“Keep passing the open windows.”
― John Irving, Hotel New Hampshire
കുഴിച്ചിടുന്നതെല്ലാം കിളുക്കുമെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. മരിച്ചു പോയ ചെടികളാണ് വിത്തുകളെന്ന പോലെ. അച്ചാച്ചൻ മരിച്ചു, പെരേടെ കരോട്ട് കുഴിച്ചിടുമ്പോളും എനിക്കങ്ങനെ വെഷമം ഒന്നും വന്നില്ല. അച്ചാച്ചൻ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ചെടികളു പോലെ പൊന്തി വരും. മോനിച്ചോന്നു വിളിച്ചു കള്ള് വിനാഗിരി ഒഴിച്ചു വച്ച കാട്ട് പന്നിയേലൊരു കഷണം വായി വച്ചും തരും.
“കോട്ടയത്ത് അനിയൻ വർക്കിച്ചാച്ചനെ കാണാൻ സീയെമ്മെസ്സേൽ കേറി പോയെന്നങ്ങു വിചാരിക്കു, രണ്ടു ദിവസത്തിനുള്ളിൽ ഇങ്ങ് വരുമല്ലോ അച്ചാച്ചൻ”
എന്നു നെലവിളിച്ചു കരയണ അപ്പയോടും അമ്മച്ചിയോടും പറയണമെന്നുണ്ടായിരുന്നു. അടുത്തു ചെല്ലുമ്പോ തന്നെ
“ഇനി നീയാരുടെ കൂടെ കെടക്കുമെടാ ആൻ്റോയേന്ന് വിളിച്ചായി കരച്ചിൽ”.
ആളുകളു നിൽക്കുന്നെന്ന ബോധമൊന്നും അമ്മച്ചിക്കില്ല. ഇനി അവിടെ നിന്നാൽ, തൊണ്ടിലുരുണ്ട് നടക്കുന്ന ഈനാമ്പേച്ചിയോടുള്ള പേടീം, ഏഴ് വയസ്സു വരെ മുല കുടിച്ചതുമടക്കം സകലമാന കൊള്ളരുതായ്കയും വിളിച്ചു പറയുമെന്നെനിക്കു തോന്നി. ഞാൻ കെടന്ന് കരയട്ടേന്നു വച്ചു. എനിക്ക് അച്ചാച്ചനെന്നു പറഞ്ഞാൽ ആ മനുഷ്യൻ പാചകം ചെയ്യുന്ന എറച്ചീടെ പല തരം രുചികളായിരുന്നു. തേങ്ങാപ്പാലിലും, വറുത്തരച്ചും, തേങ്ങാപൂളിട്ട് ഒലത്തീം, സവാളേം വറ്റലിമുളകും തക്കാളീം കൂടെയിട്ടെടുക്കുന്നതും, ഒന്നും വേണ്ട വെറുതേ കുരുമുളകും വെണ്ണയും കൊണ്ടു പോലും അച്ചാച്ചൻ പോത്തിറച്ചി വച്ചാൽ എന്ത് രുചിയാണെന്നോ. ഓരോന്നിനും ഓരോ രുചികൾ. കോഴി ഇറച്ചിയല്ല, കാലുള്ള പച്ചക്കറിയാണെന്നു അച്ചാച്ചൻ പറഞ്ഞതോർമ്മയുണ്ട്. പന്നീം, പോത്തും, മാനും, മ്ലാവും, ആടുമടക്കം നാല് കാലിലുള്ള എല്ലാ ജീവികളെയും അയാൾ സ്നേഹത്തോടെ കൊന്നു, പങ്കു വച്ചു. കോട്ടേത്തുന്നൊക്കെ കൂടപ്പെറപ്പുകൾ വരുമ്പോ നാടൻ കോഴീം ചുട്ടെടുത്തിരുന്നു.
രണ്ട് ദിവസം കഴിഞ്ഞിട്ടും അച്ചാച്ചൻ പൊന്തിയില്ല. പയ്യെ ആ മനുഷ്യനെന്നെ വിഷമിപ്പിക്കാൻ തുടങ്ങി. പാപി ആയതുകൊണ്ട് കർത്താവ് ഉയിർപ്പിക്കില്ലെന്നു കൂടെ പഠിക്കുന്ന ജോണച്ചൻ എന്നോട് പറഞ്ഞു. ഇതിനു മുൻപ് കർത്താവെന്ന് കേൾക്കുന്നെ അച്ചാച്ചന്റെ വായീന്നു തന്തയ്ക്കും തള്ളയ്ക്കുമാണ്. അച്ചാച്ചൻ പള്ളി പൊളിച്ചെന്നും, പള്ളീൽ അടക്കണേൽ തന്നെ തെമ്മാടി കുഴീലെ പറ്റുവൊള്ളെന്നും, കർത്താവ് പാപ്പനോട് പൊറുക്കട്ടെയെന്നുമുള്ള വാക്ക് കെട്ടുകൾക്കിടയിലൂടെയാണ് ഞാൻ അച്ചാച്ചൻ മരിച്ച അന്ന് ജീപ്പോടിച്ചു കളിച്ചത്. വെള്ളയിട്ട ഒരു പുണ്ടയേയും ഞാൻ ചത്ത് കിടക്കുമ്പോൾ ഇവിടെ കേറ്റിയേക്കല്ലെന്നു പട്ട മൂക്കുമ്പോൾ അയാൾ ഉരുവിട്ടു. കൂടെ താനൊരു പന്നിയെലിയാണെന്നും, അതിനു മരിക്കുമ്പോൾ കിട്ടുന്ന പരിഗണനയെ തനിക്കു ലഭിക്കാവൊള്ളെന്നും, വാലിൽ തൂക്കി പറമ്പിന്റെ മൂലയ്ക്കു നാറാതെ കുഴിച്ചു മൂടണമെന്നും ആ വചനം തുടർന്നു. അമ്മച്ചിയോട് അച്ചാച്ചൻ പാപിയാരുന്നോ എന്ന് ചോദിച്ചപ്പോൾ, പാപവുമില്ല, പാപിയുമില്ലെന്നാ പറഞ്ഞെ. ഈ ലോകത്ത് ജീവിക്കാവുന്നിടത്തോളം കാലം ഉണ്ട്, ഉറങ്ങി, പിള്ളേരുമായി സന്തോഷത്തോടെ കഴിഞ്ഞു.
“പിന്നെന്നാ അച്ചാച്ചൻ പൊന്തി വരാത്തേ?”
“പൊന്തിയോ?”
“ഞാനും അച്ചാച്ചനൂടെ പറമ്പിൽ ചത്തു പോയ വിത്തു കുഴിച്ചിടുമ്പോളെല്ലാം കിളിർക്കാറുണ്ടല്ലോ?”
“ചത്തു പോയ ഒന്നും ജീവിക്കില്ല ആൻ്റോയെ. വിത്ത് ചെടീടെ കുഞ്ഞുങ്ങളാ.”
അതൊരു സ്വാഭാവിക മരണം പോലെ ഉറഞ്ഞു പോയി.
ആ മനുഷ്യനെ ഇനി കാണില്ലെന്നു ഓർക്കുമ്പോൾ ഓർമ്മ തന്നെ മരിച്ചു പോയിരുന്നെങ്കിലെന്നു ഞാനാഗ്രഹിച്ചു. വയറുവീർപ്പനെ പിടിച്ചു തിന്ന താറാവിനെ പോലെ ഞാൻ ചീർത്ത ശരീരത്തിൽ വായു കിട്ടാതെ പിടഞ്ഞു. അച്ചാച്ചൻ എനിക്ക് ഒറ്റയാക്കപ്പെട്ട പള്ളിക്കൂടത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു. ആ അച്ചാച്ചനെയാണ് പന്നി കുത്തിമലർത്തിയത്. പത്തിലെട്ടനിട്ട പറമ്പിൽ, പന്നിച്ചാലു നോക്കി അച്ചാച്ചൻ തോക്കുമായി പോയിരുന്നതാ. തലയ്ക്കിട്ടു പൊട്ടിച്ചു, അതിന്റെ പുറകെ ഊരു പോകും വരെ വാക്കത്തീമായി ഓടി, പന്നിയേയും തോളേലിട്ടേ അച്ചാച്ചൻ വന്നിട്ടുള്ളു. ഇത്തവണ എല്ലാം തെറ്റി, വെടി വയറു തുളച്ചു, ഉടലു വെന്ത കാട്ടുപന്നി പ്രാണ വേദനയിൽ അച്ചാച്ചനെ പൊതിച്ചു. പന്നിയെ കൊല്ലണമെന്നൊന്നും വീട്ടിലാരും പറഞ്ഞില്ല. അതൊരു സ്വാഭാവിക മരണം പോലെ ഉറഞ്ഞു പോയി. പക്ഷേ അന്നു മുതൽ പന്നികളെ തേടി ഞാൻ കാടായ കാടു മുഴുവൻ കേറി. എന്റെ വെടിയൊച്ചകൾ സകല മാന ജീവജാലങ്ങളെയും പ്രണയിക്കുന്നവരെയും അർദ്ധനഗ്നരാക്കി. ഞാൻ വളരുന്നതിനോടൊപ്പം പന്നികൾ പെറ്റു പെരുകി, കിട്ടുന്നതിനെയൊക്കെ ഞാൻ കൊന്നു, അതിനിടയിൽ അന്നയുമായി ഞാൻ അടുപ്പത്തിലായി, അപ്പ അടുക്കളയേറ്റെടുത്തു, കൂടെ അമ്മയോടൊപ്പം പറമ്പിലും പണിതു. കാടുകളുടെ സ്വകാര്യതയെ വെടിവെച്ചു തകർക്കുന്ന എനിക്കെതിരെ നാട്ടുകാരു പരാതിയുമായി വീട്ടിൽ വന്നു തുടങ്ങി.
അന്ന ഒരിക്കലും എന്നേ തേടി വന്നില്ല. ഞാന്‍ അവളെ തേടി നടന്നുകൊണ്ടേയിരുന്നു.
ആയിടയ്ക്കു അമ്മയുടെ വയനാട്ടിലെ ആങ്ങള ഞങ്ങളെ കാണാൻ വന്നു, അമ്മച്ചി എപ്പളത്തേയും പോലെയെന്റെ പന്നിവേട്ടയെ കുറിച്ചും ധൈര്യത്തെ കുറിച്ചും വാവെച്ചു. അതു കേട്ട അമ്മാച്ചൻ “ഇവനിപ്പോ പഠിക്കാനൊന്നും പോകുന്നില്ലല്ലോ, നമ്മുടെ കൊടെയ്ക്കനാലിലെ ഫാം നോക്കി നടത്താൻ ഒരാളു വേണം. നിനക്ക് സമ്മതവാണേൽ ഇവനൊരു ഉത്തരവാദിത്തമൊക്കെ ആവില്ലേ.”
അമ്മാച്ചൻ അമ്മയോടായിട്ടു പറഞ്ഞു.
“അവിടെയും ഇഷ്ടം പോലെ പന്നിയുണ്ടെടാ ആന്റോയേ.”
അമ്മയും അമ്മച്ചിയും പെട്ടിയിൽ സാധനങ്ങൾ എടുത്തു വെക്കാൻ തുടങ്ങി. അപ്പ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി. എന്റെ തീരുമാനം ആരും ചോദിച്ചില്ല. എതിർക്കാൻ ധൈര്യം വന്നതുമില്ല. പിറ്റേന്നു കാലത്ത് അമ്മാച്ചൻ കൊണ്ടുപോകുമെന്ന് എനിക്ക് മനസ്സിലായി. അന്നയോട് സ്ഥിരം കാണാറുള്ള തെക്കേതിലെ ഈടിയേൽ വരാമോന്നു ചോദിച്ചു.
