ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്‌ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്‍ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.

രിക്കല്‍ മാത്രമേ ഇ.എം.എസിനെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ളൂ – 1991ല്‍. മലപ്പുറത്തെ പാര്‍ട്ടി ഓഫീസില്‍ വച്ച്. ആ ഇന്റര്‍വ്യൂവിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. കേരളത്തില്‍ ആദ്യമായി നടന്ന ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പതിമൂന്ന് ജില്ലകളിലും ഇടതു മുന്നണി ജയിച്ച പശ്ചാത്തലം.

അതിന്റെ ആവേശത്തിലായിരുന്നുവല്ലൊ കാലാവധി തികയാന്‍ ഒരു കൊല്ലം കൂടി ബാക്കിയുള്ളപ്പോള്‍ നായനാരെ രാജി വപ്പിച്ച് വി.എസ്. അച്യുതാന്ദന്‍ മത്സരിക്കാനിറങ്ങിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ അന്തരീക്ഷം ആകെ മാറിയതിനാല്‍ വി. എസിന്റെ മോഹം നടന്നില്ലെന്നു മാത്രം. ആ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം മലപ്പുറത്തെത്തിയതായിരുന്നു ഇ.എം.എസ്.

E.M.S (centre) at a ‘dharna’ in Delhi in 1989 | Photo: Hindustan Times

അതു വരെയും ഇ.എം.എസിനോട് പത്രസമ്മേളനത്തില്‍ പോലും ചോദ്യം ചോദിക്കാനായിട്ടില്ല. എന്നാല്‍ കുറെക്കാലമായി ഒരു ചോദ്യം ചോദിക്കാന്‍ മുട്ടുന്നുമുണ്ട്. മലപ്പുറം ജില്ലയില്‍ സി.പി.എം. പച്ച (അതോ ചുവപ്പോ) തൊടാത്തതെന്ത്. മലപ്പുറം ജില്ലക്കാരനായതുകൊണ്ടോ പത്രറിപ്പോര്‍ട്ടര്‍ ആയതുകൊണ്ടോ മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ മകനായതുകൊണ്ടു കൂടിയായിരുന്നു അത്.

ഉത്തരം തരേണ്ടതും മലപ്പുറം ജില്ലക്കാരന്‍. സി.പി.എമ്മിന്റെ സമുന്നത നേതാവ്. രണ്ടു വട്ടം മുഖ്യമന്ത്രിയായ ആള്‍. പതിമൂന്ന് ജില്ലയിലും അശ്വമേധം ജയിച്ചിട്ടും സ്വന്തം ജില്ലയില്‍ മാത്രം പരാജയപ്പെടുന്ന സാരഥി. ആ പരാജയത്തിന് ഒരു കാരണമുണ്ടാവണമല്ലൊ. നാലാള്‍ കേട്ടാല്‍ നിരക്കുന്ന ഒരു ന്യായം. അതായിരുന്നു വേണ്ടിയിരുന്നത്.

എന്നാല്‍ ആ ലേഖന പരമ്പരക്ക് ഇ.എം.എസ്. ദേശാഭിമാനിയില്‍ മറുപടി നല്‍കി.

വേറൊരു ധൈര്യവും അന്നുണ്ടായിരുന്നു. ആയിടക്ക് ഏതാണ്ട് ഇതുപോലൊരു വിഷയത്തില്‍ മാധ്യമത്തില്‍ പി.ടി നാസര്‍ ഒരു പരമ്പര ചെയ്തു. അന്നും ഇന്നും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നാസര്‍. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് മുസ്‌ലീങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്നതിന്റെ ഇസ്‌ലാമിക വീക്ഷണമായിരുന്നു അത്. ആഹ്വാനവും താക്കീതുമെല്ലാം നിരത്തിക്കൊണ്ടുള്ള മര്‍മ്മത്തില്‍ കുത്തുന്ന ലേഖനം.

സാധാരണനിലയില്‍ ചെറുപ്പക്കാരനായ ഒരു പത്രപ്രവര്‍ത്തകന്‍ മാധ്യമം പോലൊരു പത്രത്തില്‍ ലേഖനമെഴുതിയാല്‍ ഇ.എം.എസിന് കൊള്ളണ്ട കാര്യമൊന്നുമില്ല. അക്കാലത്ത് എ.കെ.ആന്റണി ചൊറിഞ്ഞാല്‍പ്പോലും അവഗണിക്കുന്ന നേതാവാണ് ഇ.എം.എസ്. എന്നാല്‍ ആ ലേഖന പരമ്പരക്ക് ഇ.എം.എസ്. ദേശാഭിമാനിയില്‍ മറുപടി നല്‍കി. ആ മറുപടിയിലും ഇപ്പറഞ്ഞ ചോദ്യത്തിനു ഉത്തരമില്ലായിരുന്നു. വളരെ ലളിതമായ ഉത്തരം. എന്തുകൊണ്ട് നടക്കുന്നില്ല. അത് ചോദിക്കാതെ വയ്യെന്നായി.

അന്ന് സെയ്താലിക്കുട്ടിയാണ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. ഇ.എം.എസിന്റെ ഇന്റര്‍വ്യൂ തരപ്പെടുത്തി തരേണ്ടത് അദ്ദേഹമാണ്. നല്ല മൂഡിലല്ലെങ്കില്‍ കാര്യം നടന്നില്ലെന്നു വരും. അതിലേറെ അടുപ്പമുള്ളത് ഉമ്മര്‍ മാഷുമായാണ് (പിന്നീട് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആയ ആള്‍) ഉമ്മര്‍ മാഷോടു പറഞ്ഞു. ഇ.എം.എസിനെ ഒന്നു മുട്ടിച്ചു തരണം.

പക്ഷേ, ഒരു പ്രശ്‌നം. ഇ.എം.എസിന് ചെവി അല്പം കമ്മിയാണ്. യന്ത്രസഹായത്താലാണ് കേള്‍വി. അതുകൊണ്ട് ചോദ്യോത്തരം കുഴങ്ങുമെന്നായി മാഷ്. എന്നാലും ശ്രമിക്കാം. പൊതു സമ്മേളനത്തിനു മുമ്പ് ഡിസിയില്‍ വന്നാല്‍ മതി. അതിനടുത്തുള്ള മൈതാനത്തു തന്നെയാണ് പരിപാടിയെന്നതിനാല്‍ അവിടെയാണ് വിശ്രമം. മാഷ് ഒരു കണ്ടീഷന്‍ കൂടി വച്ചു. ചോദ്യങ്ങള്‍ എഴുതി തയ്യാറാക്കിയാല്‍ നന്ന്.

2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ സി.പി.എം അട്ടിമറി വിജയം നേടിയപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉമ്മര്‍ മാസ്റ്റര്‍ നല്‍കിയ മറുപടി.

അധികം ചോദ്യമൊന്നുമില്ല. മലപ്പുറം ജില്ല മാത്രം പിടിക്കാന്‍ പറ്റാത്തത് എന്ത് എന്ന സിമ്പിള്‍ ആയ ചോദ്യം. പത്തു പതിനഞ്ച് മണ്ഡലങ്ങളുള്ളതില്‍ കഷ്ടിച്ച് ഒരു അസംബ്‌ളി മണ്ഡലം മാത്രമാണ് വല്ലപ്പോഴുമെങ്കിലും ജയിക്കാനാവുന്നത്. മറ്റെല്ലാം മുസ്‌ളീം ലീഗിനു തന്നെ കിട്ടുന്നു. ഈ ചോദ്യം ചോദിക്കാന്‍ ഒരു ചരിത്ര പശ്ചാത്തലവുമുണ്ട്. അതും കൂടി എഴുതി നല്‍കി.

കുട്ടിപ്പാക്കിസ്ഥാന്‍ ആവുമെന്ന് ആക്ഷേപമുണ്ടായിട്ടും മലപ്പുറം ജില്ല രൂപീകരിച്ചത് കമ്മ്യൂണിസ്റ്റുകാര്‍. മുസ്‌ലീം ലീഗിനെ ആദ്യമായി മന്ത്രിസഭയിലെടുത്ത് അംഗീകാരം നല്‍കിയത് കമ്മ്യൂണിസ്റ്റുകാര്‍. ജില്ലയിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകതൊഴിലാളികള്‍ക്ക് ഒരു തുണ്ട് ഭൂമി കിട്ടാന്‍ ഇടയാക്കിയ ഭൂപരിഷ്‌കരണം കൊണ്ടു വന്നതും കമ്മ്യൂണിസ്റ്റുകാര്‍. ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്‌ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്‍ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.

ഉള്ളവന്‍ ഇല്ലാത്തവര്‍. ചൂഷകന്‍ ചൂഷിതന്‍. മര്‍ദ്ദകന്‍ മര്‍ദ്ദിതന്‍. പണക്കാരന്‍ പാവപ്പെട്ടവന്‍. ഇങ്ങനെ കുറെ ദ്വന്ദങ്ങള്‍.

നാലുമണിയോടെ ഓഫീസിലെത്തി. ഇ.എം.എസ് വിശ്രമം കഴിഞ്ഞ് ഉന്മേഷവാനായിരിക്കുന്നു. എന്തോ ചിലത് വായിക്കുകയാണ്. കേള്‍വി യന്ത്രം കാതില്‍ ചേര്‍ത്തു വച്ചു. എഴുതിത്തയ്യാറാക്കിയ ചോദ്യപ്പട്ടിക നല്‍കി.

ആദ്യം വിക്കും പിന്നെ വാക്കും എന്ന ക്രമത്തില്‍ പുറത്തുവരാന്‍ തുടങ്ങി. വര്‍ഗാധിഷ്ഠിത രാഷ്ട്രീയത്തെപ്പറ്റി. ഉള്ളവന്‍ ഇല്ലാത്തവര്‍. ചൂഷകന്‍ ചൂഷിതന്‍. മര്‍ദ്ദകന്‍ മര്‍ദ്ദിതന്‍. പണക്കാരന്‍ പാവപ്പെട്ടവന്‍. ഇങ്ങനെ കുറെ ദ്വന്ദങ്ങള്‍. ഇതില്‍ കമ്മ്യൂണിസ്റ്റുകാരുടെ സ്ഥാനം. വര്‍ഗാധിഷ്ഠിതമായ ചിന്ത. പതിവായി പറയുന്ന കാര്യങ്ങള്‍.

അങ്ങനെ വര്‍ഗാധിഷ്ഠിതമായ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വര്‍ഗീയാധിഷ്ഠിതമായ
ചില ഉപചോദ്യങ്ങള്‍ ചോദിക്കാമെന്നായി. വേറെ ചില ദ്വന്ദങ്ങള്‍ തിരിച്ചു ചോദിച്ചു. നിസ്‌കരിക്കുന്നവന്‍ നിസ്‌കരിക്കാത്തവന്‍. നോമ്പെടുക്കുന്നവന്‍ നോമ്പെടുക്കാത്തവന്‍. പള്ളിയില്‍ പോവുന്നവന്‍ പള്ളിയില്‍ പോവാത്തവന്‍. വിശ്വാസി അവിശ്വാസി. ഈ ദ്വന്ദങ്ങളില്‍ പാര്‍ട്ടി ഒരു നിശ്ചിത പക്ഷത്തു നില്‍ക്കുന്നതല്ലേ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തതിനു കാരണം. കര്‍ഷകത്തൊഴിലാളി ആയിരിക്കുമ്പോഴും വര്‍ഗാധിഷ്ഠിതമായല്ല, മതാധിഷ്ഠിതമായാണ് ആളുകള്‍ സംഘടിക്കുന്നത് . അതിനെ ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കു കഴിയാത്തത് എന്തുകൊണ്ട്.

ഒന്നുകില്‍ പാര്‍ട്ടി അല്പം കൂടി മതപക്ഷത്തേക്ക് അടുക്കണം. അല്ലെങ്കില്‍ ആളുകളില്‍ മതവിശ്വാസം കുറച്ചു കൊണ്ടുവരാന്‍ പാര്‍ട്ടിക്കു കഴിയണം. ഇതില്‍ രണ്ടാമത്തെ കാര്യം നടപ്പാക്കുകയല്ലേ പാര്‍ട്ടി ചെയ്യേണ്ടത്. അക്കാര്യത്തില്‍ തുടര്‍ച്ചയായി പാര്‍ട്ടി പരാജപ്പെടുകയല്ലേ. ഇതായിരുന്നു അടുത്ത ചോദ്യം. ആ ചോദ്യത്തിനുമുണ്ട് ഒരു കാരണം. ശരീഅത്ത് വിവാദം കുത്തിപ്പൊക്കി ആന്റിമുസ്‌ലീം പ്രതിച്ഛായ ആവശ്യത്തിലേറെ ഇ.എം.എസിനുണ്ടായിരുന്ന സമയം. ആ മുന്നണിയിലുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുകച്ചു പുറത്താക്കിയ പശ്ചാത്തലം.

ഇ.എം.എസ്. സന്ദേശത്തിലെ ശങ്കരാടിയായി. ചോദ്യകര്‍ത്താവ് ഉത്തമനും. പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുതില്‍ ഗ്രാമീണജനതയും നാഗരിക ജനതയും തമ്മിലുള്ള വ്യത്യാസവും ഒരേ സമയം ഒന്നിലധികം ശത്രുക്കളോട് പോരടിക്കേണ്ട അവസ്ഥ പാര്‍ട്ടി നേരിടുന്നതും എല്ലാം പറഞ്ഞു. എന്തൊക്കെ ചോദിച്ചിട്ടും ആ ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയില്ല. അപ്പോഴേക്കും പൊതു സമ്മേളനത്തിന് പുറപ്പെടാനായി. അടുത്ത ഉപ ചോദ്യങ്ങള്‍ വേണ്ടെന്നു വച്ചു.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉമ്മര്‍ മാഷ് സി. പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായി. സ്വതന്ത്രഇന്ത്യയില്‍ തിരഞ്ഞെടുപ്പ് എന്ന ഏര്‍പ്പാട് തുടങ്ങിയ ശേഷം ഒരിക്കല്‍പ്പോലും തോറ്റിട്ടില്ലാത്ത മഞ്ചേരിയില്‍ മുസ്‌ലീം ലീഗ് തോറ്റു. ആ പശ്ചാത്തലത്തില്‍ ഉമ്മര്‍മാഷാണ് ഇ.എം.എസിനോട് അന്ന് ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയത്. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും.

മുസ്‌ലീം വോട്ട് ബാങ്കിലേക്ക് ഇടിച്ചു കയറാന്‍, വേണ്ടി വന്നാല്‍ നിസ്‌കാരത്തൊഴിലാളിയൂണിയനും ഉണ്ടാക്കുമെന്നായിരുന്നു ഉമ്മര്‍ മാഷ് പറഞ്ഞത്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന സുന്നി സംഘടനയുടെ മാര്‍സ്‌കിസ്റ്റ് ഫ്രാക്ഷന്‍ പോലും ഉണ്ടാക്കുമെന്ന്. ഒരു ബ്രാക്കറ്റ് ചേര്‍ത്ത്. പ്രായോഗിക രാഷ്ടീയത്തിന്റെ പുതിയ അടവു നയങ്ങള്‍. ആ പ്രയോഗം നന്നായി രസിച്ചു. ഇ.എം.എസ് പറയേണ്ടിയിരുന്നത്.

അങ്ങനെയുള്ള അടവു നയങ്ങളുടെ പിന്‍ബലത്തില്‍ പതിമൂന്നു വര്‍ഷത്തിനു ശേഷം മഞ്ചേരിയില്‍ സി.പി. എം ജയിച്ചത് ഇ.എം.എസിന് കാണാനായില്ല. അതിലും വലിയ അടവു നയങ്ങളുമായി അതിനും മുമ്പ്‌ കേന്ദത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നത് കാണേണ്ടിയും വന്നില്ല. ആ തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വരും മുമ്പേ അദ്ദേഹം കഥാവശേഷനായിരുന്നു.

ഇ.എം.എസ്സും പിണറായി വിജയനും

നോമ്പുള്ളവന്‍ നോമ്പില്ലാത്തവന്‍ എന്ന വര്‍ഗ വേര്‍തിരിവില്‍ നിങ്ങള്‍ ആരുടെ കൂടെ നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഇ.എം.എസ് പറയാത്ത മറുപടി ഈ കൊറോണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. ആറു മണിക്കു നടത്തിയിരുന്ന പത്രസമ്മേളനം ഒരു മണിക്കൂര്‍ നേരത്തെ അഞ്ചു മണിയിലേക്ക് മാറ്റിക്കൊണ്ട്.

തുടരും...

 

2.3 3 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments