നിനക്കിപ്പോഴും
വീട്ടി തീർത്തിട്ടില്ലാത്ത കടങ്ങളുണ്ടോ?
ഉണ്ടാവും. ആളുകൾ ഇപ്പോഴും
നിന്റെ ചിത്രങ്ങൾ വിറ്റു പോവുന്നുണ്ടോ
നിനക്കു പണം കിട്ടുന്നുണ്ടോ എന്ന്
അന്വേഷിക്കുന്നുണ്ട്.
രണ്ടാമത്തേതിൽ തന്നെയാണ്
അവർക്ക് ഇപ്പോഴും ആകാംക്ഷ.
1883 ൽ വിൻസന്റ് വാൻഗോഗ് തിയോക്ക് അയച്ച കത്തിനുള്ള മറുപടി.
പ്രിയപ്പെട്ട വിൻസന്റ്,
പല കാലങ്ങൾക്കു ശേഷമാണ്
ഈ കത്ത്.
തലമുറകൾ കടന്നു പോയി.
ഭൂമിക്കും ആകാശത്തിനും
കൂടുതൽ വരണ്ട മഞ്ഞയായി.
നിനക്കിപ്പോഴും
വീട്ടി തീർത്തിട്ടില്ലാത്ത കടങ്ങളുണ്ടോ?
ഉണ്ടാവും. ആളുകൾ ഇപ്പോഴും
നിന്റെ ചിത്രങ്ങൾ വിറ്റു പോവുന്നുണ്ടോ
നിനക്കു പണം കിട്ടുന്നുണ്ടോ എന്ന്
അന്വേഷിക്കുന്നുണ്ട്.
രണ്ടാമത്തേതിൽ തന്നെയാണ്
അവർക്ക് ഇപ്പോഴും ആകാംക്ഷ.
“നിങ്ങൾ എന്തിനാണ് എഴുതുന്നത്?”
ആളുകൾ, മാന്യരായ ആളുകൾ
എന്നോടും ചോദിക്കുന്നു.
ഞാനപ്പോൾ നിന്റെ പേര് ഉരുവിടും.
ചോദിക്കുന്നവർക്ക് നിന്നെ അറിയില്ല.
പണ്ട് നിന്നോട് ചോദിച്ചതെല്ലാം
അവർ മറന്നു പോയിരിക്കുന്നു.
മാന്യരായ ആളുകൾക്ക്
മറവി വലിയ സമ്പാദ്യം തന്നെയാണ്.
മറവിയിൽ നിന്നു മറവിയിലേക്ക്
അവരുടെ വീടുകളും മുറ്റങ്ങളും
വളർന്നു വലുതാവുകയാണ്.
ഞാൻ ഇപ്പോഴും നീ വരച്ചു തന്ന
കിടപ്പുമുറിയിൽ തന്നെ.
അതിനോടു ചേർത്ത് ഇടനാഴിയോ
വിരുന്നു മുറിയോ
പ്രാർത്ഥനാമുറിയോ പണിഞ്ഞിട്ടില്ല.
എങ്ങോട്ടും പോകുവാനില്ല
ആരും വിരുന്നു വരാനില്ല
ദൈവം മരിച്ചു പോയിരിക്കുന്നു.
എഴുതുന്നു
എഴുതി കൊണ്ടേയിരിക്കുന്നു.
ആളുകൾ വായിക്കുന്നുണ്ടാവാം
ഞാൻ അവരെ കണ്ടുമുട്ടാറില്ല.
കവിത വായിച്ച ആരും തന്നെ
പണമായി ഒന്നും അയക്കാറില്ല.
സന്തോഷങ്ങളുണ്ട് എനിക്കും
നീ കണ്ടെത്തിയതു പോലെ തന്നെ.
എങ്കിലും കടക്കാർ വരുമ്പോൾ
ഞാനും ഭൂമിയിലെ ഏറ്റവും അവശനായ
മനുഷ്യ രൂപമാകും.
വരുന്നവർക്കു മുമ്പിൽ ഞാൻ
കുനിഞ്ഞ ശിരസ്സുമായി നിൽക്കും.
എഴുതി വെച്ച കവിതകളെ നോക്കി
അവർ പല്ലു ഞെരിക്കും.
അപ്പോഴും ഞാൻ നിന്നെ ഓർക്കും.
കവിത എഴുതിയിട്ട കടലാസുകൾ
പഴകിയ മഞ്ഞ നിറത്തിലാകും.
അയൽക്കാരിൽ ചിലർ,
ചില മാന്യന്മാർ ജനലിലൂടെ എത്തിനോക്കും.
അവർക്കറിയേണ്ടത് ഒന്നു മാത്രമാണ്
അത് എന്തെന്ന് നിനക്കറിയാമല്ലൊ.
എനിക്ക് അൽപനേരം കിടക്കണം
കിടപ്പുമുറി ശാന്തമാണ്
എല്ലാ നിറങ്ങളും ശാന്തമാണ്.
ഒരു വെടിയൊച്ചക്ക് കാതോർത്ത്
ആളുകൾ ഇരുട്ടിൽ തന്നെ നിൽക്കുന്നുണ്ട്.