പ്രാവുകൾ
സ്നേഹിച്ച ഒരുവന്റെ
ആമാശയത്തിലേക്ക്
തൂവലുപേക്ഷിച്ചു
മൊരിഞ്ഞു ചെന്നു

കാറ്റിലും കോളിലും
ഇടവകപ്പള്ളി നഷ്ടപ്പെട്ട
രാത്രിയിൽ
ലൂസി
കനാൽ ബണ്ടിന്
അരികിലൂടെ
വഞ്ചി തുഴഞ്ഞു.
അവരുടെ മീനുകൾ
സ്വർഗ്ഗരാജ്യം തേടി നീന്തി
ബെഞ്ചമിന്റെ പ്രാവുകൾ
നനഞ്ഞ കൂടുപേക്ഷിച്ചില്ല
ചുറ്റിൽ നിന്നും
നക്ഷത്രങ്ങൾ മാഞ്ഞ രാത്രി
അയാൾ പ്രാവ് കറി
കൂട്ടി ചോറ് കഴിച്ചു.
പ്രാവുകൾ
സ്നേഹിച്ച ഒരുവന്റെ
ആമാശയത്തിലേക്ക്
തൂവലുപേക്ഷിച്ചു
മൊരിഞ്ഞു ചെന്നു
മാഞ്ഞുപോയ വേദനാലയം
എന്ന നിലയിൽ
നിറയെ
പ്രാപ്പിടിയന്റെ
തേങ്ങലുകൾ.
അത്തരമൊരു
വിചിത്ര ഭ്രമത്തിൽ
ലൂസിയിൽ നിന്ന്
അവളുടെ താറാവ്കൂട്ടം
കൂടൊഴിഞ്ഞുപോയി
ഇടവകപ്പള്ളി
നിന്നിടത്ത്
ലൂസി
തനിച്ചായി
അവൾക്ക്
ആ രാജ്യം നഷ്ടമായി.
❤️❤️❤️
❤️❤️