മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല.
ശാസ്ത്ര പ്രചാരണത്തിന് വേണ്ടി നടക്കുന്ന സയന്‍സ് ചെയിന്റെ ഭാഗമായി വിപിൻ വിൽഫ്രഡ് എഴുതിയ കുറിപ്പ്.
കുറേ കൊല്ലങ്ങൾക്ക് മുമ്പാണ്, വിഖ്യാത നരവംശ ശാസ്ത്രജ്ഞയായ മാർഗരറ്റ് മീഡ്നോട് ഒരു വിദ്യാർത്ഥി ചോദിച്ചു; “മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തിൽ സാമൂഹിക ജീവനത്തിന്റെ ആദ്യ ചരിത്ര സൂചനയായി താങ്കൾ കാണുന്നത് എന്താണ്?
കളിമണ്ണ് ചുട്ടെടുത്ത് ഇഷ്ടികയുണ്ടാക്കിയതോ കല്ല് രാകിക്കൂർപ്പിച്ച് ആയുധമുണ്ടാക്കിയതോ അഗ്നിയുണ്ടാക്കിയതോ ചക്രം കണ്ടെത്തിയതോ ഒക്കെ പ്രതീക്ഷിച്ച ആ വിദ്യാർത്ഥിയോട് അവർ ഇങ്ങനെ മറുപടി നല്കി – “എന്റെ അഭിപ്രായത്തിൽ, നരവംശ ചരിത്ര പര്യവേഷണത്തിനിടെ കണ്ടെത്തിയ ഒരു തുടയെല്ലാണ് മനുഷ്യന്റെ സാമൂഹിക ജീവന ചരിത്രത്തിലെ ആദ്യ സൂചന. 15,000 കൊല്ലം പഴക്കമുള്ള, പൊട്ടിയതിനുശേഷം ഊറിക്കൂടിയ ഒരു തുടയെല്ല്!”
തന്റെ വിദ്യാർത്ഥിയുടെ വിസ്മയം തുടിക്കുന്ന കണ്ണുകളിൽ നോക്കി അവർ തുടർന്നു… “മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല. മറ്റേതെങ്കിലും വന്യജീവിക്ക് ഭക്ഷണമാവുകയോ പട്ടിണി കിടന്ന് ചാവുകയോ മാത്രമാണ് അതിന്റെ വിധി.
നോക്കൂ… ആധുനികമായ വൈദ്യവിദ്യകൾ സ്വപ്നത്തിൽപ്പോലുമില്ലാത്ത ആ കാലത്ത് ആറാഴ്ചയെങ്കിലും അനങ്ങാതെ വിശ്രമിച്ചിട്ടാവണമല്ലോ ആ തകർന്ന അസ്ഥി ഊറിക്കൂടിയത്? വീണുപോയ ആ മനുഷ്യനൊപ്പം മറ്റാരോ കൂട്ടിരുന്നു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. അയാളെ സുരക്ഷിതമായ ഒരിടത്തേക്ക് ചുമന്നെത്തിച്ച്, മുറിവു കെട്ടി, അന്നപാനാദികൾ നല്കി, ശൗചാദികൾക്ക് സഹായിച്ച് സ്വയം നടക്കാനാകും വരെ ആരോ ഒരാൾ ഒപ്പമിരുന്ന് അയാളെ പരിപാലിച്ചു.
തുടയെല്ലു തകർന്ന് വീണുപോയ ഒരു മനുഷ്യനെ സുഖമാകുവോളം മറ്റൊരു മനുഷ്യൻ പരിചരിച്ചു എന്നതിന്റെ തെളിവാണ് ഊറിക്കൂടിയ ആ തുടയെല്ല്; അതുതന്നെയാണ് എന്റെയഭിപ്രായത്തിൽ മനുഷ്യ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന”
വീണുപോയ മനുഷ്യനെ മറ്റൊരു മനുഷ്യൻ താങ്ങുന്നയിടത്ത് മാനവ സംസ്കാരം പിറവികൊള്ളുന്നു!
Good one