അവർ ജീവിതകാലം മുഴുവൻ പണിയെടുത്തു, ഒരു കരുതലോ ഭൂമിയോ പേരിലില്ലാതെ, ജീവിച്ചിരുന്നതായി പോലും അടയാളപ്പെടുത്താതെ പ്രകൃതി ദുരന്തമോ, രോഗങ്ങളോ കൊണ്ടുപോയി.
വീടിരിക്കുന്നതിന്റെ അക്കരയും ഇക്കരയും രണ്ട് കോളനികളാണ്. രണ്ട് കുന്നുകൾ. പണ്ട് കാടായിരുന്ന, നരികളും കോഴിയെ പിടിക്കാൻ വരുന്ന പാക്കാനും താമസിച്ചിരുന്നിടം. അടുത്തടുത്തിരിക്കുന്ന കുഞ്ഞുകുഞ്ഞു വീടുകൾ. അതിലാണ് നാലഞ്ച് മനുഷ്യൻമാർ പാർക്കുന്നത്. മിക്ക വീടുകളിലും ഒറ്റ മുറിയാണ്. എനിക്കോർമ്മയുള്ള കാലം മുതൽ അക്കരെക്കുന്നിറങ്ങി വരുന്ന ജോയി ചേട്ടനും ബേബി ചേട്ടനുമൊക്കെ തൂമ്പാപണിയാണ് ചെയ്യാറു. കൂടെ കാടു പറിക്കാനൊക്കെ വന്നിരുന്ന പെണ്ണമ്മ ചേച്ചിയും തങ്കേച്ചിയുമൊക്കെ തൊഴിലുറപ്പിന്റെ വരവോടെ ആ വഴിക്കു പോയി. അപ്പുറത്തെ പറമ്പിൽ ജോയി ചേട്ടനൊക്കെ പണിക്കു വരുമ്പോൾ, വർത്തമാനം പറയാൻ ഞാനും പോകും. മിക്കവാറും ഊണിന്റെ സമയമായിരിക്കും. എന്നതാ കൂട്ടാൻ എന്ന ചോദ്യത്തിനു അതേ ഉണക്ക പാമ്പാടയുടെയും, ഒഴിച്ചു കറിയുടേം കഥയാണ് ഈയടേയും അവർ പറഞ്ഞത്. അതേ റേഷനരിയുടെ വറ്റാണ് പൂച്ചയ്ക്കു പങ്കുവച്ചത്. അതേ ജീവിതമാണ് ജീവിക്കുന്നത്. മൂന്നാല് ദിവസം പണിയില്ലേൽ കടം വാങ്ങേണ്ടി വരുന്ന പാവം മനുഷ്യൻമാർ.
ഈ കുന്നുകൾക്കിടയിൽ വീടുകളുണ്ട്. രണ്ടും മൂന്നും, അതിനു മുകളിലും മുറികളുള്ള വീടുകൾ. അന്നത്തേക്കാൾ അതിന്റെ എണ്ണം കൂടി. ചിലതെല്ലാം പുതുക്കി പണിതു, ചിലരു വീട് വച്ചു, കുറച്ചാളുകൾ വിറ്റ് ടൗണിലോട്ട് മാറി, പുതിയ മനുഷ്യൻമാരും, കടകളും, വണ്ടികളുമൊക്കെ വന്നു. ഇവിടാണ് ജോയി ചേട്ടനും ബേബിച്ചേട്ടനുമൊക്കെ പണിക്കു വരുന്നത്. കടം വാങ്ങാനും, സാധനം വാങ്ങാനുമൊക്കെ വരുന്നത്.
ഉടമകളായ കുത്തകകൾ ചീർത്തു, അവരു തന്നെ ഖനനം ചെയ്ത മലകളിടിഞ്ഞു വീണ്ടും ലയങ്ങളൊലിച്ചു പോയി. മരിച്ച മനുഷ്യരുടെ മക്കളെ തേടി അതേ എസ്റ്റേറ്റിലേക്കുള്ള ജോലികൾ വന്നു.
പതിനഞ്ചു മനുഷ്യൻമാർ മരിച്ച പെട്ടിമുടിയും ഇങ്ങനൊക്കെ തന്നെയാണ്. കിഴക്കോട്ട് പോകുന്ന വഴിയിലൊക്കെ താഴെ നിരന്നിരിക്കുന്ന താത്കാലിക ഷെഡ്ഡ് പോലുള്ള ഇടുങ്ങിയ വീടുകൾ കണ്ടിട്ടുണ്ട്. തമിഴ്നാട്ടീന്നു കുടിയേറി വന്ന തോട്ടം തൊഴിലാളികളുടെ ലയങ്ങൾ. ദളിതർ. അവർ ജീവിതകാലം മുഴുവൻ പണിയെടുത്തു, ഒരു കരുതലോ ഭൂമിയോ പേരിലില്ലാതെ, ജീവിച്ചിരുന്നതായി പോലും അടയാളപ്പെടുത്താതെ പ്രകൃതി ദുരന്തമോ, രോഗങ്ങളോ കൊണ്ടുപോയി.
മേപ്പാടി, കവളപ്പാറ, അതിനു മുൻപും, ഇന്നിപ്പോൾ പെട്ടിമുടിയും. എത്രയോ മനുഷ്യൻമാരുടെ ഉറ്റവരും ഉടയവരെയും നഷ്ടമായി. അന്നമെന്ന വലിയ പോരാട്ടത്തിനു മുൻപിൽ കാണാതായവരുടെ മുകളിൽ മണ്ണുറപ്പിച്ചു വീണ്ടും കുടികളുണ്ടാക്കി.
ഉടമകളായ കുത്തകകൾ ചീർത്തു, അവരു തന്നെ ഖനനം ചെയ്ത മലകളിടിഞ്ഞു വീണ്ടും ലയങ്ങളൊലിച്ചു പോയി. മരിച്ച മനുഷ്യരുടെ മക്കളെ തേടി അതേ എസ്റ്റേറ്റിലേക്കുള്ള ജോലികൾ വന്നു. നാനാ ലോകങ്ങളിലുള്ള ഇത്തരം മനുഷ്യൻമാരുടെ കണ്ണീരിനു മുകളിൽ അവർ ഫോർബ്സിൻ്റെ പട്ടികയിൽ ഒന്നാമനും രണ്ടാമനുമായി.
ഗാന്ധിരാജ്, ശിവകാമി, വിശാൽ, രാമലക്ഷ്മി, മുരുകൻ, മയിൽസ്വാമി, കണ്ണൻ, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസ്സിയമ്മാൾ, സിന്ധു, നിധീഷ്, പനീർശെൽവം, ഗണേശൻ… തിരിച്ചറിഞ്ഞതും അല്ലാത്തതുമായ മനുഷ്യരേ, ആദരാഞ്ജലികൾ. ചൂഷണങ്ങളുടെ കെട്ടകാലമവസാനിക്കും. മനുഷ്യൻമാർ കുന്നിറങ്ങി വന്നു ഒരുമിച്ചു ജീവിക്കും, കുത്തകകളെല്ലാം മണ്ണടിയും, മരിച്ചവർ ഉയർത്തെഴുനേൽക്കും, ബേബി ചേട്ടനും തങ്കേച്ചിയുമെല്ലാം റോൾസ്റോയിസിൽ വന്നിറങ്ങും. അവരുടെ മക്കൾ നാട് ഭരിക്കും.
നോവിക്കുന്ന എഴുത്ത്..!!
❤
ഉമ്മകൾ