അവൾ വന്നു. ഞാൻ പോകുന്ന കാര്യങ്ങളൊക്കെ പറഞ്ഞു. എന്നത്തെയും പോലെ വെട്ടുകല്ലിലേക്കു ചേർത്തു നിർത്തി ചുണ്ടു നീട്ടിയപ്പോൾ, അവൾ അത് തട്ടി മാറ്റി നടന്നു പോയി. തൊട്ടാവാടികൾ അവളുടെ പോക്കിൽ ചുരുണ്ട് കൂടി. ഈടിയ്ക്കു അപ്പുറവും ഇപ്പുറവും നിറയെ ചെമ്പകമാണ്. ചുവപ്പും മഞ്ഞയും നിറമുളളത്. ഇലയില്ലാതെ പൂത്ത് നിൽക്കുകയാണ്. അതിന്റെ ചുവട്ടിലായിരുന്നു തെക്കേതിലെ കുട്ടച്ചൻ തൂറിയിരുന്നത്. പുള്ളി നൂറ്റിയൊന്നാം വയസ്സിൽ മുണ്ടും പൊക്കി വെളിയ്ക്കിരിക്കുമ്പോഴാണ് മരിച്ചു പോയത്. ജീവിതത്തിലൊരൊറ്റ ആനന്ദമേയുള്ളു അത് വയറ്റീന്നു പോകുന്നതാണ്, അതറിഞ്ഞു ഉയിരു പോകുന്നടത്തോളം സ്വർഗ്ഗീയമായ മരണം വേറെയെന്തുണ്ട്? മലബന്ധമില്ലാത്ത രാജ്യം വരേണമേ…
ആ ചെമ്പകങ്ങളുടെ വശീകരിക്കുന്ന മണത്തിനു കാരണം കുട്ടച്ചൻ നിക്ഷേപിച്ചിട്ടു പോയ സമ്പാദ്യങ്ങളാണെന്നു ഞാനിന്നും വിശ്വസിക്കുന്നു. അന്നയുടെ ഓർമ്മകൾക്കും ചെമ്പകത്തിന്റെ അതേ മണമാണ്.
യാത്ര പറഞ്ഞിറങ്ങുമ്പോൾ കുറച്ചു പത്തിലെട്ടൻ വാട്ടിയതും, ഉലുവയിട്ടു പൊടിച്ച കാപ്പിയും ഒരു പൊതിയിലാക്കി അപ്പ കൊണ്ടെ ബാഗിൽ വച്ചു. കുമളീന്നു പല ബസ്സ് കേറിയിറങ്ങി രാത്രിയിലേക്കു ഞങ്ങൾ കൊടൈക്കനാലെത്തി. ഒരു ഒറ്റ മുറിയും, പണി സാധനങ്ങളൊക്കെ വയ്ക്കുന്ന ചായിപ്പും. മുറിയുടെ ഭിത്തിയിൽ ഒരു തോക്ക് തൂക്കിയിട്ടിടുണ്ട്. പന്നിയെ ഒന്നും കണ്ടില്ലെങ്കിലും തോക്കെനിക്കു വലിയ ആശ്വാസം നൽകി. ചുറ്റിനും കുന്നുകൾ. കൊടും തണുപ്പ്. നാട്ടീന്നു കൊണ്ടു വന്ന കമ്പിളിയേലൊന്നും ഇത് നിൽക്കുമെന്നു തോന്നുന്നില്ല. കാറ്റടിച്ച കവുങ്ങ് പോലെ ഞാൻ കിടന്നാടി. അമ്മാച്ചനെനിക്കു ഒരു സെറ്റെറെടുത്ത് തന്നു. അയാളേക്കാൾ പ്രായമുള്ളൊരെണ്ണം. ഞാൻ എല്ലാ ബഹുമാനത്തോടെയും അതെടുത്ത് കുടഞ്ഞിട്ടു. പിറ്റേന്നു കാലത്ത് പണിക്കാരു വന്നപ്പോൾ എന്നെ കാണിച്ചു, കുറച്ച് പൈസയും കൈയ്യിലേൽപ്പിച്ചു അമ്മാച്ചൻ പോയി. പറമ്പിനടുത്ത് താമസിക്കുന്ന തമിഴ് തൊഴിലാളികൾ. വീട്ടിലും പറമ്പിൽ പണിയുന്നത് തമിഴരായകൊണ്ട്, എനിക്കു അവരോട് ഏറെക്കുറേ കാര്യങ്ങൾ ധരിപ്പിക്കാനാകുമായിരുന്നു. രാവിലെ കട്ടൻകാപ്പിയിട്ട് കുടിച്ചു, ഞാൻ പറമ്പിലോട്ടിറങ്ങി. ലെനിനെന്നാണ് പ്രധാന തൊഴിലാളിയുടെ പേര്. പുള്ളി മകനോട് എന്നെ പറമ്പ് ചുറ്റി കാണിക്കാൻ പറഞ്ഞു. കമ്പൻ. എൻ്റെ പ്രായം കാണും. എന്നെപ്പോലെ തന്നെ പഠിപ്പൊക്കെ നിർത്തി സ്വൈര്യ ജീവിതം നയിക്കുന്നു. കാപ്പിയാണ് പ്രധാന കൃഷി. പത്തു-പതിനഞ്ചേക്കറിൽ. വെളുത്തുള്ളി, പ്ലം, ക്യാരറ്റൊക്കെ മൂന്നാലേക്കറിൽ വീതം. അവൻ അടുത്തുള്ള കടയൊക്കെ കാണിച്ചു തന്നു, പോയി. ഞാൻ പയ്യെ ഭക്ഷണമൊക്കെ ഉണ്ടാക്കാൻ തുടങ്ങി. രാത്രി ആയപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി അമ്മാച്ചനു വേണ്ടിയിരുന്നത് ഒരു കാവൽക്കാരനെയാണ്. അതിനപ്പുറത്തേക്കു ഇവിടെയൊന്നും ചെയ്യാനില്ല. കമ്പനെനിക്കു ഫോണൊക്കെയുള്ള കുറിഞ്ചി ബംഗ്ലാവ് കാണിച്ചു തന്നു. അങ്ങനെ വല്ലപ്പോഴും ത്രേസ്യാമ്മേടെ അവിടെ വിളിച്ചു അമ്മയോട് വീട്ടീലെ കാര്യങ്ങൾ തിരക്കി. ദിവസങ്ങൾ കടന്നു പോയി. ഒറ്റയ്ക്കുള്ള ജീവിതം എന്നെ പന്നിക്കൂട്ടത്തെ പോലെ പിന്തുടർന്നു. ഞാൻ അതിനെ വെടിവെച്ചില്ല. അതിനുള്ള ആവതെനിക്കില്ലാതായി. ഒറ്റയ്ക്കാകുമ്പോൾ ചെമ്പകത്തിന്റെ മണം എന്നെ വന്നു മൂടി നിന്നു. അവളിപ്പോൾ എവിടെയായിരിക്കും. എനിക്ക് കരച്ചിലു വന്നു. നനഞ്ഞ തലയിണകൾ ഉടലിനു ചൂട് പകർന്നു. എന്റെ ദിവസങ്ങൾ ഏങ്ങലടിച്ചെപ്പോളോ അവസാനിച്ചു. അച്ചാച്ചനെന്റെ ഭയത്തിന്റെ കാവൽക്കാരനായിരുന്നു. ഞാനെന്റെ അപ്പനായി മാറുന്നത് ഓരോ ദിവസവും കണ്ടു. അപ്പൻ എന്താണങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ചില ദിവസങ്ങളിൽ അച്ചാച്ചന്റെ തോളിൽ ചരിഞ്ഞു കിടന്നു കരയുന്നതു കാണാം, മറ്റു ചിലപ്പോൾ ഒറ്റയ്ക്കു കിണറ്റിൻ കരയിലെ പാലത്തടിയിൽ പോയിരുന്നു വെള്ളത്തിലേക്കു നോക്കി. അപ്പോളൊക്ക അച്ചാച്ചൻ കുഞ്ഞു കൊച്ചിനേ പോലെ ചേർത്തു പിടിച്ചു പറമ്പിലേക്കു നടക്കാൻ കൊണ്ടു പോകും. അച്ചാച്ചൻ മരിച്ചു കഴിഞ്ഞു അമ്മയും ഇരുട്ടടഞ്ഞ അവരുടെ മുറിയിൽ അപ്പയെ കെട്ടിപിടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പയെ എനിക്ക് ഇഷ്ടമേ ആയിരുന്നില്ല. മിണ്ടാറു പോലുമില്ലായിരുന്നു. ഞാൻ എന്താവരുതെന്ന് വിചാരിച്ചോ, അതിലേക്കുള്ള എന്റെ രൂപപ്പെടല്‍ ഞാൻ നിസ്സഹായനായി നോക്കി നിന്നു. മാസങ്ങൾ കഴിഞ്ഞു, ഇടയ്ക്കിടയ്ക്കു ‘സുഖമാണെന്ന് വിചാരിച്ചു കൊണ്ട്’ കഴിയാനുള്ള പൈസ അമ്മാച്ചൻ അയച്ചു തന്നു.
ഞങ്ങൾ എപ്പൊളോ ഭൂമിയിൽ ഉറങ്ങി. യാത്ര പറയാതെ അവൾ പോയി.
മിക്ക ദിവസവും കമ്പനും കുറച്ച് കൂട്ടുകാരും വീടിനു മുന്നിലുള്ള കുന്നിൽ രാത്രിയിൽ പോയി എന്തോ പറിച്ചു കൊണ്ട് വരുന്നത് കാണാമായിരുന്നു. ഒരു ദിവസം, ഞാൻ ചുമ്മാ അവരുടെ അടുത്തേക്കു ചെന്നു. കാര്യം തിരക്കിയപ്പോൾ കൂണാണെന്നു പറഞ്ഞു. ലഹരിയുള്ള കൂൺ. ഇവിടെ എല്ലാവരും ദിവസവും കഴിക്കാറുണ്ടെന്നു. മൂന്നാലെണ്ണം തന്നിട്ട് അവർ നടന്നു പോയി. ഞാൻ മുറിയിലോട്ടും പോരുന്നു. ഇത് വല്ലോ വിഷവും ആയിരിക്കുമോ. അവൻ എന്നെ അപായപ്പെടുത്താൻ തന്നതാകുമോ? എന്നെ അപായപ്പെടുത്തിയിട്ടു അവനെന്തിനാ?
ഇടി വെട്ടി മഴ പെയ്താൽ പിറ്റേന്നു നാട്ടിൽ കൂണ് കിളിക്കുവായിരുന്നു. അത് തേങ്ങയരച്ചു വെച്ചാൽ ഗംഭീര രുചിയായിരുന്നു. അതിനൊന്നും ലഹരിയുണ്ടായിരുന്നില്ല. പക്ഷേ ഇത്?
തമിഴൻ ചതിക്കില്ലെന്ന അച്ചാച്ചന്റെ വാക്കിൽ, ഞാനതു കഴിച്ചു തുടങ്ങി. മുറിയിൽ ചെമ്പകം പൂത്തു. അന്ന എന്നെ തേടി ഒരു ചാര സെറ്ററിട്ടു വന്നു. ഞാൻ പറമ്പീന്നു പല നിറമുള്ള പ്ലമ്മുകൾ അവൾക്കു നൽകി. രാവന്തിയോളം ഞാനവളോട് സംസാരിച്ചു കൊണ്ടേയിരുന്നു. ജലത്തിനടിയിൽ മീനുകളെ പോലെ ആമ്പലുകൾക്കിടയിൽ നീന്തി തുടിച്ചു. ചിറകു കഴച്ചപ്പോൾ ഞങ്ങൾ അതടിച്ചു ആകാശത്തിലൂടെ വട്ടമിട്ടു പറന്നു. കമ്പനും കൂട്ടുകാരും അതുകണ്ട് അത്ഭുതപ്പെട്ടു. “പറക്കാനാവാത്ത പാവം മനുഷ്യർ”, ഞാൻ അന്നയോട് പറഞ്ഞു. ഞങ്ങൾ എപ്പൊളോ ഭൂമിയിൽ ഉറങ്ങി. യാത്ര പറയാതെ അവൾ പോയി. പിന്നീടുള്ള ദിവസങ്ങളിൽ കമ്പനു മുൻപേ ഞാൻ മല കയറി. അവിടിരുന്നു കഴിച്ചും, മുണ്ടിന്റെ തട്ടിലിട്ടും കൂണുമായി ഞാനിറങ്ങാൻ തുടങ്ങി. അച്ചാച്ചൻ മിക്ക ദിവസവും രാത്രി സന്ദർശകനായി. അച്ചാച്ചനു ഞാൻ ഭക്ഷണം ഉണ്ടാക്കി കൊടുത്തു. എന്നെ കൂട്ടാതിരുന്ന ചങ്ങാതിമാരൊക്കെ വന്നു സംസാരിക്കാൻ തൂടങ്ങി. ഞാൻ സമയമില്ലാത്ത ഒരു രാത്രി ജീവിയായി മാറി. ഒരു ദിവസം പത്ത് പത്തര ആയപ്പോൾ വാതിലിൽ ആരോ തട്ടുന്നു. അച്ചാച്ചനും അന്നയും കൂട്ടുകാരുമൊന്നും തട്ടാറില്ലായിരുന്നു, നേരെയിങ്ങ് കയറി പോരുവാണ് പതിവ്. ഇതാരപ്പാ, ഈ മാന്യൻ. കതക് തുറന്നപ്പോൾ ഒരു കറുത്തു കുറുകിയ, വയറു ചാടിയ, അച്ചാച്ചന്റെ പ്രായമുള്ള കഷണ്ടിയായ മനുഷ്യൻ. നാട്ടിലുള്ള കുഞ്ഞൻ ചേട്ടനെ പോലൊരാൾ.
ഞാൻ അയാളോട് ആരാണെന്നു തിരക്കി.
പുള്ളി “കർത്താവെന്നു” മറുപടി നൽകി.
“കുഞ്ഞൻ ചേട്ടനാരുന്നോ കർത്താവ്?” ഞാൻ ചോദിച്ചു.
“ഏത് കുഞ്ഞൻ”
“നാട്ടിലുള്ളതാ കർത്താവേ”
“ആ, എനിക്കറിയാൻമേല.”
“ഇതെവിടെ പോയതാ?”
“ഇങ്ങോട്ടിറയതാടാ.”
“കർത്താവിന്റെ തലയ്ക്കു ചുറ്റും കത്തിച്ചിട്ടിരുന്ന വെട്ടമെന്തിയേ?”
“അത് ഫ്യൂസായടാ ഉവ്വേ. പത്രോസിന്റെ അളിയന്റെ കടേൽ നന്നാക്കാൻ കൊടുത്തിട്ടുണ്ട്.”
“അത് നന്നായേതായാലും. അതില്ലാതെ കണ്ടിട്ടൊരു മെനയില്ല.”
“ആ. നീയിതെന്താ എനിക്കൊന്നും തിന്നാൻ തരാത്തേ? മലകേറി വിശന്നു കൂറ കുത്തി.”
“നാട്ടീന്നു കൊണ്ടു വന്ന വാട്ടു കപ്പ വെള്ളത്തിലിട്ടിടുണ്ട്. അത് വേയിക്കട്ടെ?”
“ആ വേയിക്കു. കറി എന്നാ ഒള്ളെ?”
“ഉണക്കയിറച്ചി വറ്റലിമുളകരച്ചു വെച്ചതുണ്ട്.”
“പച്ച ഒന്നുമില്ലേടേയ്.”
“പച്ചയ്ക്കു നല്ല കൂണുണ്ട്.” അത് പറഞ്ഞു ഞാൻ അടുക്കളയിലേക്കു പോയി.
കർത്താവ് എന്റെ കട്ടിലിന്റെ ഓരത്ത് നടു നിവർത്തി.
ഭക്ഷണവുമായി വന്നപ്പോൾ കർത്താവ് മയങ്ങിയിരുന്നു. ഞാൻ കൊട്ടി വിളിച്ചു. കട്ടിലേൽ കുനിഞ്ഞിരുന്നദ്ദേഹം ആർത്തിയോടെ കപ്പയും ഇറച്ചീം കഴിച്ചു.
കൈ കഴുകി വന്നിരുന്നപ്പോൾ “പച്ച വെളിച്ചണ്ണ മുകളിലൂടെ താളിച്ചല്ലേന്നു” കർത്താവ് തിരക്കി.
ഞാനതിനൊരു രഹസ്യം പോലെ, ഒന്നു ചിരിക്കുക മാത്രം ചെയ്തു.
“എന്റെ അച്ചാച്ചൻ നല്ല കുക്കായിരുന്നു?”
“നിന്റെ അച്ചനും.”
“ഏഹ്. അത് കർത്താവിനെങ്ങനെയറിയാം?”
“അതൊക്കെ ഞാൻ പറഞ്ഞാൽ പിന്നെ എന്നെയാരേലും കർത്താവേന്നു വിളിക്കുമോ?”
“ആഹ്, ഞാനിപ്പോൾ ഭയങ്കര ഹാപ്പിയാ കർത്താവേ. എനിക്കെന്നും സംസാരിക്കാൻ ഒരുപാടാളുണ്ട്.”
“ആഹാ. ഞാൻ കുറേ കാലം കൂടിയാ ഒന്നു സംസാരിക്കുന്നത്. ഞാൻ കേൾക്കുവാ പതിവ്.”
“സത്യം പറഞ്ഞാൽ, ലോകത്ത് കേൾക്കാൻ ആരുമില്ലാത്തവരു മാത്രമാണ് തോറ്റു പോയവർ. ബാക്കിയെല്ലാവരും ജയിച്ച ടീമിലെ കളിക്കാരാ.”
“പക്ഷേ, നീ ആരെയെങ്കിലും കേട്ടിട്ടുണ്ടോ?
നിന്റെ അപ്പയെ എങ്കിലും?”
ഞാൻ ഒന്നും മിണ്ടിയില്ല.
“അന്ന എന്നും നിന്നെ കേട്ടിരുന്നു. കരഞ്ഞപ്പോൾ ചേർത്തു പിടിച്ചു. നീ എന്നെങ്കിലും അവളോട് വല്ലോം പറയാനുണ്ടോ എന്ന് തിരക്കിയോ? ഒന്നു ചേർത്തു പിടിച്ചോ?”
അതിനും എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
“നീ ആരെയെങ്കിലും സ്നേഹിച്ചോ ആന്റോയേ?”
“അപ്പയെ? അമ്മയെ? അന്നയെ? അച്ചാച്ചനെ? ആരെയെങ്കിലും?”
എനിക്കു രോമം വളർന്നു തൂങ്ങുന്നതായും, വാലുകൾ നീളുന്നതായും തോന്നി.
ഒരു കമ്പിളി മഫ്ലർ എന്റെ തലയിൽ വച്ചു തന്നു കർത്താവ് മൂടൽ മഞ്ഞിലേക്കിറങ്ങി മാഞ്ഞു പോയി.
കർത്താവ് കഴിച്ച പാത്രത്തിൽ എന്റെ നിഴലു ഞാൻ കണ്ടു; ചീറ്റുന്ന, തേറ്റയുള്ള, ഒരു കുറുകിയ മാംസജീവി.
രാവിലെ മഫ്ലറും വച്ചു കുറിഞ്ചി ബംഗ്ലാവിലേക്കു നടക്കുമ്പോൾ, മനുഷ്യർ മറ്റൊരാളിൽ നിന്നു ഒരു കമ്പിളി തൊപ്പിയേ ആഗ്രഹിക്കുന്നുള്ളുവെന്നു എനിക്കു തോന്നി.
തകർപ്പൻ 🥳
❤
മനോഹരം
❤
👏👏
❤
❤️
❤
love
❤
“ലഹരി പൂക്കുന്ന ഇടങ്ങളിലേക്ക് മനുഷ്യൻ പരതി ഒഴുകാൻ തുടങ്ങിയത് ഇറച്ചി മണതിന്റെ കൗതുകം നാവിൽ ഇറങ്ങിയപ്പോൽ തൊട്ട് ആയിരിക്കണം.ചത്ത് പോയതിനപ്പുറവും ഇറച്ചി രുചിക്കുന്നു. മരണത്തിനു അപ്പുറം മാത്രം ചിലർ ലഹരിയാകുന്നു.
നെഞ്ച് നിറഞ്ഞ പ്രിയപെട്ടവരുടെ ഓർമ്മകളിലൂടെ മനുഷ്യൻ കണ്ണടച്ചു സഞ്ചരിക്കുമ്പോൾ ,അവരെ വിളിക്കാൻ ശ്രമിക്കുമ്പോൾ ,അവർ മണ്ണിൽ നിന്ന് കിളിർത്തു പൊങ്ങാതെ ശൂന്യമായി തന്നെ നില്കുന്നു. അവർ മരണപെട്ടവരാണ് . അവർ വിളി കേൾക്കില്ല മരണത്തിനപ്പുറം അവരുടെ ഇറച്ചി മാത്രം രുചിച്ചെന്നിരിയ്ക്കാം.ആ ലഹരി നുകരാൻ മരണം വരെ നമ്മൾ കാത്തിരിക്കും, ഇടക്ക് ഒരിക്കൽ പോലും ഒരു ആലിംഗനം ഉണ്ടാവുകയില്ല. ചുമപ്പും മഞ്ഞയും നിറഞ്ഞ ചെമ്പക പൂവിന്റെ ചോട്ടിൽ ആ ലഹരി നുരഞ്ഞെടുക്കാതെ കുന്നിൻമുകളിൽ ലഹരി പൂക്കുന്ന കുമിൾ സഞ്ചികൾ തേടി നമ്മൾ നടന്നു കൊണ്ടേയിരിക്കും .
പ്രിയപ്പെട്ടവന്റെ കഥയിലൂടെ എന്നെ കൊണ്ടുപോയത്, പ്രിയപ്പെട്ടവൻ ദേവൻ
കിടിലം