”ദേവദാരുവൃക്ഷങ്ങളുടെ കരുംതളിര്‍കൂമ്പുകളെ വിടര്‍ത്തി ആ മരങ്ങളുടെ ചാറൊലിപ്പുകൊണ്ട് പരിമളം പൂണ്ടു തെക്കോട്ട് വീശി വരുന്ന ഹിമാലയക്കാറ്റുകളെ, ഗുണവതി, ഇവ നിന്റെ ശരീരത്തെ നേരത്തെ സ്പര്‍ശിച്ചിട്ടുണ്ടെങ്കിലോ! എന്നാശിച്ചു ഞാന്‍ ആലിംഗനം ചെയ്യാറുണ്ട് ”

(കാളിദാസന്‍, മേഘസന്ദേശം )

നിലനില്‍ക്കുന്ന ക്രമങ്ങളോടെല്ലാം തന്റെ ആവിഷ്കരങ്ങളില്‍ പത്മരാജന്‍ വിപ്രതിപത്തി പുലര്‍ത്തിയിരുന്നു. അതുവരെ കലാവിഷ്കരങ്ങളില്‍ പതിഞ്ഞ ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിപാദ്യം. തഥ്യയ്ക്കും മിഥ്യയ്ക്കുമിടയിലെ ജീവിതവും അവിടുത്തെ ആഘോഷങ്ങളും പൊടുന്നെയുള്ള വിയോഗവും തീവ്രദുഃഖവും പത്മരാജന്റെ കൃതികളുടെയെല്ലാം സ്വഭാവമായി. ഈ പൊരുള്‍ സൃഷ്ടികളുടെ അന്തഃരംഗത്തില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആഖ്യാനങ്ങള്‍ ഒരോന്നും മറ്റൊന്നില്‍ വ്യത്യസ്തമായ പന്ഥാവില്‍ നിലയുറപ്പിച്ചു. ഉദകപോളയില്‍ നിന്ന് പ്രതിമയും രാജകുമാരിയും എന്ന നോവലിലേക്കും തൂവാനത്തുമ്പികളില്‍ നിന്ന് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചലച്ചിത്രത്തിലേക്കും കാതങ്ങള്‍ സഞ്ചരിച്ച് വേണം എത്താന്‍. എന്നാല്‍ വിയോഗത്തിന്റെയും ദുഃഖത്തിന്റെയും ആന്തരികശ്രുതി ജന്മാന്തരങ്ങള്‍ എത്ര കഴിഞ്ഞാലും മാറ്റമില്ലാതെ തുടരുന്നു. ശരീരസംബന്ധിയായ യാഥാസ്ഥിതികക്രമങ്ങളോട് എന്നും ഇടഞ്ഞ് നിന്നു ആഖ്യാനങ്ങള്‍. പ്രമേയങ്ങളുടെ വൈവിധ്യത്തോടൊപ്പം തന്നെ രൂപപരമായ പുതുവഴികളോട് ആ എഴുത്തുകാരന്‍ ചേര്‍ന്ന് നിന്നു.

ഈ ആവിഷ്കാരങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം വാക്കിനാലുള്ള സൂചന പോലും നല്‍കാതെയുള്ള മറയലാണ്. ആ അപ്രത്യക്ഷമാകലില്‍ എല്ലാവരും അതീതലോകത്തിന്റെ പതാകവാഹകരാകുന്നു. ഈ അനിശ്ചിതത്വത്തെ പത്മരാജന്റെ തത്ത്വശാസ്ത്രമായി പരിഗണിക്കാം. ജീവിതത്തിന്റെ നൂതനകാഴ്ച്ചകളുമായി ഇടപഴകുമ്പോഴും ആദിമമായി വിഷാദവും വിടപറയലിനെക്കുറിച്ചോര്‍ത്തുള്ള ആദിയും പത്മരാജന്റെ സര്‍ഗ്ഗസൃഷ്ടികളെ എന്നും ഗ്രസിച്ചിരുന്നു. മായികലോകത്തിന്റെ വിലോലഭാവങ്ങളിലും ആഘോഷങ്ങളിലും ദുഃഖത്തിന്റെ തീവ്രരാഗം പശ്ചാത്തലഗീതമായി ആരാരും ശ്രദ്ധിക്കാതെ ഒഴുകുന്നു. ‘പ്രതിമയും രാജകുമാരിയും’ എന്ന അവസാന കാല നോവലിനെ ഈ അവസരത്തില്‍ പുനര്‍വായിക്കുകയാണ്. മായികാനുഭൂതി നല്‍കുന്ന ഈ നോവല്‍ ഗെയ്ഥേ ശാകുന്തളത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കെ പി അപ്പന്‍ ഈ കൃതിയെ വിശദീകരിക്കാന്‍ ഹെന്റി റൂസ്സോയുടെ ‘ഡ്രീം’ എന്ന ചിത്രം തിരഞ്ഞെടുത്തതും ഈ ഭ്രമാത്മകതയെ സമീപിക്കാനാണ്. 1989ല്‍ ടോം വട്ടകുഴിയുടെ ചിത്രങ്ങളോടെ മാതൃഭൂമി ആഴ്ച്ചപതിപ്പിലാണ് ഈ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഡിസി ബുക്ക്സ് പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്തു.

1989ലെ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രതിമയും രാജകുമാരിയ്ക്കും വേണ്ടി ടോം വട്ടകുഴി വരച്ച ചിത്രങ്ങള്‍

പ്രാചീന നാടോടി കഥയുടെ മാതൃകയിലാണ് പത്മരാജന്‍ ‘പ്രതിമയും രാജകുമാരിയും’ എന്ന നോവല്‍ എഴുതിയിരിക്കുന്നത്. ചരിത്രഭാരമുള്ള വാക്കുകളാണ് നോവലിന്റെ ശീര്‍ഷകവും. പ്രതിമ എന്ന പദം ഭാസന്റെ ‘പ്രതിമനാടകം’ എന്ന ശീര്‍ഷകത്തിലേക്ക് വരെ മനസ്സിനെ കൊണ്ട് ചെന്നെത്തിക്കും. നാം ഗാഢമായി പുണര്‍ന്ന പ്രതിമസംബന്ധിയായ, രാജകുമാരിയുള്ള ആഖ്യാനങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് മനസ്സിലൂടെ മിന്നിമറയുന്നു. ശില്പം എന്ന വസ്തു സങ്കല്പത്തില്‍ തന്നെ ഒരു നിഗൂഢത കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തൊട്ടറിയാനാവാത്ത അതീതസങ്കല്പം നിര്‍മ്മാണകലയിലെവിടെയോ ഉണ്ടെന്ന ധാരണ ഏതൊരു കാണിക്കുമുണ്ട്. കേവലം കലാരൂപം എന്നതിലുപരിയായി അത് വഹിക്കുന്ന ചരിത്രമൂല്യം പ്രധാനപ്പെട്ടതാണ്. ഡേവിഡ്, പിയാത്ത തുടങ്ങിയ പ്രതിമങ്ങള്‍ കാണുന്നൊരാള്‍ ആ പ്രതിമയുടെ കലനിര്‍മ്മിതിയില്‍ നിഗൂഹനം ചെയ്ത ഒരു ഫാന്റിസിയില്‍ കൂടി വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ഈ മായികാന്തരീക്ഷമാണ് ‘പ്രതിമയും രാജകുമാരിയും’ എന്ന ആഖ്യാനത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നതു. പത്മരാജനില്‍ ആരോപിക്കുന്ന ഗന്ധര്‍വ്വപദവി ഈ മായികലോകത്തേക്കുള്ള നിരന്തരമായ നോട്ടത്തിലൂടെ കൈവന്നതാണ്. എന്നാല്‍ ആ കള്ളിയില്‍ ഒതുങ്ങുന്ന ആഖ്യാനപാടവം മാത്രമല്ല അയാള്‍ പ്രദര്‍ശിപ്പിച്ചത്.

ദേശാടനം കഴിഞ്ഞെടുത്തുന്ന സഞ്ചാരി കണ്ട ദൂരകാഴ്ച്ചകളും, കര്‍ഷകന്‍ നിര്‍മ്മിച്ച പുരാവൃത്തങ്ങളും ചേര്‍ന്നൊരു ആഖ്യാനവഴി അയാള്‍ കണ്ടെത്തുന്നു.

വാള്‍ട്ടര്‍ ബെഞ്ചമിന്‍ ‘story teller’ എന്ന വിഖ്യാത പ്രബന്ധത്തില്‍ കഥപറച്ചിലുകാരെ രണ്ടായി തിരിക്കുന്നുണ്ട്. നിക്കോളായ് ലസ്കോവിന്റെ കഥകളെ പഠിക്കുന്ന വേളയിലാണ് കഥ സംബന്ധിച്ച തന്റെ നീരിക്ഷണങ്ങള്‍ ഏറെയും വാള്‍ട്ടര്‍ ബഞ്ചമിന്‍ അവതരിപ്പിക്കുന്നത്. ദേശങ്ങള്‍ താണ്ടിയെത്തുന്ന കഥപറച്ചിലുകാരും, സ്വദേശത്ത് തന്നെ ജീവിക്കുന്ന കഥപറച്ചിലുകാരും. ഒന്ന് ചരരാശിയിലും മറ്റേത് സ്ഥിരരാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഒന്നാമത്തെ വിഭാഗത്തിന് ഉദാഹരണമായി സമുദ്രസഞ്ചാരിയായ വ്യാപാരിയെയും രണ്ടാമത്തെ വിഭാഗത്തിന് ഉദാഹരണമായി കര്‍ഷകനെയും തിരഞ്ഞെടുക്കാം. സമുദ്രസഞ്ചാരിയായ ഒരാള്‍ കാതങ്ങളോളം സഞ്ചരിച്ച്, പല ദേശങ്ങള്‍ കണ്ട്, താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ കഥ രൂപത്തില്‍ പറയുന്നു. കര്‍ഷകന്‍ തന്റെ ചുറ്റുപാടുമുള്ള കാര്യങ്ങള്‍, സ്ഥലവാസികള്‍ക്കെല്ലാം പരിചിതമായ ജീവിതപരിസരങ്ങള്‍ എന്നിവ ചേര്‍ത്ത് അനുഭവത്തോലുപരിയായി ഭാവനയുടെ ബൃഹത്‌ വ്യോമത്തെ ആശ്രയിച്ച് കഥകള്‍ മെനഞ്ഞ് പറയുന്നു.
പത്മരാജന്റെ പ്രതിഭയില്‍ ഈ രണ്ട് കഥനപാരമ്പര്യങ്ങളും കലര്‍ന്നിരിക്കുന്നു.ദേശാടനം കഴിഞ്ഞെടുത്തുന്ന സഞ്ചാരി കണ്ട ദൂരകാഴ്ച്ചകളും, കര്‍ഷകന്‍ നിര്‍മ്മിച്ച പുരാവൃത്തങ്ങളും ചേര്‍ന്നൊരു ആഖ്യാനവഴി അയാള്‍ കണ്ടെത്തുന്നു.

മണലാരണ്യത്തിന് നടുവിലുള്ള തമാശകോട്ടയും അവിടം ഭരിക്കുന്ന ധീരുലാല്‍ എന്ന വ്യാവസായിയുമാണ് കഥയുടെ പശ്ചാത്തലം. ആഖ്യാനം പ്രധാനമായും കേന്ദ്രീകരിക്കുന്ന സ്ഥലം ഈ മണലാരണ്യമാണ്. അതിന് അധികം ദൂരെയല്ലാതെ ഒരു കടല്‍ത്തീരമുണ്ട്. അവിടെയുള്ള ദ്വീപ് ഒരു സ്വര്‍ഗ്ഗഭൂമിയാണെന്നാണ് ധീരുലാലിന്റെ അവകാശവാദം. ഭൂമിയില്‍ നാം കണ്ടിട്ടില്ലാത്ത അത്ഭുത കാഴ്ച്ചകള്‍ നിറഞ്ഞ ഇടം. അപ്പോള്‍ തമാശകോട്ട ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാകുന്നു. പുരാവൃത്തം പറയുന്ന സ്ഥിരാശിയിലെ കഥപറച്ചിലുകാരന്‍ ഇവിടെ ഉദയം ചെയ്യുന്നു. ശിവപാര്‍വതി കഥകള്‍ നമ്മുടെ പുരാവൃ ത്തങ്ങളിലെല്ലാം പൊതുവില്‍ കാണാവുന്നതാണ്. കടലില്‍ അകപ്പെട്ട ശിവപാര്‍വതിമാരെ രക്ഷപ്പെടുത്തിയതിന് ശിവന്‍ കടല്‍ വറ്റിച്ച് ധീരുലാലിന്റെ നല്‍കിയ കരപ്രദേശമാണ് തമാശകോട്ട സ്ഥിതി ചെയ്യുന്ന ഇടം എമെന്നതാണ് പുരാവൃത്ത വിശദീകരണം. ശിവ പാര്‍വതി കഥകള്‍ക്ക് ഭാരതീയ ആഖ്യാനങ്ങളിലെല്ലാം സ്ഥാനമുണ്ട്. ഉമാമഹേശ്വരസംവാദം ഇതിഹാസങ്ങളിലേക്കുള്ള കവാടമാകുന്നു. ഈ മിത്തിന്റെ അതിന്റെ യുക്തിരാഹിത്യം മറയ്ക്കാന്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട ആധുനിക മിത്തും അവതരിപ്പിക്കുന്നു. ഇങ്ങനെ പൂര്‍ണ്ണമായും ഭാവനയില്‍ തീര്‍ത്ത ഒരു പ്രദേശത്തെ കേന്ദ്രമാക്കിയാണ് ആഖ്യാനം.

ധീരുലാലിന്റെ കോട്ടയുടെ സ്വപ്നസമാനദൃശ്യങ്ങളില്‍ ഏറ്റവും വിലയേറിയതാണ് പ്രതിമ. പ്രതിമയല്ല,പ്രതിമാകാരം പൂണ്ട മനുഷ്യന്‍. ചലനത്തിന്റെ നേരിയ ലക്ഷണം പോലും പ്രദര്‍ശിപ്പിക്കാത്ത നിശ്ചലതയുടെ സമുദ്രത്തില്‍ ആണ്ട് മണിക്കൂറുകളോളം കഴിയാന്‍ സാധിക്കുന്ന മനുഷ്യന്‍. അയാളുടെ ഭൂതകാലം വിശദീകരിക്കാന്‍ ആഖ്യാതാവ് സമയം ചിലവഴിക്കുന്നില്ല. അതൊരു അജ്ഞാത ദ്വീപായി നിലനില്‍ക്കുന്നു. ചുപ്പന്‍ എന്നാണ് ധീരുലാല്‍ അയാളെ വിളിക്കുന്നത്. കോട്ടയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ശില്പം തക്കസമയത്ത് കിട്ടാതെ വന്ന് വിഷമിച്ച് നില്‍ക്കുമ്പോഴാണ് ചുപ്പന്റെ ആഗമനം. അയാളില്‍ ധീരുലാല്‍ ഒരു ശില്പത്തെ കാണുന്നു. സമര്‍ത്ഥനായ വ്യാപാരിയുടെ ഇടപെടലിലൂടെ ചുപ്പന് കോട്ടയിലെ അത്ഭുതമായ ദ്വീപിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്നു. മായികകാഴ്ച്ചകളൊരുകി ശില്പരൂപത്തിലേക്ക് പരിവര്‍ത്തനപ്പെടാന്‍, ഇച്ഛാശക്തിയില്ലാത്തൊരാളായി മാറാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന സംഘത്തിന്റെ പ്രതിനിധിയായി ധീരുലാലിനെ കാണാം. തൊഴില്‍ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ധീരുലാല്‍ ചുപ്പനെ തൊഴില്‍ ചെയ്യാന്‍ നിയോഗിക്കുന്നത്. തൊഴിലിനോടുള്ള ചുപ്പന്റെ ഇഷ്ടത്തെ അയാള്‍ പരമാവധി ചൂഷണം ചെയ്യുന്നു. ഇഷ്ടമുള്ള പ്രവൃത്തി തന്നെ തൊഴിലാവുമ്പോള്‍ ജോലിഭാരം അറിയില്ല എന്ന് പറയാറുണ്ട്. ചൂഷണം നിര്‍മ്മിച്ച മനോഹര വാചകമാണത്.

