ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.

നാട്ടിലിപ്പോ അത്യാവശ്യത്തിന് മഴപെയ്യുന്നുണ്ടല്ലോ. മഴ, കട്ടൻചായ, ക്ലാര, ജോൺസൺ മാഷ്.. എന്നാണല്ലോ മധ്യവർഗ മലയാളി യുവ/മധ്യവയസ്കരുടെ മുദ്രാവാക്യം. മുപ്പത്തിമൂന്ന് വർഷങ്ങൾക്കു ശേഷം തൂവാനത്തുമ്പികളിലെ സ്ത്രീകളെ ഒന്ന് നിരീക്ഷിച്ചു കളയാം.

ചരിത്രപശ്ചാത്തലം.
കേരളത്തിൽ ഭൂപരിഷ്കരണ നിയമം നിലവിൽ വന്നിട്ട് അന്നേക്ക് 17 വർഷം പിന്നിട്ടിരുന്നു.

മാലിനി: ജയകൃഷ്‌ണന്റെ സഹോദരി. വിധവ. ഒരു പെൺകുട്ടിയുടെ അമ്മ. അവരുടെ ഭർത്താവ് മരിച്ചവിവരം നമ്മളറിയുന്നത് രാധയും രഞ്ജിനിയും അവരുടെ അമ്മമ്മയുടെ സപ്തതിക്ക് ക്ഷണിക്കാൻ വരുമ്പോൾ ജയകൃഷ്ണനുമായി നടക്കുന്ന സംസാരത്തിൽ നിന്നാണ്. വെള്ള സാരി ഉടുത്ത് പ്രത്യക്ഷപെടുന്നെണ്ടെങ്കിലും അതിൽ നിന്ന് പുറത്ത് ചാടണമെന്നു അവർക്ക് ആഗ്രഹമുണ്ടെന്നു തോന്നും. ജയകൃഷ്‌ണന്റെ സുഹൃത് ഋഷി മോട്ടോർ നന്നാക്കി കൊണ്ടുവരുന്ന രാത്രി മുറ്റത്തിറങ്ങി വന്ന് അവരോട് സംസാരിക്കുമ്പോഴും അത് വ്യക്തമാണ്. അവരുടെ തറവാടിന് മുന്നിലുള്ള സ്ഥലമാണ് അച്ഛൻ ജസ്റ്റിസ് തമ്പുരാൻ മാലിനിയുടെ പേരിൽ എഴുതിവെച്ചിരിക്കുന്നത്. രാമുണ്ണി നായരെന്ന കുടികിടപ്പുകാരൻ ആ സ്ഥലം ഒഴിയാൻ തയ്യാറല്ല എന്നാൽ അയാളുമായി ജയകൃഷ്ണൻ നടത്തുന്ന കയ്യാങ്കളിയിൽ അവർക്ക് താല്പര്യമില്ല. അവിടെ അവർക്ക് വീട് വെക്കേണ്ടതാണെന്നു രാമുണ്ണി നായരേ ഒഴിപ്പിക്കുന്ന രാത്രിയിൽ ജയകൃഷ്ണൻ കൂട്ടുകാരോട് പറയുന്നുണ്ട്. എന്നാൽ ഒരു കുട്ടിയുമായി അനിയന്റെ തണലിൽ നിന്ന് മാറി ഒറ്റയ്ക്ക് താമസിക്കേണ്ട കാര്യം ഓർത്താണെന്നു തോന്നുന്നു മാലിനി അത്ര താല്പര്യം കാണിക്കാത്തത്. എന്നിരുന്നാലും അകത്തമ്മ/ഉന്നതകുലജാത എന്നനിലയിൽ ഒരു കുലസ്ത്രീയാണ്‌ താനെന്നു അവർ തെളിയിക്കുന്നുണ്ട്.

പി. പദ്മരാജന്‍

കാർത്യായനിയമ്മ: ജയകൃഷ്ണന്റെയും മലാനിയുടെയും അമ്മ. എല്ലാത്തിനുമുപരി ജസ്റ്റിസ് മേനോൻ സാറിന്റെ ഭാര്യ. അസ്സൽ കുലസ്ത്രീയാണ്‌ താനെന്നു ആദ്യ കാഴ്ച്ചയിൽ തന്നെ അവർ പ്രഖ്യാപിക്കുന്നുണ്ട്. നാളികേര കച്ചവടക്കാരൻ വർഗീസുമായി പിശുക്കത്തരം കാണിക്കുമ്പോൾ കുടികിടപ്പുകാരൻ രാമുണ്ണി നായർ അയാളോട് ജയകൃഷ്‌ണന്റെ അച്ഛന്റെ പിശുക്കത്തരം വിളിച്ചുപറയുന്നുണ്ട്. അവിടേക്കു വരുന്ന കാർത്യായനി അമ്മ ആയകാലത്ത് നിഴൽവട്ടത്ത് പോലും വരാതിരുന്ന’ജാതി’ യാണ് എന്ന് ഓര്മിപ്പിക്കുന്നുണ്ട്. അതിപ്പോഴും നായന്മാർക്കിടയിൽ മേനോനാണോ നായരാണോ മുന്തിയതെന്നു തർക്കം നടക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം. അപ്പോൾ കാർത്യായനി അമ്മ പറഞ്ഞ ജാതി അധസ്ഥിത വിഭാഗമാണ്. അപ്പോൾ ജാതിയല്ല പ്രതാപം ആണ് അന്തസ്സ് നിർണയിക്കുന്നതെന്നു കാർത്യായനി അമ്മയിലൂടെ ഒന്നൂടെ അറിയാതെ പുറത്തു വരികയാണ്. നൂറുപറയുടെ നെല്പാടവും മണിമാളികയും ഇല്ലാത്ത സർവോപരി കാർത്യായനി അമ്മയുടെ മക്കളായി ജനിക്കാത്ത ചെറുപ്പക്കാർ ഈ ‘ജാതി’ വേവലാതിയെ ഏത് നിലക്ക് എടുക്കുമോ ആവോ. മകന്റെ അത്യാവശ്യ തോന്യാസോക്കെ മനസിലാക്കിയ സ്ത്രീതന്നെയായിരിക്കണം അവർ. അതൊക്കെ ആണ്പിള്ളേര്ക്ക് അതായത് തമ്പുരാൻ അങ്ങുന്നിന്റെ മകന് ഭൂഷണമാണെന്ന നിലയിലായിരിക്കണം അവർ കണ്ടിട്ടുണ്ടാവുക. രാമുണ്ണി നായർ കൂടും കുടുക്കയുമായി ഒഴിഞ്ഞു പോയത് അവർ പിന്നീട് അറിഞ്ഞിട്ടുണ്ടാകും. ‘നന്നായെ ഉള്ളൂ’ എന്ന് മകനെ നിശ്ബ്ദമായി പ്രോത്സാഹിപ്പിച്ചിരിക്കാനേ സാധ്യതയുള്ളൂ.

ത്രേസ്യ: നാട്ടിലെ /പട്ടണത്തിലെ പുതിയ ‘ചരക്ക്’. മോട്ടോർ നന്നാക്കി കൊണ്ടുവന്ന ഋഷിയോടു വീടിന്റെ മുകളിൽ ഇരുന്ന് നാട്ടിലെ പുതിയ സംഭവ വികാസങ്ങളുടെ ചുരുളഴിക്കുന്നുണ്ട്. ചെറിയ പൊടിപിള്ളേർ പോലും ഇപ്പോൾ ഇതൊക്കെ ചെയ്യുന്നുണ്ടെന്നും ത്രേസ്യയാണ് ഇപ്പോൾ അവിടത്തെ അറിയപ്പെടുന്ന ആളെന്നും പറയുമ്പോൾ ഋഷിക് അധമമായ മോഹം ഉടലെടുക്കുന്നുണ്ട്. പട്ടണത്തിൽ സ്വന്തമായി കടയുണ്ടെങ്കിലും അവിടെയുള്ള പിള്ളേരുടെ ‘കളികൾ’ നോക്കി നിൽക്കാനേ പറ്റുന്നുള്ളു. മാത്രമല്ല കപട സദാചാരവും എന്നാൽ മധ്യവർഗ യുവാവിന്റെ യൗവ്വന ത്വരകമായ ലൈംഗീക ചോദനയും ത്രേസ്യയെ കുറിച്ചു കേൾക്കുമ്പോൾ ‘വേണ്ടണം’ എന്ന നിലയിൽ എത്തിക്കുന്നുണ്ട്. പട്ടണത്തിലെ ഹോട്ടലിൽ വെച്ച് ത്യാഗിയായ ജയകൃഷ്ണൻ ത്രേസ്യയെ അയാളുടെ great pimping ലൂടെ ഋഷിക്ക് കാഴ്ചവെയ്ക്കുമ്പോൾ ത്രേസ്യയും അവരുടെ കപട സദാചാരത്തെ പൊളിച്ചടുക്കുന്നുണ്ട്. നാട്ടുകാരായിട്ടും വഴിയിൽ വെച്ചു കണ്ടാൽ മിണ്ടാത്ത, എന്നാൽ മനസ്സിലിട്ട് നിരന്തരം ഭോഗിക്കുന്ന ജയകൃഷ്ണ-ഋഷിമാർ ഇന്നും സുലഭം. ഗ്രാമങ്ങളിലെ ത്രേസ്യമാരോട് അധികമാരും മിണ്ടാറില്ല. എന്നാൽ സ്വകാര്യമായ ഏതേലും മുടുക്ക് വഴിയിൽ വെച്ചു തക്കംപോലെ കിട്ടിയാൽ മനസിലെ ഇങ്കിതം ഒരുനിമിഷം കൊണ്ട് കുടഞ്ഞിടും ഋഷിമാർ. മധ്യവർഗ യുവാവിന്റെ ലൈംഗീക തൃഷ്ണയെ ‘കെട്ടിമാറപ്പ്’ എന്ന് ലഘൂകരിക്കാനാണ് പദ്മരാജൻ ശ്രമിച്ചത്. എന്തുകൊണ്ടാണ് ത്രേസ്യമാർക്ക് പറയാൻ ഒരു കുടുംബ കഥയില്ലാത്തത് എന്ന് ആലോചിച്ചിട്ടുണ്ട്. മിക്കവാറും മദ്യം കൊണ്ട് മുറിവേറ്റ ഏതേലും ഒരു കുടുംബത്തിലെ ഉത്തരവാദിത്തമുള്ള ആളായിരിക്കണം. താഴെ ഉള്ള സഹോദരങ്ങൾ ത്രേസ്യയുടെ ഉടലിന്റെ ഉപ്പ് തിന്ന് ദൂരെ എവിടെയെങ്കിലും പടിക്കുന്നുണ്ടാകും. അതുമല്ലെങ്കിൽ ക്ഷയരോഗം ബാധിച്ച അച്ഛന്റെ മരുന്നിനു പൈസക്ക് വേണ്ടിയായിരിക്കും അവളീ മാർഗം തെരഞ്ഞെടുത്തത്. എന്തുതന്നെയായാലും വളരെ ചെറുപ്പത്തിൽ തന്നെ അരക്ഷിതമായ ജീവിത ചുറ്റുപാടിൽ ബന്ധുക്കളിൽ നിന്നോ മറ്റോ ലൈംഗീകാതിക്രമം നേരിട്ടിട്ടുമുണ്ടാകും.

പി. പദ്മരാജന്‍, ഭരതന്‍, ഹരി പോത്തന്‍, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവര്‍.

രഞ്ജിനി: രാധയുടെ കസിൻ സിസ്റ്റർ. ജയകൃഷ്‌ണന്റെ രണ്ടുവർഷം ജൂനിയറായി കോളേജിൽ പഠിച്ചയാൾ.നൊസ്റ്റാൾജിക് നായർ തറവാട് യുഗത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പൊക്കെ വായിക്കുന്ന ഒരു so called ജാനകികുട്ടി. ജയകൃഷ്ണനിൽ നിന്ന് ആദ്യത്തെ verbal rape ന് ഇരയാകുന്ന പെൺകുട്ടി. അമ്മമ്മയുടെ സപ്തതിക്ക് മണ്ണാറത്തൊടിയിൽ ക്ഷണിക്കാൻ പോകുമ്പോഴാണ് ജയകൃഷ്‌ണനെ പാടത്ത് വെച്ചു കാണുന്നത്. ഭർത്താവ് സൗദിയിൽ ആണെന്ന് പറയുമ്പോൾ ഇച്ചിരി കഷ്ടമാണല്ലോ എന്ന് അർത്ഥം വെച്ചു സംസാരിക്കുന്നുണ്ട് ജയകൃഷ്‌ണൻ. അതൊരു soft porn talk ആണെന്ന് രാധ തിരിച്ചറിയുന്നുണ്ടെങ്കിലും രഞ്ജിനി അത് ആസ്വദിക്കുകയാണ്. രാധയ്ക്ക് ജയകൃഷനുമേൽ ക്രഷ് തുടങ്ങുന്നതിന്റെ മൂലകാരണം രഞ്ജിനിയാണ്. വലിയ തീരുമാനങ്ങളൊന്നും എടുക്കാൻ പ്രാപ്തിയില്ലാത്ത, വീട്ടിൽ പണമുള്ളതുകൊണ്ടു പഠിച്ച, അല്പം മനോവിചാരങ്ങളൊക്കെയുള്ള കുലസ്ത്രീയാണ്‌ അവർ. ജയകൃഷ്ണനെ പോലുള്ള ഫ്യൂഡൽ മനോനില പേറുന്ന ആളെ എങ്ങനെയാണ് അകത്തമ്മമാർ ഉള്കൊള്ളുന്നതെന്നു മാലിനി -രഞ്ജിനി സംഭാഷണത്തിൽ നിന്നും മാധവൻ -രഞ്ജിനി സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. ജയകൃഷ്ണന്റെ കോളേജ് വീരശൂര പരാക്രമങ്ങൾ രാധക്ക് വിവരിച്ചു കൊടുക്കുക വഴി അയാളിലെ ഫ്യൂഡൽ പാരമ്പര്യത്തെ, അളവില്ലാത്ത സ്വത്തിനേയുമാണ് രഞ്ജിനി നോക്കിക്കാണാനും ഉൾകൊള്ളാനും ശ്രമിച്ചത്. ജയകൃഷനുമേൽ രാധയെക്കാൾ ക്രഷ് ഉള്ളത് രഞ്ജിനിക്കാണെന്നു മനസിലാക്കാനാവും.

ഗ്ലോറി അഥവാ ബിയാട്രിസ്: ക്ലാരയുടെ രണ്ടാനമ്മ. ഗ്ലോറി എന്നത് അവരുടെ യഥാർത്ഥ പേരാണെങ്കിലും ക്ലാരയുടെ അച്ഛൻ കല്യാണം കഴിച്ചതിനു ശേഷം അവരെ ബിയാട്രിസ് എന്ന് വിളിക്കാൻ തുടങ്ങി. അല്പം നാണത്തോടെയാണ് ജയകൃഷ്ണന്റെ പുന്നൂസ് തടികൊണ്ട്രാക്ടറോട്‌ അവരീ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ നിലനില്പ്പ്/സാമ്പത്തികം കണ്ടെത്താനുള്ള ‘ഏക മാർഗം’ എന്നനിലയിൽ ആയമ്മ ക്ലാരയെ കാണുന്നത്. ക്ലാരയുടെ അച്ഛൻ മരിച്ചുപോയെന്നോ അല്ലെങ്കിൽ തീരെ വോയിസ് ഇല്ലാതെ തളർവാതം പിടിപെട്ട് കിടക്കുകയാണെന്നോ മനസിലാക്കാം. ഒരുപാട് കാലം അവർ ശ്രമിച്ചു നോക്കിയെങ്കിലും ക്‌ളാര വഴങ്ങിയില്ല. സ്വന്തം മക്കളെ തന്നെ ഇങ്ങനൊരു അവസ്ഥയിലേക്ക് തള്ളിവിടുന്ന ബിയാട്രിസുമാരുടെ കഥകൾ ദിവസേന വായിക്കുകയാൽ ക്ലാരയുടെ രണ്ടാനമ്മയ്ക്ക് മാത്രമായി പ്രത്യേകതകളില്ല.

പി. പദ്മരാജനും അരവിന്ദനും.

രാധ: ജയകൃഷണന്റെ ഭാവി വധു. ജയകൃഷ്ണന്റെ കോളേജ്‌ മേറ്റ് മാധവന്റെ അനുജത്തി.ജയകൃഷ്ണനുമായുള്ള ആദ്യകാഴ്ചയിൽ തന്നെ Verbal rape/Body shaming ശക്തമായി എതിർക്കുന്നുണ്ട്. ഓർക്കാപ്പുറത്ത് കിട്ടിയ അടിയിൽ അല്പം പരുങ്ങിയ ജയകൃഷണനിൽ ഒരു ക്രഷ് ജനിപ്പിക്കുന്നു. ശക്തമായ മാനസിക നിലയുള്ള സ്ത്രീകളോട് ജയകൃഷണന്മാർ സ്വീകരിക്കുന്ന നീചമായ നിലപാടാണ് രാധയോട് സ്വീകരിക്കുന്നത്. രഞ്ജിനിയെന്ന അകത്തമ്മയുടെ സാമിപ്യം കാരണം തന്നെ പബ്ലിക്കായി അപമാനിച്ച ജയകൃഷ്ണനോട് രാധയ്ക്ക് പ്രണയമാകുന്നത്. ഏട്ടൻ മാധവൻ കൂടി അയാളുടെ കന്യകാത്വത്തിൽ ഒപ്പിട്ടുകൊടുക്കുന്നതോടെ രാധ ഫ്ലാറ്റാകുന്നു. രാധയെ കോളേജിൽ പിള്ളേർ ജയകൃഷ്‌ണന്റെ സംഭാവനയായ ‘മൂലക്കുരു” എന്ന് ഏറെക്കാലം വിളിച്ചു എന്ന് വേണം അനുമാനിക്കാൻ ഈ സംഭവത്തിൽ ലവലേശം കുറ്റബോധം ജയകൃഷ്ണനുള്ളതായി കാണുന്നുമില്ല. അയാൾ അടുത്തത് എന്താണ് ചെയ്യാൻ പോവുകയെന്നു ഉറപ്പില്ലെന്നും മാധവൻ സ്വന്തം അനുജത്തിയെ blame ചെയ്യുന്നതിലൂടെ മലയാള സിനിമയിലെ ഏറ്റവും വഷളൻ രംഗത്തിനാണ് നാം സാക്ഷിയാകുന്നത്. രാധ തിരിച്ചു ഇഷ്ടമാണെന്നു പറയുമ്പോൾ ജയകൃഷ്ണൻ അതിൽ നിന്ന് തിരിഞ്ഞു നടക്കുന്നുണ്ട്. അതിനയാൾ പറയുന്ന ന്യായം ആദ്യമായ്‌ ഇഷ്ടം തുറന്ന് പറഞ്ഞ പെൺകുട്ടി ഇഷ്ടമല്ലെന്നും മുഖത്ത് നോക്കി പറഞ്ഞത് തീരെ ഉൾക്കൊള്ളാനാവുന്നില്ല എന്നാണ്. അയാളുടെ ഉള്ളിലെ ഫ്യൂഡൽ സൈക്കോ യുടെ പ്രകടനം രാധയുമായി നടക്കുന്ന സംഭാഷണങ്ങളിൽ മുഴവൻ ഉണ്ട്.ജയകൃഷ്ണനെ മാത്രമേ കല്യാണം കഴിക്കൂ അല്ലെങ്കിൽ കല്യാണമേ വേണ്ട എന്ന തീരുമാനത്തിലേക്ക് ആ വിദ്യാഭാസമുള്ള യുവതിയെ കൊണ്ടെത്തിക്കുന്നത് വിദ്യാഭാസമുള്ള എന്നാൽ സകല മനുഷ്യവിരുദ്ധ ചിന്തകളും ഉടലെടുത്തിരുന്ന യാഥാസ്ഥിതിക ജാതിവീടിന്റെ അകത്തളമാണ്. ജയകൃഷ്ണന്റെ ദയാഹരജിക് കാത്തുനിൽക്കുന്ന, ഇനിയുള്ള കാലം അയാളെ സഹിക്കാൻ ബാധ്യസ്ഥയാണെന്നു അറിയിച്ച രാധ ഏറ്റവും ദുർബലനായ മനുഷ്യന്റെ വളരെ ദുര്ബലയായ ഭാര്യ ആയിരിക്കും.

മദർ സുപ്പീരിയർ: ജയകൃഷ്ണൻ തന്നെയാകുന്നു. കന്യകകളെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ഇതിനേക്കാൾ നല്ല സ്ഥാനപ്പേരില്ല. ക്ലാര ചേരാൻ പോകുന്ന ‘മഠവും’ അതിന്റെ ആന്തരിക വ്യവസ്ഥയും കളികൾ കുറെ കണ്ട ജയകൃഷ്ണന് നന്നായി അറിയാം. മദർ സുപ്പീരിയറിന്റെ വാറോലയും കൊണ്ട് തങ്ങളുടെ ലാവണത്തിലേക്കാണ് വരാൻ പോകുന്നതെന്നും.രണ്ടാനമ്മയാണ് വഴി തെളിക്കുന്നതെന്നും അയാൾക്കറിയാം. അതുകൊണ്ടു തന്നെ ജയകൃഷ്‌ണന്റെ കുമ്പസാരങ്ങൾ വ്യാജമാണ്. മദർ സുപ്പീരിയർ എന്ന വ്യാജ പ്രൊഫൈലിൽ കത്തെഴുതുമ്പോൾ പോലും ക്ലാരയുടെ സാമിപ്യം അറിയുന്ന വെറും ജയകൃഷ്ണനാണ് മദർ സുപ്പീരിയർ.

ക്ലാര: കഴിഞ്ഞ മുപ്പത്തിമൂന്നു വര്ഷമായി മലയാളി മധ്യവർഗ യുവാക്കളുടെ ലൈംഗീക തൃഷ്ണയുടെ പേരാണ് ക്ലാര. മറ്റെല്ലാം വ്യാജ പ്രതീതിയാണ്. അവരുടെ ലൈംഗീക അഭിവാഞ്ചയുടെ ഉടൽരൂപമാണ് ക്‌ളാര അല്ലെങ്കിൽ സുമലത. ജീവിതത്തിലെ പരീക്ഷണകാലങ്ങളിൽ തലങ്ങും വിലങ്ങും ഓടി പലതരം നിറങ്ങളുള്ള ചുവരുകളുടെ ഒരേ ഓർമ്മകൾ പേറുന്ന ക്‌ളാര. ത്രേസ്യയെപോലെ ക്ലാരയും ഉണ്മയുള്ള സ്ത്രീയാണ്. ത്രേസ്യ ജീവിതസന്ധാരണത്തിനായി ഉടൽ പങ്കുവെച്ചതെങ്കിൽ ക്ലാര തടികൊണ്ട്രാക്ടർ മാരിൽ നിന്ന് ഓടിപ്പോയി ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ രണ്ടാംഭാര്യയായി.എന്തുകൊണ്ടായിരിക്കും ജയകൃഷ്ണനെന്ന ഫ്യുഡൽ യുവാവിന്റെ ഭാര്യയായിരിക്കാൻ ക്‌ളാര വിസമ്മതിച്ചു കാണുക. എനിക്ക് തോന്നുന്നത് ഒടുങ്ങാത്ത ആസക്തിയുടെ ഉൾവിളികളിൽ നാട്ടിലെ ജയകൃഷ്ണന്മാർ മഴയത്ത് മൂക്കള ഒലിപ്പിച് നിൽക്കുന്നതിൽ ക്ലാര നിഗൂഢമായ ആനന്ദം കണ്ടെത്തിയിരുന്നു. ക്ലാരയെ സാമിപ്യം ഉള്ളപ്പോഴൊക്കെ മഴ പെയ്യുന്നുണ്ടെന്നു പദ്മരാജൻ പറയുന്നതിന്റെ മലയാളം. മഴയത്ത് തണുപ്പിൽ വിലകൂടിയ കമ്പിളി പുതപ്പ് വാങ്ങിക്കാൻ പറയുന്ന ജഗന്നാഥൻ ഭാവനയാണ് ക്ലാര. മാസ്റ്റർബേഷൻ പോലെ ആനന്ദകരമായ വേറേതുണ്ട് ലോകത്ത്. മലയാളി മധ്യവർഗ യുവാക്കളുടെ ആദി പാപത്തിന്റെ മണം കറമൂസയുടേതോ വിയര്ത്തുലഞ്ഞ ശരീരത്തിന്റേതോ ആയിരിക്കും. അവരുടെ ക്ലാര നിരന്തരമായി വളർന്നു വരുന്ന ലൈംഗീക സങ്കല്പമാണ്. ഒടുവിലവർ ലക്ഷണമൊത്ത ആ പേരിലേക്കെത്തുന്നു.

‘ഇങ്ങനെയുള്ള കുട്ടികൾക്ക് പറയാനൊരു കാരണമേ ഉണ്ടാകൂ’ എന്ന് ക്ലാരയുടെ സാമൂഹിക പദവിയെ ആദ്യമേ റദ്ദ് ചെയ്ത് കളയുന്നുണ്ട് ജയകൃഷ്‌ണൻ. അവൾ ഉള്ളുതുറക്കുമ്പോൾ അത് അനാവൃതമാകുന്നുണ്ട്. എന്നാൽ മുൻപേ വന്ന ജയകൃഷ്ണന്റെ സ്റ്റേറ്റ്മെന്റ് ക്ലാരയുടെ കഥപറച്ചിലിന്റെ ലഘൂകരിച്ചു കളയുന്നു. ഏറ്റവും വഴുവഴുപ്പോടെയും ദുര്ബലവുമായാണ് ജയകൃഷ്‌ണൻ രാധയോടും ക്ലാരയോടും ഇടപെടുന്നത്. ‘അന്ന് രാധ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ക്ലരയെ കാണില്ലായിരുന്നു’ എന്ന് അയാളുടെ ദുർബലതയെ രണ്ടു പെണ്കുട്ടികളുടെമേൽ തള്ളിയിട്ട് അതിസമര്ഥമായി രക്ഷപ്പെടുന്നുണ്ട്. ഇതേ നിലയിൽ തന്നെയാണ് അയാൾ രാധയോടും പറയുന്നത്.മറ്റൊരു സമയത്ത് വ്യാജ ഉറപ്പ് കൊടുക്കുകയും അത് തെറ്റിക്കുകയും ചെയ്യുന്നു. വീട്ടുകാരറിയാതെ രാധയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്ത് വെച്ചു അയാളുടെ ‘മനസമാധാനം’ ഉറപ്പാക്കാനുമൊരുങ്ങുന്നു. ക്ലരയുമായുള്ള ബന്ധം രാധയോടു പറയുന്നത് അയാളുടെ ആത്മാർത്ഥത കൊണ്ടാണെന്നു അയാൾ വീമ്പു പറയുന്നു. അയാൾക്ക് പോലും ഉറപ്പില്ലാത്ത ഒരു മനുഷ്യനെ ക്ലാര ആദ്യമേ കൈവിട്ടതിൽ അത്ഭുതമില്ല. എന്നാൽ ചെലക്കാണ്ട് പോടാ എന്ന് പറയാൻ വ്യവസ്ഥിതിയുടെ ചുറ്റുമതിലിൽ നിന്ന് രാധയ്ക്ക് പറ്റുന്നില്ല. തങ്ങളുടെ പിടിയിൽ നിന്ന് ഓടിപോകുമ്പോൾ ‘ആ പെൺകുട്ടി കള്ളിയാണെന്ന്’ വളരെ പെട്ടെന്നു തന്നെ തീർപ്പുകൽപ്പിക്കുന്നുണ്ട്.

‘കുറെ കൊച്ചുവാശിയും കുറച്ചു അന്ധവിശ്വാസങ്ങളും കൊച്ചു ദുശീലങ്ങളും’ അതാണ് ഞാനെന്നു പ്രൊഫൈൽ നിരത്തുന്നുണ്ട്. പിൽക്കാലത്ത് മോഹൻലാൽ സിനിമകളിലെ കഥാപാത്രങ്ങളുടെ cult ന്റെ ആരൂഢം ഇതാണ്.

മലയാള സിനിമയിലെ/ജീവിതത്തിലെ ലക്ഷോപലക്ഷം ജയകൃഷ്ണന്മാർ അവരുടെ ലൈംഗീക ചോദന ആറ്റിക്കുറുക്കി വെച്ചിരിക്കുന്നത് ഈ വാചകത്തിലാണ്.

ജയകൃഷ്ണൻ തുടരുന്നു “രണ്ടാമതൊരു വാശികൂടി ഉണ്ടായിരുന്നു അതാണിന്നു ക്ലാര തകർത്തത്. എന്റെ കൈകൊണ്ട് ഒരു പെൺകുട്ടിയുടെയും virginity നശിക്കരുതെന്നു. അങ്ങനെ സംഭവിച്ചാൽ ആ കുട്ടിയുടെ കൂടെയായിരിക്കും ജീവിതകാലം മുഴുവൻ”.
ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്. അയാൾ പറഞ്ഞു നിർത്തുന്നു “എനിക്ക് ഉള്ളിൽ തട്ടി മോഹം തോന്നുന്ന ഒരു പെൺകുട്ടിക്ക് കൊടുക്കാൻവേണ്ടി ഞാൻ എന്നെ തന്നെ സൂക്ഷിച്ചു വെച്ചിരുന്നു”. മലയാള സിനിമയിലെ/ജീവിതത്തിലെ ലക്ഷോപലക്ഷം ജയകൃഷ്ണന്മാർ അവരുടെ ലൈംഗീക ചോദന ആറ്റിക്കുറുക്കി വെച്ചിരിക്കുന്നത് ഈ വാചകത്തിലാണ്. അവരുടെ മറ്റുള്ള മുഖങ്ങളെല്ലാം വെറും അഭിനയമാണ്. സ്വർഗത്തിൽ ലഭിക്കാൻ പോകുന്ന ഹൂറിമാരെ ഓർത്ത് ലിംഗം മുറിച്ചു ഭദ്രമായി അടച്ചുവെച്ചു മനുഷ്യബോംബാവുന്ന മറ്റൊരു വിഭാഗം ജയകൃഷ്ണൻമാരും കാത്തിരിക്കുന്നത് ക്ലാരമാരെയാണ്. ഇല്ലാത്ത സ്വർഗ്ഗത്തിലെ ഹൂറികളെ പോലെ മുപ്പത്തിമൂന്ന് വർഷം മലയാളി ആത്മരതിയിൽ ആറാടിച്ച ആ ശരീരം വെറും വ്യാജമാണ്.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments