പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.

രു സൂര്യകാന്തി പൂവിനെപ്പോലെ പ്രസാദാത്മകമായ കാഴ്ചയാണ്, ഒരു കാരണവശാലും നഷ്ടമാക്കരുത് എന്നാണ് Paterson എന്ന ചലച്ചിത്രത്തെക്കുറിച്ച് സുഹൃത്ത് പറഞ്ഞത്. സിനിമ അവസാനിക്കുമ്പോൾ അതെത്ര സത്യമെന്ന് ഞാൻ അത്ഭുതം കൂറുന്നു.

Adam Driver, Golshifteh Farahani എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2016 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Jim Jarmusch ആണ്. പാറ്റേഴ്സൺ എന്ന ചെറുനഗരത്തിൽ ജീവിക്കുന്ന പാറ്റേഴ്സൺ-ലോറ ദമ്പതികളുടെ ജീവിതത്തിലെ ഒരാഴ്ച്ചകാലമാണ് ചിത്രം നമ്മളുമായി പങ്കുവെക്കുന്നത്. അതിശയിപ്പിക്കും വിധം സാധാരണമാണ് ആ കാഴ്ച.

രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള പാറ്റേഴ്‌സന്റെ ദിനചര്യ വലിയ മാറ്റങ്ങൾ ഒന്നുമില്ലാത്തതാണ്. ഉറക്കത്തിൽ നിന്നും ഉണർന്നാലും ഒരധിക നിമിഷം കൂടി ശയ്യയിൽ ലോറക്കൊപ്പം ചിലവഴിക്കുന്ന പാറ്റേഴ്സൺ പാതി മയക്കത്തിൽ ലോറ വിവരിക്കുന്ന സ്വപ്നങ്ങൾ ശ്രദ്ധയോടെ ശ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നയാളാണ്. സ്നേഹപൂർവ്വം ഒരു ചുംബനം നൽകി ലോറയെ ഉറക്കത്തിലേക്ക് മടക്കിയയച്ച ശേഷം അയാൾ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നു. നഗരത്തിലെ ബസ് ഡ്രൈവറാണ് പാറ്റേഴ്സൺ. ജോലിക്ക് പോകുന്ന സമയം, തിരികെ വരുമ്പോൾ, ഇടയിലുള്ള ഒഴിവുനേരങ്ങളിൽ എല്ലാം അയാളുടെ മനസിൽ നിറയെ കവിതകളാണ്. ശരീരത്തിന്റെ ഭാഗമെന്നവണ്ണം സൂക്ഷിക്കുന്ന കുഞ്ഞു നോട്ട്ബുക്കിൽ അയാൾ കവിതകൾ പകർത്തുന്നു. ബസിലെ യാത്രക്കാരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നത് അയാൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ജോലിയിൽ നിന്നും തിരികെയെത്തിയാൽ അയാൾ ലോറയുമായി സംഭാഷണങ്ങളിൽ മുഴുകും. കൺട്രി സിങ്ങർ ആവാനുള്ള ലോറയുടെ ആഗ്രഹത്തെ പറ്റി, പാറ്റേഴ്സന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിനെ പറ്റി അങ്ങനെ പലതും ആ സംഭാഷണത്തിൽ കടന്നുവരുന്നുണ്ട്.

രാത്രിയോടെ മാർവിൻ എന്ന നായയെയും കൂട്ടി അയാൾ നടക്കാനിറങ്ങുന്നു. അത് എന്നും അവസാനിക്കുക ഷേഡ്സ് എന്ന ബാറിലാണ്. നായയെ പുറത്ത് കെട്ടിയിട്ട് ബാറിൽ കയറുന്ന അയാൾ അവിടെ നിന്നും ഒരു ഗ്ലാസ് ബിയർ കുടിക്കുന്നു. വളരെ ചെറിയ ഒരു പട്ടണമായത് കൊണ്ടു തന്നെ ബാറിൽ വരുന്നവരെല്ലാം അയാൾക്ക് പരിചിതരാണ്. നഗരവുമായി ബന്ധപ്പെട്ട പ്രധാന ഓർമകളെല്ലാം ബാറിന്റെ ഭിത്തിയിൽ പതിപ്പിക്കുന്ന, തന്നെത്താൻ ചെസ് കളിക്കുന്ന ബാർ ഉടമയും, നിത്യവും പ്രണയം നിരസിക്കപ്പെട്ടിട്ടും അതേ പ്രണയത്തിൽ തന്നെ തുടരുന്ന എവററ്റും എല്ലാം ചിരപരിചിതർ. അവിടെ നിന്നും ബിയർ കുടിച്ചു മടങ്ങുന്നതോടെയാണ് പാറ്റേഴ്സന്റെ ഒരു ദിവസം അവസാനിക്കുന്നത്.

ചുറ്റുമുള്ള മനുഷ്യരിൽ, കാണുന്ന കാഴ്ചകളിൽ, സംഭാഷണങ്ങളിൽ അങ്ങനെ പലവിധത്തിൽ ഓരോ ദിനവും വ്യത്യസ്തത പുലർത്തുന്നു.

അങ്ങനെയുള്ള ഏഴ് ദിവസങ്ങളാണ് നാം ചിത്രത്തിൽ കാണുന്നത്. ഒരേ സമയക്രമത്തിനോട് ബന്ധിക്കപ്പെട്ട നിലയിൽ ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ചുതീർക്കുന്നവരാണ് നാം പലരും. കൃത്യസമയത്ത് ഉണർന്ന്, കൃത്യസമയത്ത് ജോലിക്ക് ഹാജരായി, കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിച്ച് അങ്ങനെയങ്ങനെ. പ്രത്യക്ഷത്തിൽ വിരസമെന്ന് തോന്നിക്കാവുന്ന ഈ സമയക്രമത്തിൽ പോലും വ്യതിയാനങ്ങൾ ഉണ്ടെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ വ്യക്തമാവും. അത് തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ സൗന്ദര്യവും. ദിനചര്യയിൽ വ്യതിയാനങ്ങൾ ഇല്ലാതിരിക്കുമ്പോഴും ഓരോ ദിവസത്തെയും മറ്റൊന്നിൽ നിന്നും വേർതിരിക്കുന്ന അസംഖ്യം കാര്യങ്ങൾ എന്നും സംഭവിക്കുന്നുണ്ട്. ചുറ്റുമുള്ള മനുഷ്യരിൽ, കാണുന്ന കാഴ്ചകളിൽ, സംഭാഷണങ്ങളിൽ അങ്ങനെ പലവിധത്തിൽ ഓരോ ദിനവും വ്യത്യസ്തത പുലർത്തുന്നു.

എമിലി ഡിക്കിൻസണെയും വില്യം കാർലോസ് വില്യമിനെയും ഫ്രാങ്ക് ഒഹാരയെയും വായിക്കാൻ ഇഷ്ടപ്പെടുന്ന പാറ്റേഴ്സൺ പക്ഷെ സ്വന്തം കവിതകളെ കുറിച്ച് ആത്മവിശ്വാസം പുലർത്താത്തയാളാണ്. നിങ്ങളുടെ എഴുത്ത് മനോഹരമാണെന്നും അത് കൂടുതൽ പേരിലേക്ക് എത്തണമെന്നും ലോറ പറയുമ്പോഴെല്ലാം തീർച്ചയില്ലാത്തവന്റെ ദുർബല മന്ദഹാസം മാത്രമാണ് അയാളുടെ മറുപടി. കവിതകളുടെ ഒരു ഫോട്ടോക്കോപ്പി എങ്കിലും എടുത്തു സൂക്ഷിക്കൂ എന്ന ലോറയുടെ അഭ്യർത്ഥനയോട് പോലും വാരാന്ത്യത്തിലാവട്ടെ എന്ന് ഒഴിവുപറയുന്ന പാറ്റേഴ്സൺ എനിക്ക് സുപരിചിതനാണ്.

ഏതൊരനുഭവത്തെയും അതുവരെ കടന്നുവന്ന ജീവിതത്തിൽ നിന്നും ചേർത്തുവെച്ച നിമിഷങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കും എന്നതാണ് അനുഭവം. മറ്റുള്ളവർക്ക് കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടാവുമെങ്കിലും അങ്ങനെയൊരു അദൃശ്യനൂലിഴ തിരയാതെ ഒരു കാഴ്ചയും എന്നിൽ പൂർത്തിയാകാറില്ല. ഇവിടെയും വ്യത്യസ്തമല്ല കാര്യങ്ങൾ. വിചിത്രമെന്നു തോന്നിക്കുന്ന ചിലതാണ് ഈ ചലച്ചിത്രക്കാഴ്ചയിൽ നിന്നും ഞാൻ കൂടെ ചേർക്കുന്നത്.

കവിതകൾ കുറിക്കാനായി പാറ്റേഴ്സൺ ഒപ്പം കൊണ്ടുനടക്കുന്ന നോട്ട്ബുക്; അതുപോലൊന്ന് ഇപ്പോഴും ഒരു വരി പോലും എഴുതാതെ എന്റെ കൈവശമുണ്ട്. മേപ്പിൾ ഇലകളുടെ ചിത്രമുള്ള പുറംചട്ടയും ഇളംതവിട്ട് നിറത്തിലുള്ള കടലാസുകളും ഉള്ള ഒന്ന്. അതിനൊപ്പം ഒരു കൈത്തലം നിറയെ പല വലിപ്പങ്ങളിൽ ആകൃതികളിൽ നിറങ്ങളിൽ നിർമിച്ച കടലാസ് പൂമ്പാറ്റകളും തന്നിരുന്നു ആ സുഹൃത്ത്. ഇരുവർക്കിടയിൽ കാലം ഒഴുകിത്തീരുന്നത് ഒരിക്കലും ശാന്തമായിട്ടല്ല. കാറും കോളും നിറഞ്ഞ് പ്രക്ഷുബ്ധമായ സാഗരം പോലെ തന്നെയായിരുന്നു പലപ്പോഴും ആ സൗഹൃദം. സമർത്ഥനായ ഒരു നാവികൻ ഏത് കലിതുള്ളുന്ന കടലിലും തന്റെ യാനം ചേതം വരാതെ സൂക്ഷിക്കുമെന്നത് പോലെ അയാളുടെ മുൻകൈയിൽ ആ സൗഹൃദം ഇപ്പോഴും നിലനിന്നുപോരുന്നത് ഞാനോർത്തു. എന്തുകൊണ്ടാണ് അവസാന കൂടിക്കാഴ്ചയിൽ പോലും ഞങ്ങൾ വല്ലാതെ മൗനം പൂണ്ടത്, അറിയില്ല. യാത്രകളും ഒരുമിച്ചുകൂടലും ദുഷ്കരമാകുന്നൊരു കാലത്തിൽ ആ സൗഹൃദത്തെ ഇപ്രകാരം ഓർത്തെടുക്കുന്നത് വല്ലാതെ മുറിപ്പെടുത്തുന്നുമുണ്ട്.

രണ്ടാം ദിവസം രാവിലെ ലോറ പങ്കുവെക്കുന്ന സ്വപ്നം അവരിരുവരും പുരാതന പേർഷ്യയിൽ എത്തിയെന്നും അവിടെ അയാൾ ഒരു ആനപ്പുറത്ത് കയറുന്നത് കണ്ടു എന്നുമാണ്. ആ സ്വപ്നവിവരണം എന്നെ കൊണ്ടുചെന്നെത്തിച്ചത് വി എം ദേവദാസിന്റെ പന്നിവേട്ടയിലാണ്. നഗരത്തിലെ ഗാംഗ് വാർ തീർക്കാൻ ഒരു റഷ്യൻ റുലെറ്റ് നടത്തിപ്പുകാരിയായി കൊച്ചിയിലെത്തുന്ന ഗ്രൂഷേ എന്ന കഥാപാത്രം ഒരു ഘട്ടത്തിൽ തന്റ പഴയ കേരളസന്ദർശനം ഓർത്തെടുക്കുന്നുണ്ട്. വടക്കുംനാഥന് മുന്നിലെ ഗജമേളക്കിടയിൽ ആനപ്പുറത്ത് കയറാനുള്ള ക്ഷണം സ്വീകരിക്കുന്ന ഗ്രൂഷേ കടന്നുപോകുന്ന ശാരീരിക ലംഘനങ്ങളെ ഓർമിക്കാൻ ലോറയുടെ സ്വപ്‍നദർശനം കാരണമായി. ആഖ്യാനത്തിന്റെ പുതുമ കൊണ്ടും കഥാപാത്രരൂപീകരണത്തിലെ സവിശേഷ ശ്രദ്ധ കൊണ്ടും ഏറെ തൃപ്തിപ്പെടുത്തിയ വായനയായിരുന്നു പന്നിവേട്ട. അതുകൊണ്ട് തന്നെയാവും ഉപരിതലത്തിൽ യാതൊരുവിധ ബന്ധവും ഇല്ലാതിരിക്കുമ്പോഴും എന്റെ മനസ്സ് ലോറയുടെ സ്വപ്നത്തെ ഗ്രൂഷേയിലേക്ക് ബന്ധിപ്പിച്ചത്.

പകൽനേരങ്ങളിൽ വീട് നിറയെ കറുപ്പിലും വെളുപ്പിലും അലങ്കാരപ്പണികൾ കൊണ്ട് നിറക്കുന്ന ലോറ ഒരു അത്ഭുതകാഴ്ചയാണ്. ചിത്രത്തിലുടനീളം ലോറയെ നാം കാണുന്നത് കറുപ്പിന്റെയും വെളുപ്പിന്റെയും വകഭേദങ്ങളിലാണ്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ, വിരിപ്പുകളിൽ, ചുമരുകളിൽ, ഷവർ കർട്ടനുകളിൽ, പാകം ചെയ്യുന്ന കപ്പ് കേക്കുകളിൽ, വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിൽ, സ്വന്തമാക്കുന്ന ഹാർലിക്വിൻ ഗിറ്റാറിൽ കറുപ്പിന്റെയും വെളുപ്പിന്റെയും പലതരം വകഭേദങ്ങൾ. വർണശബളമായ കാഴ്ചകളെക്കാൾ ലോറക്ക് അതിനോടാണ് പ്രിയം. രണ്ട് നിറങ്ങളിലേക്ക് ലോകം ചുരുങ്ങുന്നു എന്ന് തോന്നിക്കുമ്പോൾ പോലും അത് തുറക്കുന്ന അസംഖ്യം സാധ്യതകളെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാൻ ലോറക്ക് സാധിക്കുന്നുണ്ട്. അത് മനസിലാക്കാൻ കഴിയുന്നത് കൊണ്ടാണ് പാറ്റേഴ്സൺ ഓരോനിമിഷവും ലോറയെ പ്രണയിക്കുന്നതും. തന്റെ നോട്ട്ബുക്കിൽ അയാൾ കുറിച്ച GLOW എന്ന കവിതയുടെ വരികൾ ഇങ്ങനെയാണ്.

When I wake up earlier than you and you
are turned to face me, face
on the pillow and hair spread around,
I take a chance and stare at you,
amazed in love and afraid
that you might open your eyes and have
the daylights scared out of you.
But maybe with the daylights gone
you’d see how much my chest and head
implode for you, their voices trapped
inside like unborn children fearing
they will never see the light of day.
The opening in the wall now dimly glows
its rainy blue and gray. I tie my shoes
and go downstairs to put the coffee on.

പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും. ആ തീവ്രമായ ആഗ്രഹം ഉണർത്തുന്ന ദുഃഖത്തിലാണ് മറ്റൊരോർമ്മയിലേക്ക് ഞാൻ താനേ കടന്നുചെല്ലുക.

തീർത്തും സ്വകാര്യമായ ഇഷ്ടങ്ങളിലൊന്നാണ് ഐറിഷ് സംഗീതജ്ഞനായ ഗ്ലെൻ ഹൻസർഡിന്റെ (Glen Hansard) പാട്ടുകൾ. ചെക് പിയാനിസ്റ്റായ മാർകെറ്റ ഇർഗ്ലോവക്കൊപ്പം (Markéta Irglová) സ്വെൽ സീസൺ എന്ന ഫോക് റോക്ക് ബാൻഡ് രൂപപ്പെടുത്തുകയും ജോൺ കാർണി ചിത്രം Once ൽ പ്രധാന വേഷത്തിലെത്തുകയും ചെയ്തിട്ടുണ്ട് ഗ്ലെൻ. Falling Slowly എന്ന ഗാനത്തിലൂടെ Best original song നുള്ള അക്കാദമി അവാർഡും അവർ കരസ്ഥമാക്കിയിട്ടുണ്ട്. സ്വെൽ സീസൺ, സ്ട്രിക്ട് ജോയ് എന്നിങ്ങനെ രണ്ട് ആൽബങ്ങൾ പുറത്തിറക്കിയ ശേഷം ബാൻഡ് പിരിച്ചുവിട്ടു എങ്കിലും അതിലെ ഗാനങ്ങൾ പ്രിയപ്പെട്ടവയാണ്. മറ്റൊരു കൗതുകം ഈ രണ്ട് ആൽബങ്ങളുടെയും പേരുകൾ ഓരോ പുസ്തകങ്ങളിൽ നിന്നുമാണ് വരുന്നതെന്നാണ്. Josef Škvorecký എന്ന ചെക്-കനേഡിയൻ എഴുത്തുകാരന്റെ the swell season എന്ന നോവലിൽ നിന്നും ബാൻഡിന്റെയും ആദ്യ ആൽബത്തിന്റെയും പേര് വന്നപ്പോൾ James Stevens എന്ന ഐറിഷ് കവിയുടെ Strict Joy എന്ന കവിതാ സമാഹാരമാണ് രണ്ടാമത്തെ ആൽബത്തിന്റെ പേരിന് നിദാനം.

പരസ്പരം ലയിച്ച് ഉറങ്ങിയെഴുന്നേൽക്കുന്ന പാറ്റേഴ്സൺ ലോറ ദമ്പതികളുടെ കാഴ്‌ച ഉണർത്തുന്ന ഉത്കടമായ ദുഃഖം എന്നെ കൊണ്ട് ചെന്നെത്തിക്കുക Strict Joy ലെ In these arms എന്ന പാട്ടിലാണ്. Maybe I was born to hold you in these arms എന്ന വരിയിൽ ഗ്ലെനിന്റെ സ്വരത്തിൽ അനുഭവിക്കാനാവുന്ന സ്വച്ഛത, അത് ശരിവക്കുന്ന മാർകെറ്റയുടെ പിന്നണിശബ്ദം. അത് തരുന്ന സ്വാസ്ഥ്യം. ഉറക്കം പൂർണ്ണമായും വിട്ടുമാറും മുൻപ് തനിക്കരികിൽ നിന്നും എഴുന്നേറ്റു പോയ പാറ്റേഴ്‌സനെ തിരക്കി പാതിയുറക്കത്തിൽ തന്നെ നടന്നുവന്ന് അയാളെ ആശ്ലേഷിക്കുന്ന ലോറയുടെ ദൃശ്യത്തിനകമ്പടിയായി എന്റെ ചെവികളിൽ മുഴങ്ങുക ഗ്ലെനിന്റെ ശബ്ദമാണ്.

ഹാർലിക്വിൻ ഗിറ്റാർ വായിച്ചുകൊണ്ട് പാട്ടുപാടുന്ന ലോറയെ കാണുമ്പോൾ ഒരു യൂക്കലേല എന്തായാലും വാങ്ങണം ഉടനെ എന്ന ആഗ്രഹം പറയാറുള്ള സുഹൃത്തിനെ ഓർമ വന്നതും യാദൃശ്ചികമാവാം. നിറങ്ങൾ കൊണ്ടുമാത്രം പരസ്പരം അടയാളപ്പെടുന്ന ഒരു അപരലോകത്തിലാണ് ഞങ്ങളുടെ സൗഹൃദം തളിർക്കുന്നതും നിലനിൽക്കുന്നതും. കിളിപ്പച്ചനീലയെന്ന പ്രയോഗം പോലെ വേർതിരിച്ചെടുക്കാനാവാത്ത പല തരംഗദൈർഘ്യങ്ങളിലുള്ള ഊർജപ്രവാഹമാണ് ആ ലോകം നിറയെ. അവിടെ ഞങ്ങൾക്ക് പേരുകളില്ല. നിറങ്ങൾ മാത്രം. എനിക്ക് കല്പിച്ചുകിട്ടിയ നീല നിറം പോലും മറ്റൊരു പ്രിയസുഹൃത്തിന്റെ സ്നേഹസമ്മാനമായിരുന്നു എന്നും ഓർക്കുന്നു. നിറങ്ങളാൽ മാത്രം സംവാദിക്കപ്പെടുന്ന ഒരു ലോകത്ത് നിറമില്ലാത്തൊരാളാവുക, വീണുകിട്ടിയ നിറത്തിനാൽ അടയാളപ്പെടുക. അവിശ്വസനീയമെങ്കിലും ചിലപ്പോൾ ആ നിറങ്ങൾ മാത്രമാണ് ഞങ്ങളുടെ യാഥാർത്ഥ്യം എന്ന് തോന്നിപ്പോകും. തേടുന്നതാരെ ശൂന്യതയിൽ എന്ന് പലവുരു പാടി ആ ലോകം ഒരിക്കൽ താനേ അസ്തമിക്കുമായിരിക്കും. എല്ലാ നിറങ്ങളെയും പ്രകാശത്തെയും പോലെ, മങ്ങി, ശോഭ കെട്ട്, ഇരുൾ മൂടി അങ്ങനെയങ്ങനെ. അപ്രതീക്ഷിതമായി ഇരുളിലാവുന്ന പാറ്റേഴ്‌സന്റെ ജീവിതം പോലെ.

വാരാന്ത്യത്തിൽ കവിതകളുടെ പകർപ്പെടുക്കും എന്ന് ലോറക്ക് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും പാറ്റേഴ്സൺ അത് ചെയ്യുന്നില്ല. ഫാർമേഴ്‌സ് മാർക്കറ്റിലെ കപ്പ് കേക്ക് സ്റ്റാൾ വിജയമായതിന്റെ സന്തോഷത്തിൽ ലോറ അയാളെ ഡിന്നറിനും ഒരു സിനിമക്കും കൊണ്ടുപോവുകയാണ് അന്ന്. എല്ലായ്പ്പോഴും അയാൾ കരുതുന്ന നോട്ട്ബുക്ക് അയാളുടെ പക്കൽ അപ്പോഴില്ല. സിനിമ കഴിഞ്ഞു തിരിച്ചെത്തുന്ന അവരെ കാത്തിരിക്കുന്നത് നോട്ട്ബുക്ക് ചെറുകഷ്ണങ്ങളായി കടിച്ചു കീറിയിട്ടിരിക്കുന്ന മാർവിനാണ്. ഇനിയൊരിക്കലും തിരികെ ലഭിക്കാത്ത വിധം തന്റെ കവിതകൾ നഷ്ടപ്പെട്ടെന്നറിയുന്ന പാറ്റേഴ്സൺ ഹതാശനാവുന്നു.

ഉപേക്ഷിച്ച ഇടങ്ങൾ/ നഷ്ടപ്പെട്ടതും എന്ന കുറിപ്പിൽ അജയ് പി മങ്ങാട്ട് ഒസിപ് മന്ദേസ്റ്റത്തിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്. ‘എഴുതിമിനുക്കിയ ആ കയ്യെഴുത്ത് പ്രതിയും നശിപ്പിച്ചേക്കൂ. എന്നാൽ മടുപ്പിനാൽ, നിസ്സഹായതയാൽ, ഏതോ സ്വപ്നത്തിൽ എന്ന വിധം ആ കടലാസിന്റെ വശങ്ങളിലും മൂലകളിലും നിങ്ങൾ കുത്തിക്കുറിച്ചിട്ട എന്തൊക്കെയോ ഉണ്ടല്ലോ, അത് മാത്രം കളയരുത്. അത് നഷ്ടപ്പെടാതെ നോക്കണം’ എന്ന വാചകമാണത്.

സ്വന്തം എഴുത്തുകൾ സ്വകാര്യമായി സൂക്ഷിച്ചിരുന്ന പാറ്റേഴ്സൺ ഒരു തരത്തിൽ മന്ദേസ്റ്റത്തിന്റെ ഉപദേശം ശിരസ്സാവഹിക്കുകയായിരുന്നോ? അപൂർണ്ണതക്ക് മാത്രം സ്വന്തമാണ് ഒരു പ്രഹേളികാസ്ഥിതിയിലെ സ്വതന്ത്രനില. പ്രസിദ്ധീകരിക്കപ്പെട്ട ഒന്നിന് അങ്ങനെയൊരു നില സാധ്യമല്ല. ആരാലും വിധിക്കപ്പെടാം എന്ന സാധ്യതയിൽ മാത്രമാണ് അവിടെ നിന്നങ്ങോട്ട് സൃഷ്‌ടയുടെ നിലനിൽപ്പ്. പക്ഷെ അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കുള്ള പ്രയാണത്തിന്റെ വൈഷമ്യങ്ങളും സൗന്ദര്യവും- ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാകിലും- അതാണ് സൃഷ്ടാവിന് ആത്യന്തികമായി കൂടുതൽ സംതൃപ്തി നൽകുന്നത് എന്ന് വേണം കരുതാൻ. ആ പ്രയാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാലാവണം പാറ്റേഴ്സൺ തന്റെ കവിതകൾ ആരോടും പങ്കുവെക്കാത്തത്. ആ സാധ്യതയെയാണ് മാർവിൻ അർത്ഥമില്ലാത്ത കുറേ കടലാസ് കഷ്ണങ്ങളായി ചീന്തിയെറിയുന്നത്.

ഒരു തീവ്രദുഃഖത്തിൽ പരിചിതമായ ഇടങ്ങൾ, അതെത്ര പ്രസാദദായകമാണെങ്കിലും അവ നമ്മുടെ സന്തോഷത്തെയാകെ ഒരു മുൾപ്പടർപ്പെന്നതുപോലെ ഞെരുക്കിക്കളഞ്ഞെന്നു വരും.

അവസാനദിവസം ഭംഗം വന്ന ഉറക്കം ബാക്കിനിർത്തി അയാൾ നടക്കാൻ ഇറങ്ങുകയാണ്. അത്രയും ദിവസം സന്തോഷം പകർന്നിരുന്ന ഗാർഹികാന്തരീക്ഷം പോലും അയാളെ ഖിന്നനാക്കുന്നു. ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ലോറയോട് They’re just words, written on water എന്ന് അയാൾക്ക് പറയേണ്ടിവരുന്നത് അത് കൊണ്ടാണ്. ഒരു തീവ്രദുഃഖത്തിൽ പരിചിതമായ ഇടങ്ങൾ, അതെത്ര പ്രസാദദായകമാണെങ്കിലും അവ നമ്മുടെ സന്തോഷത്തെയാകെ ഒരു മുൾപ്പടർപ്പെന്നതുപോലെ ഞെരുക്കിക്കളഞ്ഞെന്നു വരും. അവിടെ അയാൾക്ക് പുറത്തിറങ്ങിയെ തീരൂ. അങ്ങനെയാണ് പാറ്റേഴ്സൺ നടന്നുതുടങ്ങുന്നത്. അതവസാനിക്കുന്നത് അയാൾക്കേറെയിഷ്ടമുള്ള വെള്ളച്ചാട്ടത്തിന് അടുത്താണ്.

അവിടെ ഒരു പാർക്ക് ബെഞ്ചിൽ ഇരിക്കുന്ന പാറ്റേഴ്സന്റെ അരികിൽ ഒരു ജാപ്പനീസുകാരൻ വന്നിരിക്കുന്നു. തന്റെ ബാഗിൽ നിന്നും വില്യം കാർലോസ് വില്യമിന്റെ പാറ്റേഴ്സൺ എന്ന സമാഹാരത്തിന്റെ ജാപ്പനീസ് പരിഭാഷ പുറത്തെടുക്കുന്നു. പാറ്റേഴ്‌സന്റെ ഇഷ്ടകവിയാണ് വില്യം എന്നറിയാതെ തന്നെ ജാപ്പനീസുകാരൻ പാറ്റേഴ്സനോട് വില്യം കാർലോസ് വില്യമിനെക്കുറിച്ച് സംസാരിക്കുന്നു. കവിതകൾ വായിച്ച് വായിച്ച് കവിയുടെ നാട് കാണാൻ ഇറങ്ങിയ ഒരു ആസ്വാദകനാണ് അയാൾ. നിങ്ങളും വില്യമിനെപ്പോലെ ഒരു കവിയാണോ എന്ന അയാളുടെ ചോദ്യത്തിന് No, I’m just a bus driver എന്നാണ് പാറ്റേഴ്സൺ മറുപടി പറയുന്നത്. വില്യം കാർലോസ് വില്യം എഴുതാൻ ഇടയുണ്ടായിരുന്ന ഒരു കവിത പോലെയുണ്ട് ആ വാചകമെന്ന് അയാൾ പറയുമ്പോഴാണ് പാറ്റേഴ്സൺ ഒന്ന് ചിരിക്കുന്നത്. അവിടെ നിന്നും ആ സംഭാഷണം കവിതകളിലേക്കും പരിഭാഷകളിലേക്കും തിരിയുന്നു. നോട്ട്ബുക്കുകൾ നിറയെ ജാപ്പനീസ് ഭാഷയിൽ കവിതകൾ എഴുതുന്ന ഒരു കവിയാണ് ആ അപരിചിതൻ. കവിതകൾ പരിഭാഷപ്പെടുത്തുന്നതിൽ അയാൾ വിമുഖത പുലർത്തുന്നു. Poetry in translation is like taking a shower with raincoat on എന്നാണ് അയാളുടെ അഭിപ്രായം.

അപരിചിതനായ ആ കവിയുടെ വാദം ഒരർത്ഥത്തിൽ ശരിയാണ്. മറ്റൊരർത്ഥത്തിൽ തെറ്റുമാണ്.

2046 എന്ന Wong Kar Wai ചിത്രത്തിൽ all memories are traces of tears എന്ന് കണ്ടതിനെ കണ്ണുനീരിന്റെ തിരുശേഷിപ്പുകളാണ് എല്ലാ ഓർമകളും എന്ന് പരിഭാഷപ്പെടുത്താൻ തുനിഞ്ഞ സാഹസത്തെ ഓർമിപ്പിച്ചു അത്. കവിതകൾ അധികം വായിക്കാത്ത ആളാണെങ്കിലും Wong Kar Wai ചിത്രങ്ങളിലെ സംഭാഷണങ്ങൾ പലതും കവിത നിറഞ്ഞതാണെന്നു തോന്നാറുണ്ട്. കവിതകൾ അറിയാത്തൊരാൾ വായിച്ച കഥകളിലെയും കണ്ട ചലച്ചിത്ര സംഭാഷണങ്ങളിലെയും കവിത നിറഞ്ഞ ഭാഷയെ പ്രകീർത്തിക്കുന്നു എന്ന വൈരുദ്ധ്യം ഉണ്ട് ഇവിടെ. പക്ഷെ വൈരുദ്ധ്യം അതിൽ മാത്രം ഒതുങ്ങുന്നില്ല. അപരിചിതനായ ആ കവിയുടെ വാദം ഒരർത്ഥത്തിൽ ശരിയാണ്. മറ്റൊരർത്ഥത്തിൽ തെറ്റുമാണ്. ആ രണ്ട് സാധ്യതയെയും ഞാൻ പൂർണമനസോടെ ഉൾക്കൊള്ളുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

They slipped briskly into an intimacy from which they never recovered എന്ന This side of paradise ലെ F.Scott Fitzgerald വാചകം കവിതയല്ലാതെ മറ്റെന്താണ് എന്നറിയില്ല. ആത്മാവ് ചോരാതെ ഇതിനെ എങ്ങനെ പരിഭാഷപ്പെടുത്തും എന്നറിയാതെ കുഴങ്ങുമ്പോൾ ഞാൻ സ്വാഭാവികമായും ആ ജാപ്പനീസ് കവിയുടെ അഭിപ്രായത്തോട് യോജിച്ചുപോകുന്നു. അതേ സമയം ഇതാ Gabriel Garcia Marquez ന്റെ The incredible and sad tale of innocent Erendira and her heartless grandmother എന്ന കഥയിലെ ഒരു ഭാഗം നോക്കൂ.

She lay awake pondering things, wrapped in a wool blanket while the early hour got her memory all mixed up and the repressed raving struggled to get out even though she was awake, and she had to tighten her heart with her hand so as not to be suffocated by the memory of a house by the sea with great red flowers where she had been happy.

Gregory Rabassaയുടെ വിവർത്തനത്തിൽ ഇതൊരു മനോഹരകവിതയായി പരിണമിക്കുന്നു. എഴുതപ്പെട്ട ഭാഷയിൽ കഥ വായിച്ചിട്ടില്ലാത്തതിനാൽ തന്നെ വിവർത്തനമാണോ യഥാർത്ഥ വാചകങ്ങളാണോ കൂടുതൽ കാവ്യാത്മകം എന്ന് പറയാൻ കഴിയാത്തത് എന്റെ പരിമിതിയാണ് എന്നിരിക്കിലും ഈ വരികൾ ഏത് കവിതയോടും കിടപിടിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായം. മുൻപ് പറഞ്ഞത് പോലെ തന്നെ ഒരേസമയം രണ്ട് വിരുദ്ധനിലകൾ സ്വീകരിക്കുന്നതിലെ വൈചിത്ര്യം ഇതിലുണ്ട്. എങ്കിലും ഒരേ വാചകം ഒരേ സമയം വിരുദ്ധവികാരങ്ങൾക്ക് കാരണമാവുന്നതിലെ സാംഗത്യമാണ് ഇവിടെ എന്റെ അത്ഭുതം.

കവിയാണോ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി കളവാണെന്നു മനസിലാക്കിയെന്ന വിധം ഒരു പുതിയ നോട്ട്ബുക്ക് പാറ്റേഴ്‌സന് സമ്മാനിച്ചാണ് അപരിചിതനായ ആ ജാപ്പനീസുകാരൻ വിടപറയുന്നത്. പാറ്റേഴ്‌സനിൽ നിന്നും നടന്നകന്ന ശേഷം തിരിഞ്ഞുനിന്ന് ആഹാ എന്നൊരു ശബ്ദം കൂടി പുറപ്പെടുവിച്ച ശേഷമാണ് അയാൾ കാഴ്ചയിൽ നിന്നും മറയുന്നത്. വിചിത്രമെന്ന് തോന്നിച്ച ആ ചെയ്തി കണ്ടപ്പോൾ അതാ നോക്കൂ ഒരു പല്ലി എന്ന കഥ ഇഷ്ടപ്പെട്ട ഒരു വായനക്കാരൻ ഏറ്റുമാനൂർ അമ്പലത്തിൽ വെച്ച് അതാ നോക്കൂ ഒരു പ്രിയാ എ എസ് അല്ലെ എന്ന് സ്നേഹത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ച അനുഭവം തന്മയത്തിൽ വായിച്ചതോർത്തു. വിചിത്രമായൊരു ചോദ്യമല്ലാതെ മറ്റൊന്നും സംസാരിക്കാതെ മറഞ്ഞ ആ വായനക്കാരന്റെ ചോദ്യം പോലെ തന്നെ ഇവിടെ ആ ജാപ്പനീസ് കവിയുടെ ആഹാ ശബ്ദവും എന്നിൽ ബാക്കിയാവുന്നു.

ആലോചിക്കുമ്പോൾ വിചിത്രമായി തോന്നുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. ലോറയുടെ ആദ്യത്തെ സ്വപ്നം. അവർക്ക് ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നു എന്നതാണത്. പക്ഷെ ചിത്രം പുരോഗമിക്കുന്നതിനിടെ പലവട്ടം ഇരട്ടകളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് പാറ്റേഴ്‌സന്. ജോലിക്ക് പോകുന്ന വഴിയിൽ, ബസിലെ യാത്രക്കാർക്കിടയിൽ, സ്ഥിരമായി ചെല്ലുന്ന ബാറിൽ അങ്ങനെ പലവട്ടം. അതൊരു സൂചനയാണോ അതോ വെറുമൊരു ഭ്രമകല്പനയാണോ എന്ന് കൃത്യമായി വേർതിരിക്കുന്ന ഒന്നും പ്രത്യക്ഷത്തിലില്ല. ഇരട്ടകൾ അയാളിൽ മതിപ്പുളവാക്കുന്ന ഒരേയൊരു സന്ദർഭം ജോലി കഴിഞ്ഞ് മടങ്ങുന്ന നേരം ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതാണ്. കുട്ടിയോട് സംസാരിക്കുമ്പോൾ അമ്മയും ഇരട്ടസഹോദരിയും അടുത്ത കടയിലുണ്ട് എന്ന് കുട്ടി പറയുന്നു. അവർ തിരികെ എത്തുന്നത് വരെ പാറ്റേഴ്സൺ ആ കുട്ടിയുമായി സംസാരിച്ചിരിക്കുന്നു. അങ്ങനെയാണ് ആ കുട്ടിയും ഒരു കവിയാണെന്ന് പാറ്റേഴ്‌സൺ തിരിച്ചറിയുന്നത്. പാറ്റേഴ്‌സനെ പോലെ തന്നെ സ്വന്തമായി ഒരു നോട്ബുക്കിൽ കവിത എഴുതുന്ന കുട്ടി ഒരു കവിത അയാളെ ചൊല്ലി കേൾപ്പിക്കുന്നുമുണ്ട്. അയാളെ ഏറെ ആകർഷിക്കുന്ന Water Falls എന്ന ആ കവിതയിലെ

Water falls from the bright air.
It falls like hair.
Falling across a young girl’s shoulders.

എന്ന വരികളാണ് പിന്നീടൊരിക്കൽ ലോറ പാറ്റേഴ്‌സന്റെ കവിത കേൾക്കണം എന്ന് പറയുമ്പോൾ അതിനു പകരമായി അയാൾ ചൊല്ലുന്നത്.
ഒരാഴ്ചക്ക് ശേഷം മറ്റൊരു തിങ്കളാഴ്ച്ച ആരംഭിക്കുമ്പോൾ പാറ്റേഴ്‌സന്റെ ജീവിതത്തിൽ വീണ്ടും കവിതയുണ്ട്. Or would you rather be a fish? എന്ന ചോദ്യം മുഴങ്ങുന്ന കവിത. ചെറിയ തിരിച്ചടികൾക്കൊടുവിലും ജീവിതത്തിൽ പ്രതീക്ഷകൾക്ക് വകയുണ്ടെന്നു പറയാതെ പറയും പോലെ…

4.5 2 votes
Rating

About the Author

Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Devi

💙

Syam Pushkaran

🌼

Prathap joseph

beautiful