ഇമ പോലും അനങ്ങാത്ത ദിവ്യമനുഷ്യനായി അധികനാള്‍ കഴിയും മുന്‍പ് ചുപ്പന്‍ മാറി. നിരധി ആളുകള്‍ ഈ പ്രതിമയില്‍ ചലനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റേതോ ലോകത്തിലെന്ന പോലെ അത് നിലകൊണ്ടു. ചുപ്പനെ ചലിപ്പിച്ച ഒരേയൊരു വസ്തു രാജകുമാരിയായിരുന്നു. നാടോടി കഥയുടെ ലാവണ്യശാസ്ത്രത്തെ പത്മരാജന്‍ സ്പര്‍ശിക്കുന്ന ഇവിടെ വച്ചാണ്. കുട്ടിക്കാല കഥകളിലെല്ലാം അപകടത്തില്‍ പെടുന്ന രാജകുമാരിയും അവളെ രക്ഷികാനെത്തുന്ന മന്ത്രികുമാരനും സ്ഥിരം കാഴ്ച്ചയാണ്. ആ കഥകളുടെ ഓര്‍മ്മയിലേക്ക് പുനരാനയിച്ചുകൊണ്ടാണ് മറ്റൊരു കഥ പത്മരാജന്‍ പറയുന്നത്. പ്രതിമയുടെ ഇമയനക്കാനുള്ള ശ്രമത്തില്‍ രാജകുമാരി പരാജയപ്പെടുന്നതും, പ്രതിമയ്ക്ക് രാജകുമാരിയോട് ഉത്കടമായ പ്രേമമുദിക്കുന്നത് ഒരുമിച്ചായിരുന്നു. വൈരം എന്ന ധീരുലാലിന്റെ മുന്‍സേവകന്‍ ഇതിനിടയില്‍ ചുപ്പന്‍ പ്രതിമവേഷത്തില്‍ നിന്ന് മുക്തനായശേഷം നയിക്കുന്ന രഹസ്യജീവിതത്തെക്കുറിച്ച് അറിഞ്ഞിരുന്നു. മരുഭൂവിലെ സഞ്ചാരികളെപ്പോലെ തീകുണ്ഡത്തിനു ചുറ്റും തീനും കുടിയും കഥകളുമായി ഇരുട്ടിനെ മുറിച്ച് കടക്കുന്ന കുറേ മനുഷ്യരുടെ ഇടയിലാണ് വൈരം ചുപ്പനെ കണ്ടെത്തുന്നത്. പകലിലെ അധ്വാനവും രാത്രിയിലെ വിനോദവും വിശ്രമവുമായി ജീവിതം മുന്നോട്ട് കൊണ്ട് പോയ മനുഷ്യരുടെ ആദിമസ്മൃതി ഈ നിമിഷം ഓര്‍ക്കുന്നു. കഥനപാരമ്പര്യങ്ങളുടെയെല്ലാം ഉത്ഭവം പരിശോധിച്ചാല്‍ വട്ടം കൂടിയിരുന്ന് കഥ പറയുന്ന രീതി കാണാവുന്നതാണ്. അത് നൈമിഷാരണ്യത്തിലോ, ബാഗ്ദാദിലോ, ഏഥന്‍സിലോ, റഷ്യയിലെ ഗ്രാമങ്ങളിലോ ആവാം. കാള്‍ ഓവ് ക്നോസ്ഗാര്‍ഡ് റഷ്യയിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് എഴുതിയ കുറിപ്പില്‍ റഷ്യയെ കഥകളുടെ ദേശം എന്ന് വിളിക്കുന്നുണ്ട്. ഇവാന്‍ തുര്‍ഗനേവ് എന്ന വിഖ്യാതകഥാകാരന്റെ കഥയിലെ രാത്രിയും തീകുണ്ഡവും അതിന് ചുറ്റും കഥ പറഞ്ഞിരുന്ന മനുഷ്യരെയും വര്‍ത്തമാന കാല റഷ്യയില്‍ ക്നോസ്ഗാര്‍ഡ് അന്വേഷിക്കുന്നു. കഥയുടെ രീതിശാസ്ത്രത്തില്‍ വന്ന കാലാനുസൃതമായ മാറ്റമാണ് അയാള്‍ക്ക് കാണാനാവുന്നത്. വര്‍ത്തമാനകാലത്തിന്റെ ജീവിതപരിസരങ്ങളില്‍ ആഖ്യാനത്തിന്റെ ആദിമസ്മൃതികളെ ഉണര്‍ത്തുകയാണ് പത്മരാജന്‍.

അവര്‍ തങ്ങളുടെ പ്രണയത്തില്‍ കാട്ടിലും പര്‍വതങ്ങളിലും സഞ്ചരിക്കുന്നു. ദൂരെകാഴ്ച്ചകളുടെ ശബളിമ അടുത്ത് കാണുമ്പോള്‍ കുറയുന്നു. അടുത്തിടപഴകുമ്പോള്‍ അത് പിന്നെയും താഴുന്നു.

ചുപ്പനെ ഗോവിന്ദ് എന്ന പേരിലാക്കി ധീരുലാലില്‍ നിന്നും വൈരം മോചിപ്പിക്കുന്നു. അവര്‍ ഇരുവരും സര്‍ക്കസ്സുമായി ദേശങ്ങള്‍ ചുറ്റുന്നു. സമ്പന്നരാവുന്നു. രാജകുമാരിയുടെ പ്രണയം ഗോവിന്ദിനെ കണ്ടെത്തുന്നു. അവര്‍ തങ്ങളുടെ പ്രണയത്തില്‍ കാട്ടിലും പര്‍വതങ്ങളിലും സഞ്ചരിക്കുന്നു. ദൂരെകാഴ്ച്ചകളുടെ ശബളിമ അടുത്ത് കാണുമ്പോള്‍ കുറയുന്നു. അടുത്തിടപഴകുമ്പോള്‍ അത് പിന്നെയും താഴുന്നു. പ്രണയത്തില്‍ സഞ്ചാരത്തിനുളള പ്രധാന്യം പരസ്പരം അറിയാനുള്ള മാര്‍ഗ്ഗം കൂടിയായി സഞ്ചാരം മാറുന്നതിനാലാവാം. നാള്‍ക്ക് ഇച്ഛാശക്തിയില്ലാത്ത ഒരാളാണ് ഗോവിന്ദെന്ന് രാജകുമാരിക്ക് തോന്നുന്നു. തന്റെ മനസ്സില്‍ ധീരുലാല്‍ കുത്തിവെച്ച ദീപെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗോവിന്ദ് വീണ്ടും തമാശകോട്ടയിലേക്ക് പോകാന്‍ രാജകുമാരിയോട് ആവശ്യപ്പെടുന്നു. തിരിച്ച്പോക്കില്‍ ധീരുലാല്‍ പ്രതികാരം ചെയ്യും എന്നറിയുന്നതിനാല്‍ രാജകുമാരി ആ ആവശ്യം തള്ളുന്നു. പക്ഷെ ഗോവിന്ദിന്റെ ആഗ്രഹം ആ സ്വപ്നമായിരുന്നു. അപരനാമത്തില്‍ അവര്‍ അവിടെയെത്തുന്നു.

പദ്മരാജന്റെ കൈപ്പട

അവിടുത്തെ സമുദ്രാന്തര്‍ഭാഗത്ത്, പവിഴപുറ്റുകളുടെ മായികലോകത്ത് ഗോവിന്ദ് സ്വയം നഷ്ടപ്പെട്ടവനെപ്പോലെ വിഹരിക്കുന്നു. രാജകുമാരിക്കും ഗോവിന്ദിനുമിടയില്‍ ഇത് വലിയ അകലം സൃഷ്ടിക്കുന്നു. ധീരുലാലിന് ഗോവിന്ദിനെ വിട്ട് നല്‍കാന്‍ രാജകുമാരി തയ്യാറാകുന്നു. പക്ഷെ ആ വേളയില്‍ ക്രുദ്ധനായ ഗോവിന്ദ് വന്യമായ പ്രകൃതത്തോടെ ധീരുലാലിനെ നിലംപരിശാകുന്നു. സ്നേഹനഷ്ടത്തെക്കുറിച്ചോര്‍ത്തുള്ള വ്യഥ അയാളില്‍ ഉരുവം കൊള്ളുന്നു.മായികതയ്ക്കുള്ളിലെ യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച തിരിച്ചറിവാണ് അയാളില്‍ ഉണര്‍ന്നത്. അയാള്‍ ഉയര്‍ന്ന മാളികയില്‍ നിന്നും താഴേക്ക് എടുത്ത് ചാടുന്നു. പിറകെ രാജകുമാരിയും ഇരുവരും മരണം വരിക്കാതെ താഴെയെത്തുന്നു. ചാടിയെഴുന്നേറ്റ ഗോവിന്ദ് തന്റെ പൂര്‍വ്വജീവിതത്തിലേക്ക് മടങ്ങുന്നു. അയാള്‍ പ്രതിമാകാരം പൂണ്ട് നിശ്ചലനാവുന്നു. അയാളില്‍ ഇച്ഛയുടെ, മോഹങ്ങളുടെ കണ്ണുനീര് ആദ്യമായി ദൃശ്യമാകുന്നു. മായികതയുടെ നിര്‍മ്മിതിയായ പ്രതിമകാരമാണ് യാഥാര്‍ത്ഥ്യത്തിന്റെ കൊടുംതാപത്തെക്കാള്‍ ഉചിതം എന്ന ചിന്തയില്‍ അയാള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നു. പത്മരാജന്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു.

”അവിടെ നിന്ന് പിന്നീട് അവന്‍ അനങ്ങിയതേയില്ല. അരുന്ധതിയുട് കണ്ണീരിനോ അലമുറകള്‍ക്കോ ക്ഷമായാചനങ്ങള്‍ക്കോ അവനില്‍ ഇളക്കമേതും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

കാലമെത്ര കഴിഞ്ഞിട്ടും കടലെത്രക്ഷോഭിച്ചിട്ടും ആ പ്രതിമ അവിടെ തന്നെ നിന്നു. നിരന്തരമായി ഉപ്പുകാറ്റടിച്ച് അവന് കാലാന്തരത്തില്‍ ക്ലാവു പിടിച്ചു. അവന്റെ നോട്ടം ചെന്നുമുട്ടിയയിടത്ത്, തള്ളിനില്‍ക്കുന്ന മുനമ്പിന്റെ ഭാഗത്തെ കടലില്‍, അവനെ ഒരു നോക്കു കാണാന്‍ ആര്‍ത്തിപൂണ്ട്, ഇടയ്ക്കിടെ ജലകന്യകമാര്‍ തലപൊന്തിക്കുമായിരുന്നു.”

വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും.

ശ്രവണബലഗോളയിലെ ഗോമതേശ്വരന്റെ ശില്പകാരാത്തിലേക്കുള്ള പരിണാമത്തെ ഓര്‍മ്മിപ്പിക്കും വിധം പൊടുന്നനെ യാഥാര്‍ത്ഥ്യം ഇന്ദ്രജാലസമാനമായ ഒരിടത്തേക്ക് പ്രവേശിക്കുന്നു. ഈ പൊടുന്നനെയുള്ള വിയോഗമാണ്, പരിണാമമാണ് പത്മരാജന്‍ കഥകളുടെ ഉള്‍താളമായി നിലനില്‍ക്കുന്നത്. ആരും മരിക്കാത്ത ഒരു കഥ പറയാന്‍ ഖസാക്കില്‍ വച്ച് രവിയോട് കുട്ടികള്‍ പറയുന്നുണ്ട്. വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും. ഏത് കൊടിയ താപത്തിലും അത് പ്രണയത്തെ ആവേശപൂര്‍വ്വം പുണരുന്നു. ഗന്ധര്‍വ്വലോകത്തെ ജീവിതത്തെക്കാള്‍ മഹത്തരമാണ് ഭൂമിയിലെ ജീവിതം എന്ന് പറയുന്നു. ആസക്തിയുടെ ലോകം തേടി ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഓര്‍മ്മയുടെ അവസാന വേരും മുറിഞ്ഞ തന്റെ പ്രിയപ്പെട്ടവളുടെ അരികിലേക്ക് പ്രതീക്ഷയോടെ അയാള്‍ കടന്ന് വരുന്നു. നൈരാശ്യത്തിന്റെ കുഴിയിലേക്ക് കാണിയും വലിച്ചെറിയപ്പെടുന്നു. ജീവിതം പ്രദര്‍ശിപ്പിക്കുന്ന വിവിധഭാവങ്ങളെ ഒരു സ്വപ്നദൃശ്യം കണക്കെ പത്മരാജന്‍ അവതരിപ്പിച്ചു. ഹ്രസ്വകാലം കൊണ്ട് അയാള്‍ ഭൂമിയേയും ആകാശത്തെയും തമ്മിലിണക്കി ചേര്‍ത്തു. കഥകളുടെ മഹാഖനി സ്വന്തമായുണ്ടായിരുന്ന വലിയ കഥപറച്ചിലുകാരനെ ഓര്‍ക്കുന്നു.

4.7 3 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments