കഥാപാത്രങ്ങൾ ആരും വെളുത്തവരല്ല. ആരെയും വെളുപ്പിക്കാൻ ഒട്ടു ശ്രമിച്ചിട്ടുമില്ല.
വെള്ളകെട്ടില്‍ വീണ് തെറിക്കുന്ന ഒതളങ്ങയില്‍ നിന്നാണ് കൊല്ലംകാരൻ ആംബുജിയുടെ “ഒതളങ്ങ തുരുത്ത്” തുടങ്ങുന്നത്. സംവിധായകൻ തന്നെ എഴുതി എഡിറ്റ് ചെയ്‍തു യൂട്യൂബിൽ “കൊക്ക് എന്റർടൈന്മെന്റിസ്ന്റെ” ചാനലിൽ ഈ വെബ് സീരീസ്സ് റിലീസ് ആയിട്ട് പത്തു മാസത്തോളമായി.

ലോക്ക്ഡൗണിന്റെ ദിനങ്ങളിൽ മലയാളികൾ വേഗത കുറച്ചു വീട്ടിലിരുന്നപ്പോൾ ഗ്രഹാതുരത്വത്തെ വെറുതെയങ്ങു പൊടി തട്ടി എടുത്തു. അതുകൊണ്ടാണ് സാറ്റ് കളിയും, ചെണ്ട കപ്പയും കാന്താരി പൊട്ടിച്ചതും കട്ടൻക്കാപ്പി കോംബിനാഷനും പിന്നെ ചക്ക വേവിച്ചതുമൊക്കെ നഗരത്തിലും നാഗരീകതയിലേക്കു കുറച്ചു വേഗത്തിൽ ഓടുന്ന ഗ്രാമങ്ങളിലും തിരിച്ചു വന്നത്. അതുകൊണ്ടാണ് സാമ്പാറും, അവിയലും, പഞ്ചസാരയുമൊക്കെ അയല്പക്കത്തേക്കും അവിടുന്നു ഇങ്ങോട്ടേക്കും വെച്ചു മാറുന്ന ‘ബാർട്ടർ സിസ്റ്റം’ വീണ്ടും വന്നത്. അതുകൊണ്ടുതന്നെയാണ് ഗ്രാമത്തിന്റെ ഭംഗിയെയും, പത്രാസ്സില്ലാത്ത കഥാപാത്രങ്ങളുടെ ജീവിത ശൈലിയെയും “ഒതളങ്ങ തുരുത്തി”ലൂടെ മലയാളികൾ വൈകി ആണേലും അങ്ങു വിളിച്ചു കയറ്റിയത്.
മലയാളത്തിൽ വെബ് സീരീസ്സുകൾക്കു മെച്ചമുള്ള കാലമാണിത്. മാസത്തിലൊരിക്കലെങ്കിലും തീയറ്ററിൽ പോയി ആഘോഷങ്ങളുടെ നടുവിലിരുന്നു സിനിമ കാണാൻ കൊതിച്ച മലയാളി ശ്വാസം മുട്ടി അങ്ങു മേലോട്ടെടുക്കുമെന്നായപ്പോൾ കുത്തി ഇരുന്ന് കണ്ട വെബ് സീരിസുകൾ എല്ലാം തന്നെ നഗരത്തിന്റെയും ഹൈ-എൻഡ് ജീവിതങ്ങളുടെയും കഥ പറഞ്ഞു മനുഷ്യനെ മുഷിപ്പിച്ചു തുടങ്ങുമ്പോളാണ് നത്തിന്റെയും പപ്പന്റെയും ഉത്തമന്റെയും രംഗപ്രേവേശം. കഥാപാത്രങ്ങൾ ആരും വെളുത്തവരല്ല. ആരെയും വെളുപ്പിക്കാൻ ഒട്ടു ശ്രമിച്ചിട്ടുമില്ല. നിറത്തിന്റെ രാഷ്ട്രീയമറിയാത്ത വെറും മനുഷ്യരാണ്. ഇതുവരെ പുറത്തിറങ്ങിയ ആറു എപ്പിസോഡുകളിൽ ഓരോന്നും പറയുന്നത് ഓരോ കഥകളാണ്. “മണി ഹെയ്സ്റ്റും”, “ഡാർക്കും”, “പീക്കി ബ്ലൈൻഡെഴ്സ്സും” പിന്നെ നെറ്റ്ഫ്ലിക്സ് ഹോൾസെയിലായിട്ടു ആഗോള മാധ്യമത്തെ വിരൽ തുമ്പിൽ കൊണ്ടെത്തിക്കുമ്പോ എന്തിനീ തുരുത്തിന്റെ കഥ കാണണമെന്ന് ചോദിച്ചാൽ ഒരൊറ്റ വാക്കിൽ ഉത്തരം പറയാൻ പറ്റില്ല.

അഭിനയ മികവിൽ നത്തും, പപ്പനും, ഉത്തമനും, പാച്ചുവും, കറ്റപ്പെരെയും, സിംഗപെണ്ണും മാത്രമല്ല ആരാന്റെ പറമ്പിൽ വെളിയ്ക്കിരിക്കാൻ പോകുന്ന തുറേലാശാനും, കുടുംബശ്രീ മീറ്റിങ്ങിന് കമ്പിപ്പാരയും കൊണ്ടുപോകുന്ന പപ്പന്റെ അമ്മയും, വഴിയെകൂടെ വെറുതെയങ്ങു നടന്നുപോകുന്ന സദാചാരം അമ്മായിയുമെല്ലാം മത്സരിച്ചുള്ള പ്രകടനമാണ്. കരുനാഗപള്ളിയും, വെള്ളാന തുരുത്തും, ആലപ്പാടും, അഴീക്കലും, ആയിരം തെങ്ങും പിന്നെ ഫ്രെയിമുകൾ നിറഞ്ഞു നിൽക്കുന്ന കണ്ടൽ കാടുകളും, കായലും കരയും കിരൺ നുപ്പിറ്റലിന്റെ ക്യാമറ കണ്ണുകൾ നൈസയിട്ടു ഒപ്പിയെടുത്തിട്ടുണ്ട്. അനു ബി ഐവറിന്റെ സംഗീതവും പിന്നെ മൊത്തത്തിലുള്ള സാങ്കേതിക മികവും എല്ലാംകൂടെ ആയിട്ടൊരു ഗ്ലോബല്‍ ലോക്കൽ പരുപാടി ആണ്. കാണാത്തവര്‍ കാണുക, കണ്ടവര്‍ തൊള്ള തുറന്നു വിളിച്ചു പറയുക. ആഗോളരേ ആഹ്ളാദിപ്പിന്‍.