിയത്തൂരാണ്. ഇരു കൂട്ടരും ഒരേ സ്റ്റേജില്‍ അണിനിരന്ന് തങ്ങളുടെ പക്ഷത്താണ് സത്യം എന്നു പറയുമ്പോള്‍ അള്ളാഹു ദൃഷ്ടാന്തം കാണിക്കുമെന്നാണ് വിശ്വാസം.
അക്കാലത്ത് അതിന്റെ വിശദാംശങ്ങള്‍ വള്ളി പുള്ളി തെറ്റാതെ ഒപ്പിയെടുത്തു. മുബാഹല കഴിഞ്ഞിട്ടും കോലാഹലം കഴിഞ്ഞില്ല. ആരോ അതിന്റെ ഒരു സ്കോര്‍ ബോര്‍ഡ് ചുള്ളിക്കാപറമ്പ് അങ്ങാടിയില്‍ സ്ഥാപിച്ചു. ഫുട്ബാള്‍ മത്സരത്തിന്റെ സ്കോര്‍ രേഖപ്പെടുത്തുന്ന പോലെ. മുബാഹലയെ തുടര്‍ന്ന് ദുര്‍മരണം നടന്നതിന്റെയും മറ്റും കണക്കുകള്‍ ആയിരുന്നു സ്കോര്‍ ബോര്‍ഡില്‍.
അങ്ങനെയൊരു ബോര്‍ഡ് വച്ചതിനു പിന്നിലുള്ള ആള് ജബ്ബാറാണെന്ന് ചിലര്‍ പറഞ്ഞു പരത്തി. സ്പെഷ്യല്‍ ബ്രാഞ്ചിലെ പൊലീസ് ജബ്ബാറിന്റെ പിറകെക്കൂടി. പോവുന്നേടത്തൊക്കെ പൊലീസിന്റെ ഒരു കണ്ണ്. അത് ഹരമായിത്തോന്നി. സത്യം അങ്ങനെ എളുപ്പത്തില്‍ കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല എന്നാണ് ജബ്ബാര്‍ വിശ്വസിച്ചത്. മുബാഹല നടത്തിയിട്ടും നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാത്തത് ജബ്ബാര്‍ വീണ്ടും വീണ്ടും എഴുതി.
ചെകുത്താനെ കല്ലെറിയുന്ന ചടങ്ങ് നടക്കുന്നത് അങ്ങ് മിനായിലാണ്. കോഴിക്കോട്ടല്ല. എങ്കിലും അതിന്റെ ഫോട്ടോ പത്രത്തില്‍ വരുന്നു എന്ന് ഉറപ്പാക്കണം. അതിനാണ് വരവ്.
മുബാഹലയുടെ ഒന്നാം വാര്‍ഷികത്തിലും രണ്ടാം വാര്‍ഷികത്തിലും തുടര്‍വര്‍ഷങ്ങളിലും. ആ സത്യാന്വേഷണം മുബാഹലയേക്കാള് ചര്‍ച്ചയായി കൊടിയത്തൂരില്‍. ഒന്നാം പേജിലായിരുന്നു അക്കാലത്ത് മുബാഹല. അങ്ങനെ ഫോളോ അപ്പും തുടര്‍ ഫോളോഅപ്പും. മുബാഹല നടത്തിയവര്‍ പിന്മാറിയെങ്കിലും ജബ്ബാര്‍ വാര്‍ത്തയില്‍ നിന്ന് പിന്മാറിയില്ല.
തിയ്യതികള്‍ ഓര്‍ത്തു വച്ച് ഫോളോ അപ്പ് ചെയ്യാന്‍ ഇത്രക്ക് കഴിവുള്ള പ്രാദേശിക ലേഖകര്‍ വേറെ കാണില്ല. ഒരിക്കല്‍ ജബ്ബാര്‍ വന്നു. ചെകുത്താനെ കല്ലെറിയുന്ന ചടങ്ങ് നടക്കുന്നത് അങ്ങ് മിനായിലാണ്. കോഴിക്കോട്ടല്ല. എങ്കിലും അതിന്റെ ഫോട്ടോ പത്രത്തില്‍ വരുന്നു എന്ന് ഉറപ്പാക്കണം. അതിനാണ് വരവ്. ന്യൂസ് എഡിറ്ററുടെ പ്ളാനിംഗ് ഡയറിയില്‍ ഉണ്ടാവേണ്ടതാണ് അത്. നാലുമണിക്കുള്ള എഡിറ്റോറിയല്‍ മീറ്റിംഗില്‍ പോലും ഒരാളും അത് ഓര്‍മ്മിപ്പിച്ചില്ല. അതാണ് ഏജന്റ് വന്ന് ഓര്‍മിപ്പിക്കുന്നത്. ലൈലത്തുല്‍ ഖദറും മുഹറം പത്തും എന്നു വേണ്ട കര്‍ക്കിടക മാസാരംഭവും മകരവിളക്കും എല്ലാം മറ്റാരാക്കാളും നന്നായറിയാം.
മറ്റൊരിക്കല്‍ വന്നത് ഇങ്ങനെയാണ്. കര്‍ക്കിടകമാസം ഒന്നാം തിയ്യതി നാളെയാണ്. ഇല്ലത്തൊടിയിലെ അന്തര്‍ജനം അവിടത്തെ അമ്പലത്തില്‍ രാമായണ പാരായണം നടത്തുന്നുണ്ട്. അതിനാല്‍ അവരുടെ ഫോട്ടോ ഉള്‍പ്പെടെ വാര്‍ത്ത കൊടുക്കണം.
‘വായന നാളെയല്ലേ. ഫോട്ടൊ എങ്ങനെകിട്ടി.’ ചോദിക്കാതിരിക്കാനായില്ല. അതെല്ലാം എടുപ്പിച്ചാണ് ജബ്ബാറിന്റെ വരവ്.
ആ അന്തര്‍ജനത്തെ നേരില്‍ അറിയുന്നതാണ്. അമ്മയോടൊപ്പം ഗുരുവായൂരില്‍ ഭജനയിരിക്കാന് പോവാറുണ്ട്. ജബ്ബാറിനെ ചൂടാക്കാനായി ഇങ്ങനെ പറഞ്ഞു. ‘അതിലൊന്നും വലിയ കാര്യമില്ല. അത് കൊടുക്കാന്‍ പറ്റില്ല. എല്ലാ അമ്പലങ്ങളിലും കാണും ഇങ്ങനെ വായന.’ പിന്തിരിപ്പിക്കാന് ശ്രമച്ചപ്പോള്‍ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തു ജബ്ബാര്‍. അവരുടെ ഇല്ലത്ത് കൗമുദി വരുത്തുന്നുണ്ടെന്നും വാര്‍ത്ത വന്നില്ലെങ്കില്‍ അവര്‍ പത്രം നിര്‍ത്തുമെന്നും.
ഒരു ക്ഷേത്രത്തില്‍ അവിടെ അടുത്തുള്ള അന്തര്‍ജനം രാമായണം വായിക്കുന്നതില്‍ പ്രത്യേകിച്ച് വാര്‍ത്തയോ കൗതുകമോ ഒന്നുമില്ല. ശരിക്കും വാര്‍ത്ത ആ രാമായണ പാരായണമല്ല, അതെല്ലാം ഓര്‍ത്ത് വച്ച് മറക്കാതെ ചെയ്യിക്കുന്ന ജബ്ബാറാണ്. അതുകൊണ്ടാണ് ആ ഇല്ലത്തമ്മയ്ക്കും ജബ്ബാറിനെ ഇഷ്ടമാവുന്നത്. പായസം നല്‍കുന്നത്.
തൃക്കളയൂര്‍ ക്ഷേത്രത്തിലെ ദാരുശില്പത്തിന്റെ പ്രത്യേകത അവിടത്തെ തന്ത്രിക്ക് നന്നായറിയാം. മേല്‍ശാന്തിക്കും അറിയാം. എന്നാല്‍ അവിടെ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറം കഴിയുന്ന ജബ്ബാറിന് അതെങ്ങനെ അറിയും. ഒരു ദിവസം ജബ്ബാര്‍ വന്നത് അത് പറയാനാണ്. അതേപ്പറ്റി നല്ലൊരു റിപ്പോര്‍ട്ട് കൊടുക്കണം. നമ്പൂതിരി ആയ ഒരാള്‍ കൗമുദിയിൽ ഉണ്ടെന്നും അയാളെയും കൂട്ടി അവിടെ ചെല്ലാമെന്ന് കമ്മറ്റിക്കാര്‍ക്ക് വാക്കു കൊടുത്തു പോയെന്നും.
മേലാല്‍ ഇമ്മാതിരി പുലിവാല് ഒപ്പിച്ച് വരരുതെന്നും അതെല്ലാം ഫോണില്‍ വിളിച്ച് എടുക്കാമെന്നും പറഞ്ഞാണ് ജബ്ബാറിനെ സമാധാനിപ്പിച്ചത്. അത് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യാസമുള്ളതാണ്. അതിന് തൃശൂര്‍ വടക്കും നാഥനുമായി ബന്ധമുണ്ടെന്നും അറിയാം. പത്ര പ്രവര്ത്തകന് വേണ്ടത് നോസ് ഫോര്‍ ന്യൂസ് ആണെന്ന് പറയാറുണ്ട്. ജബ്ബാറിന്റെ നോസ് മാത്രമല്ല പഞ്ചേന്ദിയങ്ങളും വാര്‍ത്തക്കു വേണ്ടി നിര്‍മ്മിച്ചതാണ്.
ഈന്ത് കിട്ടാതായത് പറയുമ്പോള്‍ കൊടപ്പനയുടെ പൊടികൊണ്ട് കുറുക്ക് ഉണ്ടാക്കിയതു കൂടി പറയാതെവയ്യ. കുവ്വയെന്ന പേരില്‍ മാര്‍ക്കറ്റില്‍ കിട്ടുന്നത് കുവ്വയല്ലെന്ന് തെളിയിക്കും.
കുഴിമന്തി എന്നൊരു പുതിയ തീറ്റസ്സാധനം കോഴിക്കോട് ജില്ലയിലെ പത്രങ്ങളില്‍ വരുന്നത് ജബ്ബാറിലൂടെയാണ്. സിറ്റി കൗമുദിയുടെ ഒന്നാം പേജിലൂടെ. അങ്ങനെയാണ് ഗള്‍ഫില്‍ നിന്ന് മലപ്പുറം ജില്ലയിലേക്ക് പറന്നു വന്ന ‘കുജ്ജന്തി’ കോഴിക്കോട്ടുകാര്‍ പരീക്ഷിക്കുന്നത്. ഇപ്പോള്‍ മിക്ക ജില്ലകളിലും അത് കിട്ടും. ഈന്ത് കിട്ടാതായത് പറയുമ്പോള്‍ കൊടപ്പനയുടെ പൊടികൊണ്ട് കുറുക്ക് ഉണ്ടാക്കിയതു കൂടി പറയാതെവയ്യ. കുവ്വയെന്ന പേരില്‍ മാര്‍ക്കറ്റില്‍ കിട്ടുന്നത് കുവ്വയല്ലെന്ന് തെളിയിക്കും.
എന്തിന് കാഞ്ചനമാലയുടെ കഥ ‘എന്ന് നിന്റെ മൊയതീന്’ എന്ന സിനിമയാക്കിയപ്പോള്‍ അതില്‍ കുറെ നുണ ചേര്‍ത്തുവെന്നു ജബ്ബാര്‍ പറയും. കാരണം മൊയതീനെ നന്നായി അറിയുന്ന ആളാണ് ജബ്ബാര്‍. നേരില്‍ കണ്ടതും മനസ്സിലാക്കിയതുമാണ് ജബ്ബാറിനെ സംബന്ധിച്ച് സത്യം. മറ്റാരെങ്കിലും പറയുന്നതല്ല.
തൊണ്ണൂറ് കഴിഞ്ഞിട്ടും ആലിഹസ്സന്‍ ഹാജി പാടത്ത് പണിയെടുക്കുന്നത് വേറെയും ആളുകള്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതില്‍ വാര്‍ത്ത കണ്ടത് ജബ്ബാര്‍ മാത്രമാണ്. ഇരുവഞ്ഞിപ്പുഴയെ കാഞ്ചനമാലയുടെ മൊയ്തീനേക്കാളും സ്നേഹിക്കുന്നു ജബ്ബാര്‍. അതില്‍ നിന്ന് അനധികൃതമായി മണല്‍ എടുക്കുന്നവരെ പത്രത്തിലൂടെ തുറന്നു കാട്ടുക മാത്രമല്ല മണല്‍ സ്ക്വാഡിന് വിവരം നല്കി അവരെക്കൂട്ടി വന്ന് പിടിപ്പിക്കുകയും ചെയ്യും.
നിരവധി തവണ മണല്‍ മാഫിയ ജബ്ബാറിനെ തടഞ്ഞു വച്ച് മര്‍ദ്ദിക്കുകയും പത്രക്കെട്ട് നശിപ്പിക്കുകയും ചെയ്തു. എന്നിട്ടും കുലുങ്ങിയില്ല. ഇപ്പോള്‍ വായില്‍ പല്ലില്ലെന്നു മാത്രം.
ഒരിക്കല്‍ ഉത്തരേന്ത്യക്കാരനായ ഒരു സബ് കളക്ടര്‍ (അദ്ദേഹമാണ് ജില്ലാതല മണല്‍ സ്ക്വാഡിന്റെ തലവന്‍) പാതി രാത്രിയില്‍ വഴിതെറ്റി ജബ്ബാറിനെ തേടി വന്നത് അപൂര്‍വവും അസാധാരണവും രസകരവുമായ വാര്‍ത്തയായി. പത്രത്തില്‍ അടിക്കാത്ത വാര്‍ത്ത. സംഗതി ഇങ്ങനെയാണ്. ഇരുവഞ്ഞിപ്പുഴയിലെ മണല്‍ കടത്തിനെപ്പറ്റിയുള്ള എല്ലാ വിവരവും ജബ്ബാര്‍ സബ് കളക്ടര്‍ക്ക് കൈമാറി. ഇനി മണല്‍ എടുക്കുന്ന ദിവസം വിവരം അറിയിക്കാമെന്നും പറഞ്ഞു.
അങ്ങനെ ഒരു ദിവസം രാത്രി മണല്‍ എടുപ്പുകാര് പുഴയിലിറങ്ങി. ജബ്ബാര്‍ സിഗ്നല്‍ നല്കി. ഒപ്പമുള്ള സ്ഥിരം ജീവനക്കാരെയും ഡ്രൈവറെയും ഒഴിവാക്കി സബ് കളക്ടര്‍ കോഴിക്കോട് നിന്ന് രാത്രി രണ്ടു മണിയോടെ പുറപ്പെട്ടു. സ്ഥിരക്കാരാവുമ്പോള് റെയ്ഡ് വിവരം ചോരുമെന്ന് അദ്ദേഹം ഭയന്നു. പക്ഷേ, രാത്രിയില്‍ വഴിയറിയാതെ നായരുകുഴിയെന്ന സ്ഥലത്ത് സബ് കളക്ടറെത്തി.
അവിടെ പുഴയോ മണലോ ഇല്ല. ഒടുവില്‍ സബ് കളക്ടര്‍ പുലര്‍ച്ചെ മൂന്നരയോടെ ജബ്ബാറിനെ വിളിച്ചു. സൈക്കിളുമായി ജബ്ബാര്‍ അവിടെയെത്തി. പിന്നെ റെയ്ഡ് ജബ്ബാറിന്റെ നേതൃത്വത്തിലായിരുന്നു. നിരവധി തവണ മണല്‍ മാഫിയ ജബ്ബാറിനെ തടഞ്ഞു വച്ച് മര്‍ദ്ദിക്കുകയും പത്രക്കെട്ട് നശിപ്പിക്കുകയും ചെയ്തു. എന്നിട്ടും കുലുങ്ങിയില്ല. ഇപ്പോള്‍ വായില്‍ പല്ലില്ലെന്നു മാത്രം. മണല്‍ മാഫിയ അടിച്ചു കൊഴിച്ചെന്ന് പരദൂഷണം പറഞ്ഞാല്‍ ജബ്ബാര്‍ നിഷേധിക്കില്ല. പല്ലില്ലാത്ത മോണ
കാട്ടി ചിരിക്കും.
ചെറുവാടിയില്‍ മിക്കവാറും എല്ലാ കൊല്ലവും വെള്ളം കയറും. വൈകീട്ട് ആറു മണിയുടെ നില വെച്ച് മറ്റു പത്രങ്ങള്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രാത്രി പതിനൊന്നു മണിയുടെ അളവ് ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യും ജബ്ബാര്‍. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ആറിന് ഗോളിന് മുന്നിട്ടു നില്ക്കുന്നു എന്ന ഫുട്ബാള്‍ കമന്ററിയുടെ നിലവാരം വെള്ളപ്പൊക്കത്തിലും വേണം.
പുര്‍ലച്ചെ പത്രം ഇറങ്ങുമ്പോഴേക്കും വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടാവില്ലേ എന്നൊന്നും ചോദിച്ചാല്‍ വക വക്കില്ല. ലേറ്റസ്റ്റ് വിവരം നല്‍കുന്നതിലെ റിപ്പോര്‍ട്ടിംഗ് സുഖമാണ് ജബ്ബാറിന് വേണ്ടത്. ജബ്ബാര്‍ അത് നല്കുന്ന നേരത്ത് ആ അളവിലായിരുന്നു വെള്ളം. ആ സത്യമെങ്കിലും വായനക്കാരോട് പറയണം.
പത്രത്തില്‍ കൊടുക്കാനായി മറ്റുള്ളവര്‍ ഏല്പിക്കുന്ന വാര്‍ത്തകള്‍ അതേപടി ഡെസ്കിലേക്ക് അയക്കുന്ന ആളല്ല ജബ്ബാര്‍. കിട്ടിയ ആ വാര്‍ത്തയിലെ സത്യാവസ്ഥ സ്വയം ബോദ്ധ്യപ്പെടണം. ഇല്ലെങ്കില്‍ അത് നല്‍കില്ല. 35 വര്‍ഷമായിട്ടും ഒരു വാര്‍ത്ത പോലും പിറ്റേ ദിവസം തിരുത്തേണ്ടി വന്നിട്ടില്ല. ഒരുവിശദീകരണക്കുറിപ്പ് പോലും നല്‍കേണ്ടി വന്നിട്ടുമില്ല.
വരിക്കാരെ സ്വന്തം കുടുംബാംഗമായി കാണുന്നതാണ് ജബ്ബാറിന്റെ രീതി. മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് വരിക്കാരെ കബളിപ്പിക്കുന്ന ഏജന്റുമാരുടെ രീതി പഠിച്ചിട്ടേയില്ല. എന്തു ത്യാഗം സഹിച്ചു പത്രം എത്തിച്ചു കൊടുക്കുന്നതിലാണ് വരിസംഖ്യ വാങ്ങുന്നതിനേക്കാള്‍ സുഖമനുഭവിക്കുന്നത്.
അയോദ്ധ്യാ സംഭവങ്ങളെ തുടര്‍ന്ന് ഒരിക്കല്‍ നാലു ദിവസത്തോളം വാഹനഗതാഗതം നിലച്ചു. കോഴിക്കോട് നിന്നുള്ള ഒരു പത്രവും കൊടിയത്തൂരിലെത്തിയില്ല. പക്ഷേ, ജബ്ബാര്‍ സൈക്കിളുമായി കോഴിക്കോട്ട് ചെന്ന് പത്രമെടുത്ത് നാട്ടിലെത്തിച്ച് വിതരണം ചെയ്തു. ദിവസവും 30 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ജബ്ബാറിന്റെ ആരോഗ്യരഹസ്യവും അതാണ്. ഇതിപ്പോള്‍ നാല്പതു വര്‍ഷത്തിനിടയിലെ നാലാമത്തെ സൈക്കിളാണ്.
നാലു വര്‍ഷം മുമ്പാണ്. ജബ്ബാറിനു ആദരവ് നല്‍കാനായി ആ നാട്ടില്‍ ഒരു ചടങ്ങു സംഘടിപ്പിച്ചു. അതിലേക്ക് ഒരാളെ കിട്ടുമോ എന്നായി ജബ്ബാര്‍. കേരളത്തിലെ സൈബര്‍ വിദഗ്ധന്‍ ഡോ.വിനോദ് ഭട്ടതിരിപ്പാടിനെ. നമ്പൂതിരി പറഞ്ഞാല്‍ ഭട്ടതിരിപ്പാട് കേള്‍ക്കുമെന്നായിരുന്നു ജബ്ബാറിന്റെ പക്ഷം. അത് ഏല്‍പ്പിക്കാതെ ഓഫീസില്‍ നിന്ന് പോവില്ലെന്നായി. ഒടുവില്‍ അതും ചെയ്തു. കൊടിയത്തൂരില്‍ ഒരു സൈബര്‍ ക്ളാസ്.
ക്ളാസ് കഴിഞ്ഞ് പിറ്റേന്ന് ജബ്ബാറിനോട് ചോദിച്ചു. എന്തിനാ അങ്ങനെയൊരു ക്ളാസിനു നിര്‍ബന്ധിച്ചത്. വിവരമില്ലാത്ത ചെക്കന്മാര് മൊബൈല്‍ ഫോണില്‍ തോന്ന്യാസങ്ങള് കാണിക്കുന്നു. അവര്‍ക്ക് നേരം വെളിച്ചാവാന്‍ ഇങ്ങനെയൊരു ക്ളാസ് നന്നാവുമെന്ന്തോന്നി. അതാണ് ജബ്ബാര്‍. അന്ന് വാവ സുരേഷിന്റെ പാമ്പു ഷോയും ഉണ്ടായിരുന്നു. പക്ഷേ ജബ്ബാര്‍ സൈബര്‍ പക്ഷക്കാരനായിരുന്നു.
നാലു വരി കൂടി എഴുതി ഇത് അവസാനിപ്പിക്കാം. മറ്റൊരു ജോലിയും ജബ്ബാര്‍ ചെയ്തിട്ടില്ല. മറ്റു പലരെയും പോലെ ഇതൊരു സൈഡ് ബിസിനസ്സുമല്ല. പത്രത്തിലാണ് ജീവിതം. പത്താം ക്ളാസ് തോറ്റ ജബ്ബാര്‍ വീടു വച്ചു. അഞ്ചു മക്കളെയും തന്നേക്കാള്‍ പഠിപ്പിച്ചു. ബിരുദവും ബിരുദാനന്തരബിരുദം ഉള്ളവരാക്കി. മൂന്നു പെണ്മക്കളെ കെട്ടിച്ചയച്ചു. മകനെ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കഴിപ്പിച്ച് സഹകരണ ബാങ്കില്‍ ജീവനക്കാരനാക്കി. ഇത്തരം കാര്യം വരുമ്പോള്‍ ഒരു നാട് മുഴുവന്‍ ജബ്ബാറിനൊപ്പം നില്ക്കാനുണ്ടായിരുന്നു. അതാണ് ഏറ്റവും വലിയ ബാങ്ക് നിക്ഷേപം. ആ ചെക്ക് ഒരിക്കലും മടങ്ങാറില്ല.