പിന്നെ ആ നഴ്‌സ് മലയാളിയാണെന്ന് കണ്ടെത്തും. വൈറ്റ് ഹൗസില്‍ മലയാളി എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ വീശും. മലയാളി പ്രോക്‌സിമിറ്റിയാവും അപ്പോള്‍ വര്‍ക്ക് ചെയ്യുക.

മാമകന്‍ എന്നാല്‍ മാമന്റെ മോനല്ല. ഞമ്മന്റെ ആളെന്ന് മലപ്പുറത്തിലും അസ്മാദികള്‍ എന്ന് നമ്പൂരിത്തത്തിലും പറയുന്ന ഒന്നാണ്. ജേണലിസത്തില്‍ പറഞ്ഞാല്‍ പ്രോക്‌സിമിറ്റി ഉണ്ടാക്കുന്ന സാധനം എന്തോ അതാണ് മാമകന്‍. ജാതിയോ മതമോ കുടുംബമോ ശത്രുതയോ എന്തുമാവാം അത്. ആദ്യത്തെ ജേണലിസ്റ്റും യുദ്ധറിപ്പോര്‍ട്ടറുമായ സഞ്ജയനാണ് ഇത് നടപ്പാക്കി വിജയിച്ച ആള്‍.

മാമകാഃ പാണ്ഡവാശ്ചൈവ കിമ കുര്‍വത സഞ്ജയഃ എന്നാണ് യുദ്ധറിപ്പോര്‍ട്ടറായ സഞ്ജയനോട് ധൃതരാഷ്ട്രര്‍ ചോദിച്ചത്. കുരുക്ഷേത്രത്തില്‍ വെറുതെ ചിലര്‍ അടിപിടി കൂടിയാല്‍ അങ്ങേര് ഇത് ചോദിക്കില്ല. അതില്‍ തന്റെ ആളുകളായ മാമകന്മാര്‍ കൂടി ഉള്ളതു കൊണ്ടാണ് മക്കള്‍ക്കെന്തു പറ്റി എന്ന ചോദ്യം. അതറിയാന്‍ സംസ്‌കൃതത്തിലുള്ള മഹാഭാരതം വായിക്കണമെന്നില്ല, പച്ച മലയാളത്തിലുള്ള മനോരമ വായിച്ചാലും മതി. അവര് ഈ മാമകവിദ്യകൊണ്ടാണ് ഇക്കാലമത്രയും
പിടിച്ചു നിന്നതും ഗണിതശാസ്ത്രത്തിലെ അദ്ഭുത ഫോര്‍മുലയായ വണ്‍ ഈസ് ഗ്രേറ്റര്‍ ദാന്‍ ടു പ്ലസ് ത്രീ പ്ലസ് ഫോര്‍ കണ്ടുപിടിച്ചതും.

art by Akash Pande

രണ്ടും മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്ന പത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിച്ചാലും മനോരമയുടെ വിഷത്തിനൊപ്പം വരില്ലെന്നും ധിടീര്‍മൃത്യു സംഭവിക്കില്ലെന്നുമാണ് ആ ചൊല്ലിനര്‍ത്ഥം. അതെന്തായാലും വാര്‍ത്തയില്‍ മാമകന്മാരെ കണ്ടെത്താനും മാമകന്മാര്‍ക്കു വേണ്ടി വാര്‍ത്തയുണ്ടാക്കാനും ഫീസ് കൊടുത്ത് മാസ്‌കോമില്‍ ചേരണമെന്നില്ല. ഓസിന് ആ പത്രം വായിച്ചാല്‍ മതി.

തന്റെ ആള്‍ക്ക് എന്തുപറ്റി എന്നറിയാനുള്ള ധൃതരാഷ്ട്രരുടെ ആകാംക്ഷയാണല്ലൊ ആദ്യത്തെ യുദ്ധലേഖകനെ സൃഷ്ടിച്ചത്. ഏതോ നാട്ടിലുണ്ടായ ഏതോ ഒരു വാര്‍ത്തയെ തന്റേതാക്കുന്ന കലയാണ് ജേണലിസം. അത് പ്രാക്ടീസ് ചെയ്താല്‍ ഇപ്പറഞ്ഞ അമ്പത്തൊന്ന് അക്ഷരങ്ങള്‍ മതി അരി വാങ്ങാന്‍. ഒരുദാഹരണം പറയാം.

രണ്ടു ദിവസമായി മലബന്ധത്തിന്റെ അസ്ഖ്യത ഉണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡണ്ടിനു വിരേചനം സുഖായി. വാര്‍ത്താ ഏജന്‍സി ഇങ്ങനെയൊന്ന് അടിച്ചാല്‍ സ്ഥിതിസമത്വം നടപ്പായ ലോക്രമത്തില്‍ മാതൃഭൂമി ഉള്‍പ്പെടെ എല്ലാ പത്രങ്ങള്‍ക്കും അതു കിട്ടും. അങ്ങേരുടെ വിരേചനം സുഖപ്പെട്ടത് നമ്മളെന്തിന് കൊടുക്കുന്നു എന്നാവും മാതൃഭൂമി ചിന്തിക്കുക.

എന്നാല്‍ മനോരമ അങ്ങനെയല്ല. അവിടെ മാമകതിയറി അപളൈ ചെയ്യാന്‍ എന്താണ് വഴിയെന്നു നോക്കും. അങ്ങേര്‍ക്ക് ഗുളികയെടുത്തു കൊടുത്തത് ഒരു നഴ്‌സാണെന്ന് അവര്‍ കണ്ടെത്തും. അപ്പോള്‍ ലോകത്തുള്ള നഴ്‌സുമാരിലെല്ലാം പ്രോക്‌സിമിറ്റി വര്‍ക്ക് ചെയ്യാന്‍ തുടങ്ങും. പിന്നെ ആ നഴ്‌സ് മലയാളിയാണെന്ന് കണ്ടെത്തും. വൈറ്റ് ഹൗസില്‍ മലയാളി എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ വീശും. മലയാളി പ്രോക്‌സിമിറ്റിയാവും അപ്പോള്‍ വര്‍ക്ക് ചെയ്യുക.

അവിടെ വേറൊരു പ്രോക്‌സിമിറ്റിക്ക് വര്‍ക്ക് ചെയ്യും. ഇന്ന സഭയിലെ അംഗമാണെന്നും അവിവാഹിതയാണെന്നും നല്ല ആലോചന ഉണ്ടെങ്കില്‍ നോക്കാമെന്നും.

അവിടെയും നിര്‍ത്തില്ല. അവളുടെ വീട് തിരുവല്ലായിലാണെന്ന് കണ്ടെത്തും. അപ്പോള്‍ വായനക്കാര്‍ ചോദിക്കും. തിരുവല്ലായില്‍ എവിടാ.. ആകാംക്ഷ മൂത്ത് അതറിയാന്‍ വാര്‍ത്ത മുഴുവന്‍ വായിക്കും. അവിടെ വേറൊരു പ്രോക്‌സിമിറ്റിക്ക് വര്‍ക്ക് ചെയ്യും. ഇന്ന സഭയിലെ അംഗമാണെന്നും അവിവാഹിതയാണെന്നും നല്ല ആലോചന ഉണ്ടെങ്കില്‍ നോക്കാമെന്നും. അതു പിന്നെ നീണ്ടകഥയാവുമെന്നതിനാല്‍ ഇവിടെ പറയുന്നില്ല.

വേറൊന്ന് പറയാം.
എടപ്പാളിലെ ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ അതിവിശേഷപ്പെട്ട ഒരു ചടങ്ങു നടക്കുന്നു. അക്കിത്തം ഉള്‍പ്പെടെയുള്ളവരാണ് ‌സംഘാടകര്‍. ക്ഷേത്രത്തില്‍ വലിയൊരു ചടങ്ങു നടക്കുമ്പോള്‍ പറയേണ്ടതു മാതൃഭൂമിയോടാണെന്ന് മനുസ്മൃതിയിലുള്ളതിനാല്‍ അവരത് അവിടത്തെ മാതൃഭൂമിക്കാരനോട് പറഞ്ഞു.

ബ്രഹ്മരക്ഷസിനെ ഒഴിപ്പിക്കാന്‍ നമ്പൂരാര് തന്നെ വേണമെന്നുണ്ടല്ലൊ. അതുപോലെയാണ് ചില വാര്‍ത്തകള്‍. പ്രാദേശിക ലേഖകന്‍ ഒഴിപ്പിച്ചാല്‍ ഒഴിയില്ല. അങ്ങനെയാണ് എടപ്പാളിലെ മാതൃഭൂമിക്കാരന്‍ മലപ്പുറത്ത് വിളിച്ചു പറഞ്ഞത്. ബ്യൂറോ ചീഫ് വരണം. ബ്യൂറോയില്‍ അന്ന് ചീഫും സില്‍ബന്തിയുമുണ്ട്. രണ്ടുപേരുള്ളത് മാതൃഭൂമിക്കു മാത്രം. സുന്നി, മുജാഹിദ്, എം.ഇ.എസ്, നോമ്പ്, നിസ്‌കാരം എന്നീ ബീറ്റുകളെല്ലാം അബ്ദുള്ളാസായ്‌വിന്. അമ്പലം, ബലിതര്‍പ്പണം, ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങിയവ ചന്ദ്രബാലന്‍ നായര്‍ക്ക്. മുജാഹിദുകള്‍ക്ക് സായ്‌വിനെ കണ്ടാല്‍ ഞമ്മന്റെ ആളെന്ന് തോന്നും. ക്ഷേത്രസംരക്ഷണ സമിതിക്കാര്‍ക്ക് നായരെ കണ്ടാല്‍ മാമകനെന്നും തോന്നും.

art by Smitha Kumari

ക്രിസ്ത്യാനികള്‍ക്ക് മാമകത്വം തോന്നണമെങ്കില്‍ മനോരമ കാണണം. മനോരമയിലാണെങ്കില്‍ ചീഫ് എഡിറ്റര്‍ തൊട്ട് റിപ്പോര്‍ട്ടര്‍ വരെ എല്ലാം മാത്യുവാണ്. മാത്യു കദളിക്കാടാണ് അന്ന് മലപ്പുറത്തെ ബ്യൂറോ ചീഫ്. മനോരമയില്‍ നിന്ന് മാത്യുവെന്ന് പറഞ്ഞ് ഫോണ്‍ ചെയ്താല്‍ ഏതൊരാളും വാര്‍ത്ത നല്‍കും. ചീഫ് എഡിറ്ററാണ് വിളിക്കുന്നതെന്ന് കരുതും. എന്നാല്‍ കേരളകൗമുദിയില്‍ നിന്ന് നമ്പൂരിയാണ് വിളിക്കുന്നതെങ്കില്‍ റോംഗ് നമ്പര്‍ ഇത് അമ്പലമല്ല എന്നാവും മറുപടി.

മാതൃഭൂമിയിലെ സായ്‌വാണ് പറഞ്ഞത്. അതിനു മുമ്പും മലപ്പുറത്ത് വേറൊരു മാത്യു തന്നെ ആയിരുന്നുവത്രെ. മാത്യു മണിമല. റിട്ടയര്‍ ചെയ്താലും മറ്റൊരു മാത്യു വരുന്നത് വരെ ഈ മാത്യു തുടരുമത്രെ. കോഴിക്കോട്ടൊരു പ്രകാശ് മാത്യു റെഡിയായി വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സായ്‌വിന് സമാധാനം. അങ്ങേര്‍ക്ക് പത്രപ്രവര്‍ത്തനത്തില്‍ ബിരുദവും പരദൂഷണത്തില്‍ വിരുതവും ഉണ്ട്. കോട്ടയത്ത് എത്രമത്തായിമാരുണ്ട് എന്നൊരു ഖണ്ഡകാവ്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ അതില്‍ ഈ മാത്യുവും ഉള്‍പ്പെടുമെന്നാണ് പറഞ്ഞത്.

കേരളകൗമുദിയില്‍ ചീഫ് എഡിറ്റര്‍ എം.എസ് മണിയാണ്. ആ പേരുള്ള റിപ്പോര്‍ട്ടര്‍മാരോ സബ് എഡിറ്റര്‍മാരോ ഇല്ല. മണിയെന്ന് പേര് വേറൊരാള്‍ക്കുള്ളത് അവിടത്തെ പ്യൂണിനാണ്. എഡിറ്ററെയും പ്യൂണിനെയും വേര്‍ തിരിച്ചറിയാനായി പ്യൂണിനെ ആനമണിയാക്കി. പ്യൂണായാലും ആനമണിക്ക് ചീഫ് എഡിറ്റരുടെ ചെറിയ പവറൊക്കെയുണ്ട്. മണിസാറിനെ കാണാന്‍ ആനമണിയുടെ സമ്മതം വേണം.

മാധ്യമത്തിന്റെ വായനക്കാര്‍ അസ്മാദികളായ അമ്പലവാസികളല്ലാത്തതിനാല്‍ അങ്ങേര് വരുന്നില്ലെന്ന് പറഞ്ഞു.

പറഞ്ഞു വന്നത് അതല്ല. എടപ്പാളിലെ ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ പോവുമ്പോള്‍ ഒരു നമ്പൂരിയും ഇരുന്നോട്ടെ എന്നു കരുതി വരുന്നോ എന്നു ചന്ദ്രബാലന്‍ നായര്‍ ചോദിച്ചു. ഒരു നായരെ സംബന്ധിച്ച് നസ്രാണിയേക്കാള്‍ അസ്മാദിയാണ് നമ്പൂരി. ആ നമ്പൂരി തന്റെ അയല്‍വാസിയായ മാധ്യമത്തിലെ മുഹമ്മദലി മാഷോട് ചോദിച്ചു വരുന്നോ. മാധ്യമത്തിന്റെ വായനക്കാര്‍ അസ്മാദികളായ അമ്പലവാസികളല്ലാത്തതിനാല്‍ അങ്ങേര് വരുന്നില്ലെന്ന് പറഞ്ഞു.

ചന്ദ്രബാലന്‍ നായര്‍ക്ക് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു.വാര്‍ത്ത മനോരമക്ക് കിട്ടരുത്. മറ്റെല്ലാത്തിലും വരികയും വേണം. ഇതായിരുന്നു ഫോര്‍മുല. ഇതായിരുന്നു മറ്റുള്ളവരെയും ഒപ്പം കൂട്ടിയതിന്റെ രഹസ്യം. പിന്നെ കാറിന്റെ വാടക ഷെയറാക്കുകയും. ദക്ഷിണാമൂര്‍ത്തയേ നമഃ എന്ന് ദിവസവും മനസാ സ്മരാമി പതിവാണ്. ഇന്നത് ശിരസാ നമാമിയാക്കാമെന്നു വച്ചു കൂടെപ്പോയി.

art by Smitha Kumari

കുന്നുമ്മല്‍ നിന്ന് രണ്ടാളും കൂടി ഒന്നിച്ചു കാറില്‍ കയറുന്നത് ആരും കാണേണ്ടെന്നും അങ്ങനെ ചെയതാല്‍ മാത്യു അറിയുമെന്നും ചന്ദ്രബാലന്‍ നായര്‍ പറഞ്ഞു. രണ്ടിടത്തു നിന്നായി കാറില്‍ കയറി.
വലിയൊരു പരിപാടിയാണ് അവിടെ നടക്കാന്‍ പോവുന്നത്. അക്കിത്തമാണ് സംഘാടകന്‍. ആള്‍ എഡിഷന്‍ വാര്‍ത്തയാണ്. മലബാറിലെങ്കിലും ഒന്നാം പേജില്‍ ഷെഡ്യൂള്‍ ചെയ്യുന്നത്. കാറിലായതു കൊണ്ട് രാത്രി ഒമ്പതു മണിയോടെ തിരിച്ചെത്താം. ഡെസ്‌കില്‍ അലര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മനോരമയിലേക്ക് ഒന്നു ഫോണ്‍ ചെയതു നോക്കി. മാത്യു അവിടെ ഉണ്ടോ എന്നറിയാനാണ്. എടുത്തത് മാത്യു തന്നെ. അങ്ങേര് പോയിട്ടില്ലെന്ന് ഉറപ്പായി.ഫോണ്‍ കട്ടാക്കി. സ്ഥിരമായി എന്തെങ്കിലും പണിതരാറുണ്ട് മാത്യു. ഒന്നു തിരിച്ചു നല്‍കാന്‍ കഴിയുന്നതില്‍ ഒരു സുഖം തോന്നി. അവര്‍ക്കാണെങ്കില്‍ അമ്പലം, നമ്പൂരി, നായര്‍ തുടങ്ങിയ മേഖലകള്‍ അപ്രാപ്യമായി തുടരുകയുമാണ്. നാളെ രാവിലെ മറ്റു പത്രങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ മാത്യു ഞെട്ടണം. വലിയ മാത്യു വിളിച്ച് ചെറിയ മാത്യുവിനെ ചീത്ത പറയണം.

അങ്ങനെ എടപ്പാളിലെത്തി. പോവുന്ന വഴിയിലെ ക്ഷേത്രങ്ങളെപ്പറ്റിയെല്ലാം ചന്ദ്രബാലന്‍ നായര്‍ പറഞ്ഞു. തിരുന്നാവായ, മേല്‍പ്പത്തൂര്‍, കുറ്റിപ്പുറത്തെ ചെറിയ പമ്പ…അങ്ങനെ അവിടെയെത്തി. അക്കിത്തവും സംഘാടകരും ചേര്‍ന്ന് അങ്ങോട്ടു കൂട്ടി. അവിടെയത്തുമ്പോഴുണ്ട് സാക്ഷാല്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി കഴകത്തിനു തയ്യാറെന്ന മട്ടില്‍ ഷര്‍ട്ടെല്ലാം അഴിച്ച് ഭക്തിപൂര്‍വം തൊഴുതു നില്‍ക്കുന്നു. ദക്ഷിണാമൂര്‍ത്തിയെ തൊഴും മുമ്പ് അദ്ദേഹത്തെ തൊഴുതു.

art by Smitha Kumari

അന്ന് മനോരമയുടെ കോഴിക്കോട് ഡെസ്‌കിലാണ് ചൊവ്വല്ലൂര്‍. സാധാരണ നിലയില്‍ അവിടെയെത്തേണ്ട ഒരു കാര്യവുമില്ല. റിപ്പോര്‍ട്ടിംഗിലല്ല അദ്ദേഹം. എന്നിട്ടും ചൊവ്വല്ലൂര്‍ പണി പറ്റിച്ചതെങ്ങനെ? പിന്നെയാണ് അറിഞ്ഞത് എടപ്പാളിലെ മനോരമ ലേഖകന്‍ അതിലും വലിയ സൂത്രം പ്രയോഗിച്ചതാണ്. ധര്‍മോസ്മദ് കുലദൈവതം എന്നാണ് മനോരമയുടെ ആപ്തവാക്യം. മൂന്ന് ജില്ലകളിലെ ധര്‍മ്മം വിതരണം ചെയ്തിരുന്നത് കോഴിക്കോട്ടു നിന്നാണ്.

ഇപ്പോഴത്തെ മലപ്പുറം മനോരമ അന്ന് ഡിലൈറ്റായ സിനിമാ ടാക്കീസായിരുന്നു. അവിടെ ധര്‍മ്മക്കഞ്ഞി വിതരണം ചെയ്തിരുന്നില്ല. മലപ്പുറത്താണെങ്കില്‍ അമ്പലത്തിനു പറ്റിയ ആളല്ല മാത്യുവാണ് റിപ്പോര്‍ട്ടര്‍. അമ്പലത്തിന് നല്ലത് വാര്യരാണെന്നതിനാല്‍ എടപ്പാളിലെ ലേഖകന്‍ കോഴിക്കോട്ടു വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ഫീല്‍ഡിലിറങ്ങി വാര്‍ത്ത പിടിക്കേണ്ട ആളല്ലാഞ്ഞിട്ടും ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി എന്ന വാര്യര്‍ ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ കഴകത്തിനെത്തിയത്. മാതൃഭൂമിയിലില്ലാത്ത എന്തെങ്കിലും അധികവിവരങ്ങള്‍ നല്‍കാനാണ് ക്ഷേത്രവിഷയവിദഗ്ധനായ ചൊവ്വല്ലൂര്‍ നേരിട്ടവതരിച്ചത്.

എ്ക്‌ളൂസീവ് പൊളിഞ്ഞു എന്നഭിനയിക്കാതെ ചന്ദ്രബാലന്‍ നായരും ചൊവ്വല്ലൂരും ലോഹ്യം പറഞ്ഞു. ഇന്നു കൊടുക്കുന്നുണ്ടോ എന്നായി വാര്യര്‍. ഷെഡ്യൂള്‍ ചെയ്തതാണെന്ന് നായര്‍. രണ്ടിനും തയ്യാറെന്ന് നമ്പൂരിയും. അപ്പോള്‍ ചൊവ്വല്ലൂര്‍ പറഞ്ഞു. ഇന്നിനി കോഴിക്കോട്ട് പോണില്ല. ഗുരുവായൂര്‍ക്കാണ് യാത്ര. നാളെ കൊടുത്താല്‍ പോരേ. മനോരമയോടുള്ള വാശി തീര്‍ക്കാന്‍ ചൊവ്വല്ലൂരിനെ ദ്രോഹിക്കേണ്ടെന്നു കരുതി. ഒന്നുമില്ലെങ്കിലും അമ്പലവാസിയാണല്ലൊ. അസ്മാദിയാണല്ലൊ. ഇപ്പോള്‍ മനസിലായില്ലേ മാമകന്‍ എന്താണെന്ന്.